ADVERTISEMENT

തനിമ തേടുന്ന തലമുറയിലേയ്ക്ക് പുതുമ നിറയ്ക്കും പാട്ടുമായി മലയാള സിനിമാസംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ച സംഗീതജ്ഞനാണ് ദീപക് ദേവ്. ആ ഈണങ്ങള്‍ പ്രണയമായും വിരഹമായും ആവേശമായും ആഘോഷമായും പ്രേക്ഷകഹൃദയങ്ങളെ തൊട്ടു തുടങ്ങിയിട്ട് വർഷം ഇരുപതിനോട് അടുക്കുന്നു. ലളിതസുന്ദരമായ പാട്ടുകൾകൊണ്ട് എക്കാലവും മലയാളികള്‍ക്ക് ആസ്വാദനസുഖം പകരാൻ ദീപക് ദേവിനു കഴിഞ്ഞിട്ടുണ്ട്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ‘ബ്രോ ഡാഡി’യിലെയും ‘21 ഗ്രാംസി’ലെയും പാട്ടുകളും പ്രേക്ഷകഹൃദയങ്ങളിൽ കയറിക്കൂടിക്കഴിഞ്ഞു. ഇനിയും പുറത്തിറങ്ങാൻ ഈണങ്ങളേറെ. പുത്തൻ പാട്ടുവിശേഷങ്ങൾ പങ്കിട്ട് ദീപക് ദേവ് മനോരമ ഓൺലൈനിനൊപ്പം. 

 

21 ഗ്രാംസിലെ ‘വിജനമാം താഴ്‌വാരം’ 

 

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് ‘21 ഗ്രാംസ്’. ചിത്രത്തിൽ ‘വിജനമാം താഴ്‌വാരം’ എന്ന ഒറ്റപ്പാട്ട് മാത്രമേയുള്ളു. ഈ പാട്ടിലൂടെ വേണം കുടുംബത്തിന്റെ വികാരങ്ങളും സെന്റിമെൻസുമെല്ലാം പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ. പാട്ട് ഒരു തവണ കേൾക്കുമ്പോൾ തന്നെ ചിത്രത്തിന്റെ ശരിയായ ഭാവം കിട്ടണം എന്നാണ് സംവിധായകൻ ബിബിൻ കൃഷ്ണ എന്നോടു പറഞ്ഞത്. സിനിമയിൽ പല കഥാപാത്രങ്ങൾക്കും ഭൂതകാലങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളുമുണ്ട്. അതിൽ ഒരു കഥാപാത്രത്തിന്റെ ജീവിതമാണ് ഈ പാട്ടിൽ കാണിക്കുന്നത്. പാട്ട് വിജയിച്ചു കഴിഞ്ഞാൽ ഈ കഥാപാത്രത്തെ കാണിക്കുമ്പോൾ അവരുടെ കുടുംബത്തെക്കുറിച്ചുള്ള ഏകദേശ ധാരണ പ്രേക്ഷകനു കിട്ടും. അങ്ങനെ ചെയ്ത പാട്ടാണിത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയതുകൊണ്ട് പശ്ചാത്തല സംഗീതത്തിന് കൂടുതൽ പ്രാധാന്യമുള്ള സിനിമയാണ് ‘21 ഗ്രാംസ്’.

 

 

പ്രതികരണങ്ങൾ

 

‘21 ഗ്രാംസി’ലെ പാട്ടിനു കിട്ടുന്ന പ്രതികരണങ്ങൾ അതിശയിപ്പിക്കുന്നു. ഇതൊരു ചെറിയ ചിത്രമാണ്. സാധാരണയായി വലിയ ചിത്രങ്ങളിലെ പാട്ടുകളും ടീസറും ഒക്കെ ഇറങ്ങുമ്പോഴാണ് പ്രേക്ഷകപ്രതികരണങ്ങൾ കൂടുതലായി കിട്ടുന്നത്. ചെറിയ ചിത്രങ്ങളിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെടുന്നത് സിനിമ റിലീസ് ചെയ്തതിനു ശേഷമായിരിക്കും. ചിത്രം പ്രേക്ഷകർക്ക് ഇഷ്ടമായാൽ അതിലെ പാട്ടുകളും ചർച്ചയാകും. ചെറിയ ചിത്രമായിരുന്നിട്ടുകൂടി ‘21 ഗ്രാംസി’ലെ പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. ഒരുപാട് പേർ വിളിച്ച് പാട്ടിനെക്കുറിച്ചു മികച്ച അഭിപ്രായങ്ങൾ അറിയിക്കുന്നതു കേൾക്കുമ്പോൾ സന്തോഷം.

 

‘ബ്രോ ഡാഡി’യിലെ പാട്ടുകൾ 

 

എല്ലാവരും ഒരുപോലെ ഏറ്റെടുത്ത ചിത്രമാണ് ‘ബ്രോ ഡാഡി’. പാട്ടുകളും സ്വീകരിക്കപ്പെട്ടു. കേൾക്കുമ്പോൾ തന്നെ സുഖം തോന്നുന്ന പാട്ടുകൾ ആയിരുന്നു ആ സിനിമയ്ക്ക് ആവശ്യം. കൂടുതൽ ബുദ്ധിപരമായ, ആഴത്തിൽ ഉള്ള പാട്ടുകൾ വേണ്ട മറിച്ച് ആദ്യ കേൾവിയിൽ തന്നെ ഇഷ്ടപ്പെടുന്ന പാട്ടുകൾ വേണം എന്നാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് പറഞ്ഞത്. അതിൽ ഒരു പാട്ട് ലാലേട്ടനും (മോഹൻലാൽ) പൃഥ്വിയും (പൃഥ്വി രാജ്) ചേർന്നു പാടിയിട്ടുണ്ട്. പൃഥ്വിയുമായി ‘പുതിയമുഖം’ എന്ന സിനിമ മുതൽ ഉള്ള അടുപ്പമാണ്. പുതിയമുഖത്തിൽ പൃഥ്വി ഒരു പാട്ട് പാടുകയും ചെയ്‌തു. പൃഥ്വി എന്ത് പറഞ്ഞാലും അത് പെട്ടെന്ന് എനിക്കു മനസ്സിലാകും, തിരിച്ചും അങ്ങനെ തന്നെ. പൃഥ്വി അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം അദ്ദേഹം ചെറിയ സാങ്കേതിക സഹായങ്ങളൊക്കെ ചെയ്യാറുണ്ട്. പാട്ടു ചെയ്യുന്ന സമയത്തും അവിടെ പൃഥ്വി വരും. പൃഥ്വി എന്ന സംവിധായകന്റെ പൾസ് എനിക്ക് എളുപ്പം മനസ്സിലാകും.  അതുകൊണ്ടു തന്നെ പൃഥ്വിയുടെ ചിത്രത്തിനു പാട്ടു ചെയ്യാൻ വളരെ എളുപ്പമായിരുന്നു.  

 

മഹാമാരിക്കിടയിലെ പാട്ടുജീവിതം

 

കോവിഡ് വന്നതോടെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ എല്ലാവരും നേരിടുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ‘21 ഗ്രാംസ്’ ചെയ്തത്. അതുകൊണ്ട് സംഗീതം ചെയ്യുമ്പോൾ അതിന്റേതായ പ്രയാസം ഉണ്ടായി. യാത്രകളും ഒത്തുചേരലുകളും നിയന്ത്രിക്കപ്പെട്ടതുകൊണ്ട് ഓർക്കസ്ട്ര ചെയ്യുന്നവരെ വരുത്തുന്നതിനും ബുദ്ധിമുട്ട് നേരിട്ടു. ഒറ്റ മ്യൂസിഷനെയും വരുത്താതെ പ്രോഗ്രാമിങ് കൊണ്ടു മാത്രം സംഗീതം ചെയ്യണമെന്ന് ഞാൻ കോവിഡ് കാലത്ത് തീരുമാനിച്ചു. സാധാരണ ലൈവ് സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ സിനിമയിൽ അതില്ലാതെ ഇലക്ട്രോണിക് സംഗീതം മാത്രമായപ്പോൾ സംഗീതത്തിനു പുതിയൊരു ശൈലി കിട്ടി. ത്രില്ലർ സിനിമകൾക്കു വയലിൻ, വിയോള, ചെല്ലോ, ഡബിൾ ബേസ് ഒക്കെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവിടെ അതൊന്നുമില്ലാതെ ഇലക്ട്രോണിക് സംഗീതം മാത്രം വച്ചാണ് അത്തരം സാഹചര്യങ്ങൾ സൃഷ്ടിച്ചത്. സാധാരണ സഞ്ചരിക്കാത്ത വഴിയായതുകൊണ്ട് പാട്ടു കേൾക്കുമ്പോൾ ഒരു പുതുമയും തോന്നുന്നുണ്ട്. കോവിഡിന്റെ സമയത്താണ് ഈ വ്യത്യസ്തതയെക്കുറിച്ചു ചിന്തിച്ചത്.

 

എല്ലാം തകിടം മറിച്ച കോവിഡ്

 

കോവിഡ് ജീവിതത്തെ കാര്യമായി ബാധിച്ചു. ലോക്ഡൗൺ കാലത്ത് തിയറ്ററുകൾ അടച്ചതോടെ സിനിമകൾ കുറഞ്ഞു തുടങ്ങി. പിന്നീട് തിയറ്ററുകൾ തുറന്നപ്പോഴും ആളുകൾ കയറാതെയായി. അതോടെ പുതിയ ചിത്രങ്ങള്‍ ചെയ്യാൻ നിർമാതാക്കൾ ഭയന്നു. സിനിമകളിൽ പലതും പതിയെ ഒടിടി പ്ലാറ്റ്ഫോമിലേയ്ക്കു മാറി. തിയറ്ററിൽ റീലിസ് ചെയ്യുമ്പോൾ കിട്ടുന്ന വരവേൽപ്പോ ലാഭമോ ഒടിടിയിൽ കിട്ടില്ല. അപ്പോൾ മുൻപ് തന്നുകൊണ്ടിരുന്നു പ്രതിഫലം തരാൻ നിർമ്മാതാക്കൾക്കു കഴിയുകയുമില്ല. അത് സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ബാധിച്ചു. ഇപ്പോൾ തിയറ്ററുകൾ തുറന്ന് സാധാരണ നിലയിലേക്ക് എത്തുന്നതു കാണുമ്പോൾ സമാധാനമുണ്ട്. ജീവിതത്തിലെ എല്ലാ ആവശ്യങ്ങളും നിറവേറിക്കഴിയുമ്പോൾ മാത്രം ആളുകൾ ആശ്രയിക്കുന്ന ഒരു കാര്യമാണ് വിനോദമേഖല. മറ്റൊരു മേഖലയും തുടർച്ചയായി പൂട്ടിയിടാൻ കഴിയില്ല. പക്ഷേ വിനോദം ഇല്ലെങ്കിലും ആളുകൾക്കു ജീവിക്കാം എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഈ മേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരുപാടുപേരുണ്ട്. ദിവസവേതനത്തിനു ജോലി ചെയ്യുന്നവർ എങ്ങനെ ജീവിക്കും? സിനിമാ മേഖല പഴയതുപോലെ ആയാൽ മാത്രമേ എല്ലാവർക്കും ജീവിക്കാനുള്ള വഴി തുറക്കൂ. പണ്ട് കോവിഡിനെ പേടിച്ചു നിന്നവരൊക്കെ ഇപ്പോൾ കോവിഡിനൊപ്പം ജീവിക്കാൻ ശീലിച്ചു തുടങ്ങിക്കഴിഞ്ഞു.  

 

ആദ്യം കേൾക്കുന്നത് അവർ

 

എന്റെ പാട്ടുകൾ വീട്ടിൽ ആണ് ആദ്യം കേൾപ്പിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കും എന്റെ പാട്ടുകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്. ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പാട്ടുകൾ വീട്ടിൽ പ്ലേ ചെയ്യും. റിലീസ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഞാൻ എന്റെ പാട്ട് കേൾക്കാറില്ല. കോവിഡ് കാരണം സിനിമ റിലീസ് ചെയ്യാൻ താമസിച്ചതുകൊണ്ടു പുതിയ പാട്ടുകൾ ഒന്നരവർഷത്തോളം വീട്ടിൽ കേൾപ്പിച്ചുകൊണ്ടേയിരുന്നു. അവർ കേട്ട് മടുത്തിട്ടുണ്ടാകും. മക്കൾ എന്റെ പാട്ടുകൾ ശ്രദ്ധിക്കാറുണ്ട്. ഞാൻ അറിയാത്ത എന്റെ കയ്യൊപ്പുകൾ പാട്ടിൽ വരുന്നത് അവർ തിരിച്ചറിയും. അപ്പോൾ ഒരു പാട്ടെങ്കിലും വ്യത്യസ്തമായി ചെയ്താൽ ഉടനെ ചോദിക്കും ഈ പാട്ടിൽ ഡാഡിയുടെ സിഗ്നേച്ചർ ഇല്ലല്ലോ, അത് വേണ്ടേ എന്ന്. എന്റെ സിഗ്നേച്ചർ എന്താണെന്നു ഞാൻ ചോദിക്കുമെങ്കിലും അവർക്ക് അത് പറയാൻ അറിയില്ല. പക്ഷേ എന്റേതായ എന്തോ ഒന്ന് പാട്ടിൽ മിസ് ചെയ്യുന്നു എന്ന് അവർ പറയും. ഇപ്പോഴത്തെ കുട്ടികൾ നമ്മളെയും കുറെ സഹായിക്കുന്നുണ്ട്. മാറി വരുന്ന പുതിയ ട്രെൻഡുകൾ അവർ ആണ് ശ്രദ്ധിക്കുന്നത്. അവർ അതേപ്പറ്റി പറയുമ്പോൾ എന്നെത്തന്നെ അപ്ഡേറ്റ് ചെയ്യണമെന്ന് എനിക്കു തോന്നും. ലാളിത്യമാണ് അവർ ആഗ്രഹിക്കുന്നതെന്ന് അവരുടെ തലമുറയുടെ അഭിരുചിയിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു. സങ്കീർണമായ പാട്ടുകൾക്കു പകരം കേൾക്കാൻ സുഖമുള്ള ലളിതമായ പാട്ടുകളാണ് അവർക്കിഷ്ടം. പുതിയ തലമുറയുടെ പ്രതികരണങ്ങൾ ജോലിയിൽ ഒരുപാട് സഹായിക്കുന്നുണ്ട്. 

 

ഞാൻ സംതൃപ്തൻ

 

വളരെ സന്തോഷത്തോടെയാണ് സംഗീതജീവിതത്തിൽ ഞാൻ മുന്നോട്ടു പോകുന്നത്. 2003ൽ ‘ക്രോണിക് ബാച്ചിലർ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഞാൻ ആദ്യമായി സിനിമാസംഗീതലോകത്തേയ്ക്കു വന്നത്. ആ സമയത്ത് സങ്കീർണ്ണമായ പാട്ടുകൾ കേൾക്കുന്ന തലമുറയിലേക്ക് എന്റെ പാട്ടുകൾ വന്നപ്പോൾ വളരെ ലളിതമായിപ്പോയി എന്നൊരു വിമർശനം ഉണ്ടായി. പാട്ടുകൾക്കു തനിമ കുറവാണെന്നായിരുന്നു അന്നത്തെ മുതിർന്ന തലമുറയുടെ അഭിപ്രായം. പക്ഷേ  ഇപ്പോൾ വരുന്ന പാട്ടുകൾക്കു വളരെ ലളിതമായ ഈണങ്ങളാണ് ഞാൻ ചെയ്യുന്നത്. അതേപോലെയുള്ള ട്യൂണുകൾ ചെയ്യുമ്പോൾ ഇത്രയും തനിമ വേണോ എന്നാണു ചിലർ ചോദിക്കുന്നത്. അന്നത്തെ തലമുറയുടെ അഭിരുചികളെ സംതൃപ്തിപ്പെടുത്തുകയും ഇന്നത്തെ തലമുറയ്ക്കു പ്രിയങ്കരമാകുന്ന രീതിയിൽ ലളിതമാവുകയും വേണം പാട്ടുകൾ എന്നതാണ് എന്റെ ചിന്ത. ഇന്ന് പുതുതായി വരുന്ന സംഗീതജ്ഞർക്ക് അവരുടേതായ പുതിയ ശൈലി മാത്രം ചെയ്‌താൽ മതി. പഴയത് കേട്ട് ഇഷ്ടപ്പെട്ട ആളുകൾക്ക് ഞാൻ മാറി ചെയ്യുമ്പോൾ ദീപകിന്റെ ഒരു സിഗ്നേച്ചർ എവിടെ എന്നു ചോദിക്കും. അപ്പോൾ ഞാൻ ചെയ്തുകൊണ്ടിരുന്ന ശൈലിയും പുതിയ തലമുറയ്ക്കു വേണ്ടിയുള്ളതും എല്ലാം കൂടിച്ചേർന്നതാണ് ഇപ്പോൾ എന്റെ സിഗ്നേച്ചർ. എന്റെ ട്യൂണിന്റെ സ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ടു പുത്തൻ രീതികൾ പരീക്ഷിക്കാൻ കഴിയുന്നുണ്ട്. അതു ചെയ്യാൻ ഒരുപാട് പരിശ്രമങ്ങൾ ആവശ്യമാണ്. ലോകം മുന്നോട്ടു നീങ്ങുന്നതെങ്ങനെയെന്നു മനസ്സിലാക്കിയാൽ മാത്രമേ കാലത്തിനൊപ്പം നടക്കാൻ കഴിയൂ. 

 

പുതുചിത്രങ്ങൾ 

 

ഞാനിപ്പോൾ ‘മോൺസ്റ്റർ’ എന്ന ചിത്രത്തിനായുള്ള സംഗീതത്തിന്റെ പണിപ്പുരയിലാണ്. മോഹൻലാൽ ചിത്രമാണത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായതിനാൽ അതിന്റേതായ ഒരു മനസികാവസ്ഥയിലാണ് ഞാനിപ്പോൾ. പാട്ടുകളുടെ റെക്കോർഡിങ് കഴിഞ്ഞു. ഈ വർഷം എങ്ങനെയായിരിക്കും എന്നൊരു പേടിയിൽ ആയിരുന്നു ഞാൻ. പക്ഷേ ലാലേട്ടൻ–പൃഥ്വി ചിത്രം ജനുവരിയിൽ റിലീസ് ആയതും ഫെബ്രുവരിയിൽ ‘21 ഗ്രാംസി’ലെ പാട്ട് ഇറങ്ങിയതുമെല്ലാം എന്നെ സന്തോഷിപ്പിച്ചു. മോൺസ്റ്റർ പുറത്തിറങ്ങുമ്പോഴും ഇതുപോലെ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നു പ്രതീക്ഷിക്കുകയാണ്. അതിനായി പ്രാർഥിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഈ വർഷം ഇതുവരെ നല്ലരീതിയിൽ തന്നെ മുന്നോട്ടു നീങ്ങി. അതു തുടരട്ടെയെന്നാണു പ്രാർഥന. മോൺസ്റ്ററിനു ശേഷം മറ്റുചില ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിലേയ്ക്ക് എത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com