ADVERTISEMENT

പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് മലയാളത്തിലെത്തിക്കുന്ന കെജിഎഫ് ചാപ്റ്റർ 2 കേരളത്തിലും തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ്. മലയാളം പതിപ്പിലെ ഇതുവരെ റിലീസ് ചെയ്ത പാട്ടുകളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. അന്ന ബേബി എന്ന യുവഗായിക പാടിയ ‘ഗഗനം നീയേ’ എന്ന മെലഡി പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. പുത്തൻ പാട്ടുവിശേഷങ്ങളുമായി അന്ന ബേബി മനോരമ ഓൺലൈനിനൊപ്പം. 

 

തുടക്കം സ്വപ്നതുല്യം

 

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കെജിഎഫ് 2 എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ പാടാൻ അവസരം കിട്ടിയത് എന്റെ ഭാഗ്യമായി കരുതുന്നു. ഇത് എന്റെ ആദ്യ മുഖ്യധാരാ സിനിമയാണ്. സുഹൃത്തായ സംഗീതസംവിധായകൻ സാം സൈമൺ ജോർജ്ജ് ആണ് എനിക്ക് ഈ  അവസരം ഒരുക്കിത്തന്നത്. കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രുർ സർ പാട്ടിന്റെ മലയാളം പതിപ്പിനു വേണ്ടി ഒരു ഗായികയെ തിരയുകയായിരുന്നു. അപ്പോഴാണ് കുറച്ചു വോയ്സ് സാംപിളുകൾ അയച്ചുകൊടുക്കാൻ സാം എന്നോട് ആവശ്യപ്പെട്ടത്. അങ്ങനെ കെജിഎഫ് 1ലെ ഒരു മെലഡി പാടി ഞാൻ അയച്ചു. സാം അതു രവി സാറിനെ കേൾപ്പിച്ചപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. ഉടൻ സർ എന്നെ വിളിക്കുകയും ചിത്രത്തിനു വേണ്ടി പാടാൻ തയ്യാറെടുത്തോളൂ എന്നു പറയുകയും ചെയ്തു. അങ്ങനെ പിറ്റേ ദിവസം തന്നെ മംഗലാപുരത്തെത്തി പാട്ട് റെക്കോര്‍ഡ് ചെയ്തു. രവി സാറിന്റെ സ്റ്റുഡിയോയിൽ വച്ചു തന്നെയായിരുന്നു െറക്കോർഡിങ്. രവി സാറിനെക്കൂടാതെ പാട്ടിനു വരികൾ കുറിച്ച സുധാംശു സാറും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. പാട്ട് കേട്ട് രവി സർ മികച്ച അഭിപ്രായം പറഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. 

 

എൻജിനീയർ ഗായികയായപ്പോൾ

 

ഞാൻ എൻജിനീയർ ആണ്. കുറച്ചു നാൾ ജോ‌ലി ചെയ്തിട്ടുണ്ട്. എന്നും താൽപര്യം സംഗീതത്തോടായതുകൊണ്ട് സംഗീതമേഖലയിൽത്തന്നെ ചുവടുറപ്പിച്ചു. ആറു വയസ്സ് മുതൽ കർണ്ണാട്ടിക് സംഗീതപഠനം ആരംഭിച്ചതാണ്. ഉസ്താദ് ഫയാസ് ഖാന്റെ കീഴിൽ ഹിന്ദുസ്ഥാനിയും പഠിച്ചു. ഇപ്പോഴും പഠനം തുടരുന്നു. സ്കൂൾ–കോളജ് കാലങ്ങളിലെല്ലാം കലോത്സവങ്ങളിൽ പങ്കെടുക്കുമായിരുന്നു. ഒരിക്കൽ ഞങ്ങൾ സുഹൃത്തുക്കളെല്ലാം ചേർന്ന് ‘എങ്ങോ മറഞ്ഞു’ എന്നൊരു ആൽബം ചെയ്തു. എല്ലാത്തരം പാട്ടുകളും പാടാൻ എനിക്കിഷ്ടമാണ്. എന്നാൽ എന്റെ മെലഡികൾ കേൾക്കാനാണ് കൂടുതൽ ഇഷ്ടമെന്ന് ആസ്വാദകർ പറയുന്നു.

 

കുടുംബം എന്റെ ശക്തി  

 

ഭർത്താവ് അരുൺ അഗസ്റ്റിനും ആറുമാസം പ്രായമുള്ള ആഡ്‌ലീനും അടങ്ങുന്നതാണ് കുടുംബം. തറവാട് പാലയിലെ പൂവരണിയിൽ. മാതാപിതാക്കളും സഹോദരിയും എന്റെ കലാജീവിതത്തിൽ പരിപൂർണപിന്തുണയുമായി കൂടെയുണ്ട്.103 വയസ്സുള്ള മുത്തശ്ശിയും എന്റെ പാട്ടിന്റെ ആസ്വാദകയാണ്. ഭർതൃവീട്ടുകാരും പ്രോത്സാഹനവുമായി എപ്പോഴും ഒപ്പമുണ്ട്. 

 

പ്രതികരണങ്ങളിൽ സന്തോഷം 

 

‘ഗഗനം നീയേ’ എന്ന ഗാനം ട്രെന്‍ഡിങ് ആയതിൽ ഒരുപാട് സന്തോഷമുണ്ട്. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. പാട്ട് കേട്ടിട്ട് സുഹൃത്തുക്കളും ബന്ധുക്കളും മാത്രമല്ല ഇതുവരെ പരിചയമില്ലാത്തവർ പോലും വിളിച്ചു. ചില മെസ്സേജുകൾ കണ്ടു കണ്ണ് നിറഞ്ഞുപോയി. ഞാൻ പാട്ടിനെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അറിയുന്നവരാണ് അവർ. എല്ലാവരുടെയും പിന്തുണ വലിയ പ്രോത്സാഹനമാണ്.

 

ഗുരുക്കന്മാർ 

 

ജാനകി അമ്മയുടെയും ലതാജിയുടെയും ആരാധികയാണ് ഞാൻ. അവരെ രണ്ടുപേരെയും ഗുരുസ്ഥാനത്തു കാണുന്നു. ചിത്രചേച്ചിയോട് വലിയൊരു അടുപ്പം തോന്നിയിട്ടുണ്ട്. ചേച്ചിയുടെ പാട്ടുകൾ ആണ് ഞാൻ കൂടുതൽ പാടിയിട്ടുള്ളത്. എ.ആർ റഹ്‌മാൻ സാറിന്റെ പാട്ടുകൾ ഏറെ ഇഷ്ടമാണ്. അദ്ദേഹം വലിയൊരു പ്രചോദനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com