ജോലി ഉപേക്ഷിച്ച് സംഗീതത്തിലേയ്ക്ക്, പാടിയതെല്ലാം ഹിറ്റ്; ആ പാട്ടുകാരൻ ഇവിടെയുണ്ട്

arjun-ayraan
SHARE

‘അലരേ നീ എന്നിലെ....’ പാടി മലയാളികളുടെ ഹൃദയം കീഴടക്കിയ യുവഗായകനാണ് അയ്റാൻ. ഇപ്പോൾ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ‘മേജർ’ എന്ന ചിത്രത്തിലൂടെ ‘പൊൻ മലര്‍’ പാട്ടുമായി വീണ്ടും ആസ്വാദഹൃദയങ്ങള്‍ നിറയ്ക്കുകയാണ് അയ്റാൻ. സാം മാത്യു എ.ഡി വരികൾ കുറിച്ച പാട്ടിന് ശ്രീചരണ്‍ പക്കാല ഈണം പകർന്ന മനോഹര മെലഡിയാണിത്. പാട്ടിനൊപ്പം പാട്ടുകാരനും പ്രക്ഷകമനസ്സുകളിൽ കറിക്കൂടിക്കഴിഞ്ഞു. പുത്തൻ പാട്ടു വിശേഷങ്ങൾ പങ്കിട്ട് അയ്റാൻ മനോരമ ഓൺലൈനിനൊപ്പം.

പൊൻമലരേ ശ്രദ്ധ നേടുമ്പോൾ

മേജറിലെ ഈ ഗാനം ആളുകൾ ആസ്വദിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. മേജർ സന്ദീപ് ഉണ്ണികൃഷ്ണനോട് നമുക്കൊക്കെ വൈകാരിക ബന്ധം ഉണ്ടല്ലോ. പിന്നെ പാട്ടിന്റെ മൂഡ് വളരെ മികച്ചതാണ്. ആസ്വാദകരുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ചുരുങ്ങിയ ദിവസത്തിനകം ഇത്രയേറെ കാഴ്ചക്കാരെ നേടാനായതിന്റെ സന്തോഷം ചെറുതല്ല. 

 

3 പാട്ടുകൾ

കക്ഷി അമ്മിണി പിള്ളയിലെ ‘തൂഹി റാണി’ ആണ് എന്റെ ആദ്യ പിന്നണി ഗാനം. തികച്ചും വിഷാദം നിറയുന്ന പാട്ടാണത്. അതിനുശേഷം പാടിയ ‘അലരേ’, ഇപ്പോൾ പുറത്തു വന്ന ‘പൊൻ മലരേ’ എന്നിവ പ്രണയഗാനങ്ങളാണ്. ആകെ പാടിയ മൂന്നു പാട്ടുകളും വേറിട്ട അനുഭവങ്ങള്‍ സമ്മാനിച്ചു. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച പാട്ടുകളുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം. 

 

പിന്നണിയിലേയ്ക്ക്

സംഗീതം പ്രഫഷൻ ആക്കണമെന്നു ചിന്തിച്ചിരുന്നില്ല. കുട്ടിക്കാലം മുതൽ അച്ഛൻ, മുഹമ്മദ്‌ റാഫിയുടെ പാട്ടുകൾ കേൾപ്പിച്ചു തരുമായിരുന്നു. പാടാൻ അന്നേ ഇഷ്ടമായിരുന്നു. കോളജ് കാലം കഴിഞ്ഞ് ഒരു ഐടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ജോലിയോടുള്ള താത്പര്യം നഷ്ടമായി. പാട്ടിലേയ്ക്കു തിരിയാൻ ആയിരുന്നു ആഗ്രഹം. ഇക്കാര്യം അച്ഛനോടു പറഞ്ഞപ്പോള്‍ അദ്ദേഹവും പിന്തുണച്ചു. തുടർന്ന് ജോലി ഉപേക്ഷിച്ച് സംഗീതത്തിനൊപ്പം യാത്ര ആരംഭിച്ചു. കൊച്ചിയിലെത്തി പാട്ടിൽ സജീവമായിത്തുടങ്ങി. അങ്ങനെയാണ് ‘കക്ഷി അമ്മിണി പിള്ള’യിലൂടെ ആദ്യമായി പിന്നണി ഗായകനാകുന്നത്. 

അലരെ തരംഗമായപ്പോൾ

ആദ്യ ഗാനമായ ‘തൂഹി റാണി’ കേട്ടാണ് ‘അലരെ’ പാടാൻ സംഗീതസംവിധായകൻ കൈലാസ് മേനോൻ എന്നെ വിളിക്കുന്നത്. 2020ലെ പുതുവർഷ സമ്മാനമായാണ് ആ അവസരം എനിക്കരികിലെത്തിയത്. കൈലാസേട്ടൻ മറ്റൊരു സിനിമയ്ക്കു വേണ്ടി റെക്കോർഡ് ചെയ്ത പാട്ടായിരുന്നു അത്. പക്ഷേ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ആ ചിത്രത്തിൽ ഈ പാട്ട് ഉപയോഗിക്കാനായില്ല. അപ്പോൾ തന്നെ ഈ പാട്ട് മറ്റൊരു സിനിമക്കു വേണ്ടി ഉപയോഗിക്കുമെന്നും അത് എന്നെക്കൊണ്ടു തന്നെ പാടിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതു നടക്കുമോയെന്ന് ഉറപ്പില്ലാത്തതിനാൽ ഞാൻ ആരോടും പറഞ്ഞില്ല. പക്ഷേ കൈലാസേട്ടൻ വാക്കു പാലിച്ചു. ശബരീഷ് ആണ് രണ്ടാമത് വരികളെഴുതിയത്. നിത്യ മാമ്മന്‍ എന്റെ സഹഗായികയായി. പാട്ടിനു പുതുമയുണ്ടെന്നു തോന്നിയിരുന്നെങ്കിലും ആളുകൾ ഇത്രയധികം ഏറ്റെടുക്കുമെന്നു കരുതിയില്ല. 

ഭാവി പദ്ധതികൾ

മലയാളത്തിൽ ഒരു ചിത്രത്തിനു വേണ്ടി പാടി പൂർത്തിയാക്കിക്കഴിഞ്ഞു. തെലുങ്കിൽ ആറു പാട്ടുകൾ വരാനിരിക്കുന്നു. കല്യാൺ ആണ് സംഗീതസംവിധായകൻ. മിൻമിനി ആന്റിക്ക് ഒപ്പമാണ് ആദ്യ തെലുങ്ക് ഗാനം പാടിയത്. സിതാര ചേച്ചി (സിതാര കൃഷ്ണകുമാർ)യുടെ കൂടെ പാടിയിട്ടുണ്ട്. ചില പാട്ടുകളുടെ ചർച്ചകൾ നടക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS