ADVERTISEMENT

‘പണി പാളി’ എന്ന ഒറ്റപ്പാട്ടിലൂടെ ‘റാപ്പ‍ർ’ എന്ന ലേബൽ പതിച്ചു കിട്ടിയ നടൻ നീരജ് മാധവ് ഒരു വലിയ സ്വപ്നം സഫലീകരിച്ചതിന്റെ നിർവൃതിയിലാണിപ്പോൾ. എ.ആർ.റഹ്മാന്റെ സംഗീതത്തിൽ ‘വെന്തു തനിന്തതു കാട്’ എന്ന ചിത്രത്തിനു വേണ്ടി റാപ് സോങ് എഴുതി പാടിയ നീരജ് ഇതേ ചിത്രത്തിലെ അഭിനയത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. ചെറുപ്പം മുതൽ ആരാധിക്കുന്ന എ.ആർ.റഹ്മാനെ കാണാനും ഒപ്പം പ്രവർത്തിക്കാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു നീരജ്. ശരിക്കുമൊരു ‘ഫാൻ ബോയ് മൊമന്റ്’. പുതിയ വിശേഷങ്ങൾ പങ്കിട്ട് നീരജ് മാധവ് മനോരമ ഓൺലൈനിനൊപ്പം. 

 

ആദ്യ തമിഴ് ചിത്രം, ആദ്യ തമിഴ് പാട്ട് 

 

‘വെന്തു തനിന്തതു കാട്’ എന്ന സിനിമ എന്റെ ആദ്യ തമിഴ് ചിത്രമാണ്. ഞാൻ കുട്ടിക്കാലം മുതൽ ആരാധിക്കുന്നയാളാണ് എ.ആർ.റഹ്മാൻ സർ. അദ്ദേഹം സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിനു വേണ്ടി ഒരു പാട്ടു പാടാൻ സാധിച്ചത് ഇരട്ടി സന്തോഷമായി തോന്നുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് റഹ്മാൻ സാറിനെ കണ്ടിരുന്നു. അതിന് ഒരു ഇന്റർവെൽ റാപ്പ് സീക്വൻസ് ഉണ്ടായിരുന്നു. ഞാൻ അന്ന് സ്റ്റേജിൽ റഹ്മാൻ സാറിന് ഡെഡികേറ്റ് ചെയ്തുകൊണ്ട് ഒരു ചെറിയ സീക്വൻസ് ചെയ്തു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഓഫീസിൽനിന്ന് വിളി വന്നു. റഹ്മാൻ സാറിന് മലയാളത്തിൽ റാപ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഞാൻ സ്റ്റുഡിയോയിൽ പോയി അദ്ദേഹത്തെ കണ്ടു അവിടെയിരുന്നു വരികൾ എഴുതി പാടി റെക്കോർഡ് ചെയ്തു. ആദ്യം ബിജിഎം ആയിട്ടാണ് പ്ലാൻ ചെയ്തത്. ഇപ്പോൾ അതൊരു ട്രാക്കായി റിലീസ് ചെയ്തിട്ടുണ്ട്. ഈ സിനിമയോടൊപ്പം പ്രവർത്തിച്ചപ്പോഴാണ് റഹ്മാൻ സാറിനെ നേരിട്ട് കാണാനും പരിചയപ്പെടാനും കഴിഞ്ഞത്. 

 

ആരെയും അറിയിക്കാതെ 

 

പാട്ട് റിലീസ് ചെയ്യുന്നത് വരെ റഹ്മാന് സാറിന്  വേണ്ടി പാടിയത് ആരും അറിഞ്ഞില്ല. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തത് ഒരു സ്വപ്ന സാക്ഷാത്ക്കാരം ആയിരുന്നു. അത് ഇത്രപെട്ടെന്ന് നടക്കും എന്ന് കരുതിയതല്ല. എല്ലാവർക്കും ഇതൊരു സർപ്രൈസ് ആകട്ടെയെന്നു ഞാൻ കരുതി. അതുകൊണ്ടാണ് എല്ലാവരിൽ നിന്നും ഇക്കാര്യം മറച്ചുവച്ചത്. 

 

‘വെന്തു തനിന്തതു കാട്’ നല്ല അനുഭവം 

 

എല്ലാം കൊണ്ടും വെന്തു തനിന്തതു കാട് എനിക്ക് നല്ല അനുഭവമാണ് തന്നത്. എന്റെ ആദ്യത്തെ തമിഴ് ഇൻഡസ്ട്രി അനുഭവമാണ്. സിലമ്പരശനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു, റഹ്മാൻ സർ മ്യൂസിക് ചെയ്യുന്ന സിനിമ, മനസ്സിൽ ചെറുപ്പം സൂക്ഷിക്കുന്ന ഗൗതം സർ, അവർക്കെല്ലാമൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഞാൻ അഭിനയിച്ച ‘ഫാമിലി മാൻ’ കണ്ടിട്ടാണ് ഗൗതം സർ എന്നെ ഈ ചിത്രത്തിലേയ്ക്കു ക്ഷണിച്ചത്. 

 

അഭിനയത്തിന് ഭാഷ തടസമല്ല 

 

ഭാഷയുടെ അതിർത്തി ഇല്ലാതെ സിനിമകൾ  ചെയ്യാൻ കഴിയണമെന്നാണ് ആഗ്രഹം. ഭാഷ ഏതായാലും ചെയ്യുന്ന ജോലി എല്ലായിടത്തും ഒരുപോലെ എന്നാണ് എനിക്ക് തോന്നുന്നത്. ഈ ചിത്രത്തിന്റെ സ്കെയിൽ വലുതാണ്. അതു മാത്രമേ വ്യത്യാസമുള്ളൂ. തമിഴിൽ ഒന്നുരണ്ടു പ്രോജക്ടുകൾ കൂടി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ. നമ്മൾ എല്ലാം ഇപ്പോൾ പാൻ ഇന്ത്യൻ ആയി ചിന്തിക്കുന്ന സമയമല്ലേ. ഒടിടി ഒക്കെ വന്നതിനു ശേഷം എല്ലാ പ്രേക്ഷകർക്കും എല്ലാ ഭാഷയിലെ സിനിമകളും കാണാൻ അവസരം ഉണ്ടാകുന്നുണ്ട്.  

 

പണി പാളിയിൽ നിന്ന് റഹ്‌മാൻ വരെ 

 

പണി പാളി അല്ല എന്റെ ആദ്യത്തെ റാപ്പ്. ജംഗിൾ സ്പീക്സ് എന്ന മൂന്നു പാട്ടുകളുടെ സമാഹാരത്തിൽ ആണ് ആദ്യമായി റാപ്പ് ചെയ്തത്. കൂടുതൽ ജനകീയമായത് പണിപാളി ആണ്. പണിപാളി പോലെ അല്ലാതെ മറ്റു പാട്ടുകളും ഞാൻ പാടിയിട്ടുണ്ട്. പണിപാളി ഈസിയായ ഒരു പാട്ടാണ്. പക്ഷേ റഹ്മാൻ സാറിന്റെ പാട്ട് കുറച്ചുകൂടി ഇന്റെൻസ് ആയ ഒന്നാണ്. എല്ലാ തരത്തിലുള്ള പാട്ടുകളും പരീക്ഷിക്കാൻ താത്പര്യമുണ്ട്.

 

പ്രതികരണങ്ങളിൽ സന്തോഷം

 

‘വെന്തു തനിന്തതു കാട്’  ചിത്രത്തിനും പാട്ടിനും മികച്ച പ്രതികരണങ്ങളാണ് കിട്ടുന്നത്. ഒരുപാട് പ്രേക്ഷകർ ചോദിച്ചതുകൊണ്ടാണ് പാട്ട് ഇപ്പോൾ റിലീസ് ചെയ്തതുതന്നെ. ആദ്യത്തെ തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതിലും അതിൽ എന്റെ വേഷവും എന്റെ പാട്ടുമൊക്കെ ശ്രദ്ധിക്കപ്പെട്ടതിലും ഒരുപാട് സന്തോഷം.  പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യമാണ്, എല്ലാ രീതിയിലും നല്ല ഒരു തുടക്കമാണ്.   

 

പുതിയ ചിത്രങ്ങൾ 

 

കഴിഞ്ഞ മാസം മലയാളത്തിൽ അപർണ്ണയോടൊപ്പം അഭിനയിച്ച 'സുന്ദരി ഗാർഡൻസ്' പുറത്തിറങ്ങി. ചിത്രത്തെക്കുറിച്ച് നല്ല പ്രതീകരണങ്ങൾ കിട്ടുന്നുണ്ട്.  'ആർ ഡി എക്സ്' എന്ന ചിത്രമാണ് അടുത്തതായി ചിത്രീകരണം നടക്കാൻ പോകുന്നത്. ആയുഷ്മാൻ ഖുറാനയോടൊപ്പം 'ആക്‌ഷൻ ഹീറോ' എന്ന ഒരു ഹിന്ദി ചിത്രം ചെയ്തിട്ടുണ്ട്. അത് ഉടൻ റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT