ADVERTISEMENT

ഫോക്‌ (Folc) എന്നാൽ സാധാരണ മനുഷ്യർ എന്ന് അർഥം. ഇംഗ്ലിഷ് ചിന്തകനായ വില്യം ജോൺ തോംസ് 1846ലാണ് ഫോക്‌ലോർ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിൽ പാരമ്പര്യം, പുരാതന ആചാരങ്ങൾ, ഉത്സവങ്ങൾ, കെട്ടുകഥകൾ, മിത്തുകൾ, ഐതിഹ്യങ്ങൾ, കാലാതീതമായ കഥകള്‍, പഴഞ്ചൊല്ലുകൾ തുടങ്ങിയവയൊക്കെ ചിട്ടപ്പെടുത്തി ഫോക്‌ലോർ വളർന്നു. എല്ലാ നാടിനും നാട്ടുകാർക്കും അവരുടേതു മാത്രമായ ചരിത്രമുണ്ട്. അതു പറഞ്ഞും പാടിയും നാടാകെ നിറഞ്ഞു. അത്തരം നിറവുകളിൽ ഒരു കൂട്ടരാണ് സോൾ ഓഫ് ഫോക്‌സ് (Soul of Folks) എന്ന ബാൻഡ്. ഏറ്റവും പുതിയ ഷാജി കൈലാസ് ചിത്രമായ കടുവയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചന്റെ, ‘പാലാ പള്ളി തിരുപ്പള്ളി’ എന്ന പ്രോമോ സോങ് പാടിയിരിക്കുന്നത് സോൾ ഓഫ് ഫോക്‌സ് ആണ്. പാട്ട് ഇതിനകം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. പുത്തൻ സംഗീത വിശേഷങ്ങളുമായി സോൾ ഓഫ് ഫോക്‌സ് അംഗം അതുൽ നറുകര മനോരമ ഓൺലൈനിനൊപ്പം.

 

പേരിനു പിന്നിൽ!

 

ഓരോ നാടിനും ജാതിക്കും നിറത്തിനും വ്യത്യസ്ത സംസ്കാരമുണ്ട്. എല്ലാവരുടേയും ശബ്ദം കേൾപ്പിക്കുന്നതായിരിക്കണം ഫോക് ഗാനങ്ങൾ. ജനങ്ങൾ അല്ലെങ്കിൽ കൂട്ടം എന്ന അർഥത്തിൽ വില്യം ജോൺ തോംസ് ഉപയോഗിച്ചതു പോലെതന്നെ, കുറെ മനുഷ്യരുടെ ശബ്ദം എല്ലാവരെയും കേൾപ്പിക്കണമെന്ന് ഞങ്ങൾ വിചാരിക്കുന്നു. ഓരോ തലമുറയ്ക്കും അവരുടേതായ ചിന്തയും ചിരിയും പാട്ടും ഉണ്ടാകും. അങ്ങനെ ഓരോരുത്തരുടെയും ആത്മാവിനെ കണ്ടെത്തുക എന്ന ആശയത്തിലാണ് ഈ പാട്ടുകൂട്ടത്തിനു സോൾ ഓഫ് ഫോക്‌സ് എന്നു പേരിട്ടത്

 

സോൾ ഓഫ് ഫോക്‌സ് അംഗങ്ങളെക്കുറിച്ച്?

 

എന്നെക്കൂടാതെ ശ്രീഹരി തറയിൽ, പ്രജിൻ തിരുവാലി, സുഭാഷ്, അഭിനവ്, നിലീഷ്, ജിസിൻ, ബിനൂപ്, സഞ്ജയ്, ഷിജിൻ, കാർത്തിക, നീരജ് എന്നിങ്ങനെ ഞങ്ങൾ ആകെ പതിനഞ്ചുപേരുണ്ട്. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തു നറുകര എന്ന ഗ്രാമത്തിനും ചുറ്റിലുമുള്ള കൂട്ടുകാരുടെ കൂട്ടമാണിത്. യഥാർഥ ആലാപനത്തിന്റെ ആത്മാവ് നാടൻ പാട്ടിന്റേതാണ്. അതും പുതിയ ആളുകൾ കേൾക്കണം. ഇഷ്ടപ്പെടണം. പ്രധാനമായും കോളജുകളിലാണു പരിപാടികൾ അവതരിപ്പിക്കാൻ അവസരം കിട്ടുന്നത്. ആവേശംകൊള്ളുന്ന തകർപ്പൻ യുവത്വത്തിന് നാടൻപാട്ടിന്റെ ഭംഗിയും ഇഷ്ടമാണ്. ഫോക്‌ലോറിന്റെ പ്രചാരകരായി സോൾ ഓഫ് ഫോക്കിനെ ആളുകൾ കാണണമെന്നാണു ഞങ്ങളുടെ സ്വപ്നം. അതിലേക്കുള്ള തുടക്കമായാണ് ഫ്ലീയും സിനിമയും പോലുള്ള അവസരങ്ങളെ കാണുന്നത്.

 

‘കടുവ’യിലേക്കുള്ള യാത്ര

 

ഞങ്ങൾ പാടിയ ഒരു പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അത് കേൾക്കാനിടയായ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ അദ്ദേഹത്തിന്റെ സിനിമയ്ക്കായി ഞങ്ങളെ ക്ഷണിച്ചു. ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരുന്നത് ജേക്സ് ബിജോയ് ആയിരുന്നു. ഒരിക്കൽ "പാലാ പള്ളി തിരുപ്പള്ളി" എന്ന പാട്ട് ജേക്സിനു പാടിക്കൊടുത്തപ്പോൾ, അദ്ദേഹമാണ് ഈ പാട്ട് കടുവ എന്ന സിനിമയ്ക്ക് ഉപയോഗിക്കാം എന്നു പറഞ്ഞത്. സ്ക്രീനിൽ ഞങ്ങളുടെ മുഖം കാണിക്കാം എന്ന തീരുമാനവും അദ്ദേഹത്തിന്റേതായിരുന്നു. ഇതിനു മുൻപ് ‘പുഴു’ എന്ന ചിത്രത്തിലും ഞാൻ പാടിയിട്ടുണ്ട്.

"ഇതിലുമേറെ പണ്ട് ഞങ്ങൾ" എന്നൊരു പാട്ടാണ് ആദ്യമായി ഞങ്ങൾ ചെയ്തത്. അതും കടുവയിലെ പാട്ടും എഴുതിയത് ശ്രീഹരി തറയിലാണ്. ചരിത്രം മറന്നുപോയ കുറെ പാട്ടുകാരുണ്ട്. തൊണ്ട പൊട്ടി പാടിയിട്ടും കേൾക്കപ്പെടാതെ പോയവരുമുണ്ട്. എന്നെങ്കിലും ഞങ്ങളുടെ ബാൻഡ് വലിയ വിജയമായി മാറിയാൽ അങ്ങനെയുള്ളവരുടെ പാട്ട് ലോകത്തെ കേൾപ്പിക്കണമെന്നത് വലിയ ആഗ്രഹമാണ്.

 

എന്തിനാണ് സോൾ ഓഫ് ഫോക്‌സ്?

 

തമിഴന്റെ സിനിമകളിൽ അവരുടെ തനത് വാദ്യങ്ങൾ അനായാസമായി ഉപയോഗിച്ചു കാണാറുണ്ട്. കേരളത്തിൽ നൂറ്റി അൻപതിൽ കൂടുതൽ തനത് നാട്ടുവാദ്യങ്ങൾ ഉണ്ട്. അത് ചിലപ്പോൾ ആളുകൾ ശരിക്കു കണ്ടിട്ടുപോലും ഉണ്ടാവില്ല. പറയൻപാട്ടിന്റെ മരംകൊട്ടും പാണൻപ്പാട്ടിന്റെയും തുടിയുടെയും നാട്ടുകഴകങ്ങളുമുണ്ട്. അത്തരം കലാകാരന്മാർ ഞങ്ങളുടെ ബാൻഡിൽ ഉണ്ട്. അതിനെയൊക്കെ ആർകൈവ് ചെയ്യണം എന്ന ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പുതിയ കാലത്തെ ഡിജെ താളങ്ങളും ഇലക്ട്രോണിക് വദ്യോപകരണങ്ങളുമുണ്ടാക്കുന്ന അനുഭവം ഒട്ടും കുറയാതെ നൽകാൻ തനത് വാദ്യങ്ങൾക്കാവും. അത് ഞങ്ങളുടെ പാട്ടുകളിലൂടെ മനസ്സിലാക്കിക്കാൻ ബോധപൂർവം ശ്രമിക്കുന്നുണ്ട്. കടുവയിലെ പാട്ടിലും ഇലക്ട്രോണിക് വദ്യോപകരണങ്ങൾ ഉപയോഗിക്കാതെയാണ് പാട്ട് തയാറാക്കിയത്.

 

പെൺസ്വരങ്ങൾ എവിടെ?

 

സ്ത്രീശബ്ദങ്ങളെ ബോധപൂർവം ഒഴിവാക്കിയതല്ല. ചെറിയ ബജറ്റിൽപോലും ദൂരേക്ക് പരിപാടികൾ അവതരിപ്പിക്കാൻ പോകുന്നതാണ് ഇപ്പോൾ ഞങ്ങളുടെ രീതി. അപ്പോൾ സാഹചര്യം കൊണ്ടുകൂടിയാവാം പെൺകുട്ടികൾ ഉൾപ്പെട്ടില്ല. പക്ഷേ വലിയ വേദികളിൽ വലിയ പരിപാടികൾക്കു പോകുമ്പോൾ ഞങ്ങളുടെ മുഴുവൻ സംഘം ഉണ്ടാവാറുണ്ട്. അതിൽ പെൺകുട്ടികൾ തീർച്ചയായും ഉണ്ട്. ബാൻഡ് സാമ്പത്തികമായി കൂടുതൽ വളരുമ്പോൾ കൂടുതൽ പേർക്ക് അവസരം ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു.

 

പാട്ടുകളിലൂടെ സാമൂഹിക മാറ്റം ലക്ഷ്യമിടുന്നുണ്ടോ?

 

ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും പേരിൽ മാറ്റി നിർത്തപ്പെട്ട മനുഷ്യരുടെ ശബ്ദം നാടൻപാട്ടുകളിലുണ്ട്. ചിലരെ കണ്ടാൽ ഇത്ര അടി നീങ്ങി നടക്കണമെന്ന് തുടങ്ങി സ്വസ്ഥമായി ജീവിക്കാനാകാതിരുന്ന മനുഷ്യരുടെ ചരിത്രങ്ങൾ എഴുതപ്പെട്ടിട്ടില്ല. അതുപക്ഷേ പാട്ടുകളിലുണ്ട്. നാടൻപാട്ടുകൾക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്. ഇന്നലെ പെയ്ത മഴയിൽ അലിഞ്ഞു പോയതല്ലല്ലോ അത്തരം ഉച്ചനീചത്വങ്ങൾ. ഒരുപാടുപേർ കഷ്ടപ്പെട്ട് മാറ്റിയെടുത്തതല്ലേ. അത്തരം പാട്ടുകൾ കേട്ട് മനസ്സു മാറിയ ആളുകൾ ഉണ്ട്. കൃത്യമായ രാഷ്ട്രീയമുള്ള വേദികൾ ഞങ്ങൾക്കു കിട്ടാറുണ്ട്. അവിടെ പാടാനും പറയാനും ഞങ്ങൾക്ക് ഒരുപാട് സന്തോഷമാണ്.

 

നാടൻ പാട്ടുകളിൽ കാലത്തിനനുസരിച്ചു വരുന്ന മാറ്റങ്ങളെന്ത്?

 

എത്ര മനോഹരമായ പാട്ടുകളായാലും കാലത്തിന് അനുസരിച്ചു മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ അതിനു ശ്രോതാക്കളെ നേടാനാകില്ല. കാലാനുസൃതമായ മാറ്റങ്ങൾ ഫോക്‌ലോറിൽ സ്വാഭാവികമാണ്. അങ്ങനെ പല നാട്ടിലെ പല സന്ദർഭങ്ങളിൽ ഉണ്ടായ പാട്ടുകൾ ആത്മാവ് നഷ്ടപ്പെടുത്താതെ ചിട്ടപ്പെടുത്തി പാടാൻ ഇഷ്ടമാണ്. അത് സ്വീകരിക്കപ്പെടാറുമുണ്ട്.

 

വരാനിരിക്കുന്ന പാട്ടുകൾ

 

എം.ടി വാസുദേവൻ നായരുടെ ചെറുകഥകളെ നെറ്റ്ഫ്ലിക്സ് സിനിമകളാക്കുന്നുണ്ട്. അതിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘അഭയം തേടി വീണ്ടും’ എന്ന ചിത്രത്തിലെ നാല് പാട്ടുകളിൽ രണ്ടെണ്ണം ശ്രീഹരി തറയിലും മറ്റു രണ്ടെണ്ണം ഞാനുമാണ് എഴുതിയത്. മൂന്നു പാട്ടുകൾ പാടിയത് ഞാനാണ്. ഇതുവരെ ഞങ്ങൾ വേദികളിൽ മാത്രമാണ് പാടിയിരുന്നത്. ഇനി സ്വന്തമായി പാട്ടുകൾ ചെയ്യണം. ബാൻഡ് വലുതാക്കണം. രേഖപ്പെടുത്താതെ പോയ ചില പാട്ടുകളുടെ അവകാശികളെ കണ്ടെത്തി ചേർക്കണം. സമൂഹമാണ് കലാകാരന്മാരെ സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തോട് തിരിച്ചും ചില ഉത്തരവാദിത്തങ്ങൾ ഞങ്ങൾക്കുണ്ട്. കയ്യടികളും കൂവലുമൊക്കെ പരിഗണിക്കുന്നു.

 

English Summary: Soul of Folks music band special story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com