ADVERTISEMENT

നായപ്രേമികളെ മാത്രമല്ല പ്രായഭേദമന്യേ പ്രേക്ഷകരെയൊന്നാകെ കരയിപ്പിച്ച ചിത്രമാണ് 777 ചാർളി. മലയാളിയായ കിരൺ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. കന്നഡ താരം രക്ഷിത് ഷെട്ടിയും ചാർളിയെന്ന നായക്കുട്ടിയും പ്രേക്ഷകമനം കവർന്നപ്പോൾ സിനിമയുടെ മൂഡ് നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചത് സംഗീതം കൂടിയായിരുന്നു. ചാർളിയുടെ സംഗീതസംവിധായകൻ നോബിൻ പോൾ മലയാളിയാണെന്നു കേട്ടപ്പോൾ ആ പേര് തേടിച്ചെന്നവർ എത്തിച്ചേർന്നത് കന്നഡയിൽ തന്നെയാണ്. മലയാളത്തിൽ ഒരിക്കൽപോലും സംഗീതം ചെയ്യാൻ അവസരം കിട്ടാത്ത നോബിനെ അന്യഭാഷാ സിനിമാലോകം ഇതിനോടകം ദത്തെടുത്തു കഴിഞ്ഞു. കർണാടക സർക്കാരിന്റെ പ്രൊജക്ടുകളും നിരവധി ജിംഗിളുകളും സിനിമകളുമായി തിരക്കിലാണെങ്കിലും മാതൃഭാഷയിൽ നല്ലൊരു സിനിമയ്ക്കായി സംഗീതം ചെയ്യുക എന്നതാണ് നോബിന്റെ ‍വലിയ സ്വപ്നം. പുത്തൻ സിനിമാ പാട്ട് വിശേഷങ്ങളുമായി നോബിൻ പോൾ മനോരമ ഓൺലൈനിനൊപ്പം. 

 

ചാർളിയിലേക്ക് എത്തിയതെങ്ങനെ?  

 

ചാർളിയുടെ സംവിധായകൻ കിരൺ വഴി ആണ് എനിക്ക് ചിത്രത്തിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത്. കന്നഡയിലെ രാമാ രാമാരെ എന്ന ചിത്രത്തിനു വേണ്ടി ഞാൻ സംഗീതം ചെയ്തിരുന്നു. അത് കേട്ട് ഇഷ്ടപ്പെട്ടാണ് അദ്ദേഹം ചാർളിയിലേക്കു വിളിച്ചത്. എന്നോട് പറഞ്ഞ കഥയുടെ മൂന്നിരട്ടി മികച്ചതായിട്ടാണ് കിരൺ സിനിമ ചെയ്തു വച്ചിരിക്കുന്നത്. നല്ല പ്രതിഭയുള്ള സംവിധായകനാണ് അദ്ദേഹം. കുട്ടികളെയും മുതിർന്നവരെയും നായയെയുമൊക്കെ കൊണ്ട് അഭിനയിപ്പിക്കുക എന്നത് എളുപ്പമല്ല. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ എന്റെ കണ്ണുനിറഞ്ഞു. ഞാൻ നായപ്രേമിയാണ്. സംഗീതം ഇല്ലാതെ സിനിമ കണ്ടപ്പോൾ തന്നെ എനിക്കു കരച്ചിൽ വന്നു. കിരൺ അത് ഏറ്റവും ഭംഗിയായി ചെയ്തു. ചാർളിയോടൊപ്പം മുഴുവൻ സമയവും ഞാനുമുണ്ടായിരുന്നു. മികച്ച അനുഭവങ്ങളായിരുന്നു അതൊക്കെ. 

 

മലയാളി ആയിട്ടും മലയാളത്തിൽ പാട്ടുകൾ ചെയ്യുന്നില്ലല്ലോ? 

 

മലയാളത്തിൽ പാട്ട് ചെയ്യണമെന്നാണ് ആദ്യം ആഗ്രഹിച്ചിരുന്നത്. പക്ഷേ ഇതുവരെ അതിനു സാധിച്ചില്ല. ജിംഗിൾസ്, ഡോക്യൂമെന്ററികളുടെ സംഗീതം തുടങ്ങിയവയൊക്കെയാണ് ആദ്യം ചെയ്തിരുന്നത്. അങ്ങനെ കർണ്ണാടക സർക്കാരിന്റെ വൈൽഡ് ലൈഫ് പ്രൊജക്ടുൃകൾ കിട്ടി. അതെല്ലാം വലിയ പ്രൊജക്ടുകൾ ആയിരുന്നതുകൊണ്ടു തന്നെ ബെംഗളൂരുവിൽ താമസിച്ചാണ് പൂർത്തിയാക്കിയത്. കർണ്ണാടക സർക്കാരിന്റെ ജിംഗിൾസ് ചെയ്തിട്ടുണ്ട് അതിലൂടെയാണ് കന്നഡ സിനിമയിലേക്ക് അവസരങ്ങൾ കിട്ടിയത്. മലയാളി ആണെങ്കിലും അന്യഭാഷാചിത്രങ്ങൾ ചെയ്തു മലയാളത്തിൽ കാണിക്കാനാണ് എന്റെ വിധി. 

 

സംഗീതമേ ജീവിതം!

 

ഞാൻ കോട്ടയം സ്വദേശിയാണ്. അച്ഛനും അമ്മയും ഇപ്പോഴും അവിടെയാണ് താമസം. ഞാനും ഭാര്യയും മക്കളും ബെംഗളൂരുവിലും. ചെറുപ്പം മുതൽ ഞാൻ പള്ളിയുടെ ക്വയർ ടീമിൽ പാടുമായിരുന്നു. പള്ളിയിൽ പിയാനോ വായിച്ച് പഠിക്കാനും അവസരം കിട്ടി. പുതിയ ഈണം കേൾക്കുമ്പോൾ അത് പഠിക്കുകയും പരിശീലിക്കുകയും ചെയ്തിരുന്നു. ഇലക്ട്രോണിക് മ്യൂസിക്കും പഠിച്ചു. ചെറുപ്പം മുതൽ സംഗീതം തന്നെയാണ് ജീവിതം. അന്യഭാഷാ ചിത്രങ്ങൾക്കു വേണ്ടിയാണ് വർക്ക് ചെയ്യുന്നതെങ്കിലും കമ്പോസ് ചെയ്യുന്നത് മലയാളത്തിലാണ്. കന്ന‌ഡയെക്കാൾ നമുക്ക് വഴങ്ങുന്നത് മലയാളമാണല്ലോ. മലയാളത്തിൽ നല്ലൊരു പ്രൊജക്ടിനു വേണ്ടി കാത്തിരിക്കുകയാണ്.

 

പാട്ടൊരുക്കുന്നതിനു ഭാഷ വെല്ലുവിളിയാണോ?

 

ഏത് വർക്ക് ചെയ്താലും സ്വന്തം ഭാഷയിൽ ചെയ്യുന്നതിന്റെ സ്വാതന്ത്ര്യം കിട്ടില്ലല്ലോ. സംഗീതത്തിന് ഭാഷാപരിമിതി ഇല്ലെങ്കിലും ഓരോ ഭാഷാ സിനിമയ്ക്കും ഓരോ രീതിയുണ്ട്. പാട്ട് ചെയ്യുമ്പോൾ അത് ശ്രദ്ധിക്കേണ്ടി വരും. മലയാളത്തിലെ സ്റ്റൈൽ കന്നഡയിൽ ചെയ്യാൻ സാധിക്കില്ല. ആദ്യം എനിക്കത് അറിയില്ലായിരുന്നു. പക്ഷേ കന്നഡയിൽ അവരുടേതായ ഒരു ട്രെൻഡുണ്ട് ഞാൻ അത് പഠിച്ചുവരികയാണ്. ചാർളിയിൽ പാട്ടുകൾ പശ്ചാത്തലസംഗീതം പോലെയാണ് ചെയ്തിരിക്കുന്നത്. പാട്ടുകൾ തിരുകിക്കയറ്റി എന്നു തോന്നാൻ പാടില്ല. ചാർളി ഒരു ട്രാവൽ മൂവി കൂടിയാണല്ലോ, ഓരോ സ്ഥലത്ത് എത്തുമ്പോഴും അവിടുത്തെ സംഗീതമാണ് ഉപയോഗിച്ചത്. ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുകയെന്നത് വെല്ലുവിളി തന്നെയായിരുന്നു. 

 

ചിത്രം കണ്ട് മുഖ്യമന്ത്രിയും കരഞ്ഞു!

 

ചാർളി അക്ഷരാർഥത്തിൽ എല്ലാവരെയും കരയിപ്പിച്ചു. ഒരു നായയെക്കൊണ്ട് അഭിനയിപ്പിച്ച് അത് പ്രേക്ഷകന് മനസ്സിലാകണമെങ്കിൽ കുറച്ചധികം കഷ്ടപ്പെടേണ്ടി വരും. കിരൺ ആ ജോലി ഭംഗിയായി ചെയ്തു. ബാക്കി ചെയ്യാനുള്ളത് സംഗീതം കൊണ്ടായിരുന്നു. ചാർളിയുടെ ഒരു നോട്ടത്തിൽ പോലും പ്രേക്ഷകന് ഫീൽ ചെയ്യണമെങ്കിൽ അതിനനുസരിച്ചുള്ള സംഗീതം കൊടുക്കണം. കഷ്ടപ്പാടിനു ഫലം കിട്ടിയെന്നറിയുമ്പോൾ വല്ലാത്തൊരു സന്തോഷം. ചാർളി എല്ലാവരെയും കരയിക്കുന്നുണ്ട്, ചിത്രം കണ്ട് കർണ്ണാടക മുഖ്യമന്ത്രി പൊട്ടിക്കരയുകയായിരുന്നു. ചാർളിക്ക് എല്ലാവരേയും സ്പർശിക്കാൻ സാധിച്ചു. 

 

മലയാളം പാട്ടുകള്‍ ആസ്വദിക്കാറില്ലേ? പ്രിയപ്പെട്ട സംഗീതജ്ഞർ ആരെല്ലാം?

 

ജോൺസൺ മാഷിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും എനിക്ക് പ്രിയപ്പെട്ടതാണ്. ഒരു മഴ വന്നാൽ ജോൺസൺ മാഷിനെ ഓർമ വരും. ഇപ്പോഴത്തെ സംഗീതജ്ഞർ എല്ലാവരും വലിയ പ്രതിഭയുള്ളവരാണ്. സുഷിൻ ശ്യാമിന്റെയും ജേക്സ് ബിജോയ്‌യുടേയും പാട്ടുകൾ എനിക്ക് ഒരുപാടിഷ്ടമാണ്. മലയാള സിനിമകളെയും പാട്ടുകളെയും കുറിച്ച് അന്യഭാഷയിൽ ഉള്ളവർക്ക് മികച്ച അഭിപ്രായമാണ് ഉള്ളത്. അതുകേൾക്കുമ്പോൾ മലയാളി എന്ന നിലയിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നാറുണ്ട്. മലയാളത്തിലാണ് ഏറ്റവും നല്ല സിനിമകൾ സൃഷ്ടിക്കപ്പെടുന്നതെന്നാണ് അന്യഭാഷാ സിനിമാപ്രേമികളുടെ വിലയിരുത്തൽ. 

 

പ്രേക്ഷകസ്വീകാര്യത

 

ചാർളിക്കു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം. പ്രേക്ഷകർ സംഗീതത്തെക്കുറിച്ചു പരാമർശിച്ചു കേൾക്കുന്നതിൽ സന്തോഷമുണ്ട്.  ചിത്രം കർണ്ണാടകയിൽ ബ്ലോക്ക് ബസ്റ്റർ ആണ്. ഹിന്ദിയിലും മികച്ച വിജയം നേടാനായി. മലയാളത്തിലും സ്വീകാര്യത ലഭിച്ചതിൽ ഒരുപാട് സന്തോഷം. മലയാളത്തിൽ നിന്ന് പുതിയ പ്രൊജക്ടുകൾക്കു വേണ്ടി വിളിക്കുന്നുണ്ട്. സംഗീതത്തിനു പ്രാധാന്യമുള്ള നല്ല ഒരു സിനിമയ്ക്കു വേണ്ടി സംഗീതം ചെയ്തു മലയാളത്തിൽ ഹരിശ്രീ കുറിക്കണം എന്നാണ് ആഗ്രഹം. കന്നഡയിൽ രണ്ടുമൂന്നു ചിത്രങ്ങൾക്കു വേണ്ടി സംഗീതം ചെയ്യാൻ തയ്യാറെടുക്കുകയാണ്. ചാർളിയുടെ സമയത്ത് വേറെ കുറേ സിനിമകൾ ചെയ്യാൻ അവസരങ്ങൾ കിട്ടിയിരുന്നു. അപ്പോൾ പക്ഷേ മുഴുവൻ സമയവും ചാർളിക്കു വേണ്ടി മാറ്റി വച്ചിരിക്കുകയായിരുന്നു. ഇനി ഓരോന്നായി ചെയ്തു തുടങ്ങണം.

 

English Summary: interview with 777 Charlie music director Nobin Paul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com