ജാതിക്കയല്ല, ഇത് ആടലോടകം; നാടൻ പ്രണയത്തിന്റെ ശീലുകൾ പാടുന്ന സൗമ്യ രാമകൃഷ്ണൻ, അഭിമുഖം

soumya-songs
SHARE

ജാതിക്കാത്തോട്ടത്തിന്റെ തണുപ്പുള്ള പ്രണയം പാടിയ സൗമ്യയിപ്പോള് ആടലോടകത്തെ പോലെ ഗ്രാമീണത തുളുമ്പുന്ന പ്രണയത്തെക്കുറിച്ചാണ് പാടുന്നത്.  

ആടലോടകം ആടി നിക്കണ്... 

ആടലോടൊരാള് വന്ന് നിക്കണ്...

ഉള്ളിലുള്ളത്... കണ്ണിലുള്ളത്...

ദേവിയാണേ ഉള്ളിലാളണ്...

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനുവേണ്ടി പാടിയ, ഷഹബാസ് അമനൊപ്പമുള്ള ഈ ഡ്യൂയറ്റാണ് സൗമ്യ രാമകൃഷ്ണന്റെ ഏറ്റവും പുതിയ ഹിറ്റ്. അറബിക്കഥയിലെ താനേ പാടും വീണേ... മുതല്‍ വ്യത്യസ്തമായ പാട്ടുകളിലൂടെ സൗമ്യ രാമകൃഷ്ണന്‍ എന്ന പാട്ടുകാരിയെ മലയാളികള്‍ കേട്ടുതുടങ്ങി. വിക്രമാദിത്യനു വേണ്ടി നജിം അർഷാദിനൊപ്പം പാടിയ മഴനിലാക്കുളിരുമായ്..., തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കണ്ണിലെ പൊയ്കയില്‍..., ഒഴിമുറിയിലെ വാക്കിനുള്ളിലെ വിങ്ങും..., ഇഡിയറ്റ്സിലെ മുത്തുമണി മഴയായ്... പോലുള്ള പാട്ടുകള്‍ സൗമ്യയെ നമുക്ക് സുപരിചിതയാക്കി.  ‍ഇടയ്ക്കിടെ ഹിറ്റുപാട്ടുകളുടെ ഭാഗമാകാറുള്ള സൗമ്യ, ഏറ്റവും പുതിയ പാട്ടായ ആടലോടകത്തിന്റെ വിശേഷങ്ങളും പുത്തൻ പാട്ടുവിശേഷങ്ങളും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

ആടലോടകം!

ഡോണ്‍ വിന്‍സെന്റ് ആണ് ആടലോടകത്തിനു സംഗീതം നൽകിയിരിക്കുന്നത്. ഡോണിനു വേണ്ടിയുള്ള എന്റെ ആദ്യത്തെ പാട്ടും പിന്നണിഗാനരംഗത്തെ ഇരുപത്തിയഞ്ചാമത്തെ പാട്ടുമാണിത്. ജാതിക്കാത്തോട്ടം കേട്ടിട്ടാണ് ഇതിലേക്ക് പാടാന്‍ വിളിച്ചത്. കുറച്ചു നാടോടി രീതിയിലുള്ള ട്യൂണായിരുന്നു ആദ്യം. അതുകൊണ്ട് ഓപണ്‍ ആയി പാടി. പിന്നീട് ട്യൂണില്‍ മാറ്റങ്ങള്‍ വന്നു. മഴനിലാകുളിരുമായി... പാടിയത് മനസ്സില്‍ വച്ച് കുറച്ചുകൂടി റൊമാന്റിക് ഫീല്‍ കൊടുത്ത് സോഫ്റ്റ് ആക്കി. അങ്ങനെയാണ് ഇപ്പോള്‍ കേൾക്കുന്ന പാട്ടുണ്ടായത്. 

സാധാരണ റെക്കോഡിങ്ങിനു പോകുമ്പോള്‍ പാട്ടിന്റെ സന്ദർഭവും സ്വഭാവവുമൊക്കെ ചോദിക്കുന്നത് പതിവാണ്. ആരാണ് രംഗത്തുണ്ടാവുക എന്നും ചോദിക്കും. ജാതിക്കാത്തോട്ടം പാടാന്‍ പോയപ്പോള്‍ പറഞ്ഞു, കൗമാരപ്രായത്തിലുള്ളവര്‍ പാടുന്നൊരു ലവ്സോങ് ആണെന്ന്. പക്ഷേ, അത്ര റൊമാന്റിക് ആവേണ്ട കാര്യമില്ല. ആ കുട്ടികളുടെ ഒരു ക്യൂട്ട്നെസ് പാട്ടില്‍ വേണം. ഗമകങ്ങളൊന്നും ആവശ്യമില്ലാതെ സിംപിള്‍ ആയി തുറന്ന മനസ്സോടെ പാടണം എന്നൊക്കെ. പിന്നെ ആ കുട്ടികളുടെ ഫോട്ടോയും കാണിച്ചു തന്നിരുന്നു. അതുപോലെ ഡോണിനോടും പാട്ടിന്റെ സിറ്റ്വേഷന്‍ ചോദിച്ചു മനസ്സിലാക്കി. ആടലോടകം...  ലവ് സോങ് ആണ്. പക്ഷേ, മഴനിലാക്കുളിരുമായ്... പോലുള്ളൊരു റൊമാന്റിക് സോങ് അല്ല എന്നു പറഞ്ഞു. കഥാപശ്ചാത്തലവും പറഞ്ഞു തന്നു. നായകന്‍ നായികയെ കണ്ടുമുട്ടാനിടയാകുന്ന സന്ദർഭവും അവര്‍ തമ്മിലുള്ള ആശയവിനിമയങ്ങളും അവരുടെ ആംഗ്യങ്ങളുമൊക്കെയായിരിക്കും പാട്ടിലൂടെ കാണിക്കുന്നത് എന്നും. അതൊക്കെ ഭാവനയില്‍ക്കണ്ട് പാടുകയായിരുന്നു. ഡ്യുയറ്റ് ആണെങ്കിലും രണ്ടുപേരും ഒരുമിച്ചായിരുന്നില്ല റെക്കോഡിങ്.  

വൈശാഖ് സുഗുണന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. പാട്ടിലെ വരികൾക്കു കുറച്ചേറെ വ്യത്യസ്തതകളുണ്ട്, വല്ലാത്തൊരു രസവും. ആടലോടകം എന്ന വാക്ക് തന്നെ ഇതുവരെ നമ്മള്‍ പാട്ടിലൊന്നും കേട്ടിട്ടില്ലാത്ത വാക്കല്ലേ? വാക്കുകള്‍ ഉച്ചരിക്കുന്ന രീതിയിലുമുണ്ട് വ്യത്യസ്ത. ആടലോടകം ആടി നിക്കണ്..., ആളണ്, പോലെ അല്പം വേറിട്ട ഭാഷയാണ്. ആ വരികളിലും ഈണത്തിലും തന്നെയാണ് പാട്ടിന്റെ 80 ശതമാനം ഭംഗിയും. നല്ലരസത്തില്‍ ആടിയാടി പാടുന്നപോലൊരു ഫീലാണ് പാട്ടിലാകെ.

സ്വരം മാറ്റിപ്പാടാനാകുമോ?

ജാതിക്കാത്തോട്ടം വേറൊരു ശബ്ദമല്ലേ, ശബ്ദം മാറ്റിപ്പാടിയതാണോ എന്നു ചോദിക്കാറുണ്ട് പലരും. മഴനിലാക്കുളിരുമായി... എന്ന പാട്ട് E സ്കെയിലിലാണ്. അപ്പോള്‍ സ്വരവും അത്രയും മുകളിലെത്തണമല്ലോ. അതിനു ചേരുന്നപോലെയാകും അപ്പോള്‍ സ്വരം. സംസാരിക്കുന്ന അതേ ടോണിലാണ് ജാതിക്കാത്തോട്ടം പാടേണ്ടിയിരുന്നത്. അപ്പോള്‍ സ്വാഭാവികമായി സ്വരത്തിന് അല്പം ബാസ് കൂടും. ആ വ്യത്യാസം മാത്രമേയുള്ളൂ. അല്ലാതെ സ്വരം മാറ്റാനാവില്ലല്ലോ. ഓരോ പാട്ടും ചിട്ടപ്പെടുത്തുന്നതിനനുസരിച്ച് പാട്ടില്‍ ആവശ്യമായിവരുന്ന ചില ഏറ്റക്കുറച്ചിലുകള്‍ സ്വരത്തിലും വരും. അത്രയേയുള്ളൂ. കുറച്ചുകാലം മുമ്പുവരെ നമുക്ക് മധുരസ്വരത്തിലുള്ള പാട്ടുകള്‍ മാത്രമല്ലേയുണ്ടായിരുന്നുള്ളൂ. ഇത്തരം പാട്ടുകള്‍ അധികം കേട്ടുശീലമില്ലല്ലോ നമുക്ക്. അതുകൊണ്ടു തോന്നുന്നതാ. 

വെള്ളം കുടിപ്പിച്ച പാട്ട്

എന്നെ വെള്ളം കുടിപ്പിച്ചൊരു പാട്ടുണ്ട്. ഹലാല്‍ ലവ് സ്റ്റോറിക്കു വേണ്ടി പാടിയ മുറ്റത്ത് അന്നാദ്യമായി... എന്നു തുടങ്ങുന്ന ഗാനം. അതിന്റെ ഈണവും വരികളുമൊക്കെ കുറച്ചു വെല്ലുവിളിയായിരുന്നു. ശുദ്ധമായ പ്രണയഗാനമാണത് എങ്കിലും വരികൾക്കു കൊടുക്കുന്ന ഭാവവും സംഗതികളുമൊന്നും ഇന്നുവരെ ഞാന്‍ ചിന്തിക്കാത്ത തരത്തിലായിരുന്നു അത് പാടേണ്ടിയിരുന്നത്. അതുകൊണ്ട് സാധാരണ പാടുന്നതുപോലെ അത്ര എളുപ്പത്തില്‍ പാടിപ്പോകാന്‍ പറ്റിയില്ല. ഒരു ഫ്ളോ കിട്ടാന്‍ കുറച്ചു സമയമെടുത്തു. ആദ്യം പാടി. ശരിയായില്ല. പിന്നീട് നല്ലപോലെ പഠിച്ച് രണ്ടാമത് പോയി റെക്കോര്‍ഡ് ചെയ്യേണ്ടി വന്നു. എങ്കിലും പാട്ട് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. അതൊക്കെക്കൊണ്ടു തന്നെ എനിക്ക് ഒരുപാട് സ്പെഷ്യല്‍ ആയൊരു പാട്ടാണത്. ഏറ്റവും ഇഷ്ടമുള്ള പാട്ട്. പക്ഷേ, ആ പാട്ട് ഒട്ടുംതന്നെ ശ്രദ്ധിക്കപ്പെട്ടില്ല. ആ രീതിയില് കുറച്ച് വിഷമമായി. എന്നാലും അതിനു തൊട്ടുമുമ്പായിരുന്നു ജാതിക്കാത്തോട്ടം ഹിറ്റായത്.  ഇങ്ങനെയൊക്കെ ഒരു പാട്ട് ശ്രദ്ധിക്കപ്പെടുമോ എന്ന് അപ്പോള്‍ അദ്ഭുതം തോന്നി. ആ സന്തോഷം ആ വിഷമം ഇല്ലാതാക്കി. പിന്നെയിതെല്ലാം ഈ ജോലിയുടെ ഭാഗമാണെന്നറിയാം. അതുകൊണ്ട് നിരാശയൊന്നും തോന്നാറില്ല. 

സ്വരം കൊണ്ട് നൃത്തം ചെയ്ത പാട്ട് 

ലോക നൃത്തദിനത്തില്‍ ഇറങ്ങിയ ഉരുള എന്ന ഡാൻസ് വിഡിയോയ്ക്കു വേണ്ടി ഒരു ഗാനം പാടിയിരുന്നു. ലോകമെല്ലാം ഉരുണ്ടതാണെന്നും നമ്മളടക്കമുള്ളതെല്ലാം പ്രകൃതിയുടെ പലതരത്തിലുള്ള നൃത്തത്തിന്റെ ഭാഗമാണെന്നുമൊക്കെ പറയുന്നൊരു പാട്ടാണത്. പലതരം നൃത്തങ്ങള്‍ കൂട്ടിച്ചേർത്ത് ഡോ. ശ്രീജിത്ത് ഡാൻസിറ്റി കംപോസ് ചെയ്ത വിഡിയോ ആയിരുന്നു. സന്തോഷ് വർമയുടെ വരികൾക്ക് ബിജിബാല്‍ സാറാണ് സംഗീതം കൊടുത്തത്. ചില ഭാഗത്ത് വേഗത കൂടിയും ചിലയിടത്ത് തുറന്നു പാടുന്ന പോലെയുമൊക്കെ സാധാരണയില്‍ നിന്നു വ്യത്യസ്തമായ രീതിയിലാണ് അത് കംപോസ് ചെയ്തിരിക്കുന്നത്. അതുപോലൊരു പാട്ട് ഞാനതുവരെ പാടിയിട്ടുണ്ടായിരുന്നില്ല. ഒരു പരീക്ഷണഗാനം എന്നൊക്കെ പറയാം. 

ആ പാട്ട് പഠിക്കുന്ന സമയത്ത് എങ്ങനെ പാടണമെന്ന് ഒരു ധാരണയും കിട്ടുന്നുണ്ടായിരുന്നില്ല. ഒരു പ്രത്യേക വിഭാഗത്തിൽപ്പെടുത്താൻ കഴിയാത്ത പാട്ട്. സ്വരം കൊണ്ട് നൃത്തം ചെയ്യുക എന്നൊക്കെ പറയാം. ഡാൻസ് സോങ് ആയതുകൊണ്ട് നല്ല ത്രോ വേണമായിരുന്നു. ഇത്രയും എനർജിയുള്ള പാട്ട് ഇതുവരെ പാടിയിട്ടില്ല. ആ പാട്ടിലൂടെ പുതിയ കുറേ കാര്യങ്ങള്‍ പഠിച്ചു. ഇതുവരെ പഠിച്ചതൊന്നും ഒന്നുമല്ല എന്നു തോന്നിപ്പോയി.

മലര്‍ന്തും മലരാത...

പഠനവും ജോലിയുമൊക്കെയായി പോയപ്പോള്‍ സംഗീതപഠനം കാര്യമായൊന്നും നടന്നില്ല. പണ്ട് അമ്മ വീട്ടില്‍ സംഗീതം പഠിപ്പിച്ചിരുന്നു. അപ്പോഴും ഞാന്‍ ക്ലാസില്‍ ഇരുന്നിട്ടില്ല. ഇപ്പോള്‍ എല്ലാത്തരം പാട്ടുകളും കേൾക്കുന്നു. ഓപണ്‍ മൈൻഡോടെയാണ് ഏത് പാട്ടും കേൾക്കുന്നത്. ഏത് സമയത്ത് ഏത് തരം പാട്ടാണ് പാടേണ്ടിവരിക എന്നറിയില്ലല്ലോ.

പറ്റുന്ന പാട്ടുകള്‍ പഠിച്ചുപാടുകയെന്നതു മാത്രമാണ് ആഗ്രഹം. കൂടുതലായി കേൾക്കുന്നത് ഭജനുകളും കർണാടകസംഗീത കൃതികളുമാണ്. അത് പാടുമ്പോള്‍ കൂടുതല്‍ ഭക്തിസാന്ദ്രമായിത്തോന്നാറുണ്ട്. യൂട്യൂബില്‍ ധാരാളം സാമ്പ്രദായിക ഭജനുകള്‍ ഉണ്ട്. അതൊക്കെ പലതവണ കേൾക്കും. നല്ല ഇഷ്ടമാകുന്നത് പഠിക്കും. വർഷങ്ങളായി പാടിക്കൊണ്ടിരിക്കുന്നവയാകും പലതും. പെട്ടെന്നൊരു ദിവസം തോന്നും എന്നാലിതൊന്ന് കവർ ചെയ്യാം എന്ന്. അങ്ങനെയാണ് ലോക്ഡൗണ്‍ കാലത്ത് നമ്പിക്കെട്ടവർ എവരയ്യാ..., കണ്ടനാള്‍ മുതലായ്.... തുടങ്ങിയ കൃതികള്‍ കവര്‍ വേർഷനായി ചെയ്തത്. ഈ കൃതികള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോള്‍ എങ്ങനെ അവതരിപ്പിക്കാം എന്നുള്ള ആശയങ്ങളൊക്കെ ബിജിബാല്‍ സാറാണ് തന്നത്. പാടിയത് ഞാനാണെന്നേയുള്ളൂ. 

ഇടയ്ക്ക് ചില സിനിമാഗാനങ്ങളും കവര്‍ ചെയ്യാറുണ്ട്. അങ്ങനെ ചെയ്ത മലർന്തും മലരാത പാതിമലർപോല... മറ്റ് കവര്‍ സോങ്ങുകളേക്കാള്‍ കൂടുതല്‍ വ്യൂസ് കിട്ടിയ പാട്ടാണ്. വലിയ സന്തോഷം തോന്നി. ബിജിസാറിന്റെ മകന്‍ ദേവദത്താണ് അതിന് ഓർക്കസ്ട്രേഷന്‍ ചെയ്തത്. 

 

കുറേ പഠിക്കണം

എം.ടി.വാസുദേവന്‍ നായരുടെ ചെറുകഥകളെ ആധാരമാക്കി ചെയ്യുന്ന ആന്തോളജി ചിത്രത്തില്‍ അശ്വതി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്യുന്ന 'വില്പന'യില്‍  സന്തോഷ് വര്‍മ-ബിജിബാല്‍ ടീം ഒരുക്കിയ ഒരു സോളോ സോങ്ങും നിള എന്ന ചിത്രത്തില്‍ ചിത്രത്തിന്റെ സംവിധായിക കൂടിയായ ഇന്ദു ലക്ഷ്മി എഴുതി ബിജിബാല്‍ സംഗീതം നൽകിയ രണ്ട് പാട്ടുകളും ഉല്ലാസപ്പൂത്തിരികള്‍ എന്ന പടത്തിനു വേണ്ടി ബി.കെ.ഹരിനാരായണന്‍ എഴുതി എബി സാല്വിന്‍ തോമസ് ഈണമിട്ട് രഞ്ജിത് ജയരാമനൊപ്പം പാടിയ ഒരു ഡ്യൂയറ്റ് സോങ്ങുമാണ് എന്റെ സ്വരത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. 

സംഗീതത്തില്‍ ഇനിയും കുറേ പഠിച്ചും പാടിയും കുറച്ചു പരീക്ഷണങ്ങളുമൊക്കെയായി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA