ADVERTISEMENT

പ്രണയിക്കാൻ പഠിപ്പിച്ചും വിരഹത്താൽ കരയിച്ചും ആ ‘അനിയത്തിപ്രാവ്’ മലയാളഹൃദയങ്ങളിൽ ചേക്കേറിയിട്ട് ഇന്ന് വർഷം 25 തികയുന്നു. കാലം എത്ര കടന്നു പോയാലും എന്നുമെന്നും ആ സിനിമയും പാട്ടുകളും ആസ്വാദകമനസ്സുകളെ മെല്ലെ വന്നു തൊട്ടുകൊണ്ടേയിരിക്കും. പ്രണയികൾ അത്രമേൽ നെഞ്ചേറ്റിയ ചിത്രമാണത്. അനിയത്തിപ്രാവിനു മുൻപും ശേഷവും സൗഹൃദവും പ്രണയവും വിരഹവും നിറഞ്ഞൊഴുകിയ സിനിമകൾ നിരവധി ഉണ്ടായെങ്കിലും കുഞ്ചാക്കോ ബോബൻ–ശാലിനി പ്രണയജോടികളുടെ ഈ ചിത്രത്തിന് എന്നും പത്തരമാറ്റ്. ഔസേപ്പച്ചന്റെ സംഗീതത്തിൽ മനോഹരമായ ഗാനങ്ങളുമായി വന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. അന്നുമിന്നും കമിതാക്കൾ ഏറ്റുപാടുന്ന ഗാനമാണ് ‘ഓ പ്രിയേ’, ‘എന്നും നിന്നെ പൂജിക്കാം തുടങ്ങിയവ. ട്രെൻഡിനും ഒരുപടി മുന്നേ സഞ്ചരിക്കുന്ന ഔസേപ്പച്ചൻ, കമിതാക്കളുടെ മനമറിഞ്ഞാണ് ഈ പാട്ടുകളൊരുക്കിയത്. മുൻപ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അനിയത്തിപ്രാവിന്റെ പാട്ടുവിശേഷങ്ങൾ ഔസേപ്പച്ചൻ പങ്കുവച്ചത് ഇങ്ങനെ:

 

അനിയത്തിപ്രാവിനോടും ആ പാട്ടുകളോടും ഇന്നും ഒരു ആരാധനയാണ് മലയാളികൾക്ക്. എന്തുകൊണ്ടാണ് അങ്ങനെ എന്നു ചിന്തിച്ചിട്ടുണ്ടോ? 

 

അനിയത്തിപ്രാവിലെ ഗാനങ്ങളെല്ലാം തന്നെ ജനങ്ങൾ നെഞ്ചേറ്റിയവയാണ്. അന്ന് ഇന്നത്തെപ്പോലെ യൂട്യൂബും സോഷ്യൽ മീഡിയയൊന്നും പ്രചാരത്തിലില്ലല്ലോ. ടിവി ചാനലുകളിൽ പാട്ടു വരുമ്പോഴാണ് കാണാൻ സാധിക്കുക. അന്നൊക്കെ ടോപ് ടെൻ ഗാനങ്ങൾ എന്നുപറഞ്ഞു വരുന്ന പാട്ടുകളിൽ ഒന്നാമത്തേതായി ഓ പ്രിയേ വരാറുണ്ടായിരുന്നു. ഈ പാട്ടുതന്നെയായിരിക്കും കുറേനാളത്തേക്ക് ഒന്നാം സ്ഥാനത്ത് എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.  അന്ന് ഞാൻ മദ്രാസിൽ ആണ്. ഇന്നത്തെപ്പോലെ മറ്റുള്ളവരോടു പാട്ടുകളെപ്പറ്റി ചർച്ച ചെയ്യൽ ഒന്നുമില്ല. ഇതൊക്കെ കേരളത്തിൽ നടക്കുന്നു, ഞാൻ മദ്രാസിൽ ഇരുന്നു പാട്ടുകൾ കാണുന്നു. അത്രെയുള്ളൂ. ആ സിനിമയും പാട്ടുകളും ജനപ്രിയമാകാനുള്ള കാരണങ്ങളിൽ ഒന്ന് അതിലെ നായികയും നായകനും മലയാളി പ്രേക്ഷകർക്കു വളരെ വേണ്ടപ്പെട്ടവരാണ് എന്നുള്ളതാണ്. നായികയായി മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മയായ ബേബി ശാലിനിയുടെ രണ്ടാം വരവും നായകനായി മലയാള സിനിമയുടെ കാരണവരായ കുഞ്ചാക്കോയുടെ ചെറുമകൻ കുഞ്ചാക്കോ ബോബൻ വന്നതുമാണ്. വളരെ നല്ലൊരു തിരക്കഥയും കഥാസന്ദർഭങ്ങളും എല്ലാം ഒത്തിണങ്ങിയ ഒരു ചിത്രമായിരുന്നു അനിയത്തിപ്രാവ്. പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റ്. ഓരോ പാട്ട് എടുത്താലും ആ കഥാഗതിയുമായി വളരെ ഇഴുകിച്ചേർന്നു കിടക്കുന്നവയാണെന്നു കാണാം. എല്ലാം കൊണ്ടും ആ സിനിമയ്ക്കു വളരെ നല്ലൊരു പുതുമ ഉണ്ടായിരുന്നു.  പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടത് ചിത്രം ശ്രദ്ധിക്കപെട്ടതുകൊണ്ടുകൂടിയാണ്. അതുവരെ കേട്ടുകൊണ്ടിരുന്ന പാട്ടുകളിൽ നിന്നും വ്യത്യസ്തമായ ഒരു ട്രൻഡ് സെറ്റർ ആയിരുന്നു. പുതിയ ട്രെൻഡുകൾ എല്ലാമൊന്നും മലയാളികൾ ഏറ്റെടുക്കില്ല. ഉദാഹരണത്തിന് ഞാൻ വെൽകം 1990 എന്ന് മലയാളത്തിൽ ഒരു ആൽബം ഇറക്കിയപ്പോൾ ആകെ 5000 കസെറ്റുകൾ ആണ് വിറ്റുപോയത്. അന്ന് ആ പാട്ടുകൾക്കെതിരെ ചില വിമർശനങ്ങളും ഉയർന്നു. അതേ പാട്ടുകൾ തന്നെ എ.ആർ.റഹ്മാന്റെ പേരിൽ തമിഴിൽ ഡബ്ബ് ചെയ്തു പുറത്തിറിക്കിയപ്പോൾ അത് വൻഹിറ്റായി, ലക്ഷങ്ങളുടെ സിഡികൾ വിറ്റഴിഞ്ഞു. അനിയത്തിപ്രാവിലെ പാട്ടുകൾ അന്നത്തെ തലമുറയ്ക്കും അതിനടുത്ത തലമുറയ്ക്കും ആസ്വദിക്കാനാകുന്ന തരത്തിൽ ഒരുക്കിയപ്പോഴാണ് അത് ഒരു പുതിയ ട്രെൻഡ് ആവുകയും ഇന്നത്തെ തലമുറ വരെ ആ പാട്ടുകൾ ആസ്വദിക്കുന്ന തരത്തിലേക്ക് എത്തുകയും ചെയ്തത്. ഇന്നത്തെ ആസ്വാദകർ പോലും പ്രിയ പാട്ടുകളായി നെഞ്ചോടുചേർക്കുന്ന ചില പാട്ടുകൾക്കൊപ്പം ഈ പാട്ടുകൾക്കും സ്ഥാനമുണ്ട്.   

 

ഫാസിൽ ചിത്രത്തിൽ പാട്ടുകൾക്കു വളരെ പ്രാധാന്യമുണ്ടല്ലോ? പാട്ടുകളിലൂടെ ഫാസിലിനെ തൃപ്തിപ്പെടുത്തുക എളുപ്പമായിരുന്നോ? 

 

ഫാസിലിന്റെ ആദ്യ ചിത്രം ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ മുതൽ എടുത്തു നോക്കിയാൽ എല്ലാ ചിത്രത്തിലും പാട്ടുകൾക്കു വളരെയധികം പ്രാധാന്യമുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവിലെ പാട്ടുകൾ എന്റെ നൊസ്റ്റാൾജിക് പാട്ടുകളാണ്. കാരണം എന്റെ വിവാഹം കഴിഞ്ഞു ഞാനും ഭാര്യയുംകൂടി ഒരുമിച്ച് ആദ്യമായി പോയി കണ്ട ചിത്രമാണ് അത്. പാട്ടിലൂടെയാണ് ആ ചിത്രം കഥ പറയുന്നത്. അത് അദ്ദേഹത്തിന്റെ ഒരുപ്രത്യേകതയാണ്. പാട്ടുകൾ  ഉണ്ടായതിനു ശേഷം അദ്ദേഹം തിരക്കഥ ഒന്ന് പുതുക്കും. പാട്ടുകളിലൂടെ ചിത്രം ഒന്നുകൂടി ഓടിക്കും. അത് കഴിയുമ്പോൾ പാട്ടിനെയും ചിത്രത്തിനെയും തമ്മിൽ പിരിക്കാൻ കഴിയില്ല. ഇതുപോലെ സിനിമയിൽ പാട്ടിനു വളരെ പ്രാധാന്യം കൊടുക്കുന്ന സംവിധായകരുണ്ട്. അത്തരത്തിലുള്ള ഒരു സിനിമയായിരുന്നു അനിയത്തിപ്രാവ്. ചിത്രത്തിലെ ‘ഓ പ്രിയേ’ എന്ന പാട്ടിനു മുൻപ് ആ സിറ്റുവേഷനു വേണ്ടി എഴുതിയത് ‘തേങ്ങുമീ വീണയിൽ’ എന്ന ഗാനമായിരുന്നു. പാട്ട് ചിത്രീകരണത്തിനു തൊട്ടു മുൻപാണ് പാട്ട് ഒന്ന് മാറ്റാം എന്ന് സംവിധായകൻ പറഞ്ഞത്. ആ പാട്ടിനു പകരം ‘ഓ പ്രിയേ’ എന്ന വളരെ പ്രണയാർദ്രമായ ഗാനം ചെയ്യുകയും അത് ചിത്രീകരിക്കുകയും ചെയ്തു. റെക്കോർഡ് ചെയ്ത പാട്ട് മാറ്റി പുതിയ പാട്ട് ചെയ്തപ്പോൾ അധിക ചെലവ് വന്നതിൽ ചെറിയ വിഷമം തോന്നിയെങ്കിലും ചിത്രം ഒരു വർഷത്തോളം ഓടുന്നതു കാണുമ്പോൾ ഫാസിൽ എടുത്ത തീരുമാനമായിരുന്നു ശരി എന്നു ചിത്രത്തിന്റെ നിർമ്മാതാവ് സർഗ്ഗചിത്ര അപ്പച്ചൻ എന്നോട് പറഞ്ഞു.

 

കാക്കോത്തിക്കാവിന്റെ തിരക്കഥാകൃത്തും നിർമ്മാതാവും ഫാസിൽ ആയിരുന്നു അന്നുമുതൽ തന്നെ ഞങ്ങൾ തമ്മിൽ നല്ല ഒരു യോജിപ്പും തോന്നി. ഞാൻ ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ഒരുപാട് പ്രശ്നങ്ങളൊന്നുമില്ലാതെ കംപോസ് ചെയ്യാനും കഴിയും. ഫാസിൽ സാറിനെക്കുറിച്ചു ഞാൻ കേട്ടിട്ടുള്ളത് അദ്ദേഹത്തിനുവേണ്ടി പാട്ട് ചെയ്താൽ മാസങ്ങളോളം വർക്ക് ചെയ്യേണ്ടിവരും, അദ്ദേഹത്തെ പെട്ടെന്നൊന്നും തൃപ്തിപ്പെടുത്താൻ കഴിയില്ല എന്നൊക്കെയാണ്.  പക്ഷേ അനിയത്തിപ്രാവിനുവേണ്ടി പാട്ടുകൾ ചെയ്തപ്പോൾ ഓ പ്രിയേ ഒഴികെ എല്ലാ പാട്ടുകളും രണ്ടോമൂന്നോ ദിവസം കൊണ്ട് കമ്പോസിങ് കഴിഞ്ഞു. അദ്ദേഹം ചിന്തിച്ച അതേ റൂട്ടിൽ തന്നെയാണ് ഞാനും ചിന്തിച്ചുകൊണ്ടിരുന്നത്. ഞങ്ങളുടെ അഭിരുചികൾ ഒരുപോലെയായിരുന്നു. ഞങ്ങൾ ഒരുമിച്ചു ജോലി ചെയ്യുമ്പോൾ ഞങ്ങളുടെ ചിന്തകളും പുതുമ നിറഞ്ഞവയായിരുന്നു. പാട്ടുകൾ ഗംഭീരമാക്കണമെന്നൊന്നും കരുതി ചെയ്തതല്ല, എല്ലാം വളരെ അനായാസം സംഭവിച്ചതാണ്.   

 

അനിയത്തിപ്രാവിലെ ഓരോ പാട്ടിന്റെയും പിറവിയെക്കുറിച്ച്?

 

അനിയത്തിപ്രാവിനു വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തിയത് ഇന്നത്തെപ്പോലെ ഓർമ്മയുണ്ട്. ‘ഒരു രാജമല്ലി’ എന്ന പാട്ടിന്റെ പല്ലവി ഞാൻ കമ്പോസിങ്ങിനു പോകുന്നതിനുമുമ്പ് തന്നെ ചിട്ടപ്പെടുത്തിയിരുന്നു. അതു കേട്ടപ്പോൾ തന്നെ ഫാസിൽ ഓക്കേ പറഞ്ഞു. പല്ലവി കിട്ടിക്കഴിഞ്ഞാൽ അനുപല്ലവിയും ചരണവും ചെയ്യാൻ എളുപ്പമാണ്. അതൊക്കെ പിന്നെ നിഷ്പ്രയാസം അവിടെയിരുന്ന് ഉണ്ടാക്കി. ‘അനിയത്തിപ്രാവിന്’ എന്ന പാട്ട് ചെയ്യാൻ കുറച്ചുകൂടി ശ്രമം വേണ്ടിവന്നു. അതിന്റെ ഇമോഷൻ എനിക്കു കിട്ടുന്നുണ്ടായിരുന്നില്ല. പ്രണയമാണെങ്കിൽ നമുക്ക് ഇമോഷൻ പെട്ടെന്നു കിട്ടും. നമ്മുടെയെല്ലാം ഉള്ളിൽ പ്രണയമുണ്ട്. ഈ പാട്ട് ഒരു സഹോദരിയോടു കാണിക്കുന്ന സ്നേഹം പ്രകടിപ്പിക്കുന്ന പാട്ടാണ്. ആ ഒരു അനുഭവം എനിക്കു കടമെടുത്തുവേണം ചെയ്യാൻ.  എനിക്ക് അനുജത്തിയില്ല. അപ്പോൾ ആ സ്നേഹം, അടുപ്പം, അനിയത്തിയോടുള്ള ആത്മബന്ധം ഇവയൊന്നും എനിക്കു മനസ്സിലാകില്ല. അതിന്റെ സിറ്റുവേഷൻ വച്ച് ഞങ്ങൾ രണ്ടുമൂന്ന് ശ്രമങ്ങൾ നടത്തി. പക്ഷേ അന്നേ ദിവസം തന്നെ അതു ചിട്ടപ്പെടുത്തി. ‘എന്നും നിന്നെ പൂജിക്കാം’ എന്ന പാട്ട് വളരെ എളുപ്പം ചെയ്തതാണ്. ഫാസിൽ സിറ്റുവേഷൻ പറഞ്ഞപ്പോൾ തന്നെ എന്റെ മനസ്സിലൊരു ട്യൂൺ വന്നു. അത് മൂളിയപ്പോൾ തന്നെ അദ്ദേഹം ഓക്കേ പറഞ്ഞു. ഈ പാട്ടെല്ലാം ചെയ്യുമ്പോൾ എന്റെ ഒപ്പം തന്നെ അദ്ദേഹം ഇരുന്നു. ചിലപ്പോൾ പാട്ടുണ്ടാക്കുമ്പോൾ അദ്ദേഹവും കൂടെപാടും. ഞാൻ എപ്പോഴും വഴിമാറി ചിന്തിക്കുന്ന ആളാണ്. ‘വെണ്ണിലാക്കടപ്പുറത്ത്’ എന്ന പാട്ട് ചെയ്യാനിരിക്കുമ്പോൾ ഒരു കാടൻ സംഗീതം വേണമെന്നു തോന്നി. ആ പാട്ടിന്റെ തുടക്കത്തിൽ ‘നെഞ്ചത്തിൽ നേരുണ്ട്, സ്നേഹത്തിന് ഉറവുണ്ട്’ എന്ന രണ്ടു വരികൾ വിളിച്ചു കൂവി പാടുന്ന രീതിയിലാണ്. നമ്മൾ ഇതുവരെ കേൾക്കാത്ത ശൈലി. അത് പാടിക്കേൾപ്പിച്ചപ്പോൾ ‘ആഹാ ഇത് കൊള്ളാമല്ലോ’ എന്നാണു ഫാസിൽ പറഞ്ഞത്. ഞങ്ങൾ സി.ഓ ആന്റോയെ കൊണ്ടാണ് ആ രണ്ടുവരി പാടിച്ചത്. വെണ്ണിലാക്കടപ്പുറത്ത് പാടിയത് ദാസേട്ടനും (കെ.ജെ.യേശുദാസ്). ഈ പാട്ടുകളൊക്കെ വളരെ എളുപ്പത്തിൽ ചെയ്തപ്പോൾ കുറച്ചു കൂടുതൽ സമയം എടുത്തു ചെയ്തത് ‘തേങ്ങുമീ വീണയിൽ’ എന്ന പാട്ടാണ്. അതിന്റെ വരികൾ എഴുതാനും കുറച്ചു പ്രയാസമായിരുന്നു. കമ്പോസിങ് പൂർത്തിയാക്കി മൂന്ന്, നാല് പേരെക്കൊണ്ടു മാറ്റിമാറ്റി പാടിച്ചു റെക്കോർഡിങ്ങും കഴിഞ്ഞു ഷൂട്ടിങ്ങിനു പോയിട്ടാണ് ആ പാട്ടു വേണ്ടെന്നു വച്ച് ‘ഓ പ്രിയേ’ എന്ന ഗാനം ചെയ്തത്. എസ്.രമേശൻ നായരുടേതാണു വരികൾ. അദ്ദേഹം അന്തരിച്ചപ്പോൾ ഞാൻ ‘തേങ്ങുമീ വീണയിൽ’ എന്ന പാട്ട് പങ്കുവച്ചിരുന്നു. ഇത്രയും പാടുപെട്ട് ചെയ്ത പാട്ട് വേണ്ടെന്നുവച്ചിട്ട് നിഷ്പ്രയാസം ഉണ്ടാക്കിയ ‘ഓ പ്രിയേ’ എന്ന ഗാനം സിനിമയിൽ ഉൾപ്പെടുത്തി. ഇതിൽ നിന്നു ഞാൻ മനസ്സിലാക്കിയത് ഒരു കലാസൃഷ്ടി വളരെ ആലോചിച്ച് എഴുതിയും തിരുത്തിയും വളരെ പണിപ്പെട്ട് ചെയ്താൽ അതിൽ ഒരു കൃത്രിമത്വം നിഴലിക്കും. ഒറ്റയടിക്ക് മനസ്സിൽ ഒഴുകിവരുന്ന ട്യൂണുകൾ വളരെ സ്വാഭാവികവും ഹൃദയത്തിൽ തങ്ങിനിൽക്കുന്നതുമായിരിക്കും. അങ്ങനെയൊരു പാട്ടാണ് ‘ഓ പ്രിയേ’. 

 

‘ഓ പ്രിയേ’ ചാക്കോച്ചന്റെ പ്രിയയായി 

 

‘തേങ്ങുമീ വീണയിൽ’ വേണ്ടെന്നു വച്ചിട്ട് വെറുതെയിരുന്ന് ‘ഓ പ്രിയേ ഓ പ്രിയേ, പ്രിയേ നിനക്കൊരു ഗാനം’ എന്നൊരു തുണ്ടുകടലാസിൽ എഴുതി തുടങ്ങിയ ഗാനമാണ് പിൽക്കാലത്ത് ചെറുപ്പക്കാരുടെ ചുണ്ടുകളിൽ നിറഞ്ഞ ‘ഓ പ്രിയേ’ ആയിമാറിയത്. ആ സമയത്ത് പ്രണയിതാക്കളുടെ ദേശീയഗാനമായിരുന്നു ആ പാട്ട്. അനിയത്തിപ്രാവിലെ നായകനായ കുഞ്ചാക്കോ ബോബൻ വളരെപ്പെട്ടെന്നു തന്നെ എല്ലാവരുടെയും പ്രിയതാരമായി മാറി. ശാലിനി–ചാക്കോച്ചൻ ജോടിയെ മലയാളികൾ നെഞ്ചിലേറ്റി. അതോടൊപ്പം തന്നെ ഓ പ്രിയേ എന്നുള്ള ഗാനവും പ്രണയിതാക്കളുടെ പ്രിയഗാനമായി മാറി. ചാക്കോച്ചനാണെങ്കിൽ വളരെ യാദൃച്ഛികമായി ജീവിതത്തിലുടനീളം ‘ഓ പ്രിയേ’ എന്നു വിളിക്കാനുള്ള സാഹചര്യവും വന്നു. ചാക്കോച്ചന്റെ പ്രിയതമയുടെ പേരും പ്രിയ എന്നാണല്ലോ.

 

‘തേങ്ങുമീ വീണ’യിൽ നിന്ന് ‘ഓ പ്രിയേ’യിലേക്ക് 

 

‘തേങ്ങുമീ വീണയിൽ’ വീണ്ടും പങ്കുവച്ചപ്പോൾ ഒരുപാടുപേർ നല്ല കമന്റുകളുമായി എത്തിയിരുന്നു. എല്ലാവരും ഒരുപോലെ പറഞ്ഞ ഒരു കാര്യമുണ്ട്, ഈ പാട്ടുകൂടി ചിത്രത്തിൽ ഉൾപ്പെടുത്താമായിരുന്നുവെന്ന്. എന്നാൽ അത് ഓ പ്രിയയ്ക്കു പകരമല്ല. ഇതൊരു നല്ല പാട്ടുതന്നെ. പക്ഷേ ഓ പ്രിയേ എന്ന പാട്ട് മിസ് ചെയ്തെങ്കിൽ അതൊരു നഷ്ടം തന്നെയാകുമായിരുന്നു. ‘തേങ്ങുമീ വീണയിൽ’ എന്ന പാട്ടിന്റെ ഭാവം ദുഃഖമാണ്, പക്ഷേ ‘ഓ പ്രിയേ, പ്രിയേ നിനക്കൊരു ഗാനം’ എന്നു കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണു തോന്നുക. അവസാന നിമിഷം അങ്ങനെ ഒരു തീരുമാനം എടുക്കാൻ തോന്നിയത് സംവിധായകന്റെ ബ്രില്ല്യൻസ് തന്നെയാണ്.

 

എസ്.രമേശൻ നായർ പദസമ്പത്തിന്റെ അക്ഷയപാത്രം! 

 

എസ്.രമേശൻ നായർ സർ നല്ലൊരു കവിയാണ്. അദ്ദേഹത്തിന്റെ കലവറ പദസമ്പത്ത് കൊണ്ടു നിറഞ്ഞിരുന്നു. തന്റെ ചിത്രത്തിനെന്തുവേണമെന്നു ഫാസിൽ സാറിനു നല്ല ബോധ്യമുണ്ടായിരുന്നു. അതിനനുസരിച്ചു വളരെ മനോഹരമായ വരികൾ രമേശൻ നായർ സർ സൃഷ്ടിച്ചു. പാട്ട് റെക്കോർഡ് ചെയ്യാൻ വരുന്ന സമയത്താണ് ‘എന്നും നിന്നെ പൂജിക്കാം’ എന്ന വരികൾ ഉറപ്പിച്ചത്. അതുവരെ മറ്റു പലതും എഴുതിയിട്ട് ഒടുവിൽ ഞാൻ റെക്കോർഡിങ്ങിനു ചെന്നപ്പോഴാണ് അദ്ദേഹം ‘ഇതൊന്നു നോക്കിയേ’ എന്നുപറഞ്ഞുകൊണ്ടു വരികൾ എഴുതിത്തന്നത്. ആ വരികൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. യഥാർഥത്തിൽ പദസമ്പത്തിന്റെ അക്ഷയപാത്രമായിരുന്നു എസ്.രമേശൻ നായർ സർ. 

 

മലയാളത്തിലെ മുൻനിര ഗായകരെല്ലാം ചിത്രത്തിലെ പാട്ടുകൾക്കു സ്വരമായല്ലോ? ഏതെങ്കിലും പാട്ടിൽ പുതിയ ശബ്ദം പരീക്ഷിക്കണമെന്നു തോന്നിയിരുന്നോ? 

 

അങ്ങനെ ഒരിക്കലും തോന്നിയില്ല. ഞാനും ഫാസിലും ഒരുമിച്ചു ചെയ്യുന്ന ആദ്യ ചിത്രമാണ് ‘അനിയത്തിപ്രാവ്’. പാട്ട് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന പേരുകളാണ് ദാസേട്ടൻ, സുജാത, ചിത്ര, എം.ജി ശ്രീകുമാർ എന്നിവരുടേത്. അവരല്ലാതെ ഈ പാട്ടുകൾ മറ്റാരെക്കൊണ്ടു പാടിക്കാൻ? ഓ പ്രിയേയുടെ റെക്കോർഡിങ് സമയത്ത് ദാസേട്ടൻ അമേരിക്കയിലേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ട്യൂൺ കൊടുത്തയച്ചാൽ പാട്ട് അവിടെനിന്നു പാടി അയക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. അതു കേട്ടപ്പോൾ എനിക്കും ഫാസിലിനും വളരെയധികം സങ്കടം വന്നു. കാരണം, ഞങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാട്ടായിരുന്നു അത്. പക്ഷേ എന്തുകൊണ്ടോ ദാസേട്ടന്റെ യാത്ര വൈകി. നാളെ തന്നെ റെക്കോർഡ് ചെയ്യാം, വേഗം സ്റ്റുഡിയോ റെഡി ആക്കിക്കോളൂ എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. പാട്ട് പാടികഴിഞ്ഞപ്പോൾ, എന്റെ യാത്ര വൈകിയത് നന്നായി അല്ലേ, ഇത്രയും നല്ലൊരു പാട്ട് എനിക്ക് ഇവിടെത്തന്നെ വന്നു പാടാൻ കഴിഞ്ഞല്ലോ. ഒരുപക്ഷേ അവിടുന്നു പാടി അയച്ചെങ്കിൽ ഇത്രയും നന്നാകില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ദാസേട്ടന്റെ ശബ്ദത്തിന് ഒരു പ്രത്യേകതയുണ്ട്. എത്ര പ്രായം കുറഞ്ഞവർക്കു വേണ്ടി പാടിയാലും ആ ശബ്ദം നമുക്കു സ്വീകാര്യമാകും. വളരെ പ്രായം കുറഞ്ഞ ചാക്കോച്ചനുവേണ്ടി പാടിയിട്ടുപോലും നമുക്ക് കല്ലുകടിച്ചില്ല. ചാക്കോച്ചന്റെ ശബ്ദംപോലെ തന്നെ തോന്നി അതുപോലെ ഫീൽ കൊടുത്തു പാടാൻ ആർക്കും കഴിയില്ല. അത്രമാത്രം മലയാളികളുടെ മനസ്സിൽ പതിഞ്ഞ മനോഹരശബ്ദത്തിനുടമയാണ് ദാസേട്ടൻ. അങ്ങനെ ‘ഓ പ്രിയേ’ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്നായി മാറി. ഇന്നും ചെറുപ്പക്കാരുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന പ്രണയ ഗാനങ്ങളാണ് അനിയത്തിപ്രാവിലേത്. കാലമിത്രയുമായിട്ടും ആ പാട്ടുകളുടെ സ്വീകാര്യത കുറഞ്ഞിട്ടില്ല. പുതിയ തലമുറയിലെ കുട്ടികൾ പോലും ഈ പാട്ടുകൾ മൂളിനടക്കുന്നത് കാണുമ്പോൾ ചാരിതാർത്ഥ്യം തോന്നാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT