എനിക്കു ചെയ്യാവുന്ന പലതും ഞാൻ ചെയ്തില്ല: ശ്രീകുമാരൻ തമ്പി

Sreekumaran-thampi
SHARE

മലയാള ഗാനങ്ങളുടെ ഹൃദയസരസ്സായ ശ്രീകുമാരൻ തമ്പിയുമായി നാലു ഭാഗങ്ങളിലുള്ള അഭിമുഖം തുടങ്ങുന്നു. 

മലയാള പാട്ടുപാരമ്പര്യത്തിന്റെ വിലമതിക്കാനാവാത്തൊരു നിധിയാണ് ശ്രീകുമാരൻ തമ്പി. കവിയോ ഗാനരചയിതാവോ മാത്രമായി വിശേഷിപ്പിക്കാൻ പറ്റുന്നൊരു പ്രതിഭയല്ല അദ്ദേഹം. 85 സിനിമകളുടെ തിരക്കഥ രചിക്കുകയും 29 സിനിമ സംവിധാനം ചെയ്യുകയും 25 സിനിമകൾ നിർമിക്കുകയും 42 ഡോക്കുമെന്ററികളും പതിമൂന്നിലേറെ ടിവി സീരിയലുകളുമൊക്കെ എടുക്കുകയും ചെയ്തൊരു മഹാപ്രതിഭയെ ഒരു പ്രത്യേക മേഖലയിൽ മാത്രം തളച്ചിടേണ്ടതല്ല. പക്ഷേ, പാടിയും പറഞ്ഞുമുള്ള ഈ സഞ്ചാരത്തിൽ അദ്ദേഹത്തിന്റെ പാട്ടുവഴികൾ മാത്രം പിന്തുടരുന്നു.

∙ സാറിന്റെ പാട്ടിന്റെ വേരിലേക്കു നടന്നുപോകുമ്പോൾ, സാധാരണ കേട്ടിട്ടില്ലാത്ത ഒരു കാര്യം ഓർമ വരുന്നു. അമ്മ കഥകളിപ്പദങ്ങൾ പാടിയാണ് ഉറക്കിയിട്ടുള്ളതെന്നു കേട്ടിട്ടുണ്ട്. അതത്ര പതിവില്ലാത്തൊരു കാര്യമാണ്. എഴുത്തിലും എന്റെ സംഗീതബോധത്തിലുമുള്ള സ്വത്വം അതാണെന്ന് പിന്നീടു പറഞ്ഞിട്ടുമുണ്ട്... 

രണ്ടര വയസ്സുവരെ പിറകോട്ടുള്ള കാര്യങ്ങൾ എനിക്കോർമയുണ്ട്. അമ്മ പാടിയിരുന്ന മിക്ക ഉറക്കുപാട്ടുകളും എനിക്കോർമയുണ്ട്. കഥകളിപ്പദങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളും അമ്മ പാടുമായിരുന്നു. ചില പ്രത്യേക രാഗങ്ങളോടുള്ള സമീപനം ശ്രദ്ധേയമായിരുന്നു. ഉദാ: ആനന്ദഭൈരവി, സിന്ധുഭൈരവി. രാഗങ്ങൾ മാറ്റിമാറ്റി അമ്മ പാടും. അമ്മ നല്ലപോലെ പാടുമായിരുന്നു. കർണാടകസംഗീതം പഠിച്ചതാണ്. പക്ഷേ, അന്നത്തെ തറവാടിന്റെ യാഥാസ്ഥിതിക സമീപനം വച്ച് ഭർത്താവിനെ പാടിക്കേൾപിച്ചാൽ മതി, കുഞ്ഞുങ്ങളെ താരാട്ടിയാൽ മതി. അതിനപ്പുറം പാടില്ല. 

∙ പക്ഷേ, വീട്ടിലൊരു എഴുത്തുപാരമ്പര്യം അങ്ങനെയുണ്ടായിരുന്നില്ല, അല്ലേ? 

എഴുത്തുപാരമ്പര്യമില്ലെങ്കിലും കലാപാരമ്പര്യം വളരെ ശക്തമായിരുന്നു. 39 ാം വയസ്സിൽ മരിച്ച എന്റെ അമ്മാവൻ ഡോ. പത്മനാഭൻ തമ്പി ഒരു ബഹുമുഖ പ്രതിഭയായിരുന്നു. എന്റെ കലാവഴി കണ്ടുതുടങ്ങിയ കാലത്തു പലരും പറയുമായിരുന്നു: ‘അതിലിപ്പോൾ എന്താ അദ്ഭുതം. ഡോ. തമ്പിയുടെ അനന്തരവനല്ലേ?’. 

എന്റെ മുഴുവൻ പേരുതന്നെ അദ്ദേഹത്തിന്റെ പേരുമായി ചേർന്നതാണ്. പി.ശ്രീകുമാരൻ തമ്പി അഥവാ പത്മനാഭൻ തമ്പി ശ്രീകുമാരൻ തമ്പി എന്നാണ് എന്റെ മുഴുവൻ പേര്. അദ്ദേഹം ഒന്നാന്തരം ചിത്രകാരനും പാട്ടുകാരനുമായിരുന്നു. അമ്മാവന്റെ അമ്മാവൻ ചാത്തോത്ത് തമ്പിക്കും അക്ഷരശ്ലോകം ഉൾപ്പെടെ കലാബന്ധം ഏറെയുണ്ടായിരുന്നു. ചാത്തോത്ത് തമ്പിയുടെ കാലത്ത് വീട്ടിൽ എല്ലാ മാസവും കഥകളി നടത്തുമായിരുന്നു. അതു കണ്ടുകണ്ടാണ് അമ്മയ്ക്ക് ഈ കഥകളിപ്പദങ്ങളൊക്കെ മനപ്പാഠമായത്. 

∙ സാറിന്റെ നാടിന്റെ പേരിൽത്തന്നെ പാട്ടുണ്ട്. ഹരിപ്പാട്ടുകാരൻ എന്നാണ് എപ്പോഴും പറയുന്നത്. പാട്ട് ജൻമദേശവുമായിട്ടുപോലും ബന്ധപ്പെട്ടു കിടക്കുന്നു. വീടിനടുത്തു വൃന്ദാവൻ തിയറ്ററിൽ കേട്ട ‘നല്ലതങ്ക’യിലെ പാട്ടാണു മനസ്സിൽ ആദ്യം ഉറപ്പിച്ചതെന്നും പറഞ്ഞിട്ടുണ്ട്... 

അതെ. ആ സിനിമയിലെ എല്ലാ പാട്ടുകളും ഇപ്പോഴും എനിക്കറിയാം. ‘കൃപാലോ വത്സരാകും മത്സുതരെ കാണാറാകേണം...’, ‘മനോഹരമീ മഹാരാജ്യം...’ തുടങ്ങിയ അഭയദേവിന്റെ ഗാനങ്ങൾ. അക്കാലത്ത് ഹിന്ദിയിലോ തെലുങ്കിലോ ഉള്ള ട്യൂൺ എടുത്ത് ഉപയോഗിക്കുകയാണു പതിവ്. ദക്ഷിണാമൂർത്തി സ്വാമിയാണു ‘നല്ല തങ്ക’യുടെ സംഗീതസംവിധായകനെന്നു പറയാറുണ്ടെങ്കിലും, അദ്ദേഹം അതിലെ ഒരു ശ്ലോകം മാത്രമേ ട്യൂൺ ചെയ്തിട്ടുള്ളൂ എന്നതാണു സത്യം. ‘ശംഭോ ഞാൻ കാൺമതെന്താണ്...’ എന്ന പി.ലീല പാടിയ ശ്ലോകം മാത്രം. 

ഈ ശ്ലോകം മാത്രം ചെയ്യാൻ വൈക്കം മണിയും അഗസ്റ്റിൻ ജോസഫുമൊക്കെ ചേർന്നു സ്വാമിയെ കണ്ടെത്തുകയായിരുന്നു. ബാക്കിയെല്ലാത്തിനും ട്യൂൺ ഉണ്ട്. പക്ഷേ, ഈ ശ്ലോകം ആരെക്കൊണ്ടെങ്കിലും ഈണമിടീക്കണം. അങ്ങനെ അന്വേഷിച്ചപ്പോഴാണറിയുന്നത്, വൈക്കത്ത് അമ്പലത്തിൽ ഭജനമിരിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ടെന്ന്. 

പലരും ഇപ്പോൾ അങ്ങനെയല്ലെന്നു പറഞ്ഞ് എന്നെ പഠിപ്പിക്കാൻ വരാറുണ്ട്. സ്വാമിയും ഞാനുമായുള്ള ബന്ധം അത്രയേറെയില്ലേ? സ്വാമി ഏറ്റവും കൂടുതൽ ചെയ്തിരിക്കുന്നത് എന്റെ പാട്ടുകളാണ്. 

അന്നു ഞാൻ ജനിച്ചിട്ടില്ലെങ്കിലും, സ്വാമിയും ഞാനുമായുള്ള ബന്ധത്തിന്റെ അടിത്തറ ‘നല്ലതങ്ക’യിൽ തുടങ്ങിയെന്നു പറയാം. വൈക്കം മണിയുടെ മകളെ ഞാൻ പിന്നീടു വിവാഹം കഴിച്ചു. നല്ലതങ്കയുടെ ഭർത്താവായി വൈക്കം മണിയും സഹോദരനായി യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫുമാണ് അഭിനയിച്ചത്. പിന്നീടു ഞാനും യേശുദാസും 65 ദിവസത്തെ വ്യത്യാസത്തിൽ പിറക്കുന്നു. ഞാനും യേശുവും സ്വാമിയും ചേർന്നു പിന്നീട് അനേകം ഗാനങ്ങൾ ചെയ്യുന്നു. 

∙ യേശുദാസിനെ എല്ലാവരും വിളിക്കാത്ത ഒരു പേരാണു സാർ വിളിക്കുന്നത്, യേശു... 

ഞാനും സ്വാമിയും അദ്ദേഹത്തെ യേശു എന്നാണു വിളിക്കുന്നത്. ദേവരാജൻ മാഷും അങ്ങനെയാണ്. എന്റെ അറിവിൽ അങ്ങനെ വിളിക്കുന്ന മൂന്നു പേരേയുള്ളൂ. 

∙ അങ്ങയുടെ ചെറുപ്പം മുതലുള്ള വഴി പിന്തുടർന്നാൽ ദാർശനികമായൊരു ചിന്തയും ഏകാന്തതയുടെ ഒരു വഴിയുമൊക്കെ എല്ലാക്കാലത്തും കാണാം. പതിനൊന്നാമത്തെ വയസ്സിൽ എഴുതിയ ആദ്യ കവിതയുടെ പേരുതന്നെ ‘കുന്നും കുഴിയും’ എന്നാണ്. ആ പേരിൽത്തന്നെയുണ്ട് തത്വചിന്താപരമായ അംശമുണ്ട്. എങ്ങനെയാണ് ആ കവിതയുടെ പിറവി? 

കുട്ടിയായിരിക്കുമ്പോഴേ ഞാൻ സംസാരിക്കുന്ന കാര്യങ്ങൾ കേട്ടു ഭയമാകുമായിരുന്നു എന്ന് അമ്മ പറയാറുണ്ട്. ഇവൻ വല്ല സന്യാസിയുമായിപ്പോകുമോ എന്ന് അമ്മ ചിന്തിച്ചിട്ടുണ്ട്. എന്റെ അച്ഛന് ആദ്യകാലത്തു മനോരോഗം വരുമായിരുന്നു. ഇവനും അച്ഛനെപ്പോലെ ആകാൻ പോവുകയാണോ എന്നൊക്കെ അമ്മ ചിന്തിച്ചു. 

പറയെഴുന്നള്ളിച്ചു വീട്ടിൽ വരുമ്പോൾ കൊട്ടുകേട്ട് ഞാൻ താളത്തിനനുസരിച്ചു വരികളുണ്ടാക്കി പറഞ്ഞുകൊണ്ടിരിക്കും. ഇതു കേട്ട് അമ്മയ്ക്കു ഭയമുണ്ടായി. കവിതയാണു ഞാൻ പറയുന്നതെന്നും കവിയായി മാറുകയാണു ഞാനെന്നും അമ്മയ്ക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല. 

പണ്ട് ഞങ്ങളുടെയൊക്കെ തറവാട്ടിൽ ഒരു കുടുംബം മുഴുവൻ നമുക്കുവേണ്ടി ജോലി ചെയ്യുന്നതായിരുന്നു രീതി. ജൻമിമാർ ദുഷ്ടൻമാർ എന്നൊക്കെ സിനിമയിൽ കാണിക്കുമെങ്കിലും ജൻമിമാരിൽ നല്ലവരും ഉണ്ടായിരുന്നു. ഹരിപ്പാട് ഭാഗത്തു മഴ വരുമ്പോൾ മണ്ണ് കൂനകൂട്ടും. സ്വാഭാവികമായി താഴെയെല്ലാം തടമെടുക്കും. അതു കാണുമ്പോൾ എന്റെ മനസ്സിൽ തോന്നും, നിരപ്പായി കിടക്കുന്ന സ്ഥലം എന്തിനാണിങ്ങനെ വ്യത്യാസപ്പെടുത്തുന്നതെന്ന്. അപ്പോൾ കുന്നും കുഴിയും വരികയല്ലേ? വാസ്തവത്തിൽ കുന്നുള്ള സ്ഥലം തട്ടിനിരത്തുകയല്ലേ വേണ്ടത്?... എന്നൊക്കെ ഞാൻ ചിന്തിക്കും. 

∙ ശരിക്കും സോഷ്യലിസ്റ്റ് ചിന്താഗതിയാണ്...! 

അതെയതെ. ആദ്യം എഴുതിയ കവിതതന്നെ കമ്യൂണിസ്റ്റ് ചിന്താഗതിയുള്ളതാണ്. ഞാൻ പക്ഷേ, കൊടിപിടിച്ച് അതിന്റെ പിന്നാലെ പോയില്ലെന്നേയുള്ളൂ. അത് ഉള്ളിലുണ്ട്. ‘ഉത്രാടപ്പൂനിലാവേ വാ...’ എന്ന ഓണപ്പാട്ടിൽ ‘തിരുവോണത്തിൻ കോടിയുടുക്കാൻ കൊതിക്കുന്നു തെരുവിൻ മക്കൾ, അവർക്കില്ല പൂമുറ്റങ്ങൾ പൂനിരത്തുവാൻ, വയറിന്റെ രാഗം കേട്ടേ മയങ്ങുന്ന വാമനൻമാർ, അവർക്കോണക്കോടിയായ് നീ വാ...’ എന്നു പറയുമ്പോൾ മുറ്റമേയില്ലാത്തവനെക്കുറിച്ചാണു ഞാൻ ചിന്തിച്ചത്. മുറ്റമുണ്ടെങ്കിലല്ലേ പൂ നിരത്തുക, മുറ്റമില്ലാത്തവൻ എന്തു ചെയ്യും? 

∙ അന്നു മുതലേ ഭൂമിയിലേക്കും താഴേക്കും നോക്കി എഴുതിക്കൊണ്ടിരിക്കുന്നയാളാണ്.. പതിനൊന്നാം വയസ്സിൽത്തന്നെ ഇതുപോലൊരു കാഴ്ചപ്പാടിൽ കവിതയെഴുതിത്തുടങ്ങിയയാൾ പിന്നീടു കവിതയെഴുത്തു നിരന്തരം തുടരുന്നു. പതിനാറാം വയസ്സാകുമ്പോഴേക്കു മുന്നൂറോളം കവിതകൾ എഴുതിത്തീർക്കുന്നു. വീട്ടിൽ എഴുത്തിനത്ര സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നുമറിയാം. എഴുതാതിരിക്കാൻ മൂത്ത ചേട്ടൻ പി.വി.തമ്പി റൂൾ തടി കൊണ്ടു വിരലിൽ അടിക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. കവിതകളെല്ലാം അദ്ദേഹം എടുത്തു കത്തിച്ചുകളയും ചെയ്തു... 

അതെ. അതിൽ ഒരു കവിതപോലും എനിക്ക് ഓർമയില്ല. ആ കവിതകൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. അതിനുശേഷം എന്റെ മുഴുവൻ ജീവിതത്തിൽ അഞ്ഞൂറു കവിതയേ ഉള്ളൂ. 

∙കടലാസിനെ അഗ്നിയിൽ എരിച്ചുകളയാം. പക്ഷേ, മനസ്സിലെ ആശയത്തെ കത്തിച്ചുകളയാനാവില്ലെന്നു പിൽക്കാലത്ത് അങ്ങു പറഞ്ഞിട്ടുണ്ട്... 

മനസ്സിൽ അഗ്നിയുള്ളവനെ തകർക്കാൻ ഒരിക്കലും സാധിക്കില്ല. എന്റെ പ്രായത്തെക്കുറിച്ചു മറ്റുള്ളവർ പറയുമ്പോഴാണു ഞാൻ ചിന്തിക്കുന്നത്. എന്റെ പ്രവർത്തനത്തിലോ സംസാരത്തിലോ നടപടികളിലോ ഇടപെടലുകളിലോ എന്റെ പ്രായം വരുന്നില്ല. ‘കുന്നും കുഴിയും’ എഴുതിയ 11 വയസ്സുകാരൻ കുട്ടി തന്നെയാണു ഞാൻ ഇപ്പോഴും. മനസ്സിൽ ഇന്നും ഞാൻ കൗമാരം സൂക്ഷിക്കുന്നുണ്ട്. അത് എല്ലാവർക്കും സാധ്യമല്ല. 

എന്റെ കൗമാരമാണ് എന്നെ ഞാനാക്കിയത്. പത്തു വയസ്സിനും ഇരുപതു വയസ്സിനുമിടയിൽ ‍നിക്ഷേപിച്ചതാണ് ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത്. അതിന്റെ പലിശയാണ് ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത്. 

ശരിക്കു പറഞ്ഞാൽ ഞാൻ മടിയനാണ്. പ്രകൃതി എനിക്കു തന്ന കഴിവിന്റെ പത്തു ശതമാനം പോലും ഞാൻ ഉപയോഗിച്ചിട്ടില്ല. ഇതൊരു സത്യമാണ്. ചിലപ്പോൾ എനിക്കു വലിയ ദുഃഖമുണ്ടാകാറുണ്ട്. 

ഉദാഹരണമായി പറഞ്ഞാൽ, എന്റെ ഭാര്യയ്ക്കതറിയാം. ഞാൻ ഒരു തിരക്കഥ എഴുതാമെന്നു സമ്മതിക്കുന്നു. അഡ്വാൻസ് വാങ്ങുന്നു. അടുത്ത മാസം 15 നു കൊടുക്കാമെന്നു പറയുന്നു. അടുത്ത മാസം 12 വരെ ഞാനതു തൊടില്ല. ഒന്നും ചെയ്യില്ല. ഭാര്യ ഇതിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ഞാൻ വല്ലതും വായിച്ചുകൊണ്ടിരിക്കുകയൊക്കെ ചെയ്യും. പക്ഷേ, അവസാന മൂന്നു ദിവസംകൊണ്ടു രാത്രി ഉറക്കമൊഴിച്ച് ഒരൊറ്റ എഴുത്താണ്. 

∙ മൂന്നു ദിവസംകൊണ്ട് എഴുതാൻ പറ്റുന്നു എന്നതാണു കാര്യം... 

അതു ശരിയാണ്. ഉദാ: ‘സിന്ധു’ എന്ന 100 ദിവസം ഓടിയ സിനിമ. ‘ചെട്ടികുളങ്ങര ഭരണിനാളിൽ...’, ‘തേടിത്തേടി ഞാനലഞ്ഞു...’ തുടങ്ങിയ പാട്ടുകളുള്ള ചിത്രം. വെറും മൂന്നു ദിവസംകൊണ്ട് എഴുതിയ തിരക്കഥയാണത്. 

ഞാനിങ്ങനെ മടിച്ചിരിക്കാതെ എല്ലാ ദിവസവും എഴുതിയാൽ എനിക്കെത്ര തിരക്കഥ എഴുതാമായിരുന്നു എന്നു ഞാൻ ആലോചിക്കാറുണ്ട്. എത്ര കവിത എഴുതാമായിരുന്നു. പന്ത്രണ്ടു വർഷമായി ഞാൻ മലയാള ഗാനചരിത്രം എഴുതിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ എഴുതിത്തീർന്നിട്ടില്ല. 

ജ്യോതിഷത്തിലുണ്ട്, എന്റെ ലഗ്നാധിപൻ നീചനാണ്. ബുധനു മൗഢ്യമാണ്. എന്നുവച്ചാൽ പമ്പരവിഡ്ഢിയാകേണ്ടവനാണ്. എന്നിട്ടും എനിക്ക് എന്തുകൊണ്ട് ഇത്രയും എഴുതാൻ കഴിഞ്ഞു എന്നു ഞാൻ ചിന്തിക്കാറുണ്ട്. എനിക്കു ചെയ്യാവുന്നതിൽ വളരെ കുറച്ചേ ഞാൻ ചെയ്തിട്ടുള്ളൂ. 

(തുടരും...)

ഈ അഭിമുഖത്തിന്റെ പൂർണരൂപം, മനോരമ മ്യൂസിക്കിന്റെ യുട്യൂബ് പേജിലൂടെ വിഡിയോയിൽ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

https://www.youtube.com/watch?v=XZfEtEp5c7w

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA