ADVERTISEMENT

ദശകങ്ങളായി ഒഎൻവിയുടെ ഒരോണപ്പാട്ടു പാടാതെ മലയാളിയുടെ ഓണം കടന്നു പോവാറില്ല.

 

ഓണപ്പൂവേ പൂവേ പൂവേ

ഓമൽപ്പൂവേ പൂവേ പൂവേ

നീ തേടും മനോഹര തീരംദൂരെ 

 

മാടി വിളിപ്പൂ... ഇതാ ഇതാ ഇതാ... ഓണ നിലാവിന്റെ ചന്തമുള്ള എത്രയെത്ര മനോഹര ഗാനങ്ങൾ! പൂവേണം പൂപ്പട വേണം പൂവിളി വേണം, അത്തപ്പൂവും നുളളി, ഒന്നാം തുമ്പീ നീയോടി വാ, അത്തപ്പൂ ചിത്തിരപ്പൂ... എന്നു തുടങ്ങി,

 

പാതിരാ കിളി വരു പാൽക്കടൽ കിളീ 

ഓണമായിതാ തിരുവോണമായിതാ എന്ന പാട്ടിൽ പാതിര കിളിയെ കൊണ്ടു കൂടി ഓണപ്പാട്ടു പാടിച്ചു പ്രിയ കവി. അനേകം കവിതകളിലൂടെയും കവി ഓണത്തിന്റെ അഴകാർന്ന ഗ്രാമീണ ബിംബങ്ങൾ വരച്ചിട്ടുണ്ട്.

 

'ഓണച്ചിന്തുകൾ പാടാൻ നീയില്ലാത്തൊരോണം പടി കടന്നെത്തുന്നു...' കഴിഞ്ഞ കുറെ വർഷങ്ങളായി ഓണമെത്തുമ്പോൾ മനസിലേക്കോടിയെത്തുന്നത് അച്ഛന്റെ ഈ വരികളാണെന്നു പറയുന്നു രാജീവ് ഒഎൻവി.

 

ഈ തിരുവോണ നാളിൽ ഒഎൻവി എന്ന അച്ഛനെക്കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള ഓണക്കാലങ്ങളെക്കുറിച്ചുമുള്ള ഓർമ്മകൾ മനോരമ ഓൺലൈൻ വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് റിട്ട. റെയിൽവേ ഉദ്യോഗസ്ഥനും സംഗീതസംവിധായകനുമായ രാജീവ് ഒഎൻവി.

 

''അച്ഛനോടൊപ്പമുള്ള ഓണനാളുകള്‍ നിറവുള്ള ഓര്‍മ്മകളായാണ് മനസ്സില്‍. കുട്ടിക്കാലത്തെ ഓണം അമ്മയുടെ തറവാട്ടിലായിരുന്നു മിക്കവാറും. തിരുവോണം നാളിലാണ് അച്ഛനെത്തുന്നത്. അന്ന് ഓണത്തിനു വീട്ടിലെത്താറുള്ള പാണനും പുള്ളുവരും മുത്തിയും ചോഴിയുമൊക്കെ അച്ഛന് ഏറെ പ്രിയമായിരുന്നു.

 

മുത്തിയും ചോഴിയും എന്ന കവിത ഒരു ഓണക്കാലത്ത് ആ വീട്ടിലിരുന്ന് എഴുതിയതാണ്. പാട്ടു പാടാന്‍ പതിവായി വന്നിരുന്ന പുള്ളുവരെക്കൊണ്ട് അവര്‍ക്കറിയാമായിരുന്ന പാട്ടുകളെല്ലാം അച്ഛന്‍ പാടിക്കുമായിരുന്നു. ഉടുക്കു കൊട്ടിപ്പാടാന്‍ വന്ന പാണന്റെ കൈയ്യില്‍ നിന്ന് അയാളുടെ ഉടുക്ക് വലിയ ആഗ്രഹത്തോടെ കാശു കൊടുത്തു വാങ്ങി വീട്ടില്‍ കൊണ്ടു പോയി വച്ചതും ഓര്‍ക്കുന്നു.

 

കുട്ടിക്കാലത്തു കിട്ടിയിരുന്ന ഓണക്കോടികള്‍ക്ക് പില്‍ക്കാലത്തുള്ളതിനേക്കാള്‍ മൂല്യമുണ്ടായിരുന്നു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള സമ്പാദ്യമായിരുന്നു ആ ഓണക്കോടികള്‍. ഓണക്കോടികള്‍ അച്ഛന്റെ അന്നത്തെ പ്രാരാബ്ധങ്ങളുടെ കണക്കു പുസ്തകത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു സമസ്യയായിരുന്നുവെന്ന് പിന്നീടാണു തിരിച്ചറിഞ്ഞത്. അച്ഛന്റെയും അമ്മയുടെയും കുടുംബവീട്ടിലെ എല്ലാവര്‍ക്കും മുടങ്ങാതെ ഓണക്കോടി നല്‍കുമായിരുന്നു അച്ഛന്‍. കടമായി വാങ്ങിയ ഓണക്കോടികളുടെ കണക്ക് തവണകളായി തീര്‍ക്കുമ്പോഴേക്കും അടുത്ത ഓണം വരവായി.

 

'ഒരിക്കല്‍ കൂടി വന്നെന്നിന്ദ്രിയ

വാതില്‍പ്പാളി

വലിച്ചു തുറക്കും പൊന്‍

തിരുവോണമേ നിന്നെ

ആകണ്ഠമാശ്ലേഷിക്കാനാവോളം

പാനം ചെയ്‌വാനാശ

യുണ്ടെനിക്കാര്‍ത്തിയുമുണ്ടെന്നാകിലും

മനസിലോണമാസക്കടവും പലിശയും

കണക്കു കൂട്ടി കൂട്ടി ഞാനിതാ മൂര്‍ഛിക്കുന്നു.'

 

ഓണക്കണക്ക് എന്ന കവിതയില്‍ വരച്ചു കാട്ടുന്ന ഗൃഹനാഥന്റെ ദൈന്യച്ചിത്രം ഒരു പക്ഷേ അച്ഛന്റെ തന്നെയാവാം എന്നു മനസ്സു പറയുന്നു.

എനിക്ക് പിന്നീട് ഉദ്യോഗം ലഭിച്ചതു മുതല്‍ ഈ ഉത്തരവാദിത്തം ഏറെക്കുറെ ഞാനും ഏറ്റെടുത്തു. അച്ഛന് ആദ്യമായി ഒരു ഓണക്കോടി വാങ്ങിക്കൊടുക്കുന്നതും പിന്നീട് അതൊരു പതിവായതും എല്ലാം അതിനോടൊപ്പം.

 

ഭക്ഷണപ്രിയനായിരുന്നു അച്ഛന്‍. ഭക്ഷണം ആസ്വദിച്ചു കഴിച്ചിരുന്നയാള്‍. ഓണസദ്യയിലെ വിഭവങ്ങളുടെ ധാരാളിത്തം അത്ര താത്പര്യമുള്ളതായി കണ്ടിട്ടില്ല. അച്ഛന് കൂടുതല്‍ പ്രിയപ്പെട്ട വിഭവങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ സാധാരണ ഊണായിരിക്കാം കൂടുതല്‍ സന്തോഷം. തോരനും അവിയലും പപ്പടവും പ്രഥമനുമെല്ലാം അക്കൂട്ടത്തില്‍ പെടും. സദ്യവട്ടങ്ങളേക്കാള്‍ അധികമായി എല്ലാവരോടുമൊപ്പം ഓണമുണ്ണുന്നതിന്റെ സന്തോഷം തന്നെയായിരുന്നു അച്ഛന്റെയുള്ളില്‍.

 

സസ്യേതര ഭക്ഷണവും ഇഷ്ടമായിരുന്നു. മത്‌സ്യവും കൊഞ്ചുമൊക്കെ സുലഭമായി കിട്ടുന്ന ഗ്രാമത്തിലെ ബാല്യകാല ജീവിതവും അതിന് പ്രേരകമായിട്ടുണ്ടാവും. മാംസ വിഭവങ്ങളോട് വലിയ താതപര്യമുണ്ടായിരുന്നില്ല. അക്കൂട്ടത്തില്‍ കുറച്ചെങ്കിലും താത്പര്യം കാണിച്ചിരുന്നത് മട്ടണ്‍ വിഭവങ്ങളോടായിരുന്നു.

 

അച്ഛന്‍ ജനിച്ചത് കൊല്ലത്ത് അച്ഛന്റെ അച്ഛന്റെ വീട്ടിലാണ്. അച്ഛന് ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ അപ്പൂപ്പന്റെ അകാല നിര്യാണം അച്ഛനെ ചവറയിലെ അമ്മൂമ്മയുടെ വീട്ടിലേക്കു മാറിത്താമസിക്കാന്‍ നിര്‍ബന്ധിതനാക്കി. സന്തോഷം നിറഞ്ഞ ചുറ്റുപാടുകളില്‍ നിന്നും ഒരുപാട് ഇല്ലായ്മകളുളള  ഗ്രാമത്തിലെ കൊച്ചു വീട്ടിലേക്ക് പറിച്ചു നടുമ്പോഴുള്ള കുട്ടിയുടെ അനുഭവം അച്ഛന്‍ പല കവിതകളിലും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

 

അവിടെ കണ്ടിട്ടുള്ള യാതനകളൊക്കെയും കുട്ടിയാണെങ്കില്‍ കൂടി അച്ഛനെ ആഴത്തില്‍ സ്പര്‍ശിക്കുകയും ഉള്ളിലെ കവിയെ കൂടുതല്‍ ഉണര്‍ത്തിയിട്ടുമുണ്ടാവാം. അച്ഛൻ രുധിതാനുസാരിയായ ഒരു കവിയായി വളര്‍ന്നത് ആ ഗ്രാമത്തിലെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്നു തന്നെയാണ്.  

 

ഈ തിരുവനന്തപുരം നഗരത്തിലെ വര്‍ണശബളമായ ഓണത്തോട് അച്ഛന് താത്പര്യമില്ലായിരുന്നു. ഞങ്ങളെല്ലാവരും ചുറ്റും ഉണ്ടായിരിക്കുന്നതിന്റെ സന്തോഷം മനസ്സിന്റെ ആ ഒരു നിറവ് അതായിരുന്നിരിക്കാം ആ ഓണക്കാലങ്ങളില്‍ അച്ഛനെ കൂടുതല്‍ സന്തോഷിപ്പിച്ചിട്ടുള്ളത്.

 

സഹേദര കവിയായ പുനലൂര്‍ ബാലനെ അനുസ്മരിച്ച് അച്ഛനെഴുതിയ 'ഓണച്ചിന്തുകള്‍ പാടാന്‍ നീയില്ലാത്തൊരോണം പടി കടന്നെത്തുന്നു'

എന്ന വരികൾ ഇന്നു അച്ഛനെയും ഓർമ്മപ്പെടുത്തുന്നു...

 

വളരെ ഗൗരവം നിറഞ്ഞ ഒരാളായിട്ടാണ് മിക്കവരും അച്ഛനെ കണ്ടിട്ടുള്ളത്. അച്ഛന് തീര്‍ച്ചയായും ഒരധ്യാപകന്റെ ഗൗരവമുണ്ടായിരുന്നു. എന്നാല്‍ തമാശകള്‍ പറയുവാനും ആസ്വദിക്കാനുള്ള മനസ്സുമുണ്ടായിരുന്നു.

 

ഞങ്ങളുടെ വീട്ടില്‍ വന്നിരുന്ന  വളരെ അടുപ്പമുള്ള സുഹൃത്തുക്കളോടൊപ്പം ചിരിച്ചുല്ലസിക്കുന്ന അച്ഛന്റെ മുഖം ഓര്‍മ്മയിലുണ്ട്. അനാവശ്യമായ പെരുമാറ്റത്തില്‍ ഞങ്ങളെയൊക്കെ വളരെ ഗൗരവപൂര്‍വം ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന അച്ഛന്റെ മുഖവും ഓര്‍മ്മയിലുണ്ട്. പിന്നീട് ഞങ്ങളൊക്കെ പറയുന്ന തമാശകള്‍ കൗതുകപൂര്‍വം കേള്‍ക്കുകയും ആസ്വദിച്ചു ചിരിക്കുകയും ചെയ്തിരുന്ന അച്ഛന്റെ മുഖവും മനസ്സിലുണ്ട്.ഇതെല്ലാമായിരുന്നു അച്ഛന്‍.

 

നിര്‍ബന്ധങ്ങളൊക്കെ ഉണ്ടായിരുന്നു അച്ഛന് .അതൊന്നും കടുത്ത നിര്‍ബന്ധങ്ങളായിരുന്നില്ല. ആ നിര്‍ബന്ധങ്ങളെല്ലാം അച്ഛന്‍ പാലിച്ചു വന്നിരുന്ന ദിനചര്യ, എഴുത്ത്, ജോലി എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ്. അച്ഛന് കൃത്യമായ ദിനചര്യയുണ്ടായിരുന്നു. കൃത്യസമയത്ത് എഴുന്നേല്‍ക്കുക, അതിനു ശേഷം, ചായ, പത്രം, പ്രഭാത ഭക്ഷണം തുടങ്ങി പല പല കാര്യങ്ങളിലും അച്ഛന്‍ സമയത്തിന്റെ ചിട്ട പാലിച്ചിട്ടുണ്ട്. അതു പോലെ അച്ഛന്‍ എഴുതാനിരിക്കുകയോ എന്തെങ്കിലും ഗൗരവമായിട്ടുള്ള ആലോചനയില്‍ മുഴുകുകയോ ചെയ്യുമ്പോള്‍ അമിതമായ ശബ്ദ കോലാഹലങ്ങള്‍ അച്ഛനെ അസ്വസ്ഥനാക്കുമായിരുന്നു. അത്തരം അവസരങ്ങളില്‍ വീട്ടിലെ ശബ്ദങ്ങള്‍ ഞങ്ങളും നിയന്ത്രിക്കുമായിരുന്നു. അത് ഞങ്ങള്‍ക്കും ഒരു ശീലമായി മാറി. അച്ഛനെഴുതുകയാണെങ്കില്‍ ഞങ്ങള്‍ക്കറിയാം. അതിനനുസരിച്ചു ഞങ്ങള്‍ സംസാരിക്കുന്നതിന്റെയോ പാട്ടു കേള്‍ക്കുന്നതിന്റെയോ ടിവി കാണുന്നതിന്റെയോ ശബ്ദങ്ങള്‍ നിയന്ത്രിക്കും. അതു സന്തോഷപൂര്‍വ്വം ഞങ്ങള്‍ അനുഷ്ഠിച്ചിരുന്ന ശീലങ്ങളാണ്.

 

എകെജി, കളഭമഴ, മണ്‍സൂണ്‍ എന്നീ ചിത്രങ്ങള്‍ക്കായി അച്ഛന്‍ എഴുതിയ വരികള്‍ക്ക് സംഗീതം ചെയ്യാനുള്ള ഭാഗ്യമെനിക്കുണ്ടായി. ഇഷ്ടപ്പെട്ടാല്‍ കൊള്ളാം എന്നു പറയും. ഒരു കാര്യത്തിലും ആരെയും പ്രശംസിച്ചു സംസാരിക്കുന്ന ശീലമില്ല. എന്നാല്‍ അച്ഛന്റെ ഇഷ്ടങ്ങള്‍ ആ നോട്ടത്തിലും ഭാവത്തിലുമുണ്ടായിരിക്കും.  

 

ജീവിതത്തില്‍ എങ്ങനെയായിരിക്കണം, എങ്ങനെ  മുന്നോട്ടു പോവണമെന്ന കാര്യങ്ങളിലൊന്നും അച്ഛന്‍ ഞങ്ങളെ ഉപദേശിച്ചിട്ടില്ല. എന്നാല്‍ ജീവിതമെങ്ങനെയായിരിക്കണമെന്നു ജീവിച്ചു കാണിച്ചു തരികയായിരുന്നു അച്ഛന്‍. ഉപദേശങ്ങളേക്കാള്‍ ജീവിത ദൃഷ്ടാന്തങ്ങളായിരുന്നു അധികവും. ജീവിതത്തിന്റെ നല്ലതും ചീത്തയുമായ ഘട്ടങ്ങളില്‍ എങ്ങനെ മനസ്സിനെ നിയന്ത്രിക്കണമെന്നതിന് ജീവനുള്ള മാതൃകകള്‍ ഞങ്ങള്‍ക്കു തന്നു. അതു പോലെ തന്നെ ജീവിതത്തിന്റെ മിക്കവാറും എല്ലാ ഘട്ടങ്ങളിലും അച്ഛന്റെ നല്ല ഇടപെടലുകള്‍ ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഞങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കൂടുതല്‍ ഉത്കണ്ഠ കാണിച്ചിരുന്നത് അച്ഛനാണ്. അതു പരിഹരിക്കുവാനുളള നിര്‍ദേശങ്ങള്‍ തരുന്നതും ഒരുപക്ഷേ മുന്‍കയ്യെടുത്തു നടപ്പാക്കുന്നതും അച്ഛന്‍ തന്നെയായിരുന്നു.

 

എന്തോ തേടി തേടാതെ

എന്തോ നേടി  നേടാതെ

എന്തോ പാടിപ്പാടാതെ

നടന്നു പോവും

ഈ യാത്ര എനിക്കിഷ്ടം

 

എന്ന അച്ഛന്റെ വരികളില്‍ ആ ജീവിതത്തിന്റെ ഉള്‍ക്കാഴ്ച നിറഞ്ഞു നില്‍ക്കുന്നുണ്ട്".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com