ADVERTISEMENT

മലയാളിക്ക് ഒരിക്കലും കേട്ടുമടുക്കാത്ത ഒരു സ്വരമുണ്ട്. പ്രണയത്തിലും വിരഹത്തിലും ആഘോഷത്തിലും ആനന്ദത്തിലുമൊക്കെ കൂട്ടായെത്തുന്ന ഒരു സ്വരസൗന്ദര്യം, എം.ജി.ശ്രീകുമാർ. പാടിത്തുടങ്ങിയ കാലം തൊട്ടിന്നോളം ഓരോ പാട്ടിലൂടെയും കേൾവിക്കാരുടെ ഹൃദയത്താളുകളില്‍ വീണ്ടും വീണ്ടും പേരെഴുതിച്ചേർത്തുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ട പാട്ടുകാരന്റെ 65ാം പിറന്നാളാണിന്ന്. എംജിയുടെ ശബ്ദത്തിൽ ഇനിയുമെത്രയോ പാട്ടുകൾ ആസ്വാദകഹൃദയങ്ങളെ തഴുകിത്തലോടിയും താളം പിടിപ്പിച്ചും കണ്ണീരണിയിച്ചും ഒഴുകിയിറങ്ങേണ്ടിയിരിക്കുന്നു! എം.ജിയുടെ പാട്ടിനെക്കുറിച്ചു ചോദിച്ചാൽ ഭാര്യ ലേഖ പറയും, ‘കേട്ടത് മധുരം, കേൾക്കാനുള്ളത് അതിമധുരം’ എന്ന്. എം.ജി.ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന് എപ്പോഴും കൂട്ടായുണ്ട് ലേഖ. നിഴൽ പോലെ കൂടെ നടക്കുന്ന പ്രിയപത്നി എംജിക്ക് നൽകുന്ന ഊർജം ചെറുതല്ല. എം.ജി.ശ്രീകുമാർ എന്ന ഗായകന്റെ വളർച്ചയിൽ ലേഖയുടെ പിന്തുണയും സാമീപ്യവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിശേഷങ്ങൾ പങ്കിട്ട് ലേഖ ശ്രീകുമാർ മനോരമ ഓൺലൈനിനൊപ്പം. 

 

പതിവ് ആഘോഷങ്ങൾ

 

2000ൽ മൂകാംബികയിൽ വച്ചാണ് ഞങ്ങൾ വിവാഹിതരായത്. ഒരുമിച്ചതിനു ശേഷമുള്ള ശ്രീക്കുട്ടന്റെ ആദ്യപിറന്നാള്‍ തിരുവനന്തപുരത്തു ഞങ്ങളുടെ വീട്ടിൽ തന്നെയായിരുന്നു. വലിയ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നു. വിവാഹത്തിനുമുൻപ് 14 വർഷക്കാലം ഞങ്ങൾ ഒരുമിച്ചാണ് ജീവിച്ചത്. അപ്പോഴും പിറന്നാൾ ആഘോഷങ്ങൾ വളരെ ലളിതമായിത്തന്നെയാണ് നടത്തിയിരുന്നത്. കൂടുതൽ സമയവും യാത്രകളിലായതിനാല്‍ തന്നെ ഓസ്ട്രേലിയ, ലണ്ടൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ വച്ച് പലതവണ പിറന്നാളുകൾ ആഘോഷിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അപ്പോഴൊക്കെ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ശ്രീക്കുട്ടനായി ആഘോഷങ്ങൾ സംഘടിപ്പിക്കുമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിനപ്പുറം ഞാനും ശ്രീക്കുട്ടനും മാത്രം ഒരുമിച്ചു പിറന്നാൾ ആഘോഷിക്കുന്നതാണ് ഞങ്ങൾക്കു രണ്ടുപേർക്കും ഏറ്റവുമധികം ഇഷ്ടമുള്ള കാര്യം. എപ്പോഴും ഒരുമിച്ചായതുകൊണ്ട് ആഘോഷങ്ങൾ ഇതുവരെ മുടങ്ങിയിട്ടില്ല. അതെല്ലാം ദൈവാനുഗ്രഹമായി കാണുന്നു. ‍ഞങ്ങൾ ഒരുമിച്ചു തുഴയുന്ന തോണി മുന്നോട്ടു നീങ്ങിക്കൊണ്ടേയിരിക്കുകയാണ്. 

lekha2

 

പിറന്നാൾ മധുരം

 

ശ്രീക്കുട്ടന് എപ്പോഴും ഞാൻ വച്ചുവിളമ്പി കൊടുക്കുന്നതാണ് ഇഷ്ടം. പിറന്നാളിനാണെങ്കിലും ചെറിയ രീതിയിൽ എന്തെങ്കിലും തയ്യാറാക്കാൻ ആയിരിക്കും അദ്ദേഹം ആഗ്രഹിക്കുന്നത്. യാതൊരുവിധ നിർബന്ധങ്ങളുമില്ല. പിറന്നാളിന് കേരളത്തിൽ നാട്ടിൽ തന്നെയുണ്ടെങ്കിൽ ഞാൻ ചെറിയ രീതിയിൽ സദ്യ ഒരുക്കാറുണ്ട്. എന്നും കഴിക്കുന്ന കറികൾ തന്നെയാണ് തയ്യാറാക്കുന്നതെങ്കിലും അതിന് ഒരു പ്രത്യേക മാധുര്യം ഉണ്ടാകും. പാൽപ്പായസം ശ്രീക്കുട്ടൻ ഒരുപാട് ഇഷ്ടമാണ്. അതും ഞാൻ പിറന്നാളിനു വിളമ്പും. പിന്നെ അമ്പലത്തിൽ പോയി വഴിപാടുകൾ കഴിപ്പിക്കും. നാട്ടിലുള്ള സമയങ്ങളിലൊക്കെ ഗുരുവായൂർ ക്ഷേത്രത്തില്‍ തുലാഭാരം നടത്താറുണ്ട്. ഇങ്ങനെയൊക്കെയാണ് സാധാരണയായുള്ള പിറന്നാൾ ആഘോഷങ്ങൾ. 

 

കണ്ണന്റെ മുന്നിൽ

 

ഇത്തവണത്തെ പിറന്നാൾ ഗുരുവായൂരിൽ ആണ്. ശ്രീക്കുട്ടനും എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഗുരുവായൂർ. ക്ഷേത്രത്തിൽ തൊഴുതതിനു ശേഷം രാത്രി വരെ ക്ഷേത്രപരിസരങ്ങളിലൊക്കെത്തന്നെയുണ്ടാകും ‍ഞങ്ങൾ. അവിടുന്നു തന്നെയാണ് ആഹാരം കഴിക്കുന്നത്. നാളെയേ തിരിച്ചു വരൂ. 26ാം തീയതിയാണ് ശ്രീക്കുട്ടന്റെ ജന്മനക്ഷത്രം. അന്നുംകൂടി തൊഴുതുപ്രാർഥിച്ച ശേഷമേ ഗുരുവായൂരിൽ നിന്നു മടങ്ങൂ. 

 

എന്റെ പിറന്നാൾ

leklha3

 

ജനിച്ച ദിവസം ചെറിയരീതിയിലെങ്കിലും ആഘോഷിക്കുകയെന്നത് എനിക്കു നിർബന്ധമുള്ള കാര്യമാണ്. അത് അങ്ങനെതന്നെയാണ് ഇപ്പോഴും തുടരുന്നത്. ഞാനും ശ്രീക്കുട്ടനും പരസ്പരം സർപ്രൈസുകളൊന്നും നൽകാറില്ല. എനിക്ക് എന്താണു വേണ്ടതെന്ന് അദ്ദേഹത്തിനറിയാം. അല്ലെങ്കിൽ എനിക്ക് ആവശ്യമുള്ളത് എന്താണെന്ന് ഞാൻ അങ്ങോട്ടു പറയാറുണ്ട്. അതൊക്കെ അദ്ദേഹം സാധിച്ചു തരികയും ചെയ്യും. 

 

ജീവിതമന്ത്രം!

 

പരസ്പരം മനസ്സിലാക്കി ജീവിക്കുന്നുവെന്നതാണ് ‍ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി. ഞങ്ങള്‍ മാത്രമല്ല, എല്ലാ ഭാര്യാഭർത്താക്കന്മാരും ഇതാണു പിന്തുടരേണ്ടതെന്നു തോന്നുന്നു. പരസ്പരം മനസ്സിലാക്കി ഈഗോ ഇല്ലാതെ ജീവിച്ചാൽ തന്നെ യാതൊരു പ്രശ്നങ്ങളുമില്ലാതെ ബന്ധം മുന്നോട്ടു പോകും. അതാണ് ഞങ്ങൾ ചെയ്യുന്നത്. സംസാരിക്കാന്‍ ഇഷ്ടമല്ലാത്ത വിഷയങ്ങൾ ഞങ്ങൾ രണ്ടുപേരും മാറ്റി നിർത്തുകയാണ് പതിവ്. യാതൊരു കാര്യത്തിലും പരസ്പരം നിർബന്ധം പിടിക്കാറുമില്ല. ഒരു കാര്യവും പറഞ്ഞ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ശ്രീക്കുട്ടൻ എപ്പോഴും സന്തോഷത്തോടെയിരിക്കണം. എങ്കിലല്ലേ അദ്ദേഹത്തിന് ഇനിയും കൂടുതൽ പാട്ടുകൾ പാടാൻ കഴിയൂ. കേട്ടത് മധുരം, കേൾക്കാത്തത് അതിമധുരം എന്നു പറയുന്നതുപോലെ ഇനിയും അദ്ദേഹത്തിന്റെ എത്രയോ മധുരിതമായ ഗാനങ്ങൾ നാം കേൾക്കേണ്ടിയിരിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ അത് ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു പ്രയാസവും ഇല്ലാതെ നോക്കുകയെന്നത് എന്റെ കടമയാണ്. അതിനു ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. പണ്ടുമുതലേ ശ്രീക്കുട്ടന് മാനേജർ ഇല്ല. അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും ഞാൻ നോക്കാറുണ്ട്. ഭാര്യ എന്ന നിലയില്‍ ഞാൻ എന്റെ കടമ പൂർണമായും നിർവഹിക്കുന്നു. അദ്ദേഹത്തിന്റെ മാനേജർ ആയും പ്രവർത്തിക്കേണ്ടത് ആവശ്യമാണെങ്കിൽ അതും ഞാൻ ചെയ്യും. സമയാസമയത്തു ഭക്ഷണം കഴിക്കുന്നുണ്ടോ, വെള്ളം കുടിക്കുന്നുണ്ടോ തുടങ്ങി ചെറിയ കാര്യങ്ങൾ പോലും കൂടെ നടന്ന് ഓർമിപ്പിച്ച് കൃത്യമായി ഞാൻ ചെയ്യിക്കാറുണ്ട്. 

lekha1

 

വിമർശനങ്ങൾ പലവിധം

 

ഞങ്ങൾ ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. വിവാഹത്തിനു മുൻപും ശേഷവും അത് രണ്ട് തരത്തിലാണെന്നു മാത്രം. എന്തിനാണ് എപ്പോഴും ഭാര്യയെ കൂടെ കൊണ്ടുപോകുന്നതെന്ന് ആദ്യകാലത്ത് ഒരുപാടുപേർ ശ്രീക്കുട്ടനോടു ചോദിച്ചിട്ടുണ്ട്. പല വിമർശനങ്ങളും ഞങ്ങൾക്കു നേരെയുണ്ടായി. പക്ഷേ അപ്പോഴൊക്കെ ‘അദ്ദേഹത്തിന്റെ കൂടെ നടക്കാൻ വേണ്ടിയാണ് വിവാഹം കഴിച്ചത്’ എന്നുള്ള മറുപടിയും ഞാൻ കൊടുത്തിട്ടുണ്ട്. ഇത്തരം ചോദ്യങ്ങളൊക്കെ ഒരുപാട് വർഷങ്ങൾക്കു മുൻപ് കേട്ടതാണ്. ഇപ്പോൾ ആരും അങ്ങനെയൊന്നും ചോദിക്കാറില്ല. ഇപ്പോഴൊക്കെ പല കാലാകാരന്മാരും യാത്രകളിൽ ഭാര്യയെ കൂടെക്കൂട്ടാറുണ്ടല്ലോ. അതുകൊണ്ടുതന്നെ ആ ചോദ്യത്തിന് ഇന്നത്തെ കാലത്തു പ്രസക്തിയില്ല.  

 

യാത്രാപ്രേമം

 

ഞങ്ങൾ ഇനി സന്ദർശിക്കാൻ വളരെ കുറച്ചു സ്ഥലങ്ങളേ ബാക്കിയുള്ളു. എല്ലാ രാജ്യങ്ങളിലും പോകാൻ രണ്ടുപേർക്കും ഇഷ്ടമാണ്. എങ്കിലും അമേരിക്ക ഞങ്ങളുടെ എപ്പോഴത്തേയും പ്രിയപ്പെട്ട ഇടം തന്നെ. ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും അവിടെയുണ്ട്. എന്റെ മകളും അമേരിക്കയിലാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അമേരിക്ക എപ്പോഴും പ്രിയരാജ്യമാണ്. കോവിഡ് നൽകിയ നീണ്ട ഇടവേളയ്ക്കു ശേഷം അടുത്തമാസം ‍ഞങ്ങൾ വീണ്ടും അമേരിക്കയിലേയ്ക്കു പോവുകയാണ്. ആദ്യം ഞാനാണ് പോകുന്നത്. ജോലിത്തിരക്കുകൾ ഒതുക്കിയ ശേഷം ശ്രീക്കുട്ടനും അവിടേക്കു വരും. യാത്രയേക്കുറിച്ചോർത്ത് ഞങ്ങൾ രണ്ടു പേരും വലിയ ആകാംക്ഷയിലാണ്. വർഷത്തിൽ രണ്ടും മൂന്നു തവണ വിദേശപര്യടനം നടത്തിയിരുന്നതാണ്. കോവിഡ് വന്നതോടെ എല്ലാം മുടങ്ങി. ഇടവേളയ്ക്കു ശേഷമായതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഈ അമേരിക്കൻ യാത്രയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

 

പ്രണയമില്ലാതെന്തു ജീവിതം? 

 

'Love before marriage, life after marriage' എന്നാണല്ലോ പറയാറുള്ളത്. വിവാഹശേഷം പ്രണയം ഇല്ലെന്നല്ല, പക്ഷേ മുന്‍പത്തേതിനേക്കാൾ വ്യത്യാസമുണ്ടാകും. പ്രേമിക്കുമ്പോൾ തീർച്ചയായും എല്ലാവരും അവരവരുടെ നല്ല വശങ്ങൾ മാത്രമായിരിക്കും പുറത്തു കാണിക്കുക. വിവാഹശേഷമുള്ള ജീവിതത്തിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ തമ്മിലുള്ള പ്രണയം എന്നും എപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. എല്ലായ്പ്പോഴും മനസ്സിൽ പ്രണയം ഉണ്ടാകണം. പ്രണയം എന്നത് മോശം കാര്യമല്ലല്ലോ. വിവാഹശേഷം പ്രണയം വേണോ? അതിനു മുന്‍പല്ലേ പ്രണയകാലം? എന്നൊക്കെ ഒരുപാട് പേർ ചോദിക്കുന്നതു കേട്ടിട്ടുണ്ട്. പക്ഷേ വിവാഹശേഷം ഭാര്യാ–ഭർതൃ ബന്ധം മുന്നോട്ടുപോകണമെങ്കിൽ അവിടെ ശക്തമായ ഒരു പ്രണയം വേണം. പ്രണയം ഉണ്ടെങ്കിലേ ജീവിതം ശക്തമാകൂ. ഞാനും ശ്രീക്കുട്ടനും സ്നേഹമല്ലാതെ പരസ്പരം മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. അതിതീവ്രമായ സ്നേഹമാണ് ഞങ്ങൾ തമ്മിൽ. ഇതെല്ലാം ഈശ്വരനിശ്ചയമായി ഞാൻ കാണുന്നു. എനിക്ക് കൗമാരത്തിലോ കോളജ് കാലത്തോ ഒന്നും യാതൊരു പ്രണയബന്ധങ്ങളും ഇല്ലായിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഇത്രകണ്ടു സ്നേഹിച്ച ഏക മനുഷ്യൻ ശ്രീക്കുട്ടനാണ്. ഞാൻ അക്കാര്യം അദ്ദേഹത്തോട് പലതവണ പറഞ്ഞിട്ടുമുണ്ട്. ‍ഞങ്ങൾ എപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുകയാണ്. പ്രണയമില്ലാതൊരു ജീവിതമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വെറുമൊരു ഫാന്റസി പ്രണയമല്ല ഞങ്ങളുടേത്. ജീവിതത്തെ ജീവിതമായിത്തന്നെ കാണുന്നു. ഉയർച്ചതാഴ്ചകൾ ഉണ്ടാകും, പ്രയാസങ്ങള്‍ ഉണ്ടാകും. ഞങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ട്. അതിനൊന്നും പക്ഷേ 5 മിനിറ്റിലധികം ആയുസ്സ് ഉണ്ടാകില്ല. ചിലപ്പോൾ അത് 5 സെക്കൻഡുകൾ കൊണ്ട് ഇല്ലാതാകും. വിട്ടുവീഴ്ചയ്ക്കു തയ്യാറായാൽ തന്നെ ജീവിതം വിജയകരമാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ‍പ്രണയവും ജീവിതവും എല്ലാം ആസ്വദിച്ചു തന്നെയാണ് ഞങ്ങളുടെ ജീവിതത്തോണി മുന്നോട്ടു നീങ്ങുന്നത്. ഇനിയും അത് അങ്ങനെ തന്നെ നീങ്ങട്ടെയെന്നു പ്രാർഥിക്കുന്നു. 

 

എന്നുമെപ്പോഴും സംഗീതം

 

ശ്രീക്കുട്ടന്റെ സംഗീതജീവിത വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞാൻ കൂടെയുണ്ടായിരുന്നു. ഞങ്ങൾക്കു വീട്ടില്‍ തന്നെയൊരു കൊച്ചു സ്റ്റുഡിയോ ഉണ്ട്. എനിക്കു കേൾക്കാനായി അദ്ദേഹം എപ്പോഴും പാടിക്കൊണ്ടേയിരിക്കുകയാണ്. എല്ലാ ദിവസവും റെക്കോർഡിങ്ങിനു മറ്റുമായി പാടുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രത്യേകിച്ചൊരു പരിശീലനം നടത്താറില്ല. ചാനൽ പരിപാടികളിൽ വിധികർത്താവായി പോകുമ്പോഴും പാട്ടുകൾ പാടുകയും പഠിപ്പിച്ചു കൊടുക്കുകയുമാണല്ലോ ചെയ്യുന്നത്. എന്നുമെപ്പോഴും സംഗീതം തന്നെയാണ്. 

 

പാട്ടിനപ്പുറത്തെ എംജി!

 

വീട്ടുജോലികളിൽ ശ്രീക്കുട്ടനും പങ്കുചേരാറുണ്ട്. പക്ഷേ പലപ്പോഴും അതിനുള്ള സമയം ലഭിക്കാറില്ല എന്നതാണു സത്യം. പിന്നെ കോവിഡ് തുടങ്ങിയ കാലം മുതൽ ഞങ്ങൾ വീട്ടിലായിരുന്നു. അപ്പോഴൊക്കെ വീട്ടുജോലികളിൽ അദ്ദേഹം എന്നെ സഹായിക്കുമായിരുന്നു. പാചകമൊക്കെ ശ്രീക്കുട്ടൻ വല്ലപ്പോഴും മാത്രമേ ചെയ്യാറുള്ളൂ. ഗൃഹനാഥൻ എന്ന നിലയിൽ എല്ലാ കടമയും അദ്ദേഹം നിർവഹിക്കാറുണ്ട്. ഓരോ ദിവസവും ആരംഭിക്കുമ്പോൾ മുതൽ അവസാനിക്കുമ്പോൾ വരെ എന്റെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിക്കുകയും വേണ്ട കരുതൽ നൽകുകയും ചെയ്യുന്നു. 

 

വീട്ടിലെ രുചി

 

ഞാൻ അത്ര വലിയ കുക്ക് ഒന്നുമല്ല. അത്യാവശ്യം എല്ലാം ഉണ്ടാക്കാറുണ്ട്. ഞാൻ പാചകം ചെയ്യുന്നതെല്ലാം ശ്രീക്കുട്ടന് ഇഷ്ടമാണ്. എന്നോടുള്ള ഇഷ്ടംകൊണ്ടുകൂടിയായിരിക്കാം എന്റെ ആഹാരവും ഇഷ്ടപ്പെടുന്നത്. വീട്ടിൽ ഭഷണം ഉണ്ടാക്കുകയെന്നത് മോശപ്പെട്ട കാര്യമല്ലല്ലോ. ഞാൻ ഉണ്ടാക്കിക്കൊടുക്കുന്ന ആഹാരം ശ്രീക്കുട്ടൻ ആസ്വദിച്ചു കഴിക്കുന്നതു കാണുന്നതു തന്നെ എനിക്ക് വലിയ സന്തോഷമാണ്. സസ്യാഹാരങ്ങളോടാണ് എനിക്ക് കൂടുതലിഷ്ടം. പക്ഷേ മാംസാഹാരങ്ങളും പാകം ചെയ്യാറുണ്ട്. പിന്നെ ശ്രീക്കുട്ടന് ആഹാരകാര്യത്തിൽ യാതൊരുവിധ നിർബന്ധങ്ങളുമില്ല. 

 

പാട്ടുനേരം

 

വീട്ടിൽ എപ്പോഴും പാട്ടിനെക്കുറിച്ചുള്ള സംസാരം തന്നെയാണ്. അല്ലാതെ ‍ഞങ്ങൾക്കെന്താണു പരസ്പരം പറയാനുള്ളത്. എപ്പോഴും സംഗീതം തന്നെ. മറ്റെന്തു സംസാരിച്ചാലും ഒടുവിൽ അത് സംഗീതത്തിലേയ്ക്കു തന്നെയെത്തും. ശ്രീക്കുട്ടൻ വളരെ കുറച്ചു സമയമേ വീട്ടിലുണ്ടാകൂ. അപ്പോഴൊക്കെ ‍ഞങ്ങളുടെ സംസാരം പാട്ടിനെക്കുറിച്ചു തന്നെ. പിന്നെ സ്റ്റുഡിയോയിലായിരിക്കുമ്പോൾ എനിക്ക് പല പാട്ടുകളും കേൾപ്പിച്ചു തരും. 

 

എന്റെ പ്രിയഗാനം

 

ശ്രീക്കുട്ടന്റെ ഓരോ പാട്ടിനോടും എനിക്ക് ഓരോ ഇഷ്ടമാണ്. എങ്കിലും ‘നിലാവിന്റെ നിലഭസ്മക്കുറിയണിഞ്ഞവളേ’യാണ് എന്റെ പ്രിയ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹര വരികൾ ശ്രീക്കുട്ടൻ ഹൃദ്യമായി ആലപിച്ചിരിക്കുന്നു. എന്റെ ഇഷ്ടഗാനം ഏതെന്നു ചോദിച്ചാൽ എനിക്ക് എക്കാലവും നിസംശയം പറയാൻ പറ്റുന്നതാണ് ‘നിലാവിന്റെ നിലഭസ്മക്കുറിയണിഞ്ഞവളേ’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com