ADVERTISEMENT

സംഗീതാസ്വാദകരെ ഗൃഹാതുരതയിലേക്ക് നയിച്ച 96 എന്ന സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കിയ ഗോവിന്ദ് വസന്ത മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ്. സിനിമാസംഗീതത്തേക്കാൾ സ്വതന്ത്ര സംഗീതമാണ് ഗോവിന്ദ് വസന്തയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. മലയാളസിനിമയിൽ അധികം പാട്ടുകളൊന്നും ചെയ്തിട്ടില്ലെങ്കിലും ഇടയ്ക്കിടെ വരുന്ന പാട്ടുകൾ കൊണ്ടുതന്നെ ഈ സംഗീതജ്ഞൻ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്.  ന്യൂ ജെനറേഷൻ താരങ്ങളുമായെത്തിയ ഏറ്റവും പുതിയ ചിത്രം ജോ ആൻഡ് ജോയുടെ സംഗീതസംവിധാനം ഗോവിന്ദ് വസന്തയാണ്. 'പുഴയരികത്ത് ദമ്മ്', 'ആരാണത്' തുടങ്ങിയ ജോ ആൻഡ് ജോയിലെ പാട്ടുകളുടെ ലിറിക്കൽ വിഡിയോകൾക്ക് ദശലക്ഷക്കണക്കിനാണ് ആരാധകർ. പുത്തന്‍ പാട്ടു വിശേഷങ്ങളുമായി ഗോവിന്ദ് വസന്ത മനോരമ ഓൺലൈനിനൊപ്പം. 

 

ഇടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്ക്

 

ജോ ആൻഡ് ജോയുടെ സംവിധായകൻ അരുൺ ഡി ജോസിനെ എനിക്ക് നേരത്തെ തന്നെ പരിചയമുണ്ട്  ഞാൻ സംഗീതം ചെയ്ത 19 (1) (എ) എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്‌തത് അദ്ദേഹമാണ്. ആ സിനിമ റിലീസ് ചെയ്യാൻ കുറച്ചു താമസമുണ്ട്. അതുകൊണ്ടാണ് അതിനു ശേഷം ചെയ്ത ഈ ചിത്രം മുൻപേ ഇറങ്ങിയത്. ജോ ആൻഡ് ജോയുടെ കഥ കേട്ടപ്പോൾ എനിക്ക് വളരെയധികം താല്പര്യം തോന്നി. ഇത് ലോക്ഡൗൺ സമയത്ത് നടക്കുന്ന ഒരു കഥയാണ്. ലോക്ഡൗൺ കാലത്ത് ഇറങ്ങിയ സിനിമകൾ കൂടുതലും ഡാർക്ക് സിനിമകൾ ആയിരുന്നു. പക്ഷേ ഈ സിനിമയുടെ കഥ ലോക്ഡൗണിനിടയിൽ നമ്മുടെയെല്ലാം വീട്ടിൽ നടക്കുന്ന ചില സംഭവങ്ങളും, കൂട്ടുകാരുമായുള്ള ചിരിയും തമാശകളും സഹോദരിയുമൊപ്പമുള്ള ഇണക്കവും പിണക്കവുമൊക്കെയാണ്. അതൊക്കെ എനിക്ക് വളരെ രസകരമായി തോന്നി. ഈ സമയത്ത് ഇത്തരമൊരു ചിത്രം എല്ലാർക്കും പുത്തനുണർവ് നൽകുമെന്നും പ്രതീക്ഷയുണ്ടായി. എല്ലാരേയും ആകർഷിക്കുന്ന പുതുമ നൽകുന്ന പാട്ടുകൾ ആയിരുന്നു ചിത്രത്തിനു വേണ്ടത്. അങ്ങനെയാണ് ഈ ചിത്രത്തിൽ സംഗീതം ചെയ്യാമെന്ന‌ു ഞാൻ തീരുമാനിച്ചത്.  

 

പുതുമ നിറയ്ക്കും പാട്ടൊരുക്കുക വെല്ലുവിളി ആയിരുന്നോ? 

 

സ്‌ക്രീനിൽ യുവ താരങ്ങളുടെ എനർജി കത്തി നിൽക്കുമ്പോൾ അതിനൊപ്പം പിടിച്ചു നിൽക്കുന്ന പാട്ടുകളുണ്ടാക്കുകയെന്നത് ഒരു ഉത്തരവാദിത്തമായിരുന്നു. അതിനാണ് ഞാൻ ശ്രമിച്ചത്. മെലഡി എന്നതിനേക്കാൾ സിനിമയുടെ പൾസ് നിലനിർത്തിക്കൊണ്ടാണ് പാട്ട് ചെയ്തത്. അഭിനയിക്കുന്ന കുട്ടികൾ വളരെ ചെറുപ്പമായിരുന്നല്ലോ അവരുമായി ചേർന്നു പോകുന്ന, കഥ നടക്കുന്ന പ്രദേശവുമായി യോജിക്കുന്ന തരം സംഗീതമാണ് വേണ്ടിയിരുന്നത്. അതുകൊണ്ടു കുറച്ച് കൂടുതൽ ഫോക്ക് രീതി ഉപ്പെടുത്തിയിട്ടുണ്ട്.

 

ജോ ആൻഡ് ജോയ്ക്കു കിട്ടുന്ന പ്രതികരണങ്ങൾ 

 

സമൂഹമാധ്യമങ്ങളിൽ അത്രകണ്ട് സജീവമല്ല ഞാൻ. അതുകൊണ്ട് സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങൾ ഒന്നും വായിക്കാൻ കഴിഞ്ഞിട്ടില്ല. പാട്ടുകൾ കേട്ടിട്ട് ഒരുപാടുപേർ വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്. എന്റെ സുഹൃത്തുക്കൾ വിളിച്ച് വളരെ മനോഹരമായ പാട്ടുകളാണെന്നു പറഞ്ഞു പ്രശംസിച്ചു. സിനിമ  വൻ വിജയമാകുമെന്നു പ്രതീക്ഷിക്കുന്നു. കൂടുതൽ പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ്.

 

തമിഴില്‍ വൻ ഹിറ്റുകൾ. എന്നാൽ മലയാളത്തിൽ അത്ര സജീവമല്ല. മലയാളത്തെ മറന്നോ? 

 

ഞാൻ സിനിമ സീരിയസ് ആയി എടുത്തു തുടങ്ങിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ. സംഗീത ബാൻഡിനാണ് മുൻഗണന നൽകിയിരുന്നത്. ബാൻഡും യാത്രകളുമൊക്കെയായി പോകുമ്പോഴാണ് 96 ൽ പാട്ടൊരുക്കാൻ അവസരം വന്നത്. അതൊരു വലിയ മാറ്റമായിരുന്നു. അതിനു ശേഷമാണു സിനിമയിൽ സംഗീതം ചെയ്യുക എന്നുള്ളത് ഗൗരവമായി കണ്ടുതുടങ്ങിയത്. പിന്നീട് മലയാള ചിത്രങ്ങളുമായി പലരും സമീപിക്കുമ്പോൾ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് തോന്നുന്നവ മാത്രം ഏറ്റെടുക്കുകയാണ് ചെയ്യാറ്. അതുകൊണ്ടാണ് അധികം ചിത്രങ്ങൾ ഉണ്ടാകാത്തത്.  

 

കൂടുതൽ സിനിമകളിൽ സംഗീതവുമായി മലയാളത്തിലേയ്ക്ക് എത്തുമെന്നു പ്രതീക്ഷിക്കാമോ? അതോ സ്വതന്ത്ര സംഗീതത്തിലാണോ താൽപര്യം?  

 

സ്വതന്ത്ര സംഗീതം കുറച്ച് കൂടുതൽ ഇഷ്ടമാണ്. സിനിമ ഉറപ്പായും ചെയ്യും നമ്മുടെ നിലനിൽപ്പിന്റെ ഭാഗം കൂടിയാണല്ലോ അത്. രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോകണം എന്നാണ് ആഗ്രഹം.

 

മലയാളം വിട്ട് അന്യഭാഷയിൽ ചേക്കേറിയതിനു പിന്നിൽ? സംഗീതത്തിനു ഭാഷയില്ലെന്നാണോ വിശ്വാസം?

 

ഞാൻ പതിനെട്ടുവർഷത്തോളം ചെന്നൈയിൽ ആയിരുന്നു. തമിഴാണ് എനിക്ക് കൂടുതൽ വഴങ്ങുക. സംഗീതലോകത്ത് കൂടുതൽ പരിചയക്കാരുള്ളതും തമിഴിലാണ്. അതുകൊണ്ട് തമിഴിൽ കൂടുതൽ പാട്ടുകൾ ചെയ്യുന്നുവെന്നേയുള്ളൂ. ഭാഷാപരമായ വേർതിരിവൊന്നും എനിക്കില്ല. ഏതു ഭാഷയിലായാലും സംഗീതം ചെയ്യും, അത്രതന്നെ.

 

96നു ശേഷം ജീവിതത്തിലും കരിയറിലും ഉണ്ടായ പ്രധാന മാറ്റങ്ങൾ, ഉയർച്ചകൾ? 

 

96 മുതൽ ആണ് കരിയർ തുടങ്ങിയത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിനു മുൻപും സിനിമകൾക്കു സംഗീതം ചെയ്തിട്ടുണ്ടെങ്കിലും സജീവമായി സിനിമയിലേക്ക് ഇറങ്ങാനുള്ള പ്ലാൻ ഉണ്ടായിരുന്നില്ല. പക്ഷേ 96 ൽ പാട്ടുകൾ ചെയ്തത് ജീവിതത്തിലെ വഴിത്തിരിവായി. അത്തരത്തിലുള്ള പാട്ടുകൾ കൂടുതൽ ആളുകൾ ആവശ്യപ്പെടാൻ തുടങ്ങി. അതിനു ശേഷമാണു സിനിമയിൽ സജീവമാകാൻ തീരുമാനിച്ചത്.

 

കുടുംബവിശേഷം?

 

ഭാര്യ രഞ്ജു. ജോ ആൻഡ് ജോയുടെ സബ്ടൈറ്റിൽ ചെയ്തിരിക്കുന്നത് രഞ്ജു ആണ്. ചെറിയ ബിസിനസ്സും ചെയ്യുന്നുണ്ട്. ഇപ്പോൾ കൊച്ചിയിൽ ഒരു മാർക്കറ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട തിരക്കിലാണ്.

 

 

പുത്തൻ പ്രോജക്ടുകൾ?

 

സായി പല്ലവിയുടെ ഗാർഗി എന്ന തമിഴ് ചിത്രത്തിനുവേണ്ടി പാട്ടൊരുക്കിയിട്ടുണ്ട്. പാ രഞ്ജിത്ത് സാറിന്റെ നിർമാണത്തിൽ മറ്റൊരു ചിത്രവും ചെയ്തു.  മലയാളത്തിൽ 19 (1) (എ), പടവെട്ട്‌ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. കോവിഡ് കാലത്ത് വീട്ടിൽ വെറുതെയിരുന്നപ്പോൾ പുതിയ സംഗീത പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. ഇപ്പോൾ വീണ്ടും സംഗീതലോകത്തു സജീവമായി തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com