ADVERTISEMENT

വൈക്കം വിജയലക്ഷ്മി സന്തുഷ്ടയാണ്. അനേകം പ്രതിസന്ധികളെ തരണം ചെയ്ത് പ്രശസ്തിയിലേക്കു ചുവടുവച്ച ഗായിക, സ്വകാര്യ ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികളിൽ തെല്ലൊന്നു പകച്ചുപോയെങ്കിലും വീണ്ടും ജീവിതത്തിന്റെ താളം വീണ്ടെടുക്കുകയാണിപ്പോൾ. കോവിഡ് ഭീതി കുറയുന്നതോടെ വേദികളും സജീവമാകുന്നതിന്റെ സൂചനകളാണ് കാണുന്നതെന്നും സംഗീതരംഗത്ത് തനിക്കു തിരക്കേറി തുടങ്ങിയെന്നും വൈക്കം വിജയലക്ഷ്മി പറയുന്നു. ഗായിക പിന്നണി പാടിയ തമിഴ് സൂപ്പർ താരം സൂര്യയുടെ ‘ജയ് ഭീം’ ഉൾപ്പടെ ഒരുപിടി തമിഴ്, മലയാളം സിനിമകളിലെ ഗാനങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. അടുത്തിടെ നർത്തകി പാരിസ് ലക്ഷ്മി പുറത്തിറക്കിയ ‘മീരാ ഭജൻ’ ആലപിച്ചതിന്റെ ത്രില്ലിലാണ് വൈക്കം വിജയലക്ഷ്മിയിപ്പോള്‍. പുതിയ പാട്ടുവിശേഷങ്ങളുമായി ഗായിക മനോരമ ഓൺലൈനിനൊപ്പം.    

 

 

പാരിസ് ലക്ഷ്മിയുടെ മീരാ ഭജൻ 

 

 

പാരിസ് ലക്ഷ്മിയുമായി ഏറെ കാലമായുള്ള സൗഹൃദമാണ്. എന്റെ വീട്ടിൽ ഒരുപാടു തവണ ലക്ഷ്മി വന്നിട്ടുണ്ട്. എനിക്ക് ലക്ഷ്മി ഒരു അനുജത്തിയെപ്പോലെയാണ്. ഒരുമിച്ചൊരു വർക്ക് ചെയ്യുന്നതിനെക്കുറിച്ചു തമ്മിൽ കാണുമ്പോഴൊക്കെ ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അതാണ് ഇപ്പോൾ ‘മാരാ രേ ഗിരിധർ ഗോപാൽ’ എന്ന മീരാ ഭജനിലൂടെ സാക്ഷാത്കരിച്ചത്. പാരിസ് ലക്ഷ്മി ഈ വർക്കിനെക്കുറിച്ചു പറഞ്ഞപ്പോൾ സന്തോഷപൂർവമാണ് ഞാൻ കേട്ടിരുന്നത്. മീരാഭായ് ഭജൻസ് ഞാൻ പലതവണ കച്ചേരികളിൽ ആലപിച്ചിട്ടുണ്ട്. മീരാഭായ് വീണവായിച്ച് പാടുന്നതായിട്ടാണ് ഈ ആൽബം ചിത്രീകരിച്ചിരിക്കുന്നത്. അത് ആലപിച്ചപ്പോൾ കൃഷ്ണനുവേണ്ടി സ്വയം സമർപ്പിച്ച മീരാഭായ് ആണ് ഞാൻ എന്ന തോന്നലാണുണ്ടായത്. രത്നശ്രീ അയ്യർ ആണ് തബല വായിച്ചത്. കൃഷ്ണനിൽ ലയിച്ചാണ് ഞാൻ പാടിയത്. വളരെ മികച്ച അനുഭവം ഈ ആൽബം എനിക്കു സമ്മാനിച്ചു. 

 

 

കോവിഡ്കാല കലാജീവിതം 

 

 

ലോക്ഡൗൺ കാലത്ത് പ്രത്യേകിച്ചു പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ല. കോവിഡിനു മുൻപും വീട്ടിൽ ഉള്ള സമയങ്ങളിലെല്ലാം ഞാൻ കീർത്തനങ്ങൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുമായിരുന്നു. കോവിഡ് കാലത്ത് സംഗീതപരിപാടികൾ കുറവായിരുന്നതുകൊണ്ട് പ്രാക്ടീസ് ചെയ്യാൻ കൂടുതൽ സമയം ലഭിച്ചു. ഓൺലൈൻ പരിപാടികളും ഉണ്ടായിരുന്നു. പ്രാക്ടീസ് ഇല്ലാത്ത സമയത്ത് പാചക പരീക്ഷണങ്ങളും നടത്തി. വിവിധ തരം അച്ചാറുകൾ ഉണ്ടാക്കാൻ പഠിച്ചു. ആപ്പിൾ, ചക്ക, കുടംപുളി, സബർജല്ലി തുടങ്ങി പലതരത്തിലുള്ള അച്ചാറുകൾ അതിലുൾപ്പെടുന്നു. പാചകപരീക്ഷണങ്ങളുടെ വിഡിയോ എന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. പിന്നെ, ഞാനും എന്റെ കുടുംബാംഗങ്ങളും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ആർക്കും ഗുരുതരമായ അവസ്ഥയുണ്ടായില്ല എന്നതു ഭാഗ്യമായി കണക്കാക്കുകയാണ്. ഇപ്പോൾ എല്ലാവരും സുഖമായിരിക്കുന്നു. 

 

 

സിനിമയിൽ തിരക്കേറുന്നു

 

 

കോവിഡ് ഭീതിയൊഴിയുന്ന ഈ സാഹചര്യത്തിൽ സിനിമയിൽ ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. മലയാളം തമിഴ് സിനിമകളിൽ പാടാൻ അവസരം ലഭിച്ചു.  മലയാളത്തിൽ ‘സമന്വയം’ എന്ന ചിത്രത്തിൽ ഞാനും മധു ബാലകൃഷ്ണൻ ചേട്ടനും ചേർന്നു പാടി. സംഗീതം വാഴമുട്ടം ചന്ദ്രബാബു സർ ആണ്. ‘റൂട്ട്മാപ്’ എന്ന ചിത്രത്തിൽ പ്രശാന്ത് ചേട്ടന്റെ സംഗീതത്തിൽ പാടി. ‘തൃപ്പല്ലൂരിലെ കള്ളന്മാർ’ എന്ന സിനിമയിൽ വിധു പ്രതാപിനൊപ്പം പാടിയിട്ടുണ്ട്. ‘ജയ് ഭീം’ എന്ന തമിഴ് ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷം. ഷാൻ റോൾഡന്റെ സംഗീതത്തിൽ ഒരു മെലഡി പാടി പൂർത്തിയാക്കി. ‘കാതൽ പുസ്തകം’ എന്ന മറ്റൊരു തമിഴ് ചിത്രത്തിലും പാടിയിട്ടുണ്ട്. ‘ഗാന്ധിജി കം ബാക്ക്’ എന്ന ഒരു തമിഴ് ചിത്രത്തിൽ ബംഗാളി ഭാഷയിൽ പാട്ട് പാടി. ഒരു തമിഴ് സീരിയലിനു വേണ്ടിയും പാടാൻ അവസരം ലഭിച്ചു.

 

 

സന്തുഷ്ട ജീവിതം

 

ജീവിതം സന്തോഷവും സംതൃപ്തവുമായി മുന്നോട്ടു പോകുന്നു. പാട്ടുകാരിയായ എനിക്ക് പാടാൻ അവസരം ലഭിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ജീവിതത്തിൽ പല ഉയർച്ച താഴ്ചകളും വന്നു, അതെല്ലാം ദൈവത്തിന്റെ അനുഗ്രഹത്താൽ മറികടക്കാൻ കഴിഞ്ഞു. എന്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന എല്ലാ മലയാളികളോടും നന്ദി പറയുകയാണിപ്പോൾ. എല്ലാ മലയാളികൾക്കും അഡ്വാൻസ് ആയി കേരളപിറവി ആശംസകൾ നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com