തുടർച്ചയായുള്ള വിജയങ്ങൾ ആദ്യാനുഭവം, പാട്ടുവഴികളിൽ ഞാൻ തൃപ്തൻ: രാഹുൽ സുബ്രഹ്മണ്യൻ

rahul-meppadiyan
SHARE

കുതിച്ചുയരുന്ന കോവിഡ് കണക്കുകൾക്കിടയിലും പ്രേക്ഷകർ തിയറ്ററുകളിലേക്കു പായുന്നതിനൊരു കാരണമുണ്ട് 'മേപ്പടിയാൻ'. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഈ ഉണ്ണി മുകുന്ദൻ ചിത്രം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയാണ്.  മേപ്പടിയാന്റെ വിജയം യുവ സംഗീതസംവിധായകൻ രാഹുൽ സുബ്രഹ്മണ്യത്തിന്റെ കൂടി വിജയമാണ്. സുഹൃത്തായ വിഷ്ണു മോഹൻ തന്റെ ആദ്യത്തെ ചിത്രത്തിന്റെ സംഗീതം രാഹുലിനെ വിശ്വസിച്ച് ഏൽപ്പിച്ചതു വെറുതെയായില്ല. റോജിൻ തോമസ് സംവിധാനം ചെയ്ത ഹോമിലെ പാട്ടുകളുടെ വിജയത്തിനു ശേഷം റിലീസ് ചെയ്ത മേപ്പടിയാനിലെ പാട്ടുകളും ആസ്വാദകരുടെ ചുണ്ടിൽ നിറയുന്നു. മേപ്പടിയാനിലെ ‘കണ്ണിൽ മിന്നും മന്ദാരം’ എന്ന ഗാനം ട്രെൻഡിങ് ആയതാണ്. മങ്കി പെന്നിൽ തുടങ്ങി സേഫിലൂടെ മേപ്പടിയാനിൽ എത്തിനിൽക്കുന്ന പാട്ടുവഴികളിൽ താൻ സംതൃപ്തനാണെന്നു രാഹുൽ സുബ്രഹ്മണ്യൻ പറയുന്നു. പാട്ടു വിശേഷങ്ങൾ പങ്കിട്ട് രാഹുൽ മനോരമ ഓൺലൈനിനൊപ്പം. ‌

വിഷ്ണുവും ഞാനും പിന്നെ മേപ്പടിയാനും

മേപ്പടിയാനിലെ പാട്ടുകൾ ഹിറ്റ് ആകുന്നതിൽ വളരെ സന്തോഷമുണ്ട്. ആത്മാർഥമായി ചെയ്യുന്ന ജോലിക്ക് അംഗീകാരം കിട്ടുക എന്നുള്ളത് ഒരു ഉത്തേജനമാണ്. വിഷ്ണു എന്റെ സുഹൃത്താണ്. ഒരു യാത്രയ്ക്കിടയിലാണ് ഈ സിനിമയുടെ കഥ വിഷ്ണു എന്നോടു പറയുന്നത്. കഥ കേട്ടപ്പോൾ അത് സിനിമയാക്കിക്കൂടെ എന്നു ഞാൻ വിഷ്ണുവിനോടു ചോദിച്ചു. അങ്ങനെയാണ് ആ കഥ സിനിമയാകുന്നത്. വിഷ്ണു തിരക്കഥ എഴുതാറുണ്ട്. മേപ്പടിയാൻ എഴുതാൻ വിഷ്ണു, ശ്യാമിനെയും ഒപ്പം കൂട്ടി. കഥയുമായി പലരെയും സമീപിച്ച് ഒടുവിൽ ഉണ്ണി മുകുന്ദനിൽ എത്തിചേർന്നു. വിഷ്ണുവിന്റെ മനസ്സിൽ സിനിമയുണ്ട്. സിനിമയെപ്പറ്റി നന്നായി പഠിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഈ സിനിമ ഏതു രീതിയിൽ എടുക്കണമെന്നു വിഷ്ണുവിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്ത് ആശയക്കുഴപ്പം വന്നാലും അതൊക്കെ നേരിടാൻ കഴിവുള്ള സംവിധായകനാണ് അദ്ദേഹം.

വേറിട്ട ഈണങ്ങൾ എനിക്കിഷ്ടം

എല്ലാവർക്കും മൂളാൻ പറ്റുന്ന പാട്ടുകൾ ആയിരിക്കണം എന്നാണ് മേപ്പടിയാന്റെ സംഗീതം എന്നെ ഏൽപ്പിച്ചപ്പോൾ വിഷ്ണു പറഞ്ഞത്. സിനിമ കാണുമ്പോൾ പാട്ട് സിനിമയ്ക്ക് അനുയോജ്യമായി തോന്നണം എന്നതാണ് എന്റെ കാഴ്ചപ്പാട്. സിനിമയോടൊപ്പം പാട്ടും ഇഷ്ടപ്പെടണം. ആദ്യം കേൾക്കുമ്പോൾ ഒരുപക്ഷേ എല്ലാവർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും സിനിമയോടൊപ്പം കാണുമ്പോൾ അതു സിനിമയ്ക്കു യോജിക്കുന്നുവെന്ന് എല്ലാവരും പറഞ്ഞു കേൾക്കാനാണ് എനിക്കിഷ്ടം. വേറിട്ട വിഭാഗത്തിലുള്ള പാട്ട് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഇതുവരെ ചെയ്‌ത സിനിമകളിൽ നിന്നു വളരെ വ്യത്യസ്തമായ പാട്ടുകളാണ് മേപ്പടിയാനു വേണ്ടി ചെയ്‌തത്‌. നാലുപാട്ടുകളാണ് ചിത്രത്തിലുള്ളത്. ജോൺസൺ മാഷിന്റെ ഈണത്തോടു സാദൃശ്യം തോന്നുന്ന പാട്ട് ചെയ്യണമെന്നായിരുന്നു ആഗ്രഹം. കാർത്തിക് പാടിയ പാട്ട് ക്ലാസ്സിക്കൽ ടച്ച് ഉള്ള വെസ്റ്റേൺ രീതിയിലുള്ളതാണ്. ഉണ്ണി പാടിയ അയ്യപ്പ ഗാനം വളരെ താളാത്മകമായതും. ദുഃഖപൂരിതമായ ഗാനമാണ് സൂരജ് സന്തോഷ് പാടിയത്.

ഹിറ്റുകൾ നൽകുന്ന സന്തോഷം

രണ്ടു ചിത്രങ്ങൾ തുടരെ തുടരെ വിജയിച്ചതിന്റെ സന്തോഷത്തിലാണു ഞാൻ. ഹോമും മേപ്പടിയാനും രണ്ടു വ്യത്യസ്ത വിഭാഗത്തിലുള്ളവയാണ്. അടുപ്പിച്ച് രണ്ടു ചിത്രങ്ങൾ ഹിറ്റ് ആകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ആദ്യ അനുഭവമാണ്. ചെയ്ത വർക്ക് ആരും ശ്രദ്ധിക്കാതെ പോയാൽ വിഷമമാകുമല്ലോ. എന്റെ പാട്ടുകൾ മറ്റുള്ളവർ മൂളി നടക്കുന്നതു കേൾക്കുമ്പോൾ വല്ലാത്ത ആത്മസംതൃപ്തി. ‘കണ്ണിൽ മിന്നും മന്ദാരം’ എന്ന പാട്ട് കേട്ടിട്ട് ഒരുപാട് ആളുകൾ വിളിച്ചു പ്രശംസിച്ചിരുന്നു. മണ്ഡലകാലത്ത് മേപ്പടിയാനിലെ അയ്യപ്പഗാനം നിരവധി പേരാണ് ഏറ്റുപാടിയത്. ഹോമിലെ പാട്ടുകൾ കേട്ടിട്ട് സിനിമാ സംവിധായകരും ആസ്വാദകരുമൊക്കെ വിളിച്ചിരുന്നു. കോവിഡ് വ്യാപിക്കുന്നതു കാരണം മേപ്പടിയാൻ ഒരുപാടു പേർക്കു കാണാൻ സാധിച്ചില്ല. പക്ഷേ അനുവദിക്കപ്പെട്ടിരിക്കുന്ന സീറ്റുകളിൽ നിറയെ എന്നും ആളുകളുണ്ട്. സിനിമ കൂടുതൽ ആളുകളിലേക്ക് എത്തുമ്പോൾ പാട്ടുകളും കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നു കരുതുന്നു.        

ഈണങ്ങൾ പ്രതീക്ഷകൾ 

വിഷ്ണു സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ തന്നെ അഭിനയിക്കുന്ന ‘പപ്പ’ ആണ് വരാനിരിക്കുന്ന അടുത്ത ചിത്രം. ‘കത്തനാർ’ എന്ന സിനിമയ്ക്കു വേണ്ടിയും ഞാൻ ഈണമൊരുക്കുന്നു. രണ്ടു ചിത്രങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA