ADVERTISEMENT

നാട്ടിന്‍പുറത്തെ ഓണവിശേഷങ്ങളുമായി ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ മനോരമ ഓൺലൈനിനൊപ്പം.

 

 

കുന്ദംകുളത്തു നിന്ന് ആറേഴ് കിലോമീറ്റര്‍ മാറിയാണ് കരിക്കാട് എന്ന എന്റെ ഗ്രാമം. ആ ഗ്രാമീണത എന്റെ ചുറ്റുപാടുമുള്ള ഓണത്തിനുമുണ്ടായിരുന്നു. അന്ന് കൂട്ടുകുടുംബമായിരുന്നു. ചെറിയച്ഛന്‍മാരുടെ മക്കളും തൊട്ടടുത്ത വീട്ടിലെ കുട്ടികളും എല്ലാവരും കൂടിയാണ് പൂ പറിക്കാന്‍ പോകുന്നത്. കൂട്ടുകുടുംബമായതുകൊണ്ട് വെവ്വേറെ പൂക്കളം ഇടേണ്ടല്ലോ. അപ്പോള്‍ ഇത്രയും കുട്ടികളെല്ലാം കൂടി ഒരൊറ്റ പൂക്കളമാകും ഇടുന്നത്. 

അത്തംനാളിലൊക്കെ പരീക്ഷയുള്ളതുകൊണ്ട് അന്നൊന്നും കുട്ടികള്‍ പൂവിടാന്‍ പോകാറില്ല. അവസാന പരീക്ഷ കഴിയുമ്പോഴാണ് പൂപറിക്കാന്‍ പോകുന്നത്. അങ്ങനെ വെക്കേഷന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ പൂവിട്ടും തുടങ്ങും. പൂക്കളം ഞങ്ങളുടെ വീട്ടില്‍ അത്ര നിര്‍ബന്ധമായിരുന്നില്ല. ഞങ്ങളുടെ ഒരു താല്‍പര്യമായിരുന്നു അത്. ഞങ്ങള്‍ കുട്ടികള്‍ തന്നെ ഡിസൈനൊക്കെ തീരുമാനിച്ച് ഇടുകയാണ് പതിവ്. അടുത്തവീടുകളിലേക്കും തിരിച്ചുമുള്ള ഓട്ടവും കളിയും ബഹളവുമൊക്കെയാകും. കുട്ടിസഞ്ചിയും തൃക്കാക്കരയപ്പനും എന്റെ വീട്ടില്‍ പൂക്കളം ഇടുന്നതിനായിരുന്നില്ല കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നത്. മാതേവര്‍ എന്നും തൃക്കാക്കര അപ്പന്‍ എന്നുമൊക്കെ വിളിക്കുന്ന മണ്ണുകൊണ്ടുണ്ടാക്കിയ മഹാബലി വയ്ക്കുന്നതായിരുന്നു അതിനേക്കാള്‍ പ്രധാനം. കൃഷ്ണന്‍ എന്നൊരാളായിരുന്നു മണ്ണു കുഴച്ച്, ഞങ്ങളുടെ ഗ്രാമത്തില്‍ എല്ലാ വീടുകളിലേക്കും തൃക്കാക്കരയപ്പന്‍ ഉണ്ടാക്കിത്തന്നിരുന്നത്. അത് കണ്ടുനില്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്നു. അന്ന് മുത്തശ്ശിമാരൊക്കെയുള്ള സമയമാണ്. തൃക്കാക്കരയപ്പനെ വയ്ക്കുമ്പോള്‍ അവരൊക്കെയുണ്ടാകും. ‍ഓരോ ദിവസവും തൃക്കാക്കരയപ്പന്‍മാരുടെ എണ്ണം കൂടും. അഞ്ചില്‍ തുടങ്ങും. ഓരോ ദിവസവും അഞ്ചെണ്ണം വീതമാണ് ഇവിടെയൊക്കെ വയ്ക്കാറ്. മൂലം നാളാകുമ്പോള്‍ 'മുട്ടീമ്പില്‍ കയറും' എന്നാണ് വിശ്വാസം. അന്ന് ഒരു മുട്ടിയെടുത്തുവച്ച് അതിനുമീതെയാകും തൃക്കാക്കരയപ്പനെ വയ്ക്കുന്നത്. ഇതിങ്ങനെ എണ്ണം കൂടിക്കൂടിക്കൂടി പത്ത്, പതിനഞ്ച്, ഇരുപത്... അങ്ങനെ പോകും. ഉത്രാടത്തിന്റന്ന് രാവിലെയും തിരുവോണത്തിനുള്ളത് ഉത്രാടം ദിവസം വൈകീട്ടും വയ്ക്കും.  ഉത്രാടത്തിന്റന്ന് രാത്രി വയ്ക്കുന്നത് വലിയ തൃക്കാക്കരയപ്പനെയാകും. അപ്പോള്‍ അത്തം മുതലുള്ള ദിവസങ്ങളില്‍ വച്ച തൃക്കാക്കരയപ്പന്മാരെ എടുത്തു കളയാതെ, വീട് മുതല്‍ പടി വരെ വരിവരിയായി വയ്ക്കും. ചുരുങ്ങിയത് അമ്പതെണ്ണമൊക്കെയുണ്ടാകും. പിന്നെ അത് പതിനാറാംനാളോ മറ്റോ ആണ് എടുത്തു മാറ്റുന്നത്. ഇതൊന്നും പക്ഷേ, ഞങ്ങള്‍ കുട്ടികളുടെ വകുപ്പായിരുന്നില്ല. മുതിര്‍ന്നവരാണ് ഇതിനൊക്കെ മേല്‍നോട്ടം വഹിക്കുന്നത്. അന്ന് ഓണക്കോടിയൊന്നും ഉണ്ടായിരുന്നില്ല. അതിപ്പോഴും ഇല്ല. ഒറ്റമുണ്ടോ കാവിമുണ്ടോ ഒക്കെയാകും കിട്ടുന്നത്. അല്ലാതെ വിലകൂടിയ കോടിയൊന്നുമാകില്ല. എങ്കിലും, ഓണത്തിന്റെ സമയത്ത് പാടത്ത് പണിയെടുക്കുന്നവര്‍ക്ക് ഓണക്കോടി കൊടുക്കല്‍ എന്നൊരു ചടങ്ങ് പ്രധാനമാണ്. വലിയ രീതിയിലുള്ള സദ്യയോ പായസമോ പതിവുണ്ടായിരുന്നില്ല. ലളിതമാണ് ഭക്ഷണം. വീട്ടില്‍ പഴംനുറുക്കും (പഴം പുഴുങ്ങിയത്) പപ്പടവുമുണ്ടാകും. അതാണ് ഓണം സ്‌പെഷൽ.

 

ഓണത്തിന്റെ ദിവസങ്ങളില്‍ വീട്ടിലൊക്കെ മുറുക്കുന്നവര്‍, സ്ത്രീകളായാലും പുരുഷന്മാരായാലും, ഗ്രാമ്പൂ കൊണ്ടുവന്നു വച്ച് അതുകൂട്ടി മുറുക്കുന്നതു കണ്ടിട്ടുണ്ട്. അതെടുത്ത് ഞങ്ങള്‍ കൈയില്‍ പിടിക്കും. ഗ്രാമ്പൂ കുട്ടികള്‍ക്കും കഴിക്കാലോ. വേറൊരു പ്രത്യേകതയായി ഓര്‍മയിലുള്ളത്, ഓണദിവസങ്ങളില്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ഒരാള്‍ ഇവിടത്തെ വീടുകളിലൊക്കെ വരും. അപ്പോള്‍ വീടുകളില്‍ നിന്ന് എന്തെങ്കിലുമൊക്കെ അയാള്‍ക്കു കൊടുക്കും. അതിനു പകരം കൊടുക്കാനായി അയാള്‍ കുട്ടികള്‍ക്കെല്ലാം കുട്ടിസഞ്ചി കൊണ്ടുവന്നിട്ടുണ്ടാകും. പട്ടുപോലുള്ള തുണികൊണ്ടുണ്ടാക്കിയ സഞ്ചിയുടെ അറ്റത്തുള്ള നൂലില്‍ വലിക്കാം. അപ്പോഴത് ഞൊറിയിട്ട പോലെയാകും. അടയ്ക്കാനും കെട്ടിവയ്ക്കാനും കഴിയും. അതിനോടെനിക്ക് വലിയ ആകര്‍ഷണം തോന്നിയിട്ടുണ്ട്. പൈസയോ ഗ്രാമ്പൂവോ ഒക്കെ കിട്ടിയാല്‍ ഇട്ടുവയ്ക്കുന്നത് അതിലാണ്. 

 

എവിടെത്തിരിഞ്ഞാലും കളി തന്നെ ഇന്നത്തെ പോലെ ഓണക്കാലത്ത് സിനിമയ്ക്ക് പോകുന്നതൊന്നും പതിവായിരുന്നില്ല. കളി തന്നെയായിരുന്നു പ്രധാനമായിട്ടും.പല സ്ഥലത്തും പല കളികളും നടക്കുന്നുണ്ടാകും. പല വീടുകളിലും സ്ത്രീകള്‍ വട്ടത്തില്‍ നിന്ന് കൈകൊട്ടിക്കളിക്കുന്നുണ്ടാകും. ഓണക്കാലത്ത് മുതിര്‍ന്നവരെല്ലാം ചേര്‍ന്ന് തായം കളിക്കുന്നൊരു കാഴ്ചയുണ്ട്. അതുപോലെ ചീട്ടുകളിയില്‍ സപ്പോര്‍ട്ട് കളിയാണ് പ്രധാനം. കുട്ടികള്‍ ഫുട്‌ബോളോ ക്രിക്കറ്റോ കളിക്കും. ക്ലബുകള്‍ കൂടുതല്‍ സജീവമാകുന്നത് അപ്പോഴാണല്ലോ. എന്റെ നാട്ടിലും ഒരു ക്ലബ് ഉണ്ട്. നാട്ടില്‍ത്തന്നെയുള്ള ആളുകളെ വച്ച് ഓണപ്പരിപാടികള്‍ ഒക്കെ നടത്തും. പണി കഴിഞ്ഞ് വന്ന് വേഷം മാറി പലരും നാടകത്തില്‍ അഭിനയിക്കാന്‍ ആവേശത്തോടെയെത്തും. ചിലപ്പോള്‍ ഗാനമേളയുമുണ്ടാകും. കോവിഡിന്റെ തൊട്ടുമുമ്പു വരെയൊക്കെ ഇതെല്ലാം വളരെ സജീവമായി നടന്നിരുന്നു. കാണാന്‍ ഞാനും പോകാറുണ്ടായിരുന്നു. അവിട്ടവും ചതയവുമൊക്കെയാകുമ്പോള്‍ അമ്മയുടെ നാടായ വാടാനാംകുറിശ്ശിയിലേക്ക് പോകും. കുന്ദംകുളത്ത് ഓണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രശസ്തം ഓണത്തല്ലാണ്. ടിപ്പുസുല്‍ത്താന്റെ ആക്രമണകാലത്ത് സാമൂതിരിയുടെ പടനായകന്മാര്‍ കുന്ദംകുളം, ആര്‍ത്താറ്റ് ഭാഗങ്ങളില്‍ വന്നു താമസിക്കുകയും അവര്‍ അഭ്യസിക്കുകയും പരസ്പരം പരിശീലിക്കുകയും ചെയ്തു എന്നൊക്കെയാണ് കേട്ടിട്ടുള്ളത്. അതില്‍ നിന്നുണ്ടായതാണ് ഓണത്തല്ല് എന്നാണ് പറയപ്പെടുന്നത്. 

 

ഓര്‍മകളില്‍ ഈ ഓണപ്പാട്ടുകള്‍ ഓണവുമായി ബന്ധപ്പെട്ട് പാട്ടോര്‍മയായി ആദ്യം വരുന്നത് പാട്ടുകളിയാണ്. എന്റെ അമ്മ ഇത്തരം കൈകൊട്ടിക്കളികളിലൊക്കെ അത്യാവശ്യം പാടും. അമ്മ പാടിക്കേട്ടൊരു പാട്ടുണ്ട്. 

 

പൂ പൊലി പൊലി പൂവേ നല്ലൊരോണമുണ്ടല്ലോ പോന്നു വരുന്നൂ... 

ഓണം വന്നാലോ കുട്ടികള്‍ക്കെല്ലാര്‍ക്കും വേണം നല്ലൊരു പന്തുകളി...

ഓണം വന്നാലോ ആണുങ്ങള്‍ക്കെല്ലാര്‍ക്കും വേണം നല്ലൊരു കമ്പിത്തായം...

 

സ്‌കൂളില്‍ പഠിക്കുന്നകാലത്ത് കേട്ട ഓണപ്പാട്ടുകളില്‍ ഓര്‍മയിലെത്തുന്നത് 

 

'പൊന്നോണം വന്നൂ പൂമ്പട്ടു വിരിക്കുമീ

പൊന്നിലഞ്ഞീ തണലില്‍ ഒന്നുമറിയാത്ത 

പിഞ്ചോമനകളായ്‍വന്നുനില്‍ക്കുന്നു നമ്മള്‍... ' എന്ന പാട്ടാണ്. വളരെ ചെറുപ്പം തൊട്ടേ കേള്‍ക്കുന്നൊരു പാട്ടാണ് തിരുവോണപ്പുലരി തന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ ഓണപ്പാട്ടുകളായി നമ്മള്‍ കേള്‍ക്കാറുള്ള കുറേ ലളിതഗാനങ്ങളുണ്ട്. ആവണിപൗര്‍ണമി മുഖം നോക്കുവാനെത്തും..., ആരോ കമഴ്ത്തിവച്ചൊരോട്ടുരുളി പോലെ.... അതില്‍വച്ച് വളരെ ഇഷ്ടപ്പെട്ടൊരു പാട്ട് ജയേട്ടന്‍ പാടിയ എന്തെന്റെ മാവേലീ എഴുന്നള്ളാത്തൂ... ആണ്. ഇപ്പോഴത്തെ കാലത്ത് ഓണം വരുമ്പോള്‍ നമ്മള്‍ ധാരാളമായി കേള്‍ക്കുന്നൊരു പാട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട, ഞങ്ങള്‍ ഒരുമിച്ച് കുറേ സിനിമകളില്‍ പാട്ടുകള്‍ എഴുതിയ, ഏകദേശം ഒരേ സമയത്ത് പാട്ടെഴുത്തിലേക്ക് എത്തിയ എന്റെ സുഹൃത്ത് മനു മഞ്ജിത്ത് എഴുതിയ തിരുവാവണി രാവ് മനസ്സാകെ നിലാവ്.... അതും എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com