ഷാനവാസ് സാറിന്റെ വാക്ക് സത്യമായി; ഈ പുരസ്കാരം അദ്ദേഹത്തിനുള്ള സമർപ്പണം: നൃത്തസംവിധായിക ലളിത ഷോബി അഭിമുഖം

lalitha-shobi-shanavas
SHARE

ജന്മം കൊണ്ടു മലയാളി അല്ലെങ്കിലും തെന്നിന്ത്യൻ കൊറിയോഗ്രാഫർ ലളിതാ ഷോബിക്ക് സിനിമയിലൂടെ മലയാളവുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്. കരിയറിലെ ആദ്യ സംസ്ഥാന പുരസ്കാരം മലയാളചിത്രമായ സൂഫിയും സുജാതയിലൂടെ ലഭിച്ചപ്പോൾ ആ ആത്മബന്ധത്തിന് പത്തരമാറ്റിന്റെ തിളക്കം. ലളിതയെ സംബന്ധിച്ചിടത്തോളം നൃത്തവും സിനിമയും വീട്ടുകാര്യമാണ്. കാരണം, ഭർത്താവ് ഷോബി പോൾരാജ് തെന്നിന്ത്യയിലെ തിരക്കേറിയ ഡാൻസ് മാസ്റ്ററാണ്. 

മല്ലു സിങ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സ്വതന്ത്ര കൊറിയോഗ്രാഫർ ആയി പേരെടുത്ത ലളിത ഷോബി അവിചാരിതമായാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലേക്ക് എത്തുന്നത്. അതും, ചിത്രീകരണം ഏതാണ്ട് പൂർത്തിയായ സമയത്ത്! അതൊരു നിയോഗമായിരുന്നുവെന്ന് വിശ്വസിക്കാനാണ് ലളിതയ്ക്ക് ഇഷ്ടം. മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്കാരം സൂഫിയും സുജാതയും എന്ന ചിത്രത്തിനു വേണ്ടി കൊറിയോഗ്രാഫർ ബിജു സേവ്യറിനൊപ്പം പങ്കിട്ട ലളിത ഷോബി പുരസ്കാര വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ. 

പതിനൊന്നാം മണിക്കൂറിലെ വിളി

സൂഫിയും സുജാതയും സിനിമയിൽ രണ്ടു കൊറിയോഗ്രാഫർമാർ ഉണ്ടെങ്കിലും ഞങ്ങൾ ഒരുമിച്ചല്ല വർക്ക് ചെയ്തത്. സിനിമയുടെ ചിത്രീകരണം ഏതാണ്ട് തീരാറായ സമയത്താണ് എന്നെ വിളിക്കുന്നത്. രണ്ടു പാട്ടു ചെയ്യാനുണ്ട്, വരാൻ കഴിയുമോ എന്നന്വേഷിച്ച് പ്രൊഡക്ഷന്റെ ഭാഗത്തു നിന്ന് ഷിബു സർ എന്നെ വിളിക്കുകയായിരുന്നു. ഒരിക്കൽ കമൽ സാറിനു വേണ്ടി (കമൽഹാസൻ) കഥക് അടിസ്ഥാനമാക്കി ഒരു ഷോ ചെയ്തിരുന്നു. എനിക്ക് ഒരു കഥക് ടീമുണ്ട്. കഥക് അറിയാവുന്ന ഡാൻസ് മാസ്റ്ററെ ആയിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് അന്വേഷിച്ചുകൊണ്ടിരുന്നത്. അങ്ങനെയാണ് ആ അന്വേഷണം എന്നിലേക്ക് എത്തുന്നത്. സംവിധായകൻ ഷാനവാസ് സർ എന്നെ കാണാൻ ചെന്നൈയിൽ വന്നിരുന്നു. എന്നെ കണ്ടു കഥ പറഞ്ഞു. അദിതി റാവുവിന്റെ ഡേറ്റ് ആകെ നാലഞ്ചു ദിവസമേ കിട്ടിയിരുന്നുള്ളൂ. കഥ കേട്ട് ഞാൻ അദ്ഭുതപ്പെട്ടു പോയി. വാതിക്കല് എന്ന പാട്ടും വാങ്കിന്റെ സീക്വൻസുമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നതിന് മുമ്പ് അവർ വാതിക്കല് വെള്ളരിപ്രാവിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. 

lalitha-shobi-2
നടി അദിതി റാവുവിനൊപ്പം ലളിത ഷോബി

ആ വാക്ക് സത്യമായി

ആദ്യം ചെയ്തത് വാങ്കിന്റെ സീക്വൻസാണ്. അതിരാവിലെ കൊടുക്കുന്ന വാങ്ക് മുതൽ വൈകുന്നേരം വരെയുള്ള സീക്വൻസുകളുണ്ട്. ആ സിനിമ കണ്ടിട്ടുള്ളവർക്ക് ആ രംഗങ്ങൾ ഓർമയുണ്ടാകും. ഒന്നര ദിവസം എടുത്താണ് അതെടുത്തു തീർത്തത്. ഞാൻ ചോദിച്ച പ്രോപ്പർട്ടികളെല്ലാം അവർ കൃത്യമായി എത്തിച്ചു നൽകി. അതു ചെയ്തു തീർത്തപ്പോൾ തന്നെ ഷാനവാസ് സർ വളരെ ഹാപ്പിയായി. 'മാസ്റ്റർ അടിപൊളി' എന്നു പറഞ്ഞ് എന്റെ തോളിൽ തട്ടി അഭിനന്ദിച്ചു. 'ഞാൻ മാസ്റ്ററെ നേരത്തേ കണ്ടുമുട്ടേണ്ടതായിരുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഞാൻ പറഞ്ഞു, നിങ്ങളെന്നെ ഇപ്പോഴല്ലേ വിളിച്ചത് എന്ന്! വാതിക്കല് വെള്ളരിപ്രാവ് ചെയ്തപ്പോൾ ആ സന്തോഷം ഇരട്ടിച്ചു. അതിലൊരു രംഗമുണ്ട്, അദിതി റാവു ദുപ്പട്ടയെടുത്ത് തലയിലിട്ട് പൊട്ടു മാറ്റുന്ന ഒരു രംഗം. അതെടുത്തു കഴിഞ്ഞപ്പോൾ സെറ്റിലെ എല്ലാവരും പറഞ്ഞു, മാസ്റ്റർ.... അവാർഡ് ഉറപ്പിച്ചോ എന്ന്! ആ വാക്ക് ഇന്ന് ഫലിച്ചു. ആ പാട്ടിന്റെ അവസാന ഷോട്ട് കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. അതിനു ശേഷം അദിതി എന്റെയടുത്തു വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഞാനെടുത്ത സീക്വൻസുകളും മുമ്പ് ചെയ്തു വച്ച ചില മൊണ്ടാഷുകളും ഉൾപ്പെടുത്തി എഡിറ്റ് ചെയ്ത് ഷാനവാസ് സാറിനെ ഏൽപ്പിക്കുകയായിരുന്നു.  

ആ വാഗ്ദാനം പാലിക്കാതെ അദ്ദേഹം പോയി

സൂഫിയും സുജാതയും കഴിഞ്ഞപ്പോൾ തന്നെ ഷാനവാസ് സർ പറഞ്ഞു, അടുത്ത സിനിമയിലേക്ക് എന്നെ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുകയാണെന്ന്. ആ സിനിമ പൂർണമായും ഞാൻ തന്നെ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വരെ ഞങ്ങൾ സംസാരിച്ചത് എല്ലാം ആ സിനിമയെക്കുറിച്ചായിരുന്നു. അതൊരു മ്യൂസിക്കൽ പ്രൊജക്ട് ആയിരുന്നു. ചെന്നൈ വന്ന് നേരിൽ സംസാരിക്കാനിരിക്കെയാണ് അകാലത്തിൽ അദ്ദേഹം നമ്മോടു വിട പറഞ്ഞത്. ഷിബു സാറാണ് എന്നെ വിളിച്ച് അദ്ദേഹത്തിന്റെ വിയോഗവാർത്ത പറഞ്ഞത്. ഞാൻ ഞെട്ടിപ്പോയി. എനിക്ക് രണ്ടു മൂന്നു ദിവസത്തേക്ക് ഭക്ഷണം പോലും കഴിക്കാൻ‍ സാധിച്ചില്ല. കുറച്ചു ദിവസങ്ങളെ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ളൂ. പക്ഷേ, ഒരുപാടു കാര്യങ്ങൾ ആ ചെറിയ സമയത്തിനുള്ളിൽ ഞങ്ങൾ പങ്കുവച്ചു. അങ്ങനെ സംസാരിച്ചിരുന്ന ഒരു മനുഷ്യൻ പെട്ടെന്നു മാഞ്ഞു പോവുക എന്നു പറഞ്ഞാൽ അതുൾക്കൊള്ളാൻ തന്നെ വലിയ ബുദ്ധമുട്ടായിരുന്നു. അദ്ദേഹം എപ്പോഴും എന്നെ തലശേരിയിലേക്ക് ക്ഷണിക്കുമായിരുന്നു. ബിരിയാണി വാങ്ങിത്തരാമെന്നായിരുന്നു ഓഫർ. അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഉറപ്പായും തലശേരി ബിരിയാണി കഴിക്കാമെന്നൊക്കെ പറഞ്ഞതാണ്. ഒരുപാടു നല്ല ഓർമകൾ നൽകിയാണ് അദ്ദേഹം യാത്രയായത്. 

lalitha-shobi-3
‘സൂഫിയും സുജാതയും’ അണിയറപ്രവർത്തകർക്കൊപ്പം ലളിത ഷോബി

ഈ പുരസ്കാരം ഷാനവാസ് സാറിന്

സൂഫിയും സുജാതയും മനോഹരമായ ഒരു അനുഭവമായിരുന്നു. അതു വിവരിക്കാൻ വാക്കുകൾ പരിമിതമാണ്. സംവിധായകനും ഡാൻസ് മാസ്റ്ററും എന്ന നിലയിൽ ഷാനവാസ് സാറുമായി ആഴത്തിലുള്ള ഹൃദയബന്ധം ഉണ്ടായിരുന്നു. അവാർഡ് കിട്ടിയെന്ന് അറിഞ്ഞപ്പോൾ ഞാനാദ്യം ഓർത്തത് അദ്ദേഹത്തെയാണ്. എന്റെ കരിയറിൽ ഗുരുക്കന്മാർ ആയി ഞാൻ കാണുന്ന ചിലരുണ്ട്. കമൽഹാസൻ സർ എന്റെ ഗുരുവാണ്. രാജസുന്ദരം മാസ്റ്റർ, പ്രഭുദേവ മാസ്റ്റർ ഇവരും എനിക്ക് ഗുരുക്കന്മാരാണ്. രാജമൗലി സാറാണ് എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് കൊണ്ടു വരുന്നത്. എന്നാൽ, ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നത് ഷാനവാസ് സാറിനാണ്. അതിനൊരു കാരണമുണ്ട്. ഷാനവാസ് സാറിന്റെ മനസിലെ ഏറ്റവും വലിയ ആഗ്രഹം സിനിമ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്റെ ജീവൻ സിനിമ ആണെന്നു പറഞ്ഞാലും തെറ്റില്ല. സൂഫിയും സുജാതയും ഒരു ടീം വർക്കായിരുന്നു. ഒറ്റ ഒരാൾ വിചാരിച്ചാൽ നല്ല ഒരു സിനിമ ഉണ്ടാകില്ല. ആ ടീം വർക്കിലെ ചെറിയൊരു ഭാഗം മാത്രമാണ് ഞാൻ. അതുകൊണ്ട് ഈ പുരസ്കാരം ആ സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കുമാണ്, പ്രത്യേകിച്ചും, ഷാനവാസ് സാറിന്!

സന്തോഷം, അഭിമാനം

മല്ലു സിങ് ആയിരുന്നു മലയാളത്തിൽ സ്വതന്ത്രമായി ചെയ്ത ആദ്യചിത്രം. സ്വതന്ത്ര ഡാൻസ് മാസ്റ്റർ ആയതിനു ശേഷം നാലഞ്ചു മലയാള സിനിമകളേ ചെയ്തിട്ടുള്ളൂ. രാജസുന്ദരം മാസ്റ്റർ, പ്രഭുദേവ മാസ്റ്റർ ഇവരുടെയൊക്കെ അസിസ്റ്റന്റ് ആയി ഒരുപാടു മലയാളം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടി സാറിനും മോഹൻലാൽ സാറിനുമൊക്കെ വേണ്ടി കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. ഭർത്താവ് ഷോബി തമിഴിലെ തിരക്കേറിയ ഡാൻസ് മാസ്റ്ററാണ്. അദ്ദേഹം ഫ്രൈഡേ ഫിലിം ഹൗസിനു വേണ്ടി നിറയെ ചിത്രങ്ങൾ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. ഈയടുത്ത് ഏറെ ചർച്ചയായി മാലിക്കിനു നൃത്തസംവിധാനം നിർവഹിച്ചതും അദ്ദേഹമായിരുന്നു. പുരസ്കാരം ലഭിച്ചത് എല്ലാവർക്കും സന്തോഷമായി. പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം എനിക്ക് ഷാനവാസ് സാറിന്റെ വീട്ടിൽ പോകണമെന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ കയ്യിൽ ഈ പുരസ്കാരം കൊടുത്ത്, അവരുടെ അനുഗ്രഹം വാങ്ങണം. അതിനുശേഷം എനിക്ക് രാജമൗലി സാറിനെ കാണണം. അതിനുശേഷം കമൽ സാറിനെയും പോയി കണ്ട് അനുഗ്രഹം വാങ്ങണം. കാരണം അവരെല്ലാവരുമാണ് ഈ ഇൻഡസ്ട്രിയിൽ എനിക്ക് വഴിയൊരുക്കി തന്നത്. 

lalitha-shobi-1
‘സൂഫിയും സുജാതയും’ അണിയറപ്രവർത്തകർക്കൊപ്പം ലളിത ഷോബി

തുടങ്ങിയത് പത്താം വയസിൽ

കരിയർ തുടങ്ങിയിട്ട് 25 വർഷമായി. കൃത്യമായി പറഞ്ഞാൽ എനിക്കൊരു ഒൻപതര–പത്തു വയസുള്ളപ്പോഴാണ് ബാക്ഗ്രൗണ്ട് ഡാൻസറായി ഞാൻ സിനിമയിലെത്തുന്നത്. ശാന്തി കുമാർ മാസ്റ്ററിനു വേണ്ടിയായിരുന്നു അന്ന് ചുവടു വച്ചത്. 1994ൽ ഔദ്യോഗികമായി കാർഡെടുത്തു. ആ സമയത്ത് സിനിമയിൽ അഭിനയിക്കാനും അവസരങ്ങൾ തേടിയെത്തിയിരുന്നു. പക്ഷേ, എന്റെ അമ്മയ്ക്ക് ഞാനൊരു ഡാൻസ് മാസ്റ്റർ ആകണമെന്നായിരുന്നു. അതുകൊണ്ട്, ഡാൻസ് തന്നെ തിരഞ്ഞെടുത്തു. പ്രമുഖരായ ഡാൻസ് മാസ്റ്റർമാർക്കൊപ്പം സഹായി ആയി പ്രവർത്തിച്ചാണ് തുടങ്ങിയത്. ബോളിവുഡിൽ ചിന്നി പ്രകാശ് മാസ്റ്റർക്കൊപ്പവും രേഖ പ്രകാശ് മാസ്റ്റർക്കൊപ്പവും വർക്ക് ചെയ്തു. കൂടാതെ, രാമസുന്ദരം സർ, പ്രഭുദേവ മാസ്റ്റർ... അങ്ങനെ നിരവധി പേർ. രാജമൗലി സാറിന്റെ നിരവധി ചിത്രങ്ങളിൽ ഡാൻസ് അസിസ്റ്റന്റായിരുന്നു. അദ്ദേഹം എന്നെ ശ്രദ്ധിച്ചു. സ്വതന്ത്ര കൊറിയോഗ്രാഫറായി ഒരു സിനിമയിലേക്ക് ആദ്യം വിളിക്കുന്നത് രാജമൗലി സാറാണ്. 2010ലിറങ്ങിയ മര്യാദ രാമണ്ണ ആയിരുന്നു ആദ്യ ചിത്രം. അത് വമ്പൻ ഹിറ്റായി. ധാരാളം അവസരങ്ങൾ തേടിയെത്തി. സംവിധായകൻ ശങ്കർ സർ എപ്പോഴും പറയും, ലളിത... നിങ്ങൾക്ക് ഡാൻസ് മാത്രമല്ല, സിനിമയും സംവിധാനം ചെയ്യാൻ കഴിയുമെന്ന്. സംവിധാനം എന്നത് ഒരു മോഹമാണ്. വൈകാതെ നടക്കുമെന്ന് കരുതുന്നു. അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ്–നയൻതാര ചിത്രമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA