ADVERTISEMENT

അഭിനയത്തോടൊപ്പം പാട്ടും തനിക്കു വഴങ്ങുമെന്നു തെളിയിച്ച താരമാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിൽ താരം പാടിയ ‘ദൂരെ ദൂരെ ദൂരെയുണ്ട് സ്വാമിയുള്ള മാമല’ എന്ന അയ്യപ്പഭക്തിഗാനം ആസ്വദകഹൃദയങ്ങൾ കീഴടക്കുകയാണ്. പിഴവുകൾ കൂടാതെ പാടി പൂർത്തിയാക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. നവാഗതനായ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാനു വേണ്ടി രാഹുൽ സുബ്രഹ്മണ്യന്റെ ഈണത്തിലാണ് ഉണ്ണി മുകുന്ദൻ ഗാനം ആലപിച്ചത്. വിനായക് ശശികുമാറിന്റേതാണു വരികൾ. ശബരിമല സന്നിധാനത്തു വച്ച് പ്രകാശനം ചെയ്ത പാട്ടിന്റെ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദൻ മനോരമ ഓൺലൈനിനൊപ്പം.

 

 

പാട്ട് പഠിച്ചിട്ടില്ല

 

 

ചെറുപ്പം മുതൽ പാട്ടുകൾ കേൾക്കാനും പാടാനും ആസ്വദിക്കാനും ഏറെ ഇഷ്ടമാണ്. പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. എനിക്ക് പാടാൻ കഴിയുന്ന പാട്ടുകൾ തിരഞ്ഞെടുത്തു പാടുമെന്നു മാത്രം. ആദ്യമായി നിർമ്മാണ രംഗത്തേയ്ക്ക് ഇറങ്ങിയപ്പോൾ അപ്രതീക്ഷിതമായാണ് മേപ്പടിയാനിലെ അയ്യപ്പഭക്തിഗാനം പാടാൻ അവസരം ലഭിച്ചത്.

 

 

അഭിനയവും പാട്ടും പിന്നെ ഞാനും

 

 

എനിക്ക് അഭിനയം തന്നെയാണ് ഇഷ്ടം. സിനിമയിൽ അഭിനയിക്കുകയാണ് പ്രധാന ലക്ഷ്യം. സിനിമയിൽ അഭിനയിക്കുന്നതുകൊണ്ടു മാത്രമാണ് പാട്ടുപാടാൻ അവസരം ലഭിക്കുന്നത്. അല്ലെങ്കിൽ അത്തരം അവസരങ്ങൾ എന്നെത്തേടി വരുമോയെന്നു സംശയമുണ്ട്. ഞാൻ പാടിയ ആദ്യ ഗാനത്തിനു വരികൾ കുറിച്ചതും ഞാൻ തന്നെയാണ്. അഭിനയം തന്നെയാണ് എഴുതാനും പാടാനും പ്രചോദനമായത്. 

 

 

വെല്ലുവിളി നിറഞ്ഞ പാട്ട്

 

 

ഇതുവരെ കേട്ടിട്ടുള്ള അയ്യപ്പഗാനങ്ങളിൽ നിന്നും വ്യത്യസ്തമാണ് മേപ്പടിയാനിലേത്. പുതു തലമുറയ്ക്ക് ഇഷ്ടമാകും വിധമാണ് പാട്ടൊരുക്കിയിരിക്കുന്നത്. പാട്ട് ഹൈ പിച്ചിൽ ആയതുകൊണ്ട് എനിക്കു പാടാൻ വലിയ പ്രയാസം തോന്നി. അത് എത്രത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് ഒരു ഗായകനു കൃത്യമായി മനസ്സിലാകും. അത്തരത്തിലുള്ള പാട്ട് വലിയ പ്രയാസമായിത്തോന്നി. ഞാൻ ഒരു അയ്യപ്പഭക്തനാണ്. നിരവധി തവണ ശബരിമലയിൽ പോയിട്ടുമുണ്ട്. അയ്യപ്പനുവേണ്ടി പാട്ടു പാടുമ്പോൾ പിഴവുകൾ വരരുത് എന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് പാടി പൂർത്തീകരിച്ചത്. 

 

 

മേപ്പടിയാനും പാട്ടും

 

 

മേപ്പടിയാനിൽ അയ്യപ്പഭക്തിഗാനമുള്ളതുകൊണ്ട് ചിത്രം ഭക്തന്റെ കഥയാണെന്നു വിചാരിക്കേണ്ട. തിരക്കഥ പൂർത്തിയായപ്പോൾ അത് ശബരിമല കൊണ്ടുപോയി പൂജിച്ച് വാങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു അങ്ങനെയാണ് പോയത്. പാട്ടിന്റെ പ്രകാശനച്ചടങ്ങും സന്നിധാനത്ത് വച്ചായിരുന്നു. 

പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു. സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണെന്നു മനസ്സിലാക്കുന്നു. ജനുവരി 14ന് ചിത്രം പ്രദർശനത്തിനെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com