ADVERTISEMENT

പലതരം രചനകള്‍, പലതരം ഹിറ്റുകളും. വളരെ നേരത്തെ തുടങ്ങിയ ചലച്ചിത്ര ഗാനരചനാ ജീവിതത്തില്‍ വിനായക് ശശികുമാറിന്റെ ടാഗ് ലൈന്‍ ഇങ്ങനെയാണ്. എ.ആര്‍.റഹ്‌മാന്‍ വിശ്വപ്രസിദ്ധമായ യോദ്ധയ്ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിവരുമ്പോള്‍ ചോലഭംഗിയും കാട്ടാറിന്റെ താളവുമുള്ള ലളിതമായ വരികള്‍ കുറിച്ചത് വിനായക് ആണ്. റഹ്‌മാന്‍ ഈണത്തിന് ആര് പാട്ടെഴുതുമെന്ന വലിയ ചോദ്യത്തിന് ഉത്തരമായതിനേയും, മലയന്‍കുഞ്ഞിലെ മണ്ണും മനവും നിറഞ്ഞ പാട്ടെഴുത്തിനെക്കുറിച്ചും വിനായക് മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.

 

മറ്റൊരു പാട്ടല്ല, വെറുമൊരെഴുത്തുമല്ല

 

റഹ്‌മാന്‍ സര്‍ ഇതിനു മുന്‍പ് മലയാളത്തില്‍ ചെയ്ത യോദ്ധ പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ജനിച്ചിരുന്നില്ല. അദ്ദേഹത്തിന്റ മാന്ത്രികമായ സംഗീതം കേട്ടും ആസ്വദിച്ചും അനുഭവിച്ചും വളര്‍ന്ന ഞാന്‍ അദ്ദേഹം മലയാളത്തിലേക്ക് തിരികെ വരുന്നുവെന്നറിഞ്ഞപ്പോള്‍ ഏതൊരു കേള്‍വിക്കാരനേയും പോലെ ഒരുപാട് കൗതുകത്തിലായിരുന്നു. ആരായിരിക്കും പാട്ടെഴുതുന്നത്, പാട്ട് പാടുന്നത് എന്നൊക്കെ. രണ്ടു മൂന്നു കൊല്ലം മുന്‍പ് വരെ അദ്ദേഹം മലയാളത്തിലേക്ക് വരുന്നതിനെപ്പറ്റി ഒരു സൂചനയും ഇല്ലായിരുന്നു. പിന്നീടാണ് ആടുജീവിതം അനൗണ്‍സ് ചെയ്യുന്നതും അദ്ദേഹമാണ് സംഗീതമെന്നുമൊക്കെ അറിയുന്നത്. എന്നാലിപ്പോൾ ആദ്യം പുറത്തുവന്നത് മലയന്‍കുഞ്ഞ്. അദ്ദേഹത്തിന്റെ സംഗീതത്തിന് വരികളെഴുതുക എന്നത് എന്നെ സംബന്ധിച്ച് ഒരു അംഗീകാരവും അഭിമാനവുമാണ്. പിന്നീട് തിരിഞ്ഞു നോക്കുമ്പോള്‍ എ.ആര്‍.റഹ്‌മാന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവില്‍ പാട്ടെഴുതി എന്നത് എന്റെ കരിയറിലെ ഒരു വലിയ മാര്‍ക്ക് ആയിരിക്കും

 

വാക്കുകളുടെ ബഹളമില്ലാതെ

 

റഹ്‌മാന്‍ സര്‍ ആദ്യം പശ്ചാത്തല സംഗീതം മാത്രമാണ് ചെയ്യാനിരുന്നത്. പിന്നീട് അതിനിടയിലാണ് സിനിമയിലെ രംഗങ്ങള്‍ പാട്ടുകള്‍ കൂടി ആവശ്യപ്പെടുന്നെന്നു മനസ്സിലാക്കി ഗാനങ്ങള്‍ കൂടി ചെയ്യാമെന്നു പറയുന്നത്. റഹ്‌മാന്‍ സംഗീതത്തിന് പാട്ടെഴുതുന്നെങ്കിലും അതൊരു വലിയ സമ്മര്‍ദ്ദമായി മനസ്സില്‍ വയ്‌ക്കേണ്ടെന്ന് ആദ്യമേ തന്നെ സംവിധായകന്‍ സജിയേട്ടനും തിരക്കഥയെഴുതിയ മഹേഷ് നാരായണനുമൊക്കെ പറഞ്ഞിരുന്നു. വളരെ ലളിതമായ വാക്കുകളില്‍ എന്നാല്‍ ആഴമുള്ള പാട്ടെഴുത്തായിരിക്കണമെന്നു പറഞ്ഞു. കഥയില്‍ പറയുന്ന കാലവും പരിസ്ഥിതി ഘടനയും ആളുകളുടെ രീതികളുമെല്ലാം പഠിക്കാനും അതിനിണങ്ങിയ വാക്കുകള്‍ കണ്ടെത്താനും കോവിഡിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് ശ്രമിച്ചിരുന്നു. അത് വരികളില്‍ നിഴലിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. 

 

സിനിമയുടെ ഷൂട്ടിങ്ങും എഡിറ്റിങ്ങും കഴിഞ്ഞ ശേഷം ദുബായില്‍ കൊണ്ടുപോയി സിനിമ കാണിച്ച് അത് ഇഷ്ടപ്പെട്ട ശേഷമാണ് റഹ്‌മാന്‍ സര്‍ സംഗീതം നല്‍കാമെന്നു സമ്മതിച്ചത്. സ്വാഭാവികമായും ഞാന്‍ ഇതിന്റെ ഭാഗമാകുന്നത് അതിനും ശേഷമാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ വാക്കുകള്‍ക്കപ്പുറം സിനിമ കണ്ടാണ് വരികളിലേക്കെത്തിയത്. അത് പാട്ടെഴുത്തിനെ ഒരുപാട് സഹായിച്ചു. അതിന്റെ പ്രതിഫലനം പാട്ടുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ തന്നെയുണ്ട്. ഓരോ കേള്‍വിക്കു ശേഷവും പുതിയൊരു അനുഭവമാണ് മനസ്സിലെന്നു പറയുന്ന ഒരുപാട്് കമന്റുകള്‍ കണ്ടു. അതിലൊരുപാട് സന്തോഷം.

 

അകലെയിരുന്നാണെങ്കിലും

 

ദുബായിലിരുന്നാണ് റഹ്‌മാന്‍ സര്‍ സിനിമയുടെ സംഗീതമെല്ലാം ചെയ്തത്. പാട്ടുകളുടെ റെക്കോഡിങ്ങെല്ലാം സൂം വഴി നടന്നു. അതും വേറിട്ടൊരു അനുഭവമായി. സംവിധായകനുള്‍പ്പെടെ പാട്ടിനു വേണ്ടി പ്രവര്‍ത്തിച്ച ബാക്കിയെല്ലാവരും കൊച്ചിയിലായിരുന്നു. റഹ്‌മാന്‍ സാറിന് മലയാള ഭാഷ നന്നായറിയാം. എങ്കിലും അര്‍ഥവും അതിന്റെ മറ്റു തലങ്ങളും മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ തന്നെ മ്യൂസിക് അക്കാദമിയില്‍ പഠിച്ച രണ്ടു പേരെ നിയോഗിച്ചു. ഞാന്‍ തന്നെ വരികളുടെ മലയാളം-ഇംഗ്ലിഷ് പിഡിഎഫുകളും റഫ് ആയി അവ ഉച്ചരിക്കുകയോ മൂളുകയോ ചെയ്യുന്നതിന്റെ ഓഡിയോ ഫയലുമാണ് അയച്ചുകൊടുത്തിരുന്നത്. ചോലപ്പെണ്ണ് എന്ന പാട്ട് പുറത്തിറങ്ങിയ ദിവസമാണ് ഞാന്‍ അദ്ദേഹത്തെ നേരിട്ട് കാണുന്നത്. 

 

ഇതൊരു മനോഹര യാത്ര

 

ഡേറ്റ സയന്റിസ്റ്റ് എന്ന വിശാലവും സുരക്ഷിതവുമായ ഇടത്തിരുന്ന് പാട്ടെഴുതി കൂടായിരുന്നോ എന്ന് ചോദിക്കുന്ന ഒരുപാട് പേരുണ്ട്. നമ്മളോടുളള സ്‌നേഹവും ഈ രംഗത്തിന്റെ അനിശ്ചിതത്വ സ്വഭാവവും കൂടി കണക്കിലെടുത്താണ് അവര്‍ അങ്ങനെ ചോദിക്കുന്നത്. ഞാന്‍ ജോലി ചെയ്തുകൊണ്ട് തന്നെ പാട്ടെഴുതിയിരുന്ന ആളാണ്. പക്ഷേ ആ സമയത്ത് ഞാന്‍ വല്ലാതെ മിസ് ചെയ്ത കാര്യങ്ങളുമുണ്ട്. അതിനു വേണ്ടിയാണ് ജോലി ഉപേക്ഷിച്ചത്. സിനിമ സംഗീത രചനയും റെക്കോഡിങ്ങും അതിനു വേണ്ടിയുള്ള ചര്‍ച്ചകളും വളരെ മനോഹരമായ ഒരു യാത്രയാണ്. ചിത്രത്തിന്റെ സംവിധായകനോട് സംസാരിച്ചു സംഗീത സംവിധായകനൊപ്പമിരുന്ന് പാട്ടെഴുതുന്ന ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ വളരെ രസകരമാണ്. അത് അനുഭവിക്കാന്‍ വേണ്ടി ആഴ്ചകളില്‍ കൊച്ചിയിലെത്തി ഞായറാഴ്ച പാട്ടെഴുതി തിരികെ വണ്ടിപിടിച്ച് ചെന്നൈയിലെത്തി പിറ്റേന്ന് ജോലിക്ക് കയറണം. അത് പിന്നെ ബുദ്ധിമുട്ടായി. അതുപോലെ മലയാള സിനിമയുടെ ഹബ് ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് മാറുകയും ചെയ്തു ഇതിനോടകം. ജി.മെയിലില്‍ വരുന്ന ട്യൂണുകള്‍ക്ക് അനുസരിച്ച് പാട്ടെഴുതി തിരിച്ചയക്കാന്‍ തുടങ്ങി അതോടെ. ആരുടെയും മുഖം പോലും കാണാതെയായി. സിനിമ തന്നെയാണ് എന്റെ വഴി എന്ന് മനസ്സിലുറപ്പിക്കുമ്പോള്‍ പിന്നെ അത് വളരെയധികം യാന്ത്രികമായി പോകുന്നത് വലിയ സങ്കടമല്ല. പ്രഫഷന്‍ എന്നതിനപ്പുറം അതൊരു വികാരം കൂടിയല്ലേ. അങ്ങനെയാണ് ജോലിവിട്ട് പാട്ടെഴുത്തുകാരനായി കൊച്ചിയിലേക്ക് വരുന്നത്. പിന്നെയെല്ലാം ഒരു വിശ്വാസത്തിന്റെയും തോന്നലുകളുടെയും പുറത്തു ചെയ്തതതാണ്. അത് വീട്ടുകാരുമായും പിന്നെ അന്നത്തെ പ്രണയിനിയും ഇപ്പോഴെന്റെ ഭാര്യയുമായ അഞ്ജലിയോടും പറഞ്ഞപ്പോള്‍ എല്ലാവരും പിന്തുണ തന്നു. ഇത്രയൊന്നും അവസരങ്ങള്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു ആ തീരുമാനമെടുത്തതും. യുക്തിയുടെയോ ബുദ്ധിയുടേതോ അല്ല, തോന്നലുകളുടെ മാത്രം തീരുമാനമായിരുന്നു. പക്ഷേ ഓരോ പാട്ടിലേക്കുള്ള യാത്രയും മനോഹരമായൊന്നാണെന്ന് മാത്രം എപ്പോഴും അനുഭവിക്കുന്നു.

 

ഈണമാദ്യം...

 

മലയാളത്തിലെന്നല്ല മറ്റെവിടെ എടുത്താലും ഈണത്തിനു തന്നെയാണ് പ്രാധാന്യം. വരികള്‍ക്ക് അല്‍പം അഴക് കുറവാണെങ്കിലും ഈണം നല്ലതായാല്‍ പാട്ട് ശ്രദ്ധിക്കപ്പെടുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്. മറിച്ചുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. വരികള്‍ എഴുതിയെടുത്ത് ആസ്വദിക്കപ്പെടുന്നില്ല, മറിച്ച് അത് പാടികേള്‍ക്കുക എന്നത് തന്നെയാണ് രീതി. അത് മനുഷ്യസഹജമായ ഒന്നാണ്. ഇപ്പോള്‍ ട്യൂണിനനുസരിച്ചാണ് പാട്ടെഴുതാറ്. ഏത് ഈണം കിട്ടുമ്പോഴും ഞാന്‍ ശ്രോതാവായി മാത്രമാണ് ആദ്യം അതിനെ സമീപിക്കാറ്. അന്നേരം ഈണത്തിലെ ഏറ്റവും മനോഹരമായതും കുറച്ച് താഴെനില്‍ക്കുന്നതുമായ ഇടങ്ങളെ തിരിച്ചറിയാനാകും. വരികള്‍ എഴുതമ്പോള്‍ അതിനനുസരിച്ച് കുറിക്കാനും കഴിയും. അത് വളരെ പോസിറ്റീവ് ആയ കാര്യമായിട്ടാണ് എനിക്ക് തോന്നാറ്.

 

ട്രെന്‍ഡ് സെറ്റ് ചെയ്യുന്ന പാട്ടെഴുതണം അതൊരു തരംഗമാകണം എന്നൊന്നും ഒരിക്കലും മനസ്സില്‍ ചിന്തിച്ചിട്ടില്ല. അതൊക്കെ സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ്. ഈണത്തിനപ്പുറം പാട്ടെഴുതുമ്പോള്‍ മാനദണ്ഢമാകുന്ന കുറേ കാര്യങ്ങളുണ്ട്. ഒന്ന്, എഴുതാന്‍ പോകുന്ന പാട്ടിന് ചിത്രത്തിലെന്താണ് പ്രസക്തിയെന്ന് രണ്ട്, ആരെ ലക്ഷ്യമിട്ടാണ് ഈ പാട്ടെന്ന്. ലക്ഷ്യമിടുന്നത് ലിംഗമോ പ്രായമോ ഒക്കെ അടിസ്ഥാനമാക്കിയായിരിക്കുമല്ലോ, അപ്പോള്‍ അവരുടെ ശ്രദ്ധകിട്ടുന്ന തരത്തിലുള്ള വാക്കുകള്‍ക്കോ ആശയങ്ങള്‍േേക്കാ പ്രാധാന്യം നല്‍കും. വരികളോടുള്ള പ്രതികരണത്തിലും ഇതുതന്നെയാണ് എന്റെ മാനദണ്ഢം. ഒരു പാട്ടുകളോടുള്ള ആളുകളുടെ പ്രതികരണമറിയാന്‍ ആരെ ലക്ഷ്യമിട്ടാണോ പാട്ടെഴുതിയത് അതേ ഗണത്തില്‍ വരുന്നവരുടെ കമന്റുകള്‍ വായിക്കാറാണ് പതിവ്.

 

സ്‌കൂളില്‍ നിന്ന് വന്ന ഇഷ്ടം, കോളജ് വളര്‍ത്തി

 

സ്കൂളില്‍ പഠിക്കുമ്പോഴെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഥയും കവിതയുമൊക്കെ എഴുതുമായിരുന്നു. സമ്മാനങ്ങളൊക്കെ കിട്ടിത്തുടങ്ങിയതോടെ അതൊരു ഹരമായി. അതിനോടൊപ്പം അച്ഛനും അമ്മയും കൂടി വാദ്യോപകരണങ്ങള്‍ പഠിപ്പിക്കാന്‍ വിട്ടതോടെ സംഗീതവും കൂടിയായി. ആ അനുഭവങ്ങളുടെ സമ്മിശ്രമാണ് എന്റെ സിനിമാ ജീവിതത്തിന് മുതല്‍ക്കൂട്ടാകുന്നത്. കോളജാണ് സിനിമയെന്ന മാധ്യമം എനിക്കിണങ്ങുമെന്ന് മനസ്സിലാക്കി തന്നത്. അങ്ങനെയൊരു പശ്ചാത്തലമില്ലാത്തതിനാല്‍ നേരിട്ട് സിനിമയിലേക്ക് പോകുന്നത് വീട്ടിലൊരു പേടിയായതിനാലാണ് പിജി ചെയ്യുന്നതും അതുവഴി ഫോര്‍ഡില്‍ ജോലി കിട്ടുന്നതുമൊക്കെ. പക്ഷേ മനസ്സ് സിനിമയിലേക്ക് തന്നെ തിരികെയെത്തിച്ചു. ചെന്നൈ ലയോളയിലെ ഡിഗ്രി ജീവിതം വലിയ വഴിത്തിരിവാണ്. സിനിമാ മോഹികളായ ഒരുപാട് കൂട്ടുകാരെ കിട്ടി, അവരില്‍ മിക്കവരും ആഗ്രഹിച്ച പോലെ സിനിമയിലേക്കും വന്നു. അവര്‍ തന്നെയാണ് എന്റെ ആദ്യ ആസ്വാദകരും വിമര്‍ശകരും തിരുത്തല്‍ ശക്തിയുമെല്ലാം. കോളെജ് ജീവിതത്തിനിടയിലാണ് ആദ്യമായി സിനിമയില്‍ പാട്ടെഴുതുന്നതും, കുട്ടീം കോലുമെന്ന സിനിമിയില്‍. ഹായ് ഹലോ കാതല്‍ എന്നൊരു ഷോര്‍ട്ട് ഫിലിമും കോളജ് കാലഘട്ടത്തില്‍ ചെയ്തു. സിനിമിയിലേക്കുള്ള വാതില്‍ തുറക്കപ്പെടുന്നത് അങ്ങനെയൊക്കെയാണ്.

 

ഞാന്‍ അതുവരെയൊന്നും എത്തിയിട്ടില്ല

 

വളരെ സെലക്ടീവായി പാട്ടുകള്‍ തിരഞ്ഞെടുക്കുന്ന എഴുത്തുകാരനായിട്ടൊന്നും എന്റെ കരിയര്‍ വളര്‍ന്നിട്ടില്ല. എനിക്ക് കിട്ടുന്ന മിക്കവാറും എല്ലാ അവസരങ്ങളും ഞാന്‍ ഉപയോഗിക്കാറുണ്ട്. സമയമില്ലെങ്കില്‍ മാത്രമാണ് ചിലതൊക്കെ ഒഴിവാക്കാറ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com