രാത്രി ലൈംഗിക പീഡനം, വിഷം കഴിച്ചപ്പോഴും തിരിഞ്ഞു നോക്കാതെ വീട്ടുകാർ; ഒടുവിൽ മഞ്ചമ്മയെന്ന മാണിക്യം

manjamma-jogati
SHARE

രാഷ്ട്രപതിഭവനില്‍ പ്രഭ പടര്‍ത്തിയ മൂക്കുത്തിക്കല്ല്

രാഷ്ട്രപതിഭവനില്‍ അനൗണ്‍സ്മെന്‍റ് മുഴങ്ങി. ''പത്മശ്രീ... മാതാ ബി മഞ്ചമ്മ ജോഗതി... കല...'' ഇടതുവശത്തെ മൂന്നാമത്തെ നിരയില്‍ നിന്ന് അവര്‍ പതിയെ നടന്നുവന്നു. 64 വയസ്. കൈയടികളുടെ മുഴക്കത്തിനിടയിലൂടെ. ചുവപ്പിനിടയില്‍ സ്വര്‍ണ വരയുള്ള കരയോടുകൂടിയ വയലറ്റ് സാരിയുടുത്ത്. വലിയ ചുവന്ന പൊട്ടുതൊട്ട്, നിറയെ പൂവ് വച്ച്, ഇരുകൈകളില്‍ പച്ച വളയിട്ട്. ഹൃദയം തുറന്ന് ചിരിച്ച്. ആ ചിരിയുടെ തിളക്കം മൂക്കുത്തിക്കല്ലില്‍ പടര്‍ത്തി. മഞ്ചമ്മ ജോഗതി ചുവന്ന പരവതാനിയിലൂടെ നടന്നുവന്നു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും അടങ്ങുന്ന സദസിനെ കൈകൂപ്പി വണങ്ങി. രാഷ്ട്രപതിക്ക് മുന്നിലെ മൂന്നാമത്തെ പടവില്‍ തൊട്ടുതൊഴുതു. പിന്നെ ഒരു പടി കൂടി കയറി രാജ്യത്തിന്‍റെ പ്രഥമ പൗരനെ സാരിത്തലപ്പുകൊണ്ട് മൂന്ന് തവണ ഉഴി‍ഞ്ഞ് നാടിന് മംഗളം നേര്‍ന്നു. "എന്താണ് ചെയ്യുന്നത് ?'' രാഷ്ട്രപതി റാംനാഥ് കോവിന്ദ് ചോദിച്ചു. "അങ്ങ് രണ്ട് ദിവസമായി എല്ലാവര്‍ക്കും പുരസ്കാരം നല്‍കുകയല്ലേ. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം താങ്കളാണ്. അങ്ങേയ്ക്ക് ദൃഷ്ടിദോഷമുണ്ടാകരുത്. നാടിന് നല്ലത് വരട്ടെ'' കന്നഡ കലര്‍ന്ന ഹിന്ദിയില്‍ മഞ്ചമ്മ മറുപടി നല്‍കി. നന്ദി അറിയിച്ച് റാംനാഥ് കോവിന്ദ് ഉള്ളുതുറന്ന് ചിരിച്ചു. "ഞാന്‍ ചെയ്തത് അന്ധവിശ്വാസമല്ല. ആചാരമാണ്. പാരമ്പര്യമാണ്. അതാണ് എന്നെ കര്‍ണാടകയിലെ കുഗ്രാമത്തില്‍ നിന്ന് രാഷ്ട്രപതിഭവനില്‍ എത്തിച്ചത്'' മഞ്ചമ്മയെന്ന ട്രാന്‍സ് വുമുണ്‍ പത്മ പുരസ്ക്കാരം സ്വീകരിച്ചപ്പോള്‍ പിറന്നത് ചരിത്രം. നെഞ്ച് കീറി ചോര വാര്‍ന്നൊഴുകുന്ന അനുഭവങ്ങളുടെ തീക്കടല്‍ കടന്നെത്തിയവള്‍. 

manjamma-jogathi2
മഞ്ചമ്മ ജോഗതി

മഞ്ചമ്മയുടെയും മഞ്ചുനാഥിന്‍റെയും കഥ 

മഞ്ചമ്മ ജനിച്ചത് മഞ്ചുനാഥ ഷെട്ടിയായാണ്. ബെല്ലാരിക്ക് അടുത്ത് കല്ലുകമ്പ ഗ്രാമത്തില്‍. 21 മക്കളിലൊരാള്‍. "എത്രാമത്തെ കുഞ്ഞാണ് ഞാനെന്ന് ഇപ്പോഴും അറിയില്ല. ആര്യവൈശ്യ സമുദായത്തിലാണ് ജനിച്ചത്. പുരുഷന്മാരായ ദൈവങ്ങളെയാണ് കുടുംബം ആരാധിച്ചിരുന്നത്. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനേക്കാള്‍ അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്.'' ആണുടലിലെ പെണ്‍സ്വത്വം കുട്ടിക്കാലം മുതലേ തിരിച്ചറിഞ്ഞു. കൗമാരമെത്തിയപ്പോള്‍ ശരീരവും മനസ്സും തമ്മിലെ യുദ്ധം മുറുകി. കളിയിടങ്ങളില്‍, കൂട്ടുകൂടലുകളില്‍ പെണ്‍ താല്‍പര്യമായിരുന്നു നയിച്ചിരുന്നത്. "വീട്ടുകാര്‍ പറയുമായിരുന്നു ഞാന്‍ നടക്കുന്നതും സംസാരിക്കുന്നതും പെണ്‍കുട്ടികളെപ്പോലെയാണെന്ന്. പാത്രം കഴുകുന്നതും പൂജ ചെയ്യുന്നതും കോലമിടുന്നതും എല്ലാം എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ അതിലെ സ്ത്രീശൈലി ചൂണ്ടിക്കാട്ടി അച്ഛനും അമ്മയും ദേഷ്യപ്പെടും. ശിക്ഷിക്കും''. പതിനഞ്ചാം വയസില്‍ യാത്രപോകാമെന്നു പറഞ്ഞ് വീട്ടുകാര്‍ അവളെ ഹൊസ്പേട്ടിലെ ജോഗപ്പ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയി. അരയില്‍ ചരട് കെട്ടി. മുത്ത് കോര്‍ത്ത മാല കഴുത്തിലിട്ടുനല്‍കി. പാവാടയും ബ്ലൗസും വളകളും കൊടുത്തു. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ തരിച്ചു നിന്ന മഞ്ചുനാഥനോട് വീട്ടുകാര്‍ പറഞ്ഞു ''നീ ഇനി മുതല്‍ ദൈവത്തിന്‍റെ വധുവാണ്''. അങ്ങിനെ മഞ്ചുനാഥ് മഞ്ചമ്മയായി രൂപാന്തരപ്പെട്ടു. തൊണ്ടയില്‍ കുരുങ്ങിയ കരച്ചില്‍ പുറത്തുവരും മുന്‍പ് വീട്ടുകാര്‍ അവളെ തനിച്ചാക്കി മറഞ്ഞു.

ഒരു കുപ്പി വിഷവും പഞ്ചനക്ഷത്ര ഇഡലിയും

വലിയ ലോകത്ത് പെട്ടെന്ന് തനിച്ചാക്കപ്പെട്ട മഞ്ചമ്മ കീറിപ്പഴകിയ സാരിയുടുത്ത് തെരുവുകളില്‍ ഭിക്ഷ യാചിച്ചു. ആളുകള്‍ മിക്കപ്പോഴും ആട്ടിപ്പായിച്ചു. മനുഷ്യജീവനെന്ന പരിഗണനപോലും നല്‍കാതെയുള്ള ക്രൂരതകളില്‍ വല്ലാത്തൊരു ആനന്ദം സമൂഹം കണ്ടെത്തിയിരുന്നു. നേരം ഇരുട്ടുമ്പോള്‍ പലരും തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു. അതിജീവനത്തിനുള്ള അവസാന ശ്രമമെന്ന നിലയില്‍ ഇഡലി വില്‍ക്കാന്‍ തീരുമാനിച്ചു. "നാല് ഇഡലിയും സാമ്പാറും ചട്നിയും ഒരു രൂപയ്ക്കാണ് വിറ്റിരുന്നത്. പത്മ പുരസ്ക്കാരം സ്വീകരിക്കാന്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ സ്റ്റാര്‍ ഹോട്ടലിലാണ് താമസം നല്‍കിയത്. രാവിലെ പ്രാതലിന് ഇഡലിയായിരുന്നു. ചുമ്മാ വില ചോദിച്ചു നോക്കി. മൂന്ന് ഇഡലിക്ക് 300 രൂപ. ജീവിതം നമുക്കായി കാത്തുവയ്ക്കുന്ന അത്ഭുതങ്ങള്‍!'' ഓര്‍മകള്‍ക്ക് അര്‍ധവിരാമമിട്ട് മഞ്ചമ്മ പറഞ്ഞു. ശരീരവും മനസും തകര്‍ന്ന്, ചതഞ്ഞ് തീരവേ അവള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. കഷ്ടപ്പെട്ട് കിട്ടിയ വരുമാനം കൊണ്ട് ഒരു കുപ്പി വിഷം വാങ്ങി. എല്ലാ വേദനങ്ങളുടെയും അവസാനം ആഗ്രഹിച്ച് വിഷം കുടിച്ചു. ഈ നശിച്ച ഭൂമി ഇനിയൊരിക്കലും കാണരുതെന്ന പ്രാര്‍ഥനയോടെ. പക്ഷെ നിയോഗം മറ്റൊന്നായിരുന്നു.

manjamma-jogathi3
മഞ്ചമ്മ ജോഗതി പത്മശ്രീ സ്വീകരിക്കുന്നു

ആത്മഹത്യ മുനമ്പില്‍ നിന്ന് ജോഗതി നൃത്തസംഘം അവളെ ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവന്നു. "ഞാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ച വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നു. മാതാപിതാക്കളോ, സഹോദരങ്ങളോ എന്നെ കാണാന്‍ ആശുപത്രിയില്‍ വന്നില്ല'' മഞ്ചമ്മയുടെ കവിളില്‍ കണ്ണീര്‍ നനവ് പടരുന്നു. ജോഗതി നൃത്തമെന്നത് ജോഗപ്പകളെന്ന് വിളിക്കപ്പെട്ടുന്ന വടക്കന്‍ കര്‍ണാടകയിലെയും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കിടയിലെ നാടോടി പാരമ്പര്യ നൃത്തരൂപമാണ്. യെല്ലമ്മയെന്ന ദേവതയെ പ്രീതിപ്പെടുത്താനാണ് നൃത്തം. 

ഇരുണ്ട ഉടലിലെ മായാത്ത വര്‍ണരേണുക്കള്‍

മട്ടിക്കല്‍ ബസപ്പയായിരുന്നു മഞ്ചമ്മയുടെ ആദ്യ ഗുരു. കാലവാ ജോഗതിയായിരുന്നു അടുത്ത ഗുരു. "തലയില്‍ കുടമെല്ലാം വച്ചാണ് ജോഗതി നൃത്തം. തനത് കലാരൂപം. പൊതുവേ ദേവദാസികളാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്. എന്‍റെ ഇരുണ്ട ഉടലില്‍ മേക്കപ് ഇട്ടപ്പോള്‍ എന്തോ വല്ലാത്ത സന്തോഷം തോന്നി. പച്ച സാരിയും വളകളും മാലകളും അണിഞ്ഞപ്പോള്‍ ഞാന്‍ പൂര്‍ണതയിലേയ്ക്ക് എത്തുന്നതുപോലെ തോന്നി. ആരുടെയും മുഖത്ത് നോക്കാതെ അവനവന്‍റെ ഉള്ളിലേയ്ക്ക് ഒതുങ്ങി ജീവിച്ച ഞാന്‍ ലോകത്തെ നോക്കി പാടി. ചുവടുവച്ചു. ഒരോ നൃത്തവേദിയും എന്നിലേയ്ക്കുള്ള പുതിയ കണ്ടെത്തലുകളായിരുന്നു. ചോളമായിരുന്നു ആദ്യം കൂലിയായി കിട്ടിയത്. ദേവ്നഗരെയില്‍ പൊലീസുകാരുടെ പരിപാടിക്ക് ജോഗതി നൃത്തം അവതരിപ്പിച്ചപ്പോഴാണ് ശരിക്കും തൊണ്ട വരണ്ടത്. എനിക്ക് 'കാക്കി' പേടിയാണ്. അനുഭവങ്ങള്‍ അങ്ങിനെയായിരുന്നു''.

മഞ്ചമ്മയും ഗുരു കാലവാ ജോഗതിയും ചേര്‍ന്നാണ് ജോഗതി നൃത്തത്തെ പാരമ്പര്യത്തിന്‍റെ പുറമ്പോക്കില്‍ നിന്ന് പൊതുവേദിയിലെത്തിച്ചത്. കൃത്യമായൊരു അടിത്തറ പാകിയത്. കൈമോശം വന്ന വാമൊഴി വഴക്കങ്ങളെ വീണ്ടെടുത്തു. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി വേദികള്‍. കൃത്യമായ ചിട്ടവട്ടങ്ങളോടെ നിലനില്‍ക്കുന്ന ഒരുപക്ഷേ ഏക ജോഗതി നൃത്തസംഘം മഞ്ചമ്മയുടേതാണ്. ബി.എസ് യഡ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ കര്‍ണാടക ജാനപദ അക്കാദമിയുടെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അധ്യക്ഷയായി മഞ്ചമ്മയെ നിയമിച്ചു. പാരമ്പര്യകലരൂപങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം നാടോടി കലാകാരന്മാരുടെയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്‍റെയും സംരക്ഷണത്തിനായി മഞ്ചമ്മ മുന്നിട്ടിറങ്ങി. അവശതയനുഭവിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കലാകാരന്മാര്‍ക്ക് പുരധിവാസ കേന്ദ്രം നിര്‍മിക്കാനുള്ള പരിശ്രമത്തിലാണ്. കോവിഡ് കാലത്താണ് പാരമ്പര്യ, നാടോടി കലാകാരന്മാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം രൂക്ഷമായതെന്ന് മഞ്ചമ്മ പറയുന്നു. വേദികളില്ലാതായി. ആരോടും കൈനീട്ടാന്‍ പോലും കഴിയാത്ത അവസ്ഥ. "ഞാന്‍ പകര്‍ന്നാടുന്ന ദേവതാരൂപങ്ങള്‍ അനുഗ്രഹിക്കുക മാത്രമല്ല. വലിയ അന്തസംഘര്‍ഷങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. സ്ത്രീ ദൈവങ്ങള്‍ പുരുഷ ദൈവങ്ങളെപ്പോെലയല്ല കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്''.

manjamma-jogathi1
മഞ്ചമ്മ ജോഗതി

പത്മ കൊണ്ട് തീരില്ലെന്ന് അറിയാം

താനൊരു ആക്ടിവിസ്റ്റല്ല, ആര്‍ട്ടിസ്റ്റാണെന്ന് മഞ്ചമ്മ പറയുന്നു. മുറിവേറ്റ രണ്ട് വിഭാഗങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒന്ന്, ട്രാന്‍സ്ജെന്‍ഡര്‍ രണ്ട്, തനത് കലാകാരന്മാര്‍. പത്മ പുരസ്ക്കാരം സ്വീകരിച്ചശേഷം രാഷ്ട്രപതിഭവനില്‍ നടന്ന ഒത്തുചേരലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തുവന്ന് കുശലം ചോദിച്ചു. തനിക്ക് അറിയാവുന്ന ഹിന്ദിയില്‍ മറുപടി പറഞ്ഞുവെന്ന് മഞ്ചമ്മ. "എത്ര കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചോദിച്ചു. ജോഗതി നൃത്തം പുതുതലമുറയില്‍ എത്തിക്കേണ്ടതിനെക്കുറിച്ച് ബോധ്യപ്പെടുത്തി.'' ''പാരമ്പര്യകലാരൂപങ്ങള്‍ സ്കൂള്‍ സിലബസിന്‍റെ ഭാഗമാക്കണമെന്നാണ് എന്‍റെ അഭിപ്രായം. പുതിയ തലമുറയ്ക്ക് അറിവും ലഭിക്കും. കലാകാരന്മാര്‍ക്കു ജീവിതവഴിയുമാകും. തിരിഞ്ഞുനോക്കുമ്പോള്‍ എന്‍റെ ഇന്നലെകളെക്കുറിച്ച് ഒാര്‍ത്ത് ഞാന്‍ അതിശയിക്കാറുണ്ട്. എന്‍റെ ഉള്ളില്‍ ഇപ്പോഴും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ആ കുട്ടിയുണ്ട്. ആ കുട്ടിയുടെ തേങ്ങിക്കരച്ചിലുണ്ട്. തോറ്റുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാരുകളും സമൂഹവും ട്രാന്‍സ്ജെന്‍ഡറുകളെ അംഗീകരിക്കണം. അകറ്റിനിര്‍ത്തരുത്. ഒറ്റപ്പെടുത്തി ആക്രമിക്കരുത്. വിദ്യാഭ്യാസം, തൊഴില്‍, പുനരധിവാസം എന്നിവ ഉറപ്പാക്കണം. ലൈംഗികത്തൊഴിലിലേയ്ക്കു പലരും പോകുന്നത് മറ്റു വഴികളില്ലാത്തതുകൊണ്ടാണ്. ട്രാന്‍സ്ജെന്‍ഡറായ ഒരു കുട്ടിയുണ്ടെങ്കില്‍ അവനെ/അവളെ തെരുവില്‍ ഉപേക്ഷിക്കാതെ ചേര്‍ത്തു നിര്‍ത്താന്‍ മാതാപിതാക്കള്‍ തയ്യാറായാല്‍ എന്‍റെ ജീവിതവും, കലയും, സാമൂഹിക പ്രവര്‍ത്തനവും, പത്മ പുരസ്ക്കാര നേട്ടവും എല്ലാം സാര്‍ഥകമായി''. മഞ്ചമ്മ പറഞ്ഞു നിര്‍ത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA