ട്രെൻഡ് നോക്കി പാട്ടെഴുതാറില്ല, സഭ്യമല്ലാത്ത വരികൾ എഴുതുകയുമില്ല: റഫീഖ് അഹമ്മദ്

rafeeq-ahammed-new
SHARE

ചലച്ചിത്ര ഗാനങ്ങൾ കേട്ടു കേട്ട് കവിതയിലേക്കാകർഷിക്കപ്പെട്ട ഒരാൾ പിൽക്കാലത്ത് ചലച്ചിത്ര ഗാനങ്ങൾക്കു വരികളെഴുത്തുന്നു, അത് മലയാളികളൊന്നാകെ നെഞ്ചേറ്റുന്നു. റഫീഖ് അഹമ്മദാണ് ആ കവി. അഞ്ചു തവണ മികച്ച ഗാന രചനയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വൈലോപ്പിള്ളി പുരസ്കാരവും ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ കവി ഇന്ന് സംതൃപ്തനാണ്. സിനിമാപാട്ടുകൾ സിനിമയിൽ ആവശ്യമില്ലെങ്കിൽ കൂടി അത് സമൂഹത്തിന്റെ ആവശ്യമാണ് എന്നദ്ദേഹം വിശ്വസിക്കുന്നു. ഗർഷോമിൽ തുടങ്ങി കുരുതിയിൽ എത്തി നിൽക്കുന്ന ആ ചലച്ചിത്രഗാനങ്ങൾ മലയാളിയെ പ്രണയിപ്പിക്കുകയും കരയിക്കുകയും ചെയ്തു. തികച്ചും വ്യക്തിപരമായ അനുഭവങ്ങൾ ഘനീഭവിച്ച് തൂലികത്തുമ്പിലൂടെ വരികളായി പെയ്യുന്നതാണ് തന്റെ കവിതകളെന്ന് റഫീഖ് അഹമ്മദ് പറയുന്നു. പ്രാണനായിരുന്ന ഉമ്മ വിടപറഞ്ഞതിന്റെ ദുഃഖം ഈ ജന്മം തീരില്ലെന്നു പറയുന്ന കവിയുടെ മറ്റൊരു ജന്മദിനം കൂടി കടന്നുപോവുകയാണിപ്പോൾ. റഫീഖ് അഹമ്മദ് മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്. 

പാട്ടെഴുത്തിൽ ഇപ്പോഴും സജീവമാണല്ലോ? കലാ ജീവിതം എത്രത്തോളം സംതൃപ്തമാണ്? 

ഞാൻ സന്തോഷവാനാണ്. സിനിമാഗാന രംഗത്തേയ്ക്കു മുൻകൂട്ടി പദ്ധതി തയ്യാറാക്കി വന്നതല്ല ഞാൻ. അവിടെ എത്താൻ പരിശ്രമിച്ചിട്ടുമില്ല. പ്രത്യേക സാഹചര്യമാണ് എന്നെ സിനിമാപാട്ടെഴുത്തുകാരനാക്കിയത്. സിനിമയിൽ എത്തിയശേഷം ഒരുപാട് ഗുണങ്ങളുണ്ടായി. പിൻതിരിഞ്ഞു നോക്കുമ്പോൾ ജീവിതം സംതൃപ്തമാണ്. 

പാട്ടെഴുത്തുകാർക്ക് അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്ന അഭിപ്രായമുണ്ടോ? 

പൊതുവേ കുറവാണ്. ഇപ്പോഴത്തെ സജീവ മാധ്യമമായ യൂട്യൂബ് എടുത്തു നോക്കിയാൽ പാട്ടുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ അഭിനയിച്ച ആളുടെയും സംവിധായകന്റെയും ഉൾപ്പെടെ ബാക്കിയെല്ലാവരുടെയും പേരുകളുണ്ടാകും. എങ്കിലും ഗാനരചയിതാവിന്റെ പേര് ഉൾപ്പെടുത്തില്ല. ചിലരൊക്കെ പേര് ചേർക്കും.  പാട്ട് ശരിക്കും ആസ്വദിക്കുന്നവർ അത് അന്വേഷിക്കാറുണ്ട്. പണ്ടുകാലത്തെ ഗാനരചയിതാക്കളെയുള്‍പ്പെടെ ശ്രദ്ധിക്കുന്ന ആളായിരുന്നു ഞാൻ. വയലാർ, ഭാസ്കരൻ മാഷ്, ശ്രീകുമാരൻ തമ്പി തുടങ്ങി ഇന്നത്തെ കാലത്തെ രചയിതാക്കളെയും ശ്രദ്ധിക്കാറുണ്ട്.

പഴയതും പുതിയതുമായ പാട്ടുകളെഴുതിയ പരിചയസമ്പത്തുണ്ടല്ലോ. ട്രെൻഡിനൊപ്പം നീങ്ങുന്നതെങ്ങനെ? 

 

ട്രെൻഡ് നോക്കിയിട്ടല്ല ഞാൻ പാട്ടെഴുതുന്നത്. കാലം മാറുന്നതിനനുസരിച്ച് സിനിമയും മാറുകയാണല്ലോ. സിനിമയുടെ എല്ലാ ഘടകങ്ങൾക്കും മാറ്റം സംഭവിച്ചു അപ്പോൾ പാട്ട് മാത്രം മാറാതിരിക്കില്ലല്ലോ. കാലഘട്ടത്തിനനുസരിച്ചുള്ള പാട്ടുകളാണ് സിനിമയ്ക്കു വേണ്ടത്. ‘ആത്മവിദ്യാലയമേ’ പോലെയുള്ള പാട്ടുകൾ ഇന്നത്തെ സിനിമകളിൽ പറ്റില്ലല്ലോ. സിനിമയുടെ സാഹചര്യങ്ങളും അഭിനയവും ഫ്രെയിമുകളും ഉൾപ്പെടെ എല്ലാം മാറി. അതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് എഴുതാൻ ശ്രമിക്കാറുണ്ട്. ട്രെൻഡ് നോക്കാറില്ല. സിനിമയ്ക്കു പ്രയോജനപ്പെടുന്ന രീതിയിൽ പാട്ടെഴുതുകയാണു പതിവ്.

ഇപ്പോൾ പലരും വാക്കുകള്‍ നിരത്തി പാട്ടുകളെഴുതുന്നു. വൈറലാകണമെന്നു മാത്രമേ ചിന്തിക്കൂ. അത്തരം പാട്ടുകൾക്ക് ആയുസ് കുറവല്ലേ? അർഥവത്തല്ലാത്ത വരികൾ കുറിക്കുന്നതിനോടു യോജിക്കാനാകുമോ? 

 

കുറച്ചു കാലങ്ങളായി അങ്ങനെയാണ്. പാട്ട് എന്ന് പറയുന്നത് മ്യൂസിക്കൽ കമ്പോസിഷൻ മാത്രമായി പരിഗണിക്കപ്പെട്ട് ഒരു അവസ്ഥ ഉണ്ടായി.  എന്തൊക്കെയോ എഴുതി വച്ച് പാടുക. ആ സമയത്ത് അത് ഹിറ്റ് ആകുമെങ്കിലും അതൊന്നും മനുഷ്യരുടെ മനസ്സിൽ തങ്ങി നിൽക്കുകയോ നിലനിൽക്കുകയോ ചെയ്യില്ല. സൂക്ഷ്മപരിശോധന നടത്തിക്കഴിഞ്ഞാൽ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന പാട്ടുകൾ സുന്ദരമായ വരികൾ ഉള്ള പാട്ടുകൾ തന്നെയാണ്.  ഏതെങ്കിലും തരത്തിൽ നമ്മിൽ സൗന്ദര്യാനുഭൂതി ഉണ്ടാക്കുന്ന പാട്ടുകൾ മാത്രമേ നമ്മൾ ഓർക്കൂ. മറ്റുള്ളവ കേൾക്കുന്ന സമയത്ത് നമ്മെ സന്തോഷിപ്പിച്ചിട്ടുണ്ടാകും പക്ഷേ അതൊന്നും നിലനിൽക്കുന്നില്ല.

പഴയകാലത്തെ സംഗീതസംവിധായകർക്കും പുതിയ കാലത്തുള്ളവർക്കും ഒപ്പം പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത അനുഭവമായിരിക്കില്ലേ? 

എല്ലാ തലമുറയിലും വളരെ കഴിവുള്ളവർ ഉണ്ട്. പഴയ സംഗീതസംവിധായകർ ശീലിച്ചു വന്നിട്ടുള്ളത് മറ്റൊരു രീതിയാണ്. സംഗീതം പഠിച്ചിട്ടുള്ളവർ ആണ് പഴയതിൽ കൂടുതൽ. പുതിയ ആളുകൾ എല്ലാം അങ്ങനെയല്ല. സംഗീതത്തിൽ അറിവ് ഉള്ളവരുമുണ്ട് അത് ഇല്ലാത്തവരുമുമുണ്ട്. പല്ലവി മാത്രം എഴുതിയാൽ മതി എന്നു പറയുന്നവർ ഉണ്ട്. വരികൾക്കു പ്രാധാന്യം വേണ്ട, മറിച്ച് സംഗീത ഉപകരണങ്ങളുടെ മികവ് മാത്രം മതി എന്നു വിശ്വസിക്കുന്നവരുണ്ട്. ഈ അടുത്തകാലത്തായി വരികൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു രീതി അനുഭവപ്പെടുന്നുണ്ട്. കുറച്ചുകൂടി വരികളെ ഗൗരവപൂർവം കാണുന്ന പോസിറ്റീവ് ആയ ഒരു അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നു തോന്നുന്നു.

മുൻപ് സംഗീതസംവിധായകരും പാട്ടെഴുത്തുകാരുമെല്ലാം ഒരുമിച്ചിരുന്നല്ലേ ജോലി ചെയ്യുക. ഇപ്പോൾ പക്ഷേ അങ്ങനെയല്ലല്ലോ. ഓരോരുത്തരും സൗകര്യപ്രദമായ ഇടങ്ങളിലിരുന്ന് ജോലി പൂർത്തിയാക്കുകയല്ലേ? 

ഇപ്പോഴും ചിലപ്പോഴൊക്കെ ഒരുമിച്ചിരുന്ന് എഴുതാറുണ്ട്. ഈ അടുത്ത സമയത്ത് തന്നെ രമേശ് നാരായണനു വേണ്ടി ഒരുമിച്ചിരുന്ന് ഒരു പാട്ട് ചെയ്തു.  അതുപോലെ ജയചന്ദ്രനു വേണ്ടി ചെയ്യുമ്പോൾ ഞങ്ങൾ ഒരുമിച്ചിരുന്നാണ് എഴുതുന്നത്. ബിജിബാലിനു വേണ്ടി എഴുതുമ്പോഴും ഞങ്ങൾ ഒരുമിച്ച് ഉണ്ടാകാറുണ്ട്. ചിലത് ഫോണിലൂടെയും ഓൺലൈനായും ഒക്കെയാണ് നടക്കുന്നത്. സംവിധായകർ പാട്ടിനെ എത്രത്തോളം ഗൗരവത്തോടെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതെല്ലാം. ഈ പുതിയ കാലത്ത് സാങ്കേതിക വിദ്യയിൽ ഒരുപാട് മാറ്റമുണ്ടല്ലോ. ഒരു ട്യൂൺ അയച്ചു തന്നാൽ അതിനു വേണ്ടി എഴുതാനും തിരുത്താനും ഒക്കെ നൂതന മാർഗങ്ങളുണ്ട്. പഴയകാലത്ത് അതില്ലല്ലോ. പക്ഷേ ഒരുമിച്ച് ഇരിക്കുന്നതിന് അതിന്റെതായ ഗുണമുണ്ട്. രണ്ടു മൂന്ന് പേര് ഒരുമിച്ച് ഇരിക്കുമ്പോൾ അവരുടെയെല്ലാം ഊർജ്ജപ്രവാഹം പാട്ടിനു ഗുണം ചെയ്യും. അത് വളരെ പോസിറ്റീവ് ആയ ഒരു സംഗതിയാണ്.

ഏത് അന്തരീക്ഷമാണ് പാട്ടെഴുത്തിന് ആഗ്രഹിക്കുന്നത്? 

എനിക്ക് സ്വന്തം വീട്ടിൽ ഇരുന്ന് എഴുതുന്നതാണ് ഇഷ്ടം. പക്ഷേ ചിലപ്പോഴൊക്കെ പലയിടത്തും പോയി ഇരുന്ന് എഴുതേണ്ടി വരും. കൃത്യമായി ഒരു സ്ഥലത്ത് ഇരുന്ന് എഴുതുകയെന്നതു നടക്കില്ല. ഓരോരുത്തർ ആവശ്യപ്പെടുന്നതിനനുസരിച്ച് അവർ പറയുന്നിടത്തു പോകേണ്ടി വരും. ചില സ്ഥലത്ത് ഇരുന്നു എഴുതുമ്പോൾ കൂടുതൽ പോസിറ്റീവ് ആയി തോന്നാറുണ്ട്. അതിനു ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ല അതൊക്കെ ഓരോരുത്തരുടെയും മാനസികമായ കാര്യങ്ങളാണ്.

അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടിയിട്ടില്ല എന്നു തോന്നിയിട്ടുണ്ടോ? 

 

എനിക്ക് അർഹിക്കുന്നതിൽ കൂടുതൽ അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട് എന്നാണു തോന്നുന്നത്. അഞ്ചു തവണ സംസ്ഥാന പുരസ്കാരം കിട്ടി. മറ്റു പല ചാനലുകളുടെയും പ്രസ്ഥാനങ്ങളുടെയുമൊക്കെ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. അക്കാര്യത്തിൽ യാതൊരു പരാതിയും പരിഭവവും എനിക്കില്ല.

ഹോബികൾ? 

പാട്ടെഴുത്ത് എനിക്കു ഹോബിയല്ല. ഒന്നിനെയും ഹോബി എന്നു പറയാൻ പറ്റില്ല. എന്ത് കാര്യം ചെയ്താലും അത് ഗൗരവമായി കാണുന്ന ആളാണു ഞാൻ. ഒരുപാട് വായിക്കാറുണ്ട്. പക്ഷേ അതും ഹോബി അല്ല. അത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്. വായനയില്ലെങ്കിൽ ഞാനില്ല. ചെടികൾ വളർത്താറുണ്ട് അതുപക്ഷേ എനിക്ക് ആവശ്യമുള്ളതുകൊണ്ടു ചെയ്യുന്നതാണ്. കവിത എഴുതിയില്ലെങ്കിൽ ഞാനില്ല. ഞാൻ ചെയ്യുന്നതൊന്നും ഹോബി അല്ല.

ജീവിതത്തോടടുത്തു നിൽക്കുന്ന വരികൾ? 

പാട്ടുകൾ സിനിമയ്ക്കു വേണ്ടി എഴുതിയാലും അത് നമ്മുടെ വ്യക്തിപരമായ അനുഭവങ്ങളുമായി ബന്ധപ്പെട്ടതാകാറുണ്ട്. അങ്ങനെയുള്ള കുറെ പാട്ടുകളുണ്ട്.  ‘ഈ കല്പടവിൽ ഈ മരത്തണലിൽ’, ‘മഴ ഞാനറിഞ്ഞിരുന്നില്ല’, ‘മരണമെത്തുന്ന നേരത്ത്’ തുടങ്ങിയവയൊക്കെ വ്യക്തിപരമായി വളരെ അടുത്തു നിൽക്കുന്നവയാണ്. വ്യക്തിപരമായ ഓർമ്മകളും അനുഭവങ്ങളും ഇഴ ചേർന്ന പാട്ടുകൾ ഒരുപാടുണ്ട്. എല്ലാം തുറന്നു പറയാൻ കഴിഞ്ഞെന്നു വരില്ല.

ഏതെങ്കിലും പാട്ട് എഴുതിയിട്ട് എഴുതേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ? 

 

എഴുതിയിട്ട് വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ഒരുപാട്ടുമില്ല. ‘അപ്പങ്ങളെമ്പാടും’ എന്ന പാട്ട് ആ സിനിമയ്ക്കു വളരെ ആവശ്യമായിരുന്നു. അത്തരം പാട്ടുകളും വേണം. നമ്മുടെ മാസ്റ്റേഴ്സ് ആയ വയലാറും പി.ഭാസ്കരനും ഒഎൻവിയും യൂസഫലി കേച്ചേരിയുമൊക്കെ അത്തരം തമാശ പാട്ടുകൾ എഴുതിയിട്ടുണ്ട്. അത് ആത്മാവിഷ്കാരമല്ല. സിനിമയ്ക്കു വേണ്ടി ചെയ്യുന്നതാണ്. ‘മണ്ടച്ചാരേ മൊട്ടത്തലയിൽ കണ്ടം വയ്ക്കാറായല്ലോ’, ‘പാപ്പീ അപ്പച്ചാ’, ‘തള്ള് തള്ള് തള്ളാസ് വണ്ടി’ ഇങ്ങനെയൊക്കെ പാട്ടുകൾ ഒരുപാടുണ്ട്. അത് സിനിമയ്ക്കു ഗുണം ചെയ്യും. അങ്ങനെ എഴുതുന്നതാണ്. വീണ്ടുവിചാരം വരേണ്ടത് സഭ്യമല്ലാത്ത വരികളാണ്. സമൂഹത്തിന്റെ പൊതുസ്വഭാവത്തിനെ വേദനിപ്പിക്കുന്ന പാട്ടുകൾ. അത്തരം പാട്ടുകൾ ഞാൻ എഴുതിയിട്ടില്ല.

സിനിമയിൽ പാട്ടിന്റെ പ്രസക്തി? 

ചലച്ചിത്ര ഗാനങ്ങൾ സിനിമയ്ക്കു ചിലപ്പോൾ ആവശ്യമുണ്ടായിക്കൊള്ളണമെന്നില്ല. പാട്ടുകൾ ഇല്ലെങ്കിലും സിനിമ വിജയിക്കും. പാട്ടുകൾ ഇല്ലാത്ത നല്ല സിനിമകൾ എത്രയോ ഉണ്ട്. പക്ഷേ പാട്ടുകൾ സമൂഹത്തിന് ആവശ്യമാണ്. സമൂഹം പാട്ടുകൾ ആഗ്രഹിക്കുന്നുണ്ട് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ പാട്ടെഴുതുമ്പോൾ അതു ഗൗരവമായി കാണേണ്ടതാണ്. യൂട്യൂബ് ചാനലോ മറ്റു മാധ്യമങ്ങളോ ഉണ്ടെങ്കിലും ഇന്നും മലയാളി പാട്ടിനു വേണ്ടി ആശ്രയിക്കുന്നത് സിനിമയെത്തന്നെയാണ്. കവിത വായിക്കാത്തവർക്കും വായനാശീലം ഇല്ലാത്തവർക്കും കവിത ആസ്വദിക്കാനുള്ള അവകാശമുണ്ട്. സംഗീതം പഠിച്ചിട്ടില്ലാത്തവർക്കും അതു കേട്ട് ആസ്വദിക്കാൻ കഴിയണം. അത് നിർവഹിക്കപ്പെടുന്നത് ചലച്ചിത്ര ഗാനങ്ങളിലൂടെയാണ്. സിനിമയ്ക്ക് അപ്പുറത്ത് പാട്ടിനു പ്രസക്തിയുണ്ട്. അപ്പോൾ ആ ഒരു പ്രാധാന്യത്തോടെ വേണം എഴുതുന്നവരും കേൾക്കുന്നവരും വിമർശിക്കുന്നവരും പാട്ടിനെ സമീപിക്കേണ്ടത്.

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ...  

‘മരണമെത്തുന്ന നേരത്ത്’ സിനിമയ്ക്കായി എഴുതിയ പാട്ടല്ല. അത് ഞാൻ എഴുതിയ ഒരു കവിതയാണ്. അത് സിനിമയിൽ ഒരു പാട്ടായി വരും എന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ‘സ്പിരിറ്റ്’ എന്ന സിനിമ എടുത്തപ്പോൾ രഞ്ജിത്ത് മരണമായി ബന്ധപ്പെട്ട കുറച്ചു വരികൾ ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു എന്റെ ഒരു കവിതയുണ്ട് അത് ഒന്ന് വായിച്ചു നോക്കൂ എന്ന്. ആ കവിത വായിച്ചപ്പോൾ രഞ്ജിത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു. അതിലെ ചില വരികൾ സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു. ആ കവിത എന്റെ വ്യക്തിപരമായ ആത്മാവിഷ്കാരമാണ്. ഇപ്പോൾ നിലവിലില്ലാത്തതും എന്നാൽ ഉണ്ടായിട്ടുള്ളതുമായ വളരെ അടുത്ത ഒരു ബന്ധത്തിന്റെ പ്രചോദനത്തിൽ നിന്നും വന്ന കവിതയാണത്. വ്യക്തിപരമായി ഒരുപാടുപേർക്ക് ഇഷ്ടമാവുകയും ഇപ്പോഴും അതിനെപ്പറ്റി പറയുകയും ചെയ്യാറുണ്ട്. എനിക്കും ആ കവിത മനസ്സിനോടു വളരെ അടുത്ത് നിൽക്കുന്നതാണ്. 

പിറന്നാളുകൾ!

പിറന്നാളുകൾ ആഘോഷിക്കുന്ന പതിവില്ല. ചെറുപ്പത്തിൽ ഉമ്മ പിറന്നാളിനു പായസമൊക്കെ ഉണ്ടാക്കി തന്നിട്ടുണ്ട്. മുതിർന്നപ്പോൾ പിന്നെ പിറന്നാൾ ആഘോഷിക്കാറില്ല. സമൂഹമാധ്യമങ്ങൾ സജീവമായപ്പോഴല്ലേ പിറന്നാൾ ആഘോഷങ്ങൾക്കു പ്രസക്തിയുണ്ടായത്. പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA