തരംഗിണിക്ക് പാടാനുണ്ടേറെ, പറയാനും; ഓണപ്പാട്ടിൽ താളം തുള്ളിച്ച് ഗന്ധർവഗായകൻ വീണ്ടും!
Mail This Article
മലയാളത്തിന്റെ ഓണക്കാഴ്ചകളുടെയും അത് തീര്‍ക്കുന്ന ആവേശത്തിന്റെയും പശ്ചാത്തലത്തിലെന്നും കേള്‍ക്കുന്ന ഓണപ്പാട്ടിന്‍ ഈണങ്ങള്‍ മിക്കപ്പോഴും ഒരു പേരില്‍ നിന്നു വന്നതാണ് തരംഗിണി. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലിരുന്ന് രവീന്ദ്രന്‍ മാസ്റ്ററും എംഎസ്‌വിയും രവീന്ദ്ര ജെയിനും വിദ്യാസാഗറുമൊക്കെ ഒരുക്കിയ ഓണപ്പാട്ടുകള്‍ നമുക്കൊരിക്കലും മറക്കാനാകില്ല. കുറച്ചു പഴയ തലമുറയ്ക്ക് പ്രത്യേകിച്ച്. അങ്ങനെ ഓരോ ഓണക്കാലമെത്തുമ്പോഴും തരംഗിണിയുടെ പാട്ടുകളെക്കുറിച്ചോര്‍ക്കുകയും പുതിയ പാട്ടുകളെന്താണ് പുറത്തിറക്കാത്തതെന്ന് ആലോചിക്കുകയും ചെയ്യുന്ന സംഗീത പ്രേമികള്‍ക്കു മുന്‍പിലേക്കിതാ തരംഗിണി വീണ്ടുമെത്തി. പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പൊന്‍ചിങ്ങത്തേര് എന്ന ആല്‍ബവുമായി. കെ.ജെ.യേശുദാസ് പാടിയ മനോഹരമായ ഓണപ്പാട്ടുകള്‍ക്കു സംഗീതം പകര്‍ന്നത് തരംഗിണി കാണിച്ചുതന്ന സംഗീത സംസ്‌കാരത്തിന്റെ ചുവടുപിടിച്ച് സംഗീത ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുടെ തലമുറയിലൊരാളായ നന്ദു കര്‍ത്തയാണ്. പാട്ടുവിശേഷങ്ങളുമായി നന്ദു കര്‍ത്ത മനോരമ ഓണ്‍ലൈനിനൊപ്പം.
അംഗീകാരമാണിത്
ഓണപ്പാട്ടുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് തരംഗിണി എന്നുതന്നെയാണ്. ഇപ്പോഴും ഓണപ്പാട്ടുകള്‍ പുറത്തിറങ്ങുന്നുണ്ട്. അതിന് ഹരം പകര്‍ന്നതും ആവേശമായതും തരംഗിണി തന്നെയാണ്. എന്നെപ്പോലെ തൊണ്ണൂറുകളില്‍ സംഗീതം നെഞ്ചേറ്റി നടന്നവര്‍ക്ക് തരംഗിണിയുടെ ഓണപ്പാട്ടിന്‍ താളങ്ങള്‍ മറക്കാനാകില്ല. എൺപതുകൾ മുതൽ 2004 വരെ തരംഗിണിയുടെ ഓണപ്പാട്ടുകള്‍ നാം കേട്ടതാണ്. നമ്മുടെ ഓണക്കാലത്തിന്റെ ഭാഗമായി ഇപ്പോൾ ഓണപ്പാട്ടുകള്‍ സൃഷ്ടിക്കപ്പെട്ടു വരുന്നതിൽ തരംഗിണിക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് എനിക്കിത് ഗൃഹാതുരമായ ഓര്‍മകള്‍ സമ്മാനിക്കുക മാത്രമല്ല, പ്രഫഷനല്‍ ജീവിതത്തിനു ലഭിച്ചൊരു അംഗീകാരം കൂടിയാണ്.
വര്‍ഷങ്ങള്‍ക്കു ശേഷം തരംഗിണി ഓണപ്പാട്ടുകള്‍ പുറത്തിറക്കുമ്പോള്‍ അതിന് ഈണമിടാനുള്ള അവസരം സമ്മാനിച്ചത് കുറേ ആത്മബന്ധങ്ങളാണ്. പ്രത്യേകിച്ച് ലിയോ തോമസ് എന്ന തരംഗിണിയുടെ ചീഫ് സൗണ്ട് എൻജിനീയറോട് ഞാനെന്നും കടപ്പെട്ടിരിക്കുന്നു. ഇത്തവണ ഓണത്തിനു തരംഗിണിയിലൂടെ ഓണപ്പാട്ടുകള്‍ വരണമെന്ന് മറ്റാരെക്കാളും ആഗ്രഹിച്ചതും അതിനു വേണ്ടി ദാസ് സാറിനെയും വിനോദ് യേശുദാസിനെയും സമീപിച്ച് സമ്മതം വാങ്ങിയതും തരംഗിണിയുടെ മാനേജർ അനിലാണ്. അനിലും ലിയോയും ചേര്‍ന്നാണ് ഈ ഓണപ്പാട്ട് സംബന്ധിച്ച കാര്യങ്ങളെല്ലാം ഏകോപിപ്പിച്ചത്. യേശുദാസ് അക്കാദമിയുടെ നടത്തിപ്പ് ചുമതലയും ഇരുവര്‍ക്കുമാണ്.
സൗഹൃദങ്ങള്‍ സമ്മാനിച്ചത്
സംഗീതസംവിധാനമാണെന്റെ പ്രഫഷന്‍ എന്നതൊക്കെ മനസ്സില്‍ വരുന്നതിനു മുമ്പ്, എന്റേതായ ഭാവനയില്‍ വരികള്‍ എഴുതി ചിട്ടപ്പെടുത്തി അടുത്ത സുഹൃത്തുകളെ കേള്‍പ്പിക്കുക പതിവായിരുന്നു. അക്കാലത്ത് പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍. കടുത്ത സംഗീത പ്രേമികളായ രാജന്‍, സന്തോഷ് എന്നിവരായിരുന്നു അവിടത്തെ ശാന്തിമാര്‍. എന്റെ പാട്ടുകളുടെ ആദ്യകാല ശ്രോതാക്കള്‍ അവരായിരുന്നു. ഞങ്ങളുടെ നാട്ടില്‍ എനിക്കത്ര പരിചയമില്ലാത്ത ഒരു സംഗീതജ്ഞനുണ്ടായിരുന്നു, ഗണേഷ് സുന്ദരം. ഗണേഷ് ചേട്ടന്‍ അന്ന് ഒന്നിലേറെ തവണ എംജി യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിലൊക്കെ ജേതാവായി സംഗീതരംഗത്തു സജീവമായി തുടങ്ങിയ കാലമായിരുന്നു. രാജനും സന്തോഷും എനിക്ക് ഗണേഷ് ചേട്ടനെ പരിചയപ്പെടുത്തി. ഓണപ്പാട്ടുകളായും ഭക്തിഗാനങ്ങളുമൊക്കെയായി സ്വയം സംഗീത സംവിധാനം വളര്‍ന്നു തുടങ്ങിയ പത്താം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള കാലത്ത് എന്റെ പ്രിയപ്പെട്ട പാട്ടുകളും പാടിയിരുന്നു ഗണേഷ് ചേട്ടന്‍.
പിന്നീട് തൃപ്പൂണിത്തുറ ആര്‍എല്‍വിയില്‍ എംഎ പഠിക്കുന്ന സമയത്ത് ഗണേഷ് ചേട്ടന്റെ ഒരു വിളി വന്നു. രവീന്ദ്രന്‍ മാസ്റ്ററിനു വേണ്ടിയുള്ള കോള്‍ ആയിരുന്നു അത്. അന്ന് മാഷ് എറണാകുളത്തുള്ള സമയമാണ്. അദ്ദേഹത്തിന് ഹാര്‍മോണിയം വായിക്കാന്‍ അറിയാവുന്ന ഒരു കമ്പോസിങ് അസിസ്റ്റന്റ് വേണമായിരുന്നു. അതിനു വേണ്ടിയായിരുന്നു എന്നെ വിളിച്ചത്. അദ്ദേഹത്തിനൊപ്പം അത്രയും കാലം ഉണ്ടായിരുന്ന അസിസ്റ്റന്റ് പിരിഞ്ഞു പോയ ഒഴിവിലേക്ക് ആയിരുന്നു എന്നെ വിളിച്ചത്. മുന്‍പ് ഒരിക്കല്‍ കോളജ് മാഗസിനില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു അഭിമുഖത്തിനു വേണ്ടി ഞാന്‍ രവീന്ദ്രന്‍ മാസ്റ്ററെ സമീപിച്ചിരുന്നു പക്ഷേ അന്ന് തിരക്കുകള്‍ കാരണം അദ്ദേഹത്തിന് അഭിമുഖം തരാനായില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം വന്നു കിട്ടിയല്ലോ എന്നോര്‍ത്ത് ഞാന്‍ ഒരുപാട് സന്തോഷിച്ചു. ഏകദേശം ഒരു വര്‍ഷത്തോളം ഞാന്‍ മാഷിനൊപ്പമുണ്ടായിരുന്നു. തരംഗിണിക്കു വേണ്ടി അന്ന് മാഷ് തയ്യാറാക്കിയ ഋതു ഗീതങ്ങള്‍ എന്ന ഓണപ്പാട്ടുകള്‍ക്ക് ട്രാക്ക് പാടിയത് വിജയ് ആയിരുന്നു. ആ ഓഡിയോ കെസറ്റിന് കമ്പോസിങ് അസിസ്റ്റന്റ് ആയതും ഓര്‍ക്കസ്ട്രേഷന്‍ ചെയ്തതും ഞാനാണ്. ഞാനും ബെന്നി ജോണ്‍സണും ചേര്‍ന്നാണ് പ്രോഗ്രാമിങ് നിർവഹിച്ചതും.
ട്രാക്ക് പാടിയ പാട്ടുകള്‍ ആരൊക്കെയാണ് ഒറിജിനല്‍ പാടുന്നത്, തനിക്ക് പാട്ട് ഉണ്ടാകുമോ എന്നൊക്കെ കൗതുകം കൊണ്ടിരിക്കുന്ന വിജയ് യേശുദാസിനെ ഇന്നും ഓര്‍ക്കുന്നുണ്ട്. അതേ വര്‍ഷം ഒരു അയ്യപ്പഭക്തിഗാന ആല്‍ബം വിജയ് പുറത്തിറക്കുന്നുണ്ടായിരുന്നു. അതിന്റെ മ്യൂസിക് പ്രൊഡക്‌ഷന്‍ ചെയ്യാനായി എന്നെയാണ് വിജയ് സമീപിച്ചത്. അത് കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം ഞാൻ ചെയ്ത മറ്റൊരു ഒരു അയ്യപ്പഭക്തിഗാന ആല്‍ബം വിജയ് വാങ്ങുകയായിരുന്നു. ആ പാട്ടുകളൊക്കെ റെക്കോർഡ് ചെയ്തത് ലിയോ ആയിരുന്നു. അതുപോലെ ആല്‍ബം മിക്സ് ചെയ്യാനെത്തിയത് മനോജ് കുമാര്‍ എന്ന സൗണ്ട് എൻജിനീയര്‍. കോസ്മിക് സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയറായിരുന്ന അദ്ദേഹം പിന്നീട് സൗണ്ട് എൻജിനീയറിങ്ങിന്റെ കാര്യത്തില്‍ എനിക്കൊരു മാർഗദർശി ആയി. ആ ചങ്ങാത്തമാണ് കോസ്മികിന്റെ ത്രയ എന്ന ആല്‍ബത്തിന് സംഗീതമൊരുക്കാനും അതു കേട്ട മറ്റൊരു സുഹൃത്തായ കെ.എസ് ബാവ സംവിധാനം ചെയ്ത ഇഡിയറ്റ്സിന്റെ സംഗീതസംവിധാനത്തിലേക്കും വഴിതുറന്നത്. സൗഹൃദങ്ങളാണ് എല്ലാം സമ്മാനിച്ചത്. ഇനിയുള്ള യാത്രയും അങ്ങനെതന്നെയാകും.
സമ്മര്‍ദ്ദങ്ങളേതുമില്ല
തരംഗിണി എന്ന പേരിന് നമുക്കിടയില്‍ വലിയ പ്രതീക്ഷയാണുള്ളത്. ആ ബാനറില്‍ പാട്ട് ചെയ്യുമ്പോള്‍ സ്വാഭാവികമായും ഒരു സമ്മര്‍ദ്ദം വരുമല്ലോ. പക്ഷേ എന്നെ സംബന്ധിച്ച് അത്തരം കാര്യങ്ങള്‍ക്കൊന്നും വലിയ പ്രാധാന്യമില്ല. അതൊന്നും പാട്ടിന്റെ സൃഷ്ടിയില്‍ നല്ലതൊന്നും സമ്മാനിക്കില്ല. ഒരു പാട്ട് കിട്ടുമ്പോള്‍ അതേറ്റവും മനോഹരമാക്കുക എന്നതിനപ്പുറം മറ്റൊരു ചിന്തയും മനസ്സില്‍ വരാറില്ല. കേള്‍ക്കുന്നവരില്‍ എന്താണ് പാട്ട് സംവദിക്കുന്നത്, ഭാവാര്‍ദ്രമാണോ, അനുഭവേദ്യമാണോ എന്നേ ചിന്തിക്കാറുള്ളു.
ഇപ്പോഴും അതേ കൗതുകം
യേശുദാസ് സാറിനൊപ്പം പാട്ടുകള്‍ ചെയ്യാനായിട്ടില്ല. പക്ഷേ മുന്‍പരിചയമുണ്ട്. എണ്‍പത്തിരണ്ട് വയസുണ്ട് അദ്ദേഹത്തിനിപ്പോള്‍. മൂന്നു വര്‍ഷമായി അമേരിക്കയില്‍ തന്നെയാണ് താമസം. അതുകൊണ്ട് പാട്ടിന്റെ കാര്യത്തിനായി നേരില്‍ കാണാനായിട്ടില്ല. ആരോഗ്യവും സ്വരവും വളരെയേറെ ഭംഗിയായി പരിപാലിച്ച അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രായത്തിനും ആലാപനശൈലിക്കും ശബ്ദത്തിനുമനുസരിച്ചുള്ള ഈണമായിരിക്കണം എന്നു നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെ നേരില്‍ക്കാണാതെ അങ്ങനെ തന്നെ ചെയ്തെടുക്കാനുമായി. അതെല്ലാം അനുയോജ്യമായി വന്നു. രണ്ട് ഈണങ്ങൾ ഇട്ടതിൽ അദ്ദേഹത്തിന് പ്രിയപ്പെട്ടത് തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന് പ്രിയമുള്ള ഒരു സ്റ്റുഡിയോയുണ്ട് നോര്‍ത്ത് കരോലിനയില്‍. അവിടെ വച്ചായിരുന്നു റെക്കോര്‍ഡിങ്.
ഞാന്‍ ഒരുക്കിയ ഈണം അദ്ദേഹം പാടുന്നത് നേരിട്ട് കാണാനായില്ലെങ്കിലും ഇത്രയേറെ ദൂരം സംഗീതലോകത്ത് സഞ്ചരിച്ചിട്ടും ആദ്യ ഈണം പാടുന്നൊരു ഗായകന്റെ കൗതുകം ആ മുഖത്ത് കണ്ടപ്പോൾ അദ്ഭുതം തോന്നി. അതുപോലെ ഈ പ്രോജക്ടിലെ ആരെയും പാട്ട് ചെയ്യുമ്പോള്‍ നേരിട്ട് കണ്ടിട്ടില്ല. ലിയോയും അനിലും ഹരിഹരനെ വരികള്‍ എഴുതാന്‍ ഏല്‍പ്പിച്ച ശേഷമാണ് എന്റെയടുത്തെത്തിയത്. ദൈര്‍ഘ്യമുള്ളതും അപ്രതീക്ഷിതവുമായ മീറ്ററിൽ ഉള്ള വരികളായിരുന്നു പാട്ടിന്റേത്. അതില്‍ അദ്ദേഹത്തിന്റെ അഭിപ്രായം കൂടി മാനിച്ച് നന്നായി അർഥം മനസ്സിലാകുന്ന വിധത്തില്‍ തിരുത്തലുകള്‍ നടത്തിയെടുക്കുകയായിരുന്നു.
സ്വന്തമെന്ന പോലെ
വളരെ അപ്രതീക്ഷിതമായാണ് ഈ പ്രോജക്ട് എന്നിലേക്ക് വരുന്നത്. അത് യാഥാര്‍ഥ്യമാക്കാന്‍ നടത്തിയ യാത്രകളിലൊക്കെയും സംഗീതത്തോടും സൗഹൃദത്തോടും സമര്‍പ്പണബോധത്തോടെ നിലകൊള്ളുന്ന ഒരു കൂട്ടം മനുഷ്യരുണ്ടായിരുന്നു. അവരില്ലായിരുന്നെങ്കില്‍ ഇത്ര വേഗം എനിക്കിത് പൂര്‍ത്തീകരിക്കാനാകുമോയെന്നു സംശയമാണ്. ഞാന്‍ ഒരു സിനിമയ്ക്ക് പശ്ചാത്തലസംഗീതമൊരുക്കുന്ന തിരക്കിലായിരുന്നു. അതു കൊണ്ടു തന്നെ പ്രോഗ്രാമിങ് ചെയ്യാനുള്ള സമയകുറവുണ്ടായിരുന്നു. പക്ഷേ അത്ര മാത്രം ആത്മാർഥതയോടെ സമയബന്ധിതമായി എനിക്കത് പൂര്‍ത്തീകരിച്ചു തന്നു ശ്രീരാഗ് സുരേഷ് എന്ന കീബോര്‍ഡ് പ്രോഗ്രാമര്‍. അതു പോലെയായിരുന്നു കോറസിന്റെ കാര്യവും. ദ്രാവിഡ രാജാവായ മഹാബലിയുടെ വരവറിയിക്കുന്ന വിധത്തില്‍ ഫോർ പാർട് ഹാർമണി ഉള്ള ഒരു ഹെവി കോറസാണ് പാട്ടിലുള്ളത്. ശ്രീരാഗിന്റെ പിതാവായ സുരേഷ് കൃഷ്ണനെയാണ് പെര്‍ക്കഷന്‍ ഏല്‍പ്പിച്ചത്. പാട്ടിന്റെ മിക്‌സിങ് ചെയ്തത് ഗായകന്‍ മധു ബാലകൃഷ്ണന്റെ കസിനായ രഞ്ജിത് വിശ്വനാഥനെയാണ്. അദ്ദേമായിരുന്നു മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ പാട്ടുകളുടെ മിക്‌സിങ് ചെയ്തത്. ഇപ്പോള്‍ ദോഹയിലുള്ള അദ്ദേഹം രണ്ടു ദിവസം ഉറക്കം പോലും കളഞ്ഞാണ് തന്റെ ഭാഗം പൂര്‍ത്തിയാക്കിയത്. പാട്ടിന്റെ എല്ലാ ഘട്ടത്തിലും ലിയോയും വിനോദ് യേശുദാസും ഒപ്പം ചേര്‍ന്നു. 18 വർഷത്തിനിപ്പുറം ഓണപ്പാട്ടിന്‍ ഈണങ്ങളുമായി തരംഗിണി വരാന്‍ എല്ലാവരും അത്ര മാത്രം ആഗ്രഹിച്ചു. സിനിമയ്ക്കപ്പുറമുള്ള പാട്ട് ലോകം കെട്ടിപ്പടുത്തതില്‍ തരംഗിണിക്കുള്ള പങ്ക് വളരെ വലുതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിജിബാലിന്റെ ബോധിയില്‍ ഞാനും ഭാഗമാകുന്നത്. തരംഗിണി സജീവമല്ലാതെ പോയപ്പോള്‍ കുറച്ചേറെ ശൂന്യമായ സമാന്തര സംഗീത ലോകത്തിനുള്ള സമര്‍പ്പണം കൂടിയാണ് ഈ പാട്ടുകള്‍.