ADVERTISEMENT

ഹരീഷ് ശിവരാമകൃഷ്ണന്‍ എന്ന പേര് സംഗീതപ്രേമികള്‍ക്കിടയില്‍ ഹരമാകുന്നത് രണ്ട് പാട്ടുകളുടെ കവര്‍ പതിപ്പുകളിലൂടെയാണ്, ശ്രീരാഗമോ, രംഗ്പുര വിഹാര. ഒന്നൊരു പ്രശസ്തമായ ചലച്ചിത്ര ഗാനവും രണ്ടാമത്തേത് ക്ലാസികായ ഒരു കര്‍ണാടിക് കീര്‍ത്തനവും. ഇന്നും ഈ രണ്ടു പാട്ടുകളും അദ്ദേഹം പാടുന്നത് കേള്‍ക്കാന്‍ ഒരുപാടിഷ്ടമാണെങ്കിലും രംഗ്പുര വിഹാര എന്ന കീര്‍ത്തനം ഫ്യൂഷന്‍ രീതിയില്‍ അവതരിപ്പിക്കുന്നതിനോട് ഒരു പ്രത്യേക ആവേശമാണ് പ്രേക്ഷകർക്ക്. ഹരീഷിന്റെ പാട്ട് കേട്ടിരിക്കാൻ എന്നും ഇഷ്ടപ്പെടുന്ന ഒരു വിഭാഗമുണ്ട് സമൂഹമാധ്യമ ലോകത്ത്. ജോലിത്തിരക്കുകൾക്കിടയിലാണ് പാട്ടിനു വേണ്ടി അദ്ദേഹം സമയം കണ്ടെത്തുന്നത്. സംഗീതജീവിതത്തിലെ വിശേഷങ്ങളുമായി ഹരീഷ് ശിവരാമകൃഷ്ണന്‍ മനോരമ ഓൺലൈനിനൊപ്പം. 

 

പ്രത്യേക ഇഷ്ടമല്ലത്

 

രംഗ്പുര വിഹാര നന്നായി പഠിച്ചു പാടേണ്ടൊരു കീര്‍ത്തനമാണ്. എല്ലാ കീര്‍ത്തനങ്ങളും അങ്ങനെ തന്നെയാണെങ്കിലും ഈ കീര്‍ത്തനം പ്രയാസമേറിയവയിലൊന്നാണ്. അതുകൊണ്ടു തന്നെ നന്നായി പരീശലനം ചെയ്ത് നോട്ടുകള്‍ ഹൃദിസ്ഥമാക്കാതെ ആത്മവിശ്വാസത്തോടെ പാടാനാകില്ല. പഠിച്ചു പാടിക്കഴിയുമ്പോള്‍ എന്തോ ഒരു വലിയ കാര്യം, മനസ്സിന് സംതൃപ്തി തരുന്നൊരു കാര്യം ചെയ്ത അനുഭവമുണ്ടാകും. അതാണ് ഈ കീര്‍ത്തനത്തിന്റെ പ്രത്യേകതയായി തോന്നിയിട്ടുള്ളത്. 

 

ഞാന്‍ പാടുന്ന എല്ലാ പാട്ടുകളോടും എനിക്കിഷ്ടമാണ്. അങ്ങനെയുള്ളവയേ പാടാറുള്ളു. പ്രത്യേക ഇഷ്ടം എല്ലാത്തിനോടുമുണ്ട്. ഇത് 10-14 വയസ്സുള്ളപ്പോള്‍ പഠിച്ചതാണ്. പണ്ടൊക്കെ റേഡിയോ കൃത്യമായി കേട്ടിരുന്നവര്‍ക്കറിയാം എത്ര പ്രശസ്തമാണ് ഈ കീര്‍ത്തനമെന്ന്. ആ പരിചിതത്വവും വ്യത്യസ്തവുമായ അവതരണവുമാണ് ശ്രദ്ധ നേടാന്‍ കാരണമെന്നാണ് എന്റെ വിശ്വാസം. കര്‍ണാടിക് സംഗീതത്തിലെ മഹാരഥന്‍മാരെല്ലാം അസാധ്യഭംഗിയോടെ ആലപിച്ചതിന്റെ ഓഡിയോയും വിഡിയോയുമൊക്കെ ഇതുപോലെ പ്രശസ്തമാണ്. 

 

ബാന്‍ഡുമായി സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പാടാനെടുക്കുന്ന പാട്ടുകളിലേക്ക് സ്വാഭാവികമായി ഇതും കടന്നുവന്നു. ബാന്‍ഡ് അരുണ സായ്റാം മാമിനൊപ്പമാണ് ആദ്യമായി ഈ കീര്‍ത്തനം അവതരിപ്പിച്ചത്. അത് ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെയും പാടാനുളള പാട്ടുകളുടെ കൂട്ടത്തിലേക്ക് ഇതുമെത്തി, ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ശ്രദ്ധയും നേടി. ഞാൻ പാടിയ പാട്ടുകളില്‍ ഏറ്റവുമിഷ്ടം ഇതിനോടാണെന്ന് ഒരുപാട് പേര്‍ പറയാറുണ്ട്. അതൊക്കെ കേൾക്കുന്നതിൽ ഒരുപാട് സന്തോഷം. വീണ്ടും വേദികളിലെത്താനുള്ള ഊര്‍ജ്ജവും ഇതൊക്കെത്തെന്നയാണ്. 

 

മറ്റൊന്നും വിഷയമാകേണ്ടതില്ല

 

സംഗീതാലാപനത്തിലെ വരേണ്യമായ ചട്ടക്കൂടുകളോട് ഒരു കാലത്തും യോജിക്കാത്തയാളാണ് ഞാന്‍. പാട്ട് പാടുന്നയാളുടെ വസ്ത്രം, അതെവിടെ വച്ചു പാടുന്നു എന്നതൊക്കെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾ ഇപ്പോഴും തുടരുന്നുണ്ട്. ശ്രുതി ശുദ്ധമായി പാടുന്നൊരാളുടെ പാട്ട് മാത്രമേ വിഷയമാകേണ്ടതുള്ളൂ. ആത്യന്തികമായി സംഗീതം കേള്‍ക്കുന്നയാളിന്റേതാണ്. അയാള്‍ക്കത് നന്നായി ഉള്‍ക്കൊള്ളാനാകുന്നെങ്കില്‍ മറ്റൊന്നും വിഷയമാക്കേണ്ട ആവശ്യമില്ല. .

പാട്ടുകള്‍ പാടി പോസ്റ്റ് ചെയ്യുമ്പോള്‍ വരുന്ന ചില കമന്റുകള്‍ ശ്രദ്ധിക്കാറുണ്ട്. പാട്ടിനപ്പുറമുള്ള കാര്യങ്ങളാണെങ്കില്‍ ശ്രദ്ധിക്കാറേയില്ല. അത് ബാധിക്കാറുമില്ല. പാടിയ പാട്ടിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തീര്‍ച്ചയായും അത് തിരുത്തി പാടാന്‍ തയാറാണ്. അതിനപ്പുറം കുറി തൊടണം, മുടി വെട്ടണം, പീഠത്തില്‍ ചമ്രം പടഞ്ഞിരുന്നു കസവുടുത്തു മാത്രമേ പാടാന്‍ പാടുള്ളൂ എന്നൊക്കെയുള്ള നിര്‍ബന്ധങ്ങള്‍ അനാവശ്യമായിട്ടേ തോന്നിയിട്ടുള്ളു. സംഗീതം ദൈവികമാണ്, മാനുഷികവുമാണ്. 

 

അതിലൊന്നും കാര്യമില്ല

 

പ്രശസ്തി എന്നത് നല്ല കാര്യം തന്നെ. പക്ഷേ അത് ഏറ്റവും പ്രധാനപ്പെട്ടതോ ആത്യന്തികമായി വേണ്ടതോ അല്ല. സംഗീതം പഠിക്കാന്‍ കഴിയാതെ പോയ, നന്നായി പാടാന്‍ കഴിവുണ്ടായിട്ടും വേദികള്‍ കിട്ടാതെ പോയ എത്രയോ പേര്‍ നമുക്കിടയിലുണ്ട്. എന്നേക്കാള്‍ നന്നായി പാടുന്ന കുറഞ്ഞത് ഇരുപത് പേരെ എനിക്ക് നേരിട്ടറിയാം. അവരാരും പ്രശസ്തരല്ല. പക്ഷേ കുറേയധികം പേരെ ആനന്ദിപ്പിക്കാനും സ്വയം സന്തോഷം കണ്ടെത്താനും സാധിക്കുന്നു. അവരെ കാണുമ്പോള്‍ സംഗീതം കേള്‍ക്കുന്ന സന്തോഷം മറ്റുളളവര്‍ക്കുമുണ്ടാകുന്നു. ഇപ്പോള്‍ ഡിജിറ്റല്‍ യുഗമായതിനാല്‍ പുറത്തിറങ്ങുന്ന പാട്ടുകള്‍ കേള്‍ക്കാനും കാണാനുമൊക്കെ സാധിക്കുന്നു. പണ്ട് അങ്ങനെ അല്ലായിരുന്നല്ലോ. ഒരു ചിത്രഗീതത്തിനോ അല്ലെങ്കില്‍ വാരാന്ത്യത്തില്‍ വരുന്ന മറ്റു പരിപാടികള്‍ക്കോ വേണ്ടി കാത്തിരിക്കേണ്ടി വരുമായിരുന്നു. ഡിജിറ്റൽ യുഗത്തിലും സൗകര്യങ്ങളുടെ പരിമിതിയിൽ ജീവിക്കുന്നവരുണ്ട്. അവിടെയുള്ളവര്‍ക്ക് പാട്ട് കേള്‍ക്കണ്ടേ? വളരെ സാധാരണക്കാരായ ആളുകൾ ഗാനമേളകളിലൂടെയായിരിക്കും പാട്ട് കേൾക്കുക. അവിടേക്ക് വന്ന് പാടുന്നവരൊക്കെ അവിടുത്തെ ആളുകള്‍ക്ക് താരങ്ങളാണ്. കുറേയധികം സാധാരണക്കാരായ മനുഷ്യര്‍ക്ക് മുന്‍പൊരിക്കലും കിട്ടാത്തൊരു അനുഭൂതി നല്‍കാനാകുമ്പോള്‍ അതൊരു വലിയ കാര്യമല്ലേ. അവിടെ അവര്‍ പ്രശസ്തരാണോ അല്ലയോ എന്നത് എവിടെയാണ് പ്രസക്തം. കലാകാരന്‍മാരെ സംബന്ധിച്ച് അത് പ്രകടിപ്പിക്കാനുള്ള ഇടം കിട്ടുക, അതുവഴി അടയാളപ്പെടുത്തുക എന്നതാണ് വലിയ കാര്യം. അങ്ങനെ നോക്കുമ്പോള്‍ പ്രശസ്തി എന്ന ഘടകത്തിന് എവിടെയാണിടം. നമ്മുടെ നല്ലൊരു ചിത്രം വരച്ചു തന്നയാളെ, നമ്മളിഷ്ടപ്പെട്ട ഈണം പാടിത്തന്നയാളെ, എപ്പോഴും കൊതിപ്പിക്കുന്ന ഭക്ഷണം ഉണ്ടാക്കിത്തന്നയാളെ നമ്മള്‍ ഓര്‍ക്കാറില്ലേ. അതിനപ്പുറമെന്താണ് വേണ്ടത്. പാട്ട് പാടാന്‍ കഴിവുള്ളവര്‍ക്ക് ഈ ലോകത്തെല്ലായിടത്തും ഇടമുണ്ട്, കേള്‍ക്കാനും ആളുകളുണ്ട്. 

 

എല്ലാം മാറി വരുന്നു

 

സിനിമ എന്നതൊരു വലിയ മീഡിയമാണ്, വ്യവസായവുമാണ്. സിനിമ കാണാനെത്തുന്ന അതേ രീതിയില്‍ ആളുകള്‍ സംഗീത പരിപാടി കാണാനെത്തുന്ന കാലം, കുറഞ്ഞപക്ഷം നമ്മുടെ രാജ്യത്ത് വിദൂരമാണ്. പക്ഷേ സംഗീത പരിപാടിക്ക് ടിക്കറ്റെടുക്കുന്നത് ഒരു സാധാരണ കാര്യമായി ഇന്ന് മാറിയിട്ടുണ്ട്. നാലായിരത്തിലധികം പേര്‍ കേള്‍ക്കാനെത്തിയ ഒരു പരിപാടിയിലാണ് ഞാന്‍ അടുത്തിടെ കേരളത്തില്‍ പാടിയത്. അർജിത് സിങ് അവതരിപ്പിക്കുന്ന പരിപാടിയിലൊക്കെ 15000ല്‍ അധികം പേരാണ് ആസ്വാദകരായി എത്തുന്നത്. അതുപോലെ സമാന്തര സംഗീത രംഗവും കോവിഡ് തീര്‍ത്ത മന്ദതയില്‍നിന്ന് മടങ്ങി വരികയാണ്. 

 

ജോലിയും പാട്ടും

 

പഠിക്കുന്ന സമയത്ത് തുടങ്ങിയ സംഗീത ബാന്‍ഡ് ആണ് ഇപ്പോഴും എനിക്കൊപ്പമുള്ളത്. കോളജില്‍ ഒപ്പം പഠിച്ച കൂട്ടുകാരാണ് ഇപ്പോഴും അതിലുള്ളതും. പഠനകാലത്ത് ജീവിതത്തിന്റെ ഭാഗമായതാണിത്. ജോലി കിട്ടിയപ്പോഴും സാധാരണ കാര്യം പോലെ സംഗീത ബാന്‍ഡും വേദികളും ഒപ്പം കൊണ്ടുപോകാനായി. ഞാനത്രയ്ക്ക് തിരക്കുള്ള ഒരു പാട്ടുകാരനൊന്നുമല്ല. മാസത്തില്‍ വിരലിലെണ്ണാവുന്ന പരിപാടികളേ ഏറ്റെടുക്കാറുള്ളൂ. അത് മിക്കപ്പോഴും ആഴ്ചാവസാനത്തിലായിരിക്കും. അന്ന് ജോലിയുമില്ലല്ലോ. ഞായറാഴ്ചകള്‍ സംഗീത പരിപാടിക്കായി മാറ്റിവയ്ക്കും. തിങ്കളാഴ്ച പതിവുപോലെ ഓഫിസിലേക്ക്. ഇത് ജീവിതചര്യയായി മാറിക്കഴിഞ്ഞു. എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും പ്രാക്ടീസ് ചെയ്യാറുണ്ട്. സംഗീതം പോലെ ബാന്‍ഡിന്റെ കാര്യങ്ങളും ജീവിതത്തിനൊപ്പം ഒരു ഒഴുക്കോടെ പോകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com