അന്നത്തെ ആ ‘തിയറ്റർ സ്വപ്നം’ ഇന്ന് സഫലം’; കെജിഎഫ് 2ലെ പാട്ടുകാരൻ വിപിൻ സേവ്യർ അഭിമുഖം
Mail This Article
എല്ലാ വർഷവും കൊച്ചിയിൽ പുതുവർഷപ്പുലരിയിലെ ആഘോഷത്തിമിർപ്പിൽ എല്ലാവരും ഏറ്റുപാടുന്ന പാട്ടാണ് ഛോട്ടാ മുംബൈയിലെ ‘വാസ്കോ ഡ ഗാമ’. വിപിൻ സേവ്യർ എന്ന കൊച്ചിക്കാരന്‍ ഗായകനെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയതും അതേ പാട്ടിലൂടെ. നിരവധി ന്യൂജെൻ പാട്ടുകൾ പാടി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച വിപിൻ സേവ്യറിന്റെ ഏറ്റവുമൊടുവിൽ പുറത്തുവന്ന പാട്ടും ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കെജിഎഫ് ടൂവിലെ ‘തൂഫാൻ’. മലയാളികളുടെ ഇഷ്ടഗായകൻ അൻവർ സാദത്തിനൊപ്പമായിരുന്നു വിപിന്റെ ആലാപനം. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ പാട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിപിൻ. പുത്തൻ പാട്ടുവിശേഷങ്ങളുമായി വിപിൻ സേവ്യർ മനോരമ ഓൺലൈനിനൊപ്പം.
കെജിഎഫ് ടു, സ്വപ്ന സാക്ഷാത്ക്കാരം
കെജിഎഫ് 1 തിയറ്ററിൽ പോയി കണ്ടപ്പോൾ സിനിമ മാത്രമല്ല, പാട്ടുകളും ഒരുപാട് ഇഷ്ടമായിരുന്നു.അതുപോലെ എനിക്കും പാടാൻ അവസരം കിട്ടിയിരുന്നെങ്കിലെന്ന് അന്നു ചിന്തിച്ചു. ആ സ്വപ്നമാണ് ഇപ്പോൾ സഫലമായത്. സ്വപ്നത്തിലേയ്ക്കു വഴി തുറന്നത് ഗായകൻ അന്‍വർ സാദത്തും ഗാനരചയിതാവ് സുധാംശു സാറും. ഒരു ദിവസം അൻവർ ഇക്ക വിളിച്ചിട്ട് കെജിഎഫ് ടുവില്‍ പാട്ടു പാടാനുള്ള അവസരത്തെക്കുറിച്ചു പറഞ്ഞു. കേട്ടപ്പോൾ ഞാൻ അമ്പരന്നു. സുധാംശു സാറും വിളിച്ചു സംസാരിച്ചു. തുടര്‍ന്ന് ഏറ്റെടുത്തിരുന്ന ചില പരിപാടികൾ ഒഴിവാക്കി അൻവർ ഇക്കയ്ക്കൊപ്പം ഞാൻ മംഗലാപുരത്തേയ്ക്കു പോയി. ചിത്രത്തിന്റെ സംഗീതസംവിധായകൻ രവി ബസ്രുർ സാറിന്റെ വീട്ടിൽ ആയിരുന്നു സ്റ്റുഡിയോ. റെക്കോർഡിങ് വല്ലാത്ത അനുഭവമായിരുന്നു. ഞാനും അൻവർ ഇക്ക, ശ്രുതികാന്ത്, പ്രകാശ് ചേട്ടൻ, ഐശ്വര്യ എന്നിവരുമെല്ലാം ഒരുമിച്ചാണ് പാട്ട് പഠിച്ചത്. രവി സർ ഒപ്പം ഇരുന്ന് എല്ലാം പറഞ്ഞു തന്നു. ഇതുവരെ പാടിയിട്ടില്ലാത്ത തരത്തിലുള്ള എനർജി ആയിരുന്നു ഈ പാട്ടിനു വേണ്ടത്. സംവിധായകൻ പ്രിയപ്പെട്ട പ്രശാന്ത് നീൽ സർ ഞങ്ങളോടൊപ്പം സ്റ്റുഡിയോയിൽ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. പാടിക്കഴിഞ്ഞപ്പോൾ എല്ലാവർക്കും ഇഷ്ടമായി. മികച്ച പ്രതികരണം ലഭിക്കുന്നതിൽ സന്തോഷം.
നന്ദി പറഞ്ഞാൽ തീരില്ല
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. മഹാമാരിയുടെ പ്രയാസമേറിയ കാലത്തു നിന്നുള്ള രക്ഷയായി ദൈവം എനിക്കായി കരുതിയ സമ്മാനമാണ് ഈ പാട്ട്. പാടാൻ അവസരം നൽകിയ അൻവർ ഇക്കയോടും സുധാംശു സാറിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല. എല്ലാവരോടും എന്നും നന്ദിയും സ്നേഹവും.
ഞാനും എന്റെ പാട്ടും
ഛോട്ടാ മുംബൈയിലെ 'വാസ്കോഡ ഗാമ' എന്ന പാട്ടിലൂടെയാണ് ഞാൻ അറിയപ്പെട്ടു തുടങ്ങിയത്. രാഹുൽ രാജ് ചേട്ടൻ ആണ് ആ ഹിറ്റ് എനിക്കു തന്നത്. അഫ്സൽ ഇക്ക, റിമി ടോമി എന്നിവരോടൊപ്പമായിരുന്നു പാട്ട്. മെജോ ജോസഫിന്റെ സംഗീതത്തിൽ ട്രാഫിക്കിലെ ‘കണ്ണേറിഞ്ഞാൽ’ എന്ന പാട്ടും ഹിറ്റായിരുന്നു. എല്ലാത്തരം പാട്ടുകൾ പാടാനും എനിക്കിഷ്ടമാണ്. ഫാസ്റ്റ് നമ്പറുകൾ പാടാനാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്.
അന്യഭാഷാ ഗാനങ്ങൾ
ജാസി ഗിഫ്റ്റ് ചേട്ടന്റെ സംഗീതത്തിൽ ഒരു കന്നഡ ഗാനം പാടിയിട്ടുണ്ട്. ജാസി ചേട്ടൻ ആണ് എനിക്ക് ആദ്യമായി പിന്നണി പാടാൻ അവസരം തന്നത്. ശംഭു എന്ന ചിത്രത്തിൽ 'ബൊമ്മ' എന്ന പാട്ടായിരുന്നു അത്.
മഹാമാരിക്കാലം
25 വർഷമായി ഞാൻ സംഗീത രംഗത്തുണ്ട്. കോവിഡ് വന്നപ്പോൾ ഉണ്ടായ ഇടവേള പോൽ മറ്റൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. വിവിധരാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്ന എന്നെപ്പോലുള്ള കലാകാരന്മാരുടെ ജീവിതത്തിലെ വില്ലനായാണ് കോവിഡ് എത്തിയത്. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നു ആദ്യം. സംഗീതം തന്നെയാണ് എല്ലാ ദുഃഖങ്ങളും അകറ്റിയത്.
പുതിയ പ്രോജക്ടുകൾ
കോവിഡ് കഴിഞ്ഞു വീണ്ടും ജീവിതം പഴയ സ്ഥിതിയിലേക്കു വന്നുതുടങ്ങി. സ്റ്റേജ് പരിപാടികൾക്കു ക്ഷണം വരുന്നുണ്ട്. കോവിഡിനു മുൻപ് പാടിയ ചില ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. ഒന്നുരണ്ടു ചിത്രങ്ങളിൽ പുതുതായി പാടാൻ അവസരം ലഭിച്ചു. ചില ഭക്തി ഗാനങ്ങൾ പാടി. 'കൊച്ചിയിലെ മച്ചാൻ' എന്ന പേരിൽ സ്വന്തമായൊരു സംഗീത ബാൻഡ് ഉണ്ട് എനിക്ക്. ബാൻഡ് ‘ഒരു കൊച്ചിപ്പാട്ട്’ എന്ന പേരിൽ പാട്ട് ചെയ്തു. ആരാധനാപാത്രമായ മമ്മൂട്ടിയെക്കുറിച്ച് ഒരു പാട്ട് പാടിയിട്ടുണ്ട്. വിദേശ പരിപാടികളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.