ADVERTISEMENT

‘പൂമുത്തോളെ’ എന്ന ഒറ്റപ്പാട്ടിലൂടെ മലയാള സംഗീതാസ്വാദകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതാണ് രഞ്ജിൻ രാജ് എന്ന സംഗീതസംവിധായകൻ. സുരേഷ് ഗോപി നായകനാകുന്ന ‘കാവലി’ലൂടെയാണ് രഞ്ജിന്റെ പുതിയ ഈണങ്ങൾ പ്രേക്ഷകർക്കരികിലെത്തുന്നത്. ചിത്രം ഈ മാസം 25ന് പ്രദർശനത്തിനെത്തും. ‘കാവൽ’ കൂടാതെ ഒരുപിടി മലയാളം–തമിഴ് ചിത്രങ്ങൾക്കുകൂടി സംഗീതമൊരുക്കി റിലീസിനായി കാത്തിരിക്കുകയാണ് രഞ്ജിൻ ഇപ്പോൾ. പാട്ടു വിശേഷങ്ങളുമായി രഞ്ജിൻ രാജ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു. 

 

 

പാട്ടിലെ സ്വരസൗന്ദര്യം

 

 

കാവലിനു വേണ്ടി രണ്ടു പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ഞാൻ ചെയ്തത്. വളരെ തൃപ്തിയോടെ ചെയ്ത രണ്ടു പാട്ടുകളാണ് അവ. മധു ബാലകൃഷ്ണനും ചിത്രച്ചേച്ചിയും (കെ.എസ്.ചിത്ര) പാട്ടുകൾ മനോഹരമായി പാടിയിട്ടുണ്ട്. ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ മികച്ച പ്രതികരണങ്ങളാണു കിട്ടിക്കൊണ്ടിരിക്കുന്നത്. രണ്ടു പാട്ടുകളുടെയും വരികൾ എഴുതിയത് ബി.കെ ഹരിനാരായണൻ ചേട്ടനാണ്. ചിത്രച്ചേച്ചി പാടിയ ‘കാർമേഘം മൂടുന്നു’ എന്ന പാട്ട് പുരുഷ ശബ്ദത്തിൽ പാടി പ്രോമോ വിഡിയോ റിലീസ് ചെയ്തിട്ടുണ്ട്. അത് പാടിയത് ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ പരിപാടിയിൽ പങ്കെടുത്ത മത്സരാർഥി സംഗീതയുടെ ഭർത്താവ് സന്തോഷ് ആണ്. ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ് അദ്ദേഹം. കോടീശ്വരനിൽ പങ്കെടുത്തപ്പോൾ സുരേഷ്ഗോപി സർ കൊടുത്ത ഉറപ്പാണ് സന്തോഷിനെ കാവലിന്റെ പിന്നണിയിൽ എത്തിച്ചത്. ഞങ്ങൾ പ്രതീക്ഷിച്ചതിലും ഭംഗിയായി സന്തോഷ് പാട്ട് പാടി പൂർത്തീകരിച്ചു.

 

 

കാവലും ഈണവും

 

 

സിനിമയുടെ കഥാഗതിക്ക് അനുസരിച്ചുള്ള പാട്ടുകളേ കാവലിനു വേണ്ടി ഒരുക്കിയിട്ടുള്ളു. ആർദ്രമായ ഒരു പാട്ടാണ് ചിത്ര ചേച്ചി പാടിയത്. മധു ബാലകൃഷ്ണൻ പാടിയതാകട്ടെ കുടുംബ ബന്ധങ്ങളുടെ ഊഷ്മളത കാണിക്കുന്ന പാട്ടും. സിനിമയിൽ പാട്ട് ആവശ്യമുള്ള സന്ദർഭങ്ങളിലാണ് അവ ഉൾപ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായി പാട്ടുകള്‍ തിരുകി കയറ്റിയിട്ടില്ല. പശ്ചാത്തല സംഗീതം ചെയ്യുമ്പോൾ അത് സിനിമയുടെ സ്വഭാവത്തിനുമപ്പുറം പോകുന്നത് എനിക്കിഷ്ടമല്ല. സിനിമയ്ക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതമാണ് ചെയ്യേണ്ടത്. ഓരോ തരം വികാരം വരുമ്പോഴും അതിനനുസരിച്ചുള്ള വ്യത്യാസം സംഗീതത്തിനും കൊടുക്കും. കാവലിന് എന്താണു വേണ്ടതെന്ന് നിധിൻ രൺജി പണിക്കർ വ്യക്തമായി പറഞ്ഞു തന്നിരുന്നു. അതിന്റെ ഫലം കൂടിയാണ് കാവലിന്റെ സംഗീതം. നിധിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. പാട്ടുകൾ ഏറ്റെടുത്തതിനു പ്രേക്ഷകരോടു നന്ദിയും സ്നേഹവും അറിയിക്കുകയാണ്.   

 

 

 

തൃപ്തി പകരുന്ന കുടുംബചിത്രം

 

 

ഞാൻ കാത്തിരുന്ന എല്ലാ ചേരുവകളുമുള്ള ഒരു ചിത്രമാണ് ‘കാവൽ’. ദീര്‍ഘ കാലത്തിനു ശേഷമാണ് ഇത്തരമൊരു ചിത്രം വരുന്നത്. മികച്ച കുടുംബ ചിത്രമായ കാവലിൽ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഘടകങ്ങളുണ്ട്. സംഘട്ടന രംഗങ്ങൾ ഉണ്ടെങ്കിലും ഒരു കുടുംബത്തെ തൃപ്തിപ്പെടുത്തുന്ന എല്ലാമുണ്ട് ചിത്രത്തിൽ. ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി സർ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അദ്ദേഹത്തിന്റെ അഭിനയമികവ് എല്ലാവർക്കും  അറിവുള്ളതാണല്ലോ. അതേക്കുറിച്ച് ഞാൻ ഒന്നും പറയേണ്ട ആവശ്യമില്ല. ഇത്തരത്തിലുള്ള ഒരു സിനിമയ്ക്കായി ഞാൻ കാത്തിരിക്കുകയായിരുന്നു.‘കാവൽ’ പോലുള്ള ഒരു സിനിമയുടെ കുറവ് ഇവിടെയുണ്ടായിരുന്നു. എന്നെ തൃപ്തിപ്പെടുത്തിയ സിനിമയാണിത്. ‘കാവൽ’ പ്രേക്ഷകർ ഏറ്റെടുക്കും എന്നുതന്നെയാണ് വിശ്വാസം. ഞങ്ങൾ ഓരോരുത്തരുടെയും ആത്മാർത്ഥ പരിശ്രമം ഈ സിനിമയ്ക്കു പിന്നിലുണ്ട്. 

  

 

ജോസഫും പൂമുത്തോളും!

 

 

‘ജോസഫി’ലെ പൂമുത്തോളെ ആണ് എന്റെ സംഗീതയാത്രയിലെ ഏറ്റവും നല്ല പാട്ട് എന്നൊന്നും ഞാൻ പറയില്ല. എന്റെ എല്ലാ പാട്ടുകളും എനിക്ക് പ്രിയപ്പെട്ടതാണ്. ഓരോന്നും ഞാൻ മനസ്സ് അർപ്പിച്ചു ചെയ്യുന്നതാണ്. പൂമുത്തോളെ ഒരു നല്ല പാട്ടായിരുന്നു, ജനങ്ങൾ ആ പാട്ട് കൂടുതൽ ഇഷ്ടപ്പെട്ടു. കാവലിലെ പാട്ടുകളും എല്ലാവർക്കും ഇഷ്ടമാകുമെന്നു കരുതുന്നു

 

 

ഇനിയുമേറെ പാട്ടുകൾ

 

ഞാൻ പാട്ടുകളൊരുക്കിയതിൽ ഒരുപാട് ചിത്രങ്ങൾ ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ‘നൈറ്റ് ഡ്രൈവ്’ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നു. റോഷനും അന്നാ ബെന്നും ഇന്ദ്രജിത്തും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. എം.പത്മകുമാർ സംവിധാനം ചെയ്ത ‘പത്താം വളവ്’ എന്ന ചിത്രവും റിലീസിനു തയ്യാറെടുക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവരാണ് അഭിനയിക്കുന്നത്. കടാവർ, യൂക്കി എന്ന രണ്ടു തമിഴ് ചിത്രങ്ങൾ കൂടിയുണ്ട്. അദൃശ്യം എന്ന മലയാള ചിത്രത്തിന്റെ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com