ADVERTISEMENT

സിനിമാ സംഗീതത്തിനപ്പുറമുള്ള സംഗീത ലോകത്തേക്ക് ചേക്കേറിയവർ ഒരുപാടുണ്ട്, ഫ്രെയിമുകൾക്കും കഥയുടെ ഭാവത്തിനും അനുസരിച്ച് സൃഷ്ടിക്കപ്പെടുന്ന സിനിമാ സംഗീത ലോകത്തേക്കാൾ വലുതാണ് ഇവരുടെ സംഗീതലോകം. അത്തരത്തിലൊരാളാണ് മലയാളിയായ മനോജ് ജോർജ്. ഇങ്ങ് കേരളത്തിൽ നിന്നും വയലിൻ മീട്ടി അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് റെകോർഡിങ് ആർട്സ് ആൻഡ് സയൻസ് നൽകി വരുന്ന ഗ്രാമി അവാർഡില്‍ വീണ്ടും മുദ്ര പതിപ്പിച്ച  ഈ തൃശൂരുകാരനെ കുറിച്ച് എത്ര മലയാളികള്‍ക്കറിയാം?  ഇപ്പോഴിതാ രണ്ടാമതും ഗ്രാമി പുരസ്കാരത്തിൽ തന്റെ പേര് ചേർത്തിരിക്കുകയാണ് മനോജ് ജോർജ്. ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്ന നേട്ടമാണ് മനോജ് ജോർജ് സ്വന്തമാക്കിയത്. 2022ലെ ഗ്രാമി പുരസ്കാരത്തിൽ മികച്ച ന്യു ഏജ് ആൽബം ആയി തിരഞ്ഞെടുത്തത് മനോജ് വയലിനിസ്റ്റും കണ്ടക്ടറും സ്ട്രിങ് അറേഞ്ചറുമായി പ്രവർത്തിച്ച ഡിവൈൻ ടൈഡ്സ് എന്ന ആൽബമാണ്. മനോജ് ജോർജ് മനോരമയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്. 

 

രണ്ടാമതും ഗ്രാമി അവാർഡിന്‍റെ തിളക്കം, എങ്ങനെ കാണുന്നു ഈ നേട്ടത്തെ?

 

വലിയൊരു ബഹുമതിയാണിത്. വീണ്ടും ഗ്രാമി അവാർഡിന്റെ ഭാഗമാകുക എന്നുള്ളത് എന്നെ സംബന്ധിച്ച് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ഇത് രണ്ടാമത്തെ തവണയാണ് റിക്കി കേജിന്റെ ആൽബത്തിന് ഗ്രാമി പുരസ്കാരം ലഭിക്കുന്നത്. 2015ല്‍ 'വിൻഡ്സ് ഓഫ് സംസാര' എന്ന റിക്കി കേജിന്റെ ആൽബത്തിലൂടെയാണ് ആദ്യമായി ഗ്രാമി പുരസ്കാരം. അന്ന് വയലിനിസ്റ്റ്, സ്ട്രിങ് അറേഞ്ച്, കണ്ടക്ടർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് കൈകാര്യം ചെയ്തത്. ഇപ്പോള്‍ പുരസ്കാരം ലഭിച്ച ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിനും ഈ മൂന്ന് കാര്യങ്ങൾ തന്നെ ചെയ്‌തു.

 

ഗ്രാമി അവാർഡിന് വേണ്ടത്ര പരിഗണന മലയാളത്തിൽ ലഭിക്കുന്നുണ്ടോ? ഈ പുരസ്‌കാരം നേടിയ ആദ്യ മലയാളി കൂടിയാണല്ലോ താങ്കൾ?

 

ആദ്യമായായിരുന്നു ഒരു മലയാളിക്ക് 2015ൽ ഗ്രാമിയിൽ ഭാഗമാകുവാൻ സാധിച്ചത്. അതുപോലെ തന്നെ ഗ്രാമി പുരസ്‍കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വയലിനിസ്റ്റ് കൂടിയാണ് ഞാൻ. ഗ്രാമി എന്നാൽ സത്യത്തിൽ നമ്മുടെ നാട്ടിലെ പലർക്കുമറിയില്ല. മ്യൂസിക് ആൽബങ്ങൾക്കാണ് ഗ്രാമി കിട്ടുന്നത്. ഓസ്കറെന്തെന്നും റഹ്മാനും റസൂൽ പൂക്കുട്ടിയും ആരെന്നും ലോകമൊട്ടുക്കറിയാം. പക്ഷേ ഗ്രാമിയെ കുറിച്ചറിയുന്നവർ ചുരുക്കം. ഗ്രാമത്തിൽ നിന്ന് കിട്ടുന്ന അവാർഡാണോ എന്നു പോലും ചോദിച്ചിട്ടുണ്ട് ചിലർ. അവർക്കറിയില്ല ഇതെന്താണെന്ന്. ആരും അറിയാത്തതിൽ പരാതിയില്ല. പക്ഷേ അതിന്റെ പ്രധാന്യം അറിയാതെ പോകുന്നതിൽ വിഷമമുണ്ട്.

 

2015ൽ ഗ്രാമി അവാർഡ് കിട്ടിയപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിനന്ദിക്കാൻ വിളിച്ചിരുന്നു. അന്ന് അദ്ദേഹത്തോട് നമ്മുടെ നാട്ടിലും സിനിമ ഇതര സംഗീതത്തിനും സംഗീതജ്ഞർക്കും സർക്കാർ അവാർഡ് നൽകുന്ന കാര്യം പരിഗണിക്കണം എന്ന് പറഞ്ഞിരുന്നു. വളരെ പോസിറ്റിവ് ആയാണ് അദ്ദേഹം പ്രതികരിച്ചത്. അന്ന് നൽകിയ നിവേദനത്തെ തുടർന്ന് സംസ്ഥാനത്ത് സിനിമ ഇതര സംഗീതത്തിനും സംഗീതജ്ഞർക്കും സർക്കാർ അവാർഡ് നൽകുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചതുമാണ്. പക്ഷെ പിന്നീട് സർക്കാർ മാറി, സത്യത്തിൽ ഇതുപോലെയുള്ള അവാർഡുകൾ കേരളത്തിലും വേണം. വളർന്നു വരുന്ന സംഗീതജ്ഞർക്ക് വലിയ മുതൽക്കൂട്ടാവുന്ന കാര്യമാണ്. അന്നത്തെ ഗവൺമെന്റ് മാറിയില്ലെങ്കിൽ അത് നടന്നേനെ, അതിനു ശേഷം മന്ത്രിയായിരുന്ന എ.കെ ബാലൻ സാറിനെ കണ്ടിരുന്നു. പ്രൊപ്പോസലും കൊടുത്തതാണ്. അദ്ദേഹം അത് ചെയ്യാം, നോക്കാം എന്നു പറഞ്ഞു. പക്ഷേ പിന്നീട് മറ്റ് നടപടികൾ ഒന്നും തന്നെ നടന്നില്ല.

 

നമുക്കും വേണ്ടേ നാഷനൽ ലെവൽ ബാൻഡുകളൊക്കെ?

 

ഇന്ത്യൻ സംഗീതത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുവാൻ നാഷനൽ ബാൻഡെന്ന സംവിധാനത്തിന് കഴിയും. നമുക്ക് അത്തരമൊരെണ്ണമാണ് ആവശ്യം. ബ്രിട്ടനും അമേരിക്കയ്ക്കും ഇസ്രയേലിനുമുള്ളതു പോലെ. അവർ വെസ്റ്റേൺ ക്ലാസിക്കലാണ് ചെയ്യുന്നത്. നമുക്ക് രാഗം അടിസ്ഥാനമാക്കിയ, ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീത പാരമ്പര്യത്തെ ഉൾക്കൊള്ളുന്ന ബാൻഡ് ആണ് വേണ്ടത്. അത് നമ്മൾടെ സംഗീതത്തെ കുറിച്ച് ലോകത്തോടു സംവദിക്കും. അതാണ് വേണ്ടത്. ലോകമറിയുന്ന കലാകാരന്മാർ കേരളത്തിലുണ്ട്. പക്ഷേ അവർക്കെല്ലാം ആകെയുള്ള സാധ്യത സിനിമയാണ്. എല്ലാവരുടെയും ആഗ്രഹം സിനിമയിൽ സംഗീതം ചെയ്യണം പാടണം എന്നു തന്നെയാണ്. സിനിമ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിനോദവും. പക്ഷേ സിനിമയില്‍ എത്തിച്ചേരുന്നത് വളരെ കുറച്ച് പേർ മാത്രമാണ്. ബാക്കിയുള്ളവർ സ്വന്തം സംഗീതവുമായി പോവുകയാണ് ചെയ്യുന്നത്. ആർക്കും തന്നെ വേണ്ടത്ര അംഗീകാരമോ വേദികളോ കിട്ടുന്നില്ല എന്നതാണ് വാസ്തവം. അവാർഡ് വേണമെന്ന് വാദിക്കുന്നത് വേറൊന്നിനുമല്ല. അങ്ങനൊരു അവാർഡ് കിട്ടുമ്പോഴെങ്കിലും ഇവരെ കുറിച്ച് ആളുകൾ അറിയുമല്ലോ, ശ്രദ്ധിക്കപ്പെടുമല്ലോ എന്നു കരുതിയാണ്. ഇത്തരത്തിലുള്ള അവാർഡുകൾ കേരള-ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് വേണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

 

 

കേരളത്തിലെ ബാൻഡുകളുടെ സ്വീകാര്യതയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

 

രണ്ടായിരം കാലഘട്ടത്തിൽ അന്ധരാഗ്നി എന്ന ബാൻഡിലൂടെയാണ് ഞാൻ വളർന്നുവന്നത്. ഇന്ത്യയിൽ ഒരുപാട് സ്ഥലങ്ങളിൽ പെർഫോം ചെയ്യാൻ പറ്റി. സ്വന്തം സംഗീതവുമായിട്ടാണ് അന്ധരാഗ്നിയിൽ ഞങ്ങൾ പരിപാടികൾ അവതരിപ്പിച്ചത്. 13 ADയാണ് കേരളത്തിലെ ഏറ്റവും പഴക്കമുള്ള പോപ്പുലർ ബാൻഡ്. സൗത്ത് ഇന്ത്യയിലേത് എന്ന് വേണമെങ്കിൽ പറയാം. അത്രയും പോപ്പുലർ ആയിരുന്നു അവർ. പിന്നീട് സംസ്കാരങ്ങൾ മാറി മാറി വന്നു. ഇപ്പോൾ ഇവിടെ ഒത്തിരി ബാൻഡുകൾ ഉണ്ട്. പലതരത്തിൽ, പല രീതിയിൽ മ്യൂസിക് ചെയ്യുന്നവർ. അവിയൽ പോലുള്ള ബാൻഡുകൾ വളർന്നു വരുന്നതും സന്തോഷം നൽകുന്ന കാര്യമാണ്.

 

 

പുതിയ പ്രോജക്ടുകളെക്കുറിച്ച്?

 

ഇപ്പോൾ ഒരു മലയാളം സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. പാട്ടുകൾ  ഒരുവിധം ആയി. പിന്നെ എന്റേതായ ആൽബങ്ങളുടെ പണിപ്പുരയിലുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com