ഏൻ സാമി... വായാ സാമി! റീലുകളിൽ നിറയുന്ന വൈറൽ ഗായിക; രാജലക്ഷ്മി സെന്തിൽ ഗണേശ് അഭിമുഖം

rajalakshmi-senthi-ganesh
SHARE

ഏൻ സാമി... വായാ സാമി

മന്മദ സാമി മന്ദിര സാമി

പോക്കിരി സാമി

തലയിൽ മുല്ലപ്പൂ ചൂടി, ചുവപ്പു സാരിയുടുത്ത്, നെറുകയിൽ സിന്ദൂരമിട്ടു നിന്ന് രാജലക്ഷ്മി സെന്തിൽ ഗണേശൻ പുഷ്പ എന്ന സിനിമയിലെ ഈ വരികൾ പാടുമ്പോൾ ആരും താളം പിടിച്ചു പോകും. ശരീരഭാഷയിലും ശബ്ദത്തിലും നിറഞ്ഞു നിൽക്കുന്ന ആത്മവിശ്വാസവും ഊർജ്ജവും ഭാഷയുടെ അതിരുകൾക്കപ്പുറം രാജലക്ഷ്മി എന്ന നാടൻപാട്ടുകാരിയെ പ്രിയങ്കരിയാക്കിക്കഴിഞ്ഞിരിക്കുന്നു. റീലുകളിലും ഷോർട്ട് വിഡിയോകളിലും ഒരു കുസൃതിച്ചിരിയോടെ സാമി പാട്ടു പാടുന്ന രാജലക്ഷ്മിയാണ് നിറഞ്ഞു നിൽക്കുന്നത്. രശ്മിക മന്ദാനയുടെ സിഗ്നേച്ചർ സ്റ്റെപ്പിനൊപ്പം രാജലക്ഷ്മിയുടെ ശബ്ദവും ലക്ഷക്കണക്കിന് ആരാധകരെ നേടി. അഞ്ചു ഭാഷകളിലിറങ്ങിയ പുഷ്പയിലെ ഗാനങ്ങളിൽ സാമി പാട്ടിന്റെ തമിഴ് പതിപ്പിനെ ഇത്രമേൽ ജനകീയമാക്കുന്നത് രാജലക്ഷ്മി സെന്തിൽ ഗണേശന്റെ ശബ്ദവും ആ പാട്ടിന് അവർ നൽകുന്ന ഫീലുമാണ്. 

തമിഴ്നാട്ടിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഭർത്താവും ഗായകനുമായ സെന്തിൽ ഗണേശനൊപ്പം രാജലക്ഷ്മി താണ്ടിയ ദൂരങ്ങൾ ആരെയും അതിശയിപ്പിക്കും. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ രാജലക്ഷ്മിയും സെന്തിൽ ഗണേശനും 'ചിന്ന മച്ചാ' എന്ന ഗാനത്തിലൂടെയാണ് കോളിവുഡിന് സുപരിചിതരാകുന്നത്. ദ്രാവിഡ മണ്ണിന്റെ ചൂടും ചൂരുമുള്ള പാട്ടുകൾ ഭാഷയ്ക്കപ്പുറം ജനകീയമാകുന്നതിന്റെ ത്രില്ലിലാണ് ഇരുവരും. "20 വർഷമായി പാടുന്നു. ഈയടുത്ത കാലത്താണ് ആളുകൾ ഇത്രയേറെ തിരിച്ചറിയുന്നതും അംഗീകരിക്കുന്നതും. എന്നെങ്കിലും ഒരു നാൾ നമ്മുടെ പാട്ടുകൾ അംഗീകരിക്കപ്പെടും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങളുടെ പാട്ടുകൾ ഭാഷയ്ക്കപ്പുറം ആഘോഷിക്കപ്പെടുന്നതു കാണുമ്പോൾ വലിയ സന്തോഷം," രാജലക്ഷ്മിയുടെ വാക്കുകളിൽ ആനന്ദവും അഭിമാനവും. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മനസു തുറന്ന് ഗായിക രാജലക്ഷ്മി സെന്തിൽ ഗണേശ്. 

പുഷ്പയിലെ സാമി പാട്ട്

ഒക്ടോബർ മാസം തുടക്കത്തിൽ ദേവി ശ്രീ പ്രസാദ് സാറുടെ ഓഫിസിൽ നിന്ന് എന്നെ വിളിച്ചു. ഒരു പാട്ടുണ്ട്... എന്റെ ശബ്ദം ആ പാട്ടിനു യോജിക്കുമോ എന്നു നോക്കണം... വന്നു പാടി നോക്കാമോ എന്നു ചോദിച്ചായിരുന്നു ആ ഫോൺ കോൾ. ആ സമയത്ത് ഞങ്ങൾ നാട്ടിൽ ആയിരുന്നു. അതായത് ഡിണ്ടുഗല്ലിൽ. അവിടെ നിന്ന് ചെന്നൈയിൽ എത്തണമെങ്കിൽ ഒരു ദിവസം പിടിക്കും. രണ്ടു ദിവസത്തിൽ വന്നാൽ മതിയോ എന്നു ഞാൻ ചോദിച്ചു. അങ്ങനെ ചോദിക്കാൻ പേടിയുണ്ടായിരുന്നു. കാരണം, അദ്ദേഹത്തെപ്പോലെ വലിയ സംഗീത സംവിധായകർ പാടാൻ വിളിക്കുമ്പോൾ ഓടിച്ചെന്നു പാടണം. അല്ലെങ്കിൽ മറ്റൊരു ശബ്ദത്തെ അദ്ദേഹം അന്വേഷിച്ചു പോയേക്കാം. ഇത്രയും വലിയ അവസരം കിട്ടുന്നതു തന്നെ വലിയ കാര്യമാണ്. മടിച്ചു മടിച്ചാണ് ഞാൻ നാട്ടിലാണെന്നും ചെന്നൈയിലെത്താൻ കുറച്ചു സമയം അനുവദിക്കണമെന്നും പറഞ്ഞത്. അവർ അതു സമ്മതിച്ചു. അങ്ങനെയാണ് പാട്ടു പാടാൻ അവസരം ലഭിച്ചത്. 

വൈറലായ മേക്കിങ് വി‍ഡിയോ

റെക്കോർഡിങ്ങിന് ശേഷമാണ് മേക്കിങ് വിഡിയോ ഷൂട്ട് നടന്നത്. അതുകൊണ്ട് നല്ല ജോളിയായി പാടി. റെക്കോർഡിങ്ങിന് വിളിച്ചപ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. സാധാരണ പാടുന്നവരേക്കാൾ നൂറു ഇരട്ടി ടെൻഷൻ ആണ് എനിക്ക്. വലിയ മ്യൂസിക് ഡയറക്ടർമാർ വിളിക്കുമ്പോഴുള്ള കാര്യം പറയാനില്ല. ദേവി ശ്രീ പ്രസാദ് സാറിന്റെ സ്റ്റുഡിയോയിൽ നിന്ന് അധികം ദൂരത്തല്ല ചെന്നൈയിൽ ഞങ്ങൾ താമസിക്കുന്നത്. അദ്ദേഹം പറഞ്ഞു, വീട്ടിൽ പോയി വിശ്രമിച്ച്, സമാധാനമായി വന്നു പാടൂ! പക്ഷേ, പാടുമ്പോൾ സൂപ്പറായി പാടണം എന്ന്. ഞാനൊരു മക്കൾ ഇസൈ ഗായികയാണ്. നല്ല എനർജിയോടെ ഫീലോടെ പാടുന്നവയാണ് തമിഴ് നാട്ടുപുര പാടൽഗൾ (നാടൻ പാട്ട്). സ്റ്റേജിൽ നാടൻ പാട്ടു പാടുമ്പോൾ ആടിപ്പാടി, ചെറുതായി അഭിനയിച്ചാണ് പാടുക. പാട്ടു കാണുന്നവർക്കും കേൾക്കുന്നവർക്കും ആ എനർജി കിട്ടണം. അതു മാത്രമേ മനസിലുണ്ടാവൂ. പാട്ടിന്റെ മേക്കിങ് വിഡിയോയിൽ എന്നെ ഷൂട്ട് ചെയ്യുമെന്നൊന്നും കരുതിയിരുന്നില്ല. സാധാരണ പാടുന്ന പോലെ നല്ല എനർജിയോടെ ഞാൻ പാടുകയായിരുന്നു. അത് അവർ ഷൂട്ട് ചെയ്തു. അതാണിപ്പോൾ വൈറലായത്. പാട്ടു മാത്രമല്ല, അഭിനയവും സൂപ്പറായെന്നാണ് കണ്ടവർ പറഞ്ഞത്. 

സന്തോഷിപ്പിച്ച അഭിനന്ദനം

ദേവി ശ്രീപ്രസാദ് സർ തിരക്കുള്ള സംഗീത സംവിധായകനാണല്ലോ. അതുകൊണ്ട് പാട്ട് ഹിറ്റായതിനു ശേഷം അദ്ദേഹത്തിന്റെ മാനേജരെയാണ് വിളിച്ചത്. ഞങ്ങളുടെ നന്ദി അറിയിക്കാൻ വിളിച്ചതായിരുന്നു. അപ്പോഴാണ് അദ്ദേഹം രസകരമായ ഒരു കാര്യം പങ്കുവച്ചത്. പുഷ്പയിലെ പാട്ടുകളെ അഭിനന്ദിച്ച് ആരു സംസാരിച്ചാലും അദ്ദേഹം ആദ്യം ചോദിക്കുക അതിലെ സാമി പാട്ടിന്റെ തമിഴ് വേർഷൻ കേട്ടോ എന്നാണ്. അത്രയും അദ്ദേഹത്തിന് ഞാൻ പാടിയത് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു കേട്ടപ്പോൾ വലിയ സന്തോഷം. 

 

മലയാളത്തിൽ നമ്മ കാതൽ കഥൈ

എന്റെ ഭർത്താവ് സെന്തിൽ ഗണേശ് നാടൻ പാട്ട് ഗായകനാണ്. 2007ലാണ് ഞങ്ങൾ കണ്ടു മുട്ടുന്നത്. അതിനു മുമ്പ് പത്തു വർഷത്തോളം ഞാൻ നാടൻ പാട്ടുകൾ പല വേദികളിലും പാടുന്നുണ്ടായിരുന്നു. അദ്ദേഹമാകട്ടെ, 15 വർഷമായി ഈ രംഗത്തുണ്ട്. എന്നിട്ടും ഞങ്ങൾ ഒരിക്കൽപ്പോലും കണ്ടുമുട്ടിയിരുന്നില്ല. ഒരേ രംഗത്തു പ്രവർത്തിക്കുന്നവർ ഏതെങ്കിലുമൊരു വേദിയിൽ വച്ച് പരിചയപ്പെടുമല്ലോ! പക്ഷേ, ഞങ്ങൾക്കിടയിൽ അത് സംഭവിക്കാൻ അത്രയും വർഷങ്ങൾ വേണ്ടി വന്നു. അദ്ദേഹത്തിന്റെ നാട്ടിൽ ഒരു ഉത്സവത്തിനാണ് എന്നെ പാടാൻ വിളിച്ചത്. എന്റെ കൂടെ പാടിയപ്പോൾ അതൊരു നല്ല കോംബോ ആണെന്ന് അദ്ദേഹത്തിനു തോന്നി. എന്തോ ഒരു പ്രത്യേക എനർജി! എനിക്കും അദ്ദേഹത്തിനൊപ്പം പാടുന്നത് ഇഷ്ടമായിരുന്നു. ഗംഭീര പെർഫോർമർ ആണ് അദ്ദേഹം. സെന്തിൽ അണ്ണന്റെ സ്വന്തം നാടാണ് പുതുക്കോട്ടൈയിലെ കരമ്പക്കുടി. അവിടേക്കാണ് എന്നെ പാടാൻ ക്ഷണിച്ചത്. അതുവരെ എല്ലാ വർഷവും ഉത്സവത്തിന് അവർ തന്നെയാണ് പരിപാടി അവതരിപ്പിക്കാറുണ്ടായിരുന്നത്. ആ വർഷം മറ്റൊരു പാട്ടുസംഘത്തെ ക്ഷണിച്ചാലോ എന്ന ആശയം സെന്തിലണ്ണൻ മുന്നോട്ടു വയ്ക്കുകയായിരുന്നു. അങ്ങനെയാണ് ഞാൻ വന്നു പാടിയതും ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നതും. ആ സൗഹൃദം പിന്നീട് വിവാഹത്തിലെത്തി. 2012ലായിരുന്നു വിവാഹം. 

 

വഴിത്തിരിവായ റിയാലിറ്റി ഷോ

വിജയ് ടിവിയിലെ റിയാലിറ്റി ഷോയിലൂടെയാണ് ഞങ്ങളെ കൂടുതൽ പേർ അറിയാൻ തുടങ്ങിയത്. ഞങ്ങളുടെ ഗ്രാമത്തിൽ ആ ഷോയുടെ ഓഡിഷൻ നടന്നിരുന്നു. അത് അറിഞ്ഞപ്പോൾ ഞങ്ങൾ കുറച്ചു ഗായകർ അതിൽ പങ്കെടുക്കാൻ പോയി. സെന്തിലണ്ണനായിരുന്നു ഞങ്ങൾക്കു പ്രചോദനം. ആർക്കു സിലക്ഷൻ കിട്ടിയാലും അതു നാടൻ പാട്ട് ഗായകർക്കുള്ള അംഗീകാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളെല്ലാവരും പോയി പാടി. അതിൽ എനിക്കും സെന്തിലണ്ണനും സിലക്ഷൻ കിട്ടി. അങ്ങനെ ഞങ്ങൾ രണ്ടു പേരും റിയാലിറ്റി ഷോയിൽ മത്സാർഥികളായി. ഭാര്യയും ഭർത്താവും ഒരുമിച്ചൊരു റിയാലിറ്റി ഷോയിൽ മത്സരിക്കുന്നതു തന്നെ അപൂർവമല്ലേ. ഫൈനൽ വരെ ഞങ്ങൾ ഒരുമിച്ചെത്തി. സെന്തിലണ്ണൻ ആയിരുന്നു ആ സീസണിലെ വിജയി. 

വൈറലായ 'ചിന്ന മച്ചാ'

റിയാലിറ്റി ഷോയിൽ പാടാൻ തുടങ്ങിയതോടെ ഒരുപാടു ആരാധകരുണ്ടായി. ഞങ്ങളുടെ പാട്ട് കേട്ട നിർമാതാവ് ടി.ശിവ സർ ആണ് ആദ്യ അവസരം ഞങ്ങൾക്കു തന്നത്. അദ്ദേഹത്തിന്റെ സിനിമയിൽ ഞങ്ങൾ രണ്ടു പേരും ചേർന്നു പാടണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളുടെ പാട്ട് സിനിമയിൽ വേണമെന്ന് അദ്ദേഹത്തിന് വലിയ നിർബന്ധമായിരുന്നു. അദ്ദേഹമാണ് ഞങ്ങളെ സംഗീത സംവിധായകൻ അമരേഷിനെ പരിചയപ്പെടുത്തിയത്. പ്രഭുദേവ–നിക്കി ഗൽറാണി ചിത്രം ചാർളി ചാപ്ലിൻ 2ൽ അദ്ദേഹം ഞങ്ങൾക്കൊരു പാട്ടു തന്നു. ശിവ സർ ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്. ചിന്ന മച്ചാ എന്ന പാട്ട് അങ്ങനെയാണ് സംഭവിച്ചത്. ആ പാട്ട് ഞങ്ങൾ പല വർഷങ്ങളായി പാടിക്കൊണ്ടിരുന്ന പാട്ടാണ്. അതിൽ ചെറിയ മാറ്റങ്ങൾ വരുത്തി, പുതിയ ഈണം നൽകിയാണ് സിനിമയിൽ ഉപയോഗിച്ചത്. അതു വലിയ ഹിറ്റായി. പല തലമുറകളായി നമ്മൾ പാടുന്ന പാട്ട് വലിയൊരു സമൂഹം ഏറ്റു പാടുന്നതു കാണുമ്പോൾ വലിയ സന്തോഷം. 

English Summary: Rajalakshmi Senthi Ganesh exclusive interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA