2–ാം വയസ്സിൽ കാലുകൾ തളർന്നു, താങ്ങായത് സംഗീത‌യും ഒടുവിൽ സുരേഷ് ഗോപിയും! സന്തോഷ് മനസ്സ് തുറക്കുന്നു

santhosh-sangeetha-suresh-gopi
SHARE

‘സുരേഷ് ഗോപിയെ നേരിൽ കണ്ടാൽ നിങ്ങൾ എന്തു ചോദിക്കും?’ മഴവിൽ മനോരമയിലെ ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ പരിപാടിയിലേക്കുള്ള അപേക്ഷാ ഫോമിന്റെ അവസാനപേജിലെ ഈ ചോദ്യത്തിന് ഉത്തരം എഴുതുമ്പോൾ സംഗീതയുടെ മനസ്സിൽ പ്രതീക്ഷകളുണ്ടായിരുന്നില്ല. എങ്കിലും ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഭർത്താവ് സന്തോഷിന്‌ പാടാൻ ഒരു അവസരം വേണം എന്ന ഏറെക്കാലത്തെ ആഗ്രഹം സംഗീത ഉത്തരമായി കുറിച്ചു. അന്ന് സംഗീതയ്ക്കൊപ്പം കോടീശ്വരൻ പരിപാടിയിലെത്തിയ സന്തോഷ്, ഒറ്റപ്പാട്ടിലൂടെത്തന്നെ പ്രേക്ഷകരുടെ കണ്ണും മനസ്സും നിറച്ചു. 

സിനിമയിൽ പാടാൻ അവസരം നൽകാൻ ശ്രമിക്കാമെന്ന് പരിപാടിക്കിടെ സുരേഷ് ഗോപി പറഞ്ഞത് വെറുംവാക്കായില്ല. കോടീശ്വരനിൽ പങ്കെടുത്തു മടങ്ങിയ സന്തോഷിന്റെയും സംഗീതയുടെയും ആഗ്രഹലബ്ധിക്കുവേണ്ടി സുരേഷ് ഗോപി ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ നിഥിൻ രഞ്ജി പണിക്കരുടെ ‘കാവൽ’ എന്ന സിനിമയിൽ പാടാനായി സന്തോഷിനു ക്ഷണം വന്നു. ‘കാർമേഘം മൂടുന്നു’ എന്ന പാട്ട് ഒറ്റ ടേക്കിൽ പൂർത്തിയാക്കി പുറത്തിറങ്ങിയ സന്തോഷിന്റെ മനസ്സു നിറയെ തനിക്കു പിന്നണി ഗായകൻ എന്ന ലേബൽ പതിച്ചു നൽകിയ സുരേഷ് ഗോപിയോടുള്ള കടപ്പാടും സ്നേഹവുമായിരുന്നു. രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച് ഇരു കാലുകളും തളർന്നുപോയ സന്തോഷിനും കരുത്തേകി കൂടെ നിൽക്കുന്ന സംഗീതയ്ക്കും കാവലിലെ പാട്ട് ജീവിതത്തിൽ തുറന്നുകിട്ടിയ സുവർണ അധ്യായമായി. പാട്ടുവിശേഷങ്ങൾ പങ്കിട്ട് സന്തോഷ് മനോരമ ഓൺലൈനിനൊപ്പം. 

അവൾ വെറുതേ എഴുതി, പക്ഷേ

മഴവിൽ മനോരമയിലെ ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ പരിപാടിയിൽ പങ്കെടുക്കാൻ ആപ്ലിക്കേഷൻ അയച്ച എന്റെ ഭാര്യ സംഗീതയ്ക്ക് ഹോട് സീറ്റിൽ എത്തുന്നതിനേക്കാൾ വലിയ ആഗ്രഹമായിരുന്നു എനിക്കു പാടാൻ ഒരു അവസരം നേടിത്തരിക എന്നത്. പരിപാടിയിലേക്കുള്ള അപേക്ഷാ ഫോമിന്റെ അവസാനഭാഗത്ത്, ‘സുരേഷ് ഗോപിയെ നേരിൽ കാണുമ്പോൾ നിങ്ങൾ എന്തു ചോദിക്കും’ എന്നൊരു ചോദ്യമുണ്ട്. ഭർത്താവിന് പാടാൻ ഒരു അവസരം ലഭിച്ചാൽ വലിയ അനുഗ്രഹമായിരിക്കും എന്നാണ് എന്റെ ഭാര്യ അതിന് ഉത്തരമായി കുറിച്ചത്. എഴുതിക്കൊടുത്തതിനു ശേഷം അവൾ എന്നോടു ചോദിച്ചു, അത് തെറ്റായിപ്പോയോ എന്ന്. അതിൽ തെറ്റൊന്നുമില്ല, അവസരം കിട്ടിയാൽ നല്ലതല്ലേ എന്നു ഞാൻ പറഞ്ഞു. ഹോട് സീറ്റിലേക്കു മത്സരിക്കാൻ സംഗീതയ്ക്ക് അവസരം കിട്ടി. അതിന്റെ പ്രമോ വിഡിയോയ്ക്കു വേണ്ടി മഴവിൽ മനോരമ ചാനല്‍ സംഘം ഞങ്ങളുടെ വീട്ടിലെത്തി. വിഡിയോ ഷൂട്ടിനിടെ ‘ശ്രീരാഗമോ’ എന്ന പാട്ട് ഞാൻ പാടി. നിർഭാഗ്യവശാൽ എന്റെ ഭാര്യയ്ക്ക് ഹോട്സീറ്റിൽ എത്താൻ കഴിഞ്ഞില്ല. പക്ഷേ പരിപാടിയ്ക്കിടെ പ്രത്യേക വിഭാഗത്തിൽ ഞങ്ങളുടെ വിഡിയോ പ്രദർശിപ്പിക്കുകയും അതിലെ എന്റെ പാട്ടിനെ സുരേഷ് ഗോപി സർ പ്രശംസിക്കുകയും ചെയ്തു. അന്ന് ആ വേദിയിൽ വച്ച്, ഞാൻ പിന്നണി പാടാനുള്ള ആഗ്രഹം സുരേഷ് ഗോപി സാറിനെ അറിയിച്ചു. എനിക്ക് ഒരു അവസരം ലഭിക്കാൻ പരമാവധി പരിശ്രമിക്കും എന്ന് അന്ന് അദ്ദേഹം എനിക്കു വാക്കു തന്നു. അതാണ് ഇപ്പോൾ പാലിച്ചത്. അദ്ദേഹം ഏറ്റെടുത്ത റിസ്കിലൂടെയാണ് പിന്നണിഗായകൻ എന്ന ലേബൽ എനിക്കു കിട്ടിയത്. 

santhos-sangeetha-2
സന്തോഷും ഭാര്യ സംഗീതയും

നന്ദി എല്ലാവരോടും

രഞ്ജി പണിക്കരുടെ മകൻ നിഥിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാവൽ’. ചിത്രത്തിൽ പാടാൻ ക്ഷണം കിട്ടിയെങ്കിലും കോവിഡ് കാരണം അൽപം കാത്തിരിക്കേണ്ടി വന്നു. എറണാകുളത്തുവച്ചാണ് പാട്ടിന്റെ റെക്കോർഡിങ് നടന്നത്. ഈണമൊരുക്കിയ രഞ്ജിൻ രാജിനോടും സംവിധായകൻ നിഥിനോടും നിർമാതാവ് ജോബി ജോർജിനോടും ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുകയാണ്. അവരും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും പിന്തുണയും സ്നേഹവും നൽകി ഒപ്പം നിന്നതുകൊണ്ടാണ് പാട്ട് മികച്ചതായത്. റെക്കോർഡിങ്ങിന്റെ അന്ന് എനിക്ക് കടുത്ത തൊണ്ടവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. പക്ഷേ ദൈവാനുഗ്രഹവും ഭാഗ്യവും എല്ലാവരുടെയും പ്രാർഥനയും എന്നെ തുണച്ചു. ഒറ്റ ടേക്കിൽത്തന്നെ മികച്ച രീതിയിൽ പാടി പൂർത്തിയാക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു. ഇത് ശരിക്കും എന്റെ കഴിവ് അല്ല, മികച്ച സംഗീതമൊരുക്കിയ രഞ്ജിനാണ് പാട്ടിന്റെ എല്ലാ ക്രെഡിറ്റും. ഞാൻ അതിൽ ഒരു ഉപകരണം പോലെ പ്രവർത്തിച്ചു എന്നു മാത്രം. 

santhos-sangeetha1
‘നിങ്ങൾക്കുമാകാം കോടീശ്വരന്‍’ വേദിയിൽ സുരേഷ് ഗോപിക്കൊപ്പം

സുരേഷ് ഗോപി സർ! 

പിന്നണിഗാനശാഖയിൽ എത്തിയതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് സരേഷ് ഗോപി സാറിനോടാണ്. അദ്ദേഹത്തോട് എങ്ങനെ നന്ദി പറയണം എന്ന് ഇപ്പോഴും അറിയില്ല. വാക്കുകൾ കിട്ടാത്ത അവസ്ഥയിലാണു ഞാൻ. പാട്ട് പുറത്തിറങ്ങിയ ശേഷം സാറിന്റെ അസിസ്റ്റന്റ് എന്നെ വിളിച്ചു സംസാരിച്ചിരുന്നു. ഇന്നു രാവിലെയും എന്നെത്തേടി ഫോൺ വിളികൾ എത്തി. പാട്ട് കേട്ടിട്ട് വിദേശത്തു നിന്നുൾപ്പെടെ നിരവധി പേർ സുരേഷ് ഗോപി സാറിനെ വിളിച്ചെന്നും അവർക്കൊക്കെ ഞാൻ പാടിയ ‘ശ്രീരാഗമോ’ എന്ന പാട്ടിന്റെ പതിപ്പ് കേൾക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് എന്നോടു പറഞ്ഞു. സുരേഷ് ഗോപി സർ ഇപ്പോൾ എറണാകുളത്ത് ഷൂട്ടിങ് തിരക്കിലാണെന്നും രണ്ടു ദിവസത്തിനു ശേഷം നേരിൽ കാണാമെന്നും അദ്ദേഹം അറിയിച്ചു. 

രണ്ടാം വയസ്സിലെ വിധി

എനിക്കു രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചതാണ്. ഇരുകാലുകളും തളർന്നുപോയി. ആറ് ശസ്ത്രക്രിയകൾക്കു വിധേയമായിട്ടുണ്ട്. വടിയുടെ സഹായത്തോടെയാണു നടക്കുന്നത്. ഈ ശാരീരിക വെല്ലുവിളി കുട്ടിക്കാലത്ത് എന്നെ വളരെ വേദനിപ്പിച്ചിരുന്നു. പക്ഷേ കാലം ചെല്ലുന്തോറും ആ വിഷമം ഇല്ലാതെയായി. പഠിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പല സംഗീതപരിപാടികളിലും പങ്കെടുത്തുവിജയിച്ചിട്ടുണ്ട്. ഗാനമേളകളിലും പാടുമായിരുന്നു. ഞാൻ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്. കോവിഡ് കാരണം ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ജോലിയുമായി ബന്ധപ്പെട്ടു തിരക്കിലായെങ്കിലും സംഗീതം എപ്പോഴും കൂടെയുണ്ട്. ശാരീരിക വെല്ലുവിളികളെ സംഗീതത്തിലൂടെയാണു ഞാൻ മറികടക്കുന്നത്. സുഹൃത്തുക്കളൊക്കെ വിളിക്കുമ്പോൾ ആദ്യം എന്റെ പാട്ടുവിശേഷങ്ങളാണ് അന്വേഷിക്കുന്നത്. പാട്ടുകാരൻ എന്ന നിലയിലാണ് പ്രിയപ്പെട്ടവരെല്ലാം എന്നെ അംഗീകരിച്ചിരിക്കുന്നത്. പക്ഷേ ഞാൻ പ്രഗത്ഭനാണെന്ന് ഒരിക്കലും കരുതുന്നില്ല. 

santhos-sangeetha3
‘കാവൽ’ ചിത്രത്തിന്റെ പിന്നണിപ്രവർത്തകർക്കൊപ്പം സന്തോഷും സംഗീതയും

ഞാനും അവളും

വിവാഹം കഴിഞ്ഞിട്ട് 6 വർഷമായി. മാട്രിമോണി സൈറ്റിലൂടെയാണ് സംഗീതയുടെ ആലോചന വന്നത്. അപ്പോൾ അവൾക്ക് എന്റെ സാഹചര്യങ്ങളൊന്നും അറിയില്ലായിരുന്നു. എല്ലാ കാര്യങ്ങളും ഞാൻ വിശദീകരിച്ചപ്പോള്‍ അവൾക്ക് അൽപം പ്രയാസമൊക്കെ തോന്നി. പക്ഷേ കുടുംബാംഗങ്ങളുടെ പിന്തുണയോടെ അവൾ പൂർണമനസ്സോടെ, ഇരുകയ്യും നീട്ടി എന്നെ സ്വീകരിച്ചു. ഞങ്ങളുടെ വിവാഹം സമൂഹമാധ്യമങ്ങളില്‍ വലിയ വാർത്തയായിരുന്നു. ഞങ്ങൾ ഇപ്പോൾ തിരുവനന്തപുരം കഴക്കൂട്ടത്താണ് താമസിക്കുന്നത്. സംഗീത പാല സ്വദേശിയാണ്. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായി ജോലി ചെയ്തിരുന്ന അവൾ ഇപ്പോൾ പൊതുപരീക്ഷകൾ എഴുതി ഫലം കാത്തിരിക്കുന്നു.

santhos-sangeetha4
സന്തോഷും ഭാര്യ സംഗീതയും
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA