ADVERTISEMENT

മലയാളിക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഗായികയാണ് സിത്താര കൃഷ്ണകുമാർ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ’ യിലെ ‘സാമി’ എന്ന ഗാനത്തിന്റെ മലയാളം പതിപ്പ് പാടിക്കൊണ്ടാണ് ഇപ്പോൾ ഗായിക പ്രേക്ഷകഹൃദയങ്ങളിൽ നിറയുന്നത്. ദേവിശ്രീപ്രസാദ് ആണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘സാമി’ ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. പുതിയ പാട്ടു വിശേഷങ്ങളുമായി സിത്താര കൃഷ്ണകുമാർ മനോരമ ഓൺലൈനിനൊപ്പം. 

 

‘പുഷ്പ’യിലേയ്ക്ക്

 

പാട്ട് റിക്കോർഡ് ചെയ്യുന്നതിന്റെ തലേ ദിവസമാണ് എന്നെ വിളിച്ചു പറയുന്നത്. അപ്പോൾത്തന്നെ ചെന്നൈയിലേക്കുള്ള ടിക്കറ്റുകൾ എടുത്തു തന്നു. പിറ്റേന്ന് പോയി പാടി. വലിയ സിനിമ, 4 ഭാഷകളിൽ 4 ഗായകർ പാടിയ പാട്ട്. ഇതൊക്കെ വലിയ സന്തോഷം നല്‍കുന്ന കാര്യം തന്നെ. ദേവിശ്രീ പ്രസാദ് എന്ന സംഗീതസംവിധാകന്റെ ഒരു പാട്ട് പാടുക എന്നതു തന്നെയായിരുന്നു ഏറ്റവും വലിയ ആകാംക്ഷ നിറഞ്ഞ കാര്യം. ഒരു സൂപ്പർസ്റ്റാർ സംഗീതജ്ഞനാണ് അദ്ദേഹം. മികച്ച രീതിയിലാണ് അദ്ദേഹം എല്ലാ പാട്ടുകളും ചെയ്യുക. ‘സാമി’ എന്ന പാട്ടും വലിയ ബീറ്റുകൾ ഉള്ള, ഊർജമുള്ള പാട്ടാണ്. അത്തരത്തിലൊരു പാട്ട് പാടാൻ സാധിച്ചതിലും അത് ശ്രദ്ധേയമായതിലും ഒരുപാട് സന്തോഷം. 

പ്രയത്നം

 

എല്ലാ പാട്ടിനും വേണ്ടി ഒരേ പ്രയത്നം ആണ് എടുക്കാറുള്ളത്. പിന്നെ ഇത്രയും വലിയ ക്യാൻവാസിലുള്ള സിനിമ, ഇന്ത്യ മുഴുവനായുള്ള റിലീസ്, ദേവിശ്രീ പ്രസാദിനെ പോലൊരു സംഗീതജ്ഞൻ ഈ സവിശേഷതകളൊക്കെ നൽകുന്ന ആകാംക്ഷയും സന്തോഷവും വളരെ വലുതു തന്നെയാണ്.

 

പാട്ടിലെ പ്രയാസങ്ങൾ

 

പാട്ടിന്റെ മലയാളം പതിപ്പ് പാടിയതുകൊണ്ടുതന്നെ മറ്റു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടില്ല. അർഥം ചോർന്നു പോകാതെ തന്നെ സിജു തുറവൂർ മലയാളത്തിൽ വരികൾ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിനാകും വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ടാവുക. ലിപ് സിങ്ക് അടക്കമുള്ള കാര്യങ്ങൾ നോക്കിയാണ് അദ്ദേഹം വരികൾ എഴുതിയിട്ടുള്ളത്. 

 

അന്യഭാഷയിലെ വെല്ലുവിളികൾ

 

തമിഴും ഹിന്ദിയും അറിയാവുന്നതുകൊണ്ട് പാടാൻ വലിയ പ്രയാസം ഉണ്ടാകില്ലെന്നതാണു പൊതുവേയുള്ള ധാരണ. പൂർണമായും അങ്ങനെ പറയാൻ കഴിയില്ലെന്നാണ് എനിക്കു തോന്നുന്നത്. തെലുങ്കിലും മറ്റും ചില വാക്കുകൾ നമുക്ക് പരിചിതമായവയാണ്. കന്നടയിൽ പാടുമ്പോഴും അങ്ങനെ തന്നെയാണ്. പക്ഷേ ഒരിക്കലും പൂർണമായി അത് എളുപ്പമാണെന്നു പറയാനും പറ്റില്ല. ചില വാക്കുകൾ എല്ലാ ഭാഷയിലും പരിചിതമായി തോന്നും. പക്ഷേ മലയാളം ഒഴികെ ഏതു ഭാഷയില്‍ പാടുന്നതും കുറച്ചധികം ഭാഷപരമായ വെല്ലുവിളി തന്നെയാണെന്നു തോന്നുന്നു. വാക്കുകളുടെ അർഥവും ഉച്ചരിക്കുന്ന രീതിയുമൊക്കെ പഠിച്ച് ഓരോ വാക്കിനും വേണ്ട രീതിയിൽ സ്ട്രസ്സ് കൊടുത്തു പാടാൻ ശ്രമിക്കാറുണ്ട്. ആ വാക്കുകൾ നിരീക്ഷിച്ച് ഓർത്തു വച്ചു പിന്നീട് ആ ഭാഷയിലെ പാട്ടുകൾ പാടാനും ശ്രമിക്കും.

 

പാട്ടിലെ ഭാഷ

 

ഭാഷകൾ പഠിക്കാൻ ഒരിക്കലും പാട്ടിലൂടെ പറ്റില്ല. പാട്ടുകളില്‍ ഉപയോഗിക്കുന്ന ഭാഷയും നമ്മൾ സംസാരിക്കുന്ന ഭാഷയും വ്യത്യസ്തമാണല്ലോ. മലയാളത്തിലാണെങ്കിലും പാടുന്നതു പോലെയല്ലല്ലോ നമ്മൾ സംസാരിക്കാറുള്ളത്. ഭാഷ പഠിക്കണമെങ്കിൽ അതതു സ്ഥലങ്ങളിൽ നിന്ന് ഇടപഴകിത്തന്നെ പഠിക്കണം. കുറച്ചു സാഹിത്യ ഭംഗിയുള്ള വാക്കുകൾ പഠിക്കാനൊക്കെ ചിലപ്പോൾ ഒരു ഭാഷയിൽ പാടുമ്പോൾ സാധിച്ചേക്കാം. പിന്നീട് പാട്ടുകൾ പാടുമ്പോൾ അത് ഉപകരിക്കുകയും ചെയ്യും. വരികൾ എഴുതുന്നവർ ഈ കാര്യത്തിൽ ഒരുപാട് സഹായിക്കാറുണ്ട്. 

 

‘സാമി’ക്കൊപ്പം ശ്രദ്ധിക്കപ്പെടുന്ന ‘തരുണി’

 

സിനിമപ്പാട്ടുകൾക്കൊപ്പം സ്വതന്ത്ര സംഗീതത്തിലും എപ്പോഴും ശ്രദ്ധ കൊടുക്കാറുണ്ട്. സിനിമപ്പാട്ടുകൾക്കു പുറമേയുള്ള ഇത്തരം പാട്ടുകൾക്ക് കിട്ടുന്ന അംഗീകാരം നമുക്ക് എപ്പോഴും വലിയ പ്രചോദനമാണ്. അതില്ലെങ്കിൽ ഇത്തരത്തിൽ പുതിയ പാട്ടുകൾ ഉണ്ടാക്കാൻ നമ്മൾ മടിക്കും. പണം മുടക്കൽ മുതൽ ഓരോ കാര്യവും നമ്മൾ തന്നെ ചെയ്യണമല്ലോ. അത്തരം ശ്രമങ്ങൾക്ക് അംഗീകാരങ്ങൾ കിട്ടിയില്ലെങ്കിൽ പുതുതായി വീണ്ടും ചെയ്യാൻ മടിക്കും. ആ മടി ഇല്ലാതാക്കാൻ ‘തരുണി’ക്കു കിട്ടിയ വലിയ അംഗീകാരം സഹായിക്കുന്നുണ്ട്. സൗഹൃദങ്ങളിലൂടെ ഉണ്ടായ പാട്ടാണത്. സംഗീതസംവിധായകന്‍ മിഥുൻ ജയരാജ് എന്റെ വളരെ അടുത്ത സുഹൃത്താണ്. മിഥുൻ തന്നെയാണ് ഇത്തരത്തിലൊരു പാട്ടു ചെയ്യുന്ന ആശയം എന്നോടു പങ്കുവച്ചത്. പ്രഫഷനൽ കൊറിയോഗ്രഫറുടെ സഹായത്തോടെ നൃത്താവിഷ്കാരം ഒരുക്കാമെന്നു ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. നൃത്തസംവിധായകനായെത്തിയ ബിജു ധ്വനിതരംഗ് എന്റെ അടുത്ത സുഹൃത്താണ്. വരികൾ എഴുതിയ ബി.കെ.ഹരിനാരായണൻ വളരെ സൂക്ഷ്മതയോടെയാണ് അത് ചെയ്തത്. സുമേഷ് ലാലിന്റെ സംവിധാനം, വണ്ടർവാൾ മീഡിയയയുടെ പ്രൊഡക്‌ഷൻ എല്ലാം കൂടെ ചേർന്നപ്പോഴാണ് ‘തരുണി’ പൂർണമായത്. തെറ്റുകൾ ഇല്ലാത്ത ഒരു വർക്ക് ആണോ ഇതെന്നു പറയാൻ എനിക്കു കഴിയില്ല. പക്ഷേ വ്യക്തിപരമായി ‘തരുണി’ എനിക്ക് ഒരു‌പാട് സന്തോഷം നൽകുന്നു. 

 

കോവിഡ്കാല അതിജീവനം

 

ഞങ്ങളെ പോലുള്ള കുറച്ചു കലാകാരന്മാർക്ക് ടെലിവിഷൻ ഷോകളും സ്വന്തം സംരംഭങ്ങളുമൊക്കെ ചെയ്യാൻ അവസരങ്ങൾ ലഭിച്ചു. പക്ഷേ ലൈവ് ആർട്ടിസ്റ്റുകളുടെ സ്ഥിതി അങ്ങനെയല്ല. പരസ്പരം സഹായിക്കാനും കൈകോർത്തു നിൽക്കാനുമൊക്കെ ഈ കാലത്ത് എല്ലാ കലാകാരന്മാരും ശ്രദ്ധിച്ചിരുന്നു. ഭാഗ്യവശാൽ മഹാമാരിയുടെ കാലഘട്ടം അവസാനിക്കാൻ പോകുന്നു എന്നുള്ളതിന്റെ സൂചനകൾ വന്നു തുടങ്ങി. ഡിസംബർ മുതൽ ലൈവ് ഷോകളും വിദേശ യാത്രകളുമൊക്കെ വീണ്ടും തുടങ്ങുകയാണ് എന്നൊക്കെ അറിയാൻ കഴിഞ്ഞു. വിദേശത്തേക്കു പോകാനും പഴയതു പോലെ സാധിക്കുമെന്നു കരുതുന്നു. ഒരു ആർട്ടിസ്റ്റിന്റെ പ്രോഗ്രാം എന്നത് ഒരു വ്യക്തിയുടെ മാത്രം കാര്യമല്ലല്ലോ, ഒരു ടീം എഫർട്ട് ആണ്. രണ്ട് വർഷത്തോളമായി തുടരുന്ന ഈ അവസ്ഥ സാമ്പത്തികമായി മാത്രമല്ല മാനസികമായും പ്രയാസങ്ങളുയർത്തുന്നു. അതിനെ മറികടക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കണക്കാക്കുന്നു.

 

റിയാലിറ്റി ഷോ

 

സീനിയർ കലാകാരന്മാർ ഞങ്ങൾക്കു പറഞ്ഞു തന്ന കുറേ പാഠങ്ങളുണ്ട്. അത് ഞങ്ങളുടെ അനിയന്മാരെയും അനിയത്തിമാരെയും മക്കളെയും പോലുള്ള ഈ കുട്ടികൾക്ക് പകർന്നു കൊടുക്കുകയാണ് റിയാലിറ്റി ഷോയിലൂടെ ചെയ്യുന്നത്. തിരുത്തുക, വിധികർത്താവാകുക തുടങ്ങിയ കാര്യങ്ങളിൽ ഞങ്ങളാരും വിശ്വസിക്കുന്നില്ല. ഇപ്പോഴും കലാകാരന്മാർ എന്ന നിലയിൽ ഞങ്ങൾ പലപ്പോഴും സ്വയം തിരുത്തലുകളിലൂടെയാണു കടന്നു പോകുന്നത്. അത് മരണം വരെ അങ്ങനെ തന്നെയായിരിക്കും. അതുകൊണ്ട് മറ്റുള്ളവരെ തിരുത്തുക എന്നത് അസാധ്യമാണ്. അറിവുകൾ പങ്കുവയ്ക്കുക മാത്രമാണ് ചെയ്യുന്നത്. പരിപാടിയിലെ മത്സരാർഥികൾ പാട്ടിനെയും സാങ്കേതിക വിദ്യയേയും ഉൾക്കൊള്ളുന്ന രീതിയിൽ നിന്നൊക്കെ ഞങ്ങളും പലതും പഠിക്കാറുണ്ട്.

 

ഭാവി പദ്ധതികൾ

 

രണ്ട് മലയാളം പാട്ടുകളാണ് ഇപ്പോൾ ‘പുഷ്പ’ കൂടാതെ പുറത്തു വന്നത്. ഒന്ന് ‘കാണെക്കാണെ’യിലെ പാട്ട്. അത് വളരെ ശ്രദ്ധ നേടിയ ഒന്നാണ്. വലിയ ഇടവേളയ്ക്കു ശേഷം തിയറ്ററിൽ റിലീസ് ആയ ചിത്രമായ ‘സ്റ്റാറി’ൽ എം.ജയചന്ദ്രൻ സാറിന്റെ സംഗീതത്തിൽ പാടിയ പാട്ട് ഉണ്ട്. തിയറ്റർ വീണ്ടും സജീവമാകുമ്പോൾ ഒരു പാട്ടിലൂടെ അവിടെ സാന്നിധ്യമറിയിക്കാൻ കഴിയുന്നത് വലിയ സന്തോഷം നൽകുന്നു. ഔസേപ്പച്ചൻ സാറിന്റെ ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’. അതിൽ പാട്ടുപാടാൻ സാധിച്ചതും വലിയ സന്തോഷം നൽകുന്നു. പിന്നെ പാടി വച്ച കുറച്ചു പാട്ടുകൾ റിലീസിനൊരുങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com