ADVERTISEMENT

ഈണങ്ങള്‍ തീര്‍ത്ത് നമ്മുടെ മനസ്സിലും കാതിനുള്ളിലുമൊക്കെ കാലങ്ങളായി ചേക്കേറിയ സംഗീതജ്ഞര്‍ കണ്‍മുന്‍പില്‍ വന്നുനിന്ന് പാടുന്നത് കേള്‍ക്കാന്‍ നമുക്കൊത്തിരി ഇഷ്ടമാണ്. സംഗീതജ്ഞരുടെ ലൈവ് പെര്‍ഫോമന്‍സ് നേരിട്ടും ഇന്റര്‍നെറ്റിലും നമ്മള്‍ കേള്‍ക്കാനിറങ്ങുന്നതും മറ്റൊന്നും കൊണ്ടല്ല. ആ പാട്ട് വേദികളെന്നും മനുഷ്യരെ ഉന്‍മാദികളാക്കിയിട്ടേയുള്ളൂ. എന്നാല്‍ ആ പ്രകടനങ്ങളെ അവിസ്മരണീയമാക്കുന്നത് താളങ്ങളുടെ താരങ്ങള്‍ മാത്രമല്ല, സാങ്കേതിക വിദഗ്ധര്‍ കൂടി ചേര്‍ന്നൊരു കൂട്ടമാണ്. പാട്ടുകാര്‍ക്കും പാട്ടിനും ആള്‍ക്കൂട്ടത്തിനുമിടയില്‍ കുറേ കംപ്യൂട്ടറുകള്‍ക്കും ഉപകരണങ്ങള്‍ക്കും മുന്‍പിലിരിക്കുന്ന ലൈവ് സൗണ്ട് എൻജിനീയര്‍മാരാണ് നമ്മുടെ കാതുകളെ കീഴടക്കാന്‍ പാകത്തില്‍ പാടുന്ന ഈണങ്ങളെ കേഴ്‌വി സുന്ദരമാക്കുന്നത്. അക്കൂട്ടത്തിലൊരു ലൈവ് സൗണ്ട് എൻജിനീയറാണ് രഘു രാമന്‍കുട്ടി. ഈ മേഖലയില്‍ പ്രാഗത്ഭ്യം നേടിയ മലയാളികളുടെ ചെറിയ സംഘത്തിലെ ഒരാള്‍. അടുത്തിടെ ചെന്നൈ നഗരത്തെ ത്രസിപ്പിച്ചുകൊണ്ട് യുവന്‍ ശങ്കര്‍രാജ നടത്തിയ സംഗീത പരിപാടിയിലെ ലൈവ് സൗണ്ട് എൻജിനീയര്‍മാരിലൊരാള്‍ രഘുവാണ്. എ.ആര്‍.റഹ്‌മാന്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കിടുകയാണ് രഘു...

 

തുടക്കം പുല്ലാങ്കുഴലിന്‍ നാദത്തില്‍ നിന്ന്

 

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പുല്ലാങ്കുഴലും മൃദംഗവുമൊക്കെ വായിക്കാന്‍ പഠിച്ചിരുന്നു. അച്ഛനും അമ്മയ്ക്കും അതൊക്കെ വലിയ ഇഷ്ടമായിരുന്നു. അങ്ങനെയാണ് എന്നെയും ചേട്ടനെയും വാദ്യോപകരണങ്ങള്‍ വായിക്കാന്‍ പഠിക്കാനയച്ചത്. ഇന്നെന്റെ കരിയര്‍ രൂപപ്പെടുത്തിയത് അവരുടെ ആ തീരുമാനമാണ്. വാദ്യോപകരണ പഠനത്തോടൊപ്പം സംഗീത പരിപാടികളും പതിയെ ഇഷ്ടങ്ങളിലൊന്നാവാന്‍ തുടങ്ങി. മാത്രവുമല്ല കുറേ കഴിഞ്ഞപ്പോള്‍ ഞാനും ചെറിയ രീതിയില്‍ വേദികളില്‍ പരിപാടികള്‍ ചെയ്യാന്‍ ആരംഭിച്ചു. സംഗീത കച്ചേരികള്‍ ചെയ്യുമ്പോള്‍ സൗണ്ട് ക്രമീകരിക്കാനെത്തുന്നവരോടൊരു കൗതുകം തോന്നി. ലൈവ് ആയി സംഗീതം അവതരിപ്പിക്കുമ്പോഴും ഒരു സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്യുമ്പോഴും സൗണ്ട് എൻജിനീയറിങ് എന്നതിന്റെ പ്രാധാന്യമെന്താണെന്ന് ആ കാലയളവിലാണ് മനസ്സിലായത്. ആദ്യമൊന്നും അതൊരു ശ്രമകരമായ ജോലിയാണെന്നോ അതിനു പിന്നിലെ ക്രിയാത്മകമായ വശത്തെപ്പറ്റിയോ ഒന്നും അറിയില്ലായിരുന്നു. പക്ഷേ എന്റെ വഴി സംഗീതമാണെന്നും അതുമായി ബന്ധപ്പെട്ടതാണെന്റെ കരിയറെന്നും ഇക്കാലളവിനിടയില്‍ മനസ്സിലുറപ്പിച്ചിരുന്നു. എന്താണ് എന്റെ തീരുമാനമെങ്കിലും കയ്യിലൊരു ഡിഗ്രി വേണമെന്നു വീട്ടില്‍ നിന്ന് നിര്‍ബന്ധം പറഞ്ഞതുകൊണ്ട് ബി.കോം പ്രൈവറ്റ് ആയിട്ട് പൂര്‍ത്തിയാക്കി. ആ സമയത്ത് സംഗീതം പഠിക്കാനാണ് സത്യത്തില്‍ പ്രാധാന്യം നല്‍കിയത്. പഠനത്തിന്റെ അവസാന വര്‍ഷമാണ് സൗണ്ട് എൻജിനീയറിങ് ആണ് ഞാന്‍ തേടുന്ന കോഴ്‌സെന്നു മനസ്സിലാക്കിയതും അത് പഠിക്കാനുള്ള തീരുമാനം പൂര്‍ണമായി എടുത്തതും. അപ്പോൾ ഒരു കസിനാണ് സ്റ്റീഫന്‍ ദേവസി ചേട്ടന്‍ മ്യൂസിക് ലോഞ്ചിനെ കുറിച്ച് പറയുന്നത്. ആ അക്കാദമിയിലെ ആദ്യ ബാച്ചിലൊരാളായി പഠിക്കാനെത്തുന്നത് അങ്ങനെയാണ്. അവിടെ നിന്നാണ് തുടക്കം. 

 

ശബ്ദങ്ങളുടെ ലോകം... സൗണ്ട്. കോം...

raghu-1

 

മ്യൂസിക് ലോഞ്ചില്‍ ഒന്നര വര്‍ഷത്തെ കോഴ്‌സ് ആയിരുന്നു പഠിച്ചത്. ആദ്യത്തെ ബാച്ച് ആയതുകൊണ്ട് പഠിക്കുന്നവരും പഠിപ്പിക്കുന്നവരും തമ്മില്‍ വലിയ സൗഹൃദമായിരുന്നു. അവിടെ സ്റ്റുഡിയോ പൂര്‍ണമായും തയ്യാറായി വരുന്നേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് പഠിക്കാനെത്തിയ ഞങ്ങള്‍ക്കും അതില്‍ പങ്കാളികളാകാനായി. അതൊക്കെ ജീവിതകാലത്തേക്ക് എന്നന്നേക്കുമുള്ള അനുഭവങ്ങളുമായി മാറി. സൗണ്ട് എൻജിനീയറിങ് പഠിക്കുമ്പോള്‍ സിനിമയിലെ മിക്‌സിങ് അതുപോലെ സംഗീതത്തില്‍ റെക്കോഡിങ്, മിക്‌സിങ്, മാസ്റ്ററിങ്, ലൈവ് സൗണ്ട് എൻജിനീയറിങ് എല്ലാം പഠിക്കും. ഞാന്‍ കച്ചേരികള്‍ അവതരിപ്പിച്ചിരുന്നതു കൊണ്ട് എനിക്ക് ലൈവ് സൗണ്ട് എൻജിനീയറിങ്ങിലായിരുന്നു താല്‍പര്യം. അന്ന് ചെന്നൈയില്‍ നടക്കുന്ന സംഗീത പരിപാടികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരം സ്റ്റീഫന്‍ ചേട്ടന്‍ വഴി കിട്ടുമായിരുന്നു. അങ്ങനെയാണ് സൗണ്ട്.കോം എന്ന കമ്പനിയുടെ ഭാഗമാകുന്നത്. ഇന്റേണ്‍ഷിപ് കഴിഞ്ഞപ്പോള്‍ അവിടെ തന്നെ ജോയിന്‍ ചെയ്യാനുള്ള ഓഫറും കിട്ടി. മുംബൈയിലേക്ക് ജീവിതവും മാറി. പിന്നെ സംഗീത പരിപാടികള്‍ നടക്കുന്ന നഗരങ്ങളും അവിടേക്കുള്ള യാത്രകളും സംഗീതവും രാവും അങ്ങനെ ജീവിതത്തിന്റെ ഭാഗമായി. 

 

ആള്‍ക്കൂട്ടത്തിനു നടുവിലെ സ്വർഗലോകം

 

പുതിയ ഈണം സൃഷ്ടിക്കുമ്പോള്‍ അവയെല്ലാം എന്നന്നേക്കുമായി റെക്കോഡ് ചെയ്‌തെടുക്കുന്ന, ആ പാട്ടുകള്‍ വേദികളില്‍ അവതരിപ്പിക്കുമ്പോള്‍ മൈക്കും സ്പീക്കറും ക്രമീകരിച്ച് ശബ്ദനിയന്ത്രണം നടത്തുന്ന സാങ്കേതികത്വം മാത്രമാണ് സൗണ്ട് എൻജിനീയറിങ് എന്നൊരു ധാരണ പൊതുവിലുണ്ട്. ഒരിക്കലും ഇതൊരു സാങ്കേതിക ജോലി മാത്രമല്ല, മറിച്ച് ക്രിയാത്മകമതയുടെയും കൂടി ഒന്നുചേരലാണ്. മനസ്സില്‍ യാന്ത്രികത മാത്രം വച്ച് നമുക്ക് സൗണ്ട് എൻജിനീയറാകാന്‍ കഴിയില്ല. സംഗീത പരിപാടികളുടെ സമയത്ത് വേദികളില്‍ ഒരു മൂഡ് സൃഷ്ടിക്കുന്നതിലും അത് നിലനിര്‍ത്തുന്നതിലും സൗണ്ട് എൻജിനീയർക്ക് വലിയ പങ്കുണ്ട്. പാട്ടുകള്‍ നന്നായി കേള്‍ക്കാനാകണം എന്ന കേള്‍വിക്കാരനുള്ള വളരെ അടിസ്ഥാനപരമായ ചിന്തയോടും പാടുന്നവരും വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും കേള്‍വിക്കാര്‍ കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്ന അവരുടെ സ്വരഭംഗിയും സ്‌റ്റേജ് ഷോ ഡയറക്ടര്‍മാരുടെ മനസ്സിലുള്ള ആശയവും ഒരേ പോലെ പ്രാവര്‍ത്തികമാക്കണം നമ്മള്‍. അവിടെ സ്റ്റുഡിയോയിലേതുപോലെ റീടേക്കുകളില്ല. ഓരേ സമയം എൻജിനീയറും നല്ല സംഗീത ബോധവും വേണം. ലൈവ് ചെയ്യുമ്പോള്‍ സെക്കന്‍ഡുകള്‍ പാഴാക്കാതെ അത് സമന്വയിപ്പിക്കുകയും വേണം. 

 

ത്രസിപ്പിക്കും ചിലപ്പോള്‍ മറിച്ചാകും

 

raghu-wife
രഘു രാമന്‍കുട്ടി, ഭാര്യ അനിത

ഓരോ സംഗീത പരിപാടിയും വ്യത്യസ്ത അഭിരുചികളിലുള്ളതാണ്. ചിലത് കര്‍ണാടിക് സംഗീതത്തിന്റെയും സൂഫി സംഗീതത്തിന്റെയൊക്കെ കയറ്റിറക്കങ്ങളാല്‍, ഒഴുക്കുകളാല്‍ ആത്മീയ ഛായയുള്ളതാകും. മറ്റു ചിലപ്പോള്‍ സിനിമ സംഗീതത്തിന്റെ പോപുലാരിറ്റി തീര്‍ക്കുന്ന ആവേശമാകും ചില നേരങ്ങളില്‍ റോക്കിന്റെയും മെറ്റലിന്റെയും അപാരമായ ത്രസിപ്പിന്റെയാകും. ഓരോന്നിനും അനുസരിച്ചുള്ള ശബ്ദസംവിധാനമൊരുക്കുകയെന്നതാണ് ഏറ്റവും വലിയ ലൈവ് സൗണ്ട് എൻജിനീയറിങ്. ഒരു ചെറിയ കച്ചേരിക്ക് വേണ്ടിയുള്ള സ്പീക്കര്‍ വയ്ക്കുന്നതു മുതല്‍ ലക്ഷക്കണക്കിന് ആളുകള്‍ കേള്‍വിക്കാരായി എത്തുന്ന താര സംഗീതജ്ഞരുടെ ഇതിഹാസ സമ്മാനമായ ലൈവ് സംഗീത പരിപാടികളുടെ ശബ്ദ സംവിധാനം വരെ നീളുന്നുണ്ടത്. പരിപാടിയുടെ വലിപ്പമനുസരിച്ച് തയ്യാറെടുപ്പുകളുടെ ദൈര്‍ഘ്യവും കൂടും. പരിപാടി നടക്കുന്ന  വേദി തുറന്ന സ്ഥലത്താണോ അടച്ചിട്ട ഓഡിറ്റോറിയങ്ങളിലാണോ, സംഗീതം കേള്‍ക്കാനെത്തുന്നവരില്‍ ഭൂരിപക്ഷം ഏത് പ്രായപരിധിയിലുള്ളതാണ് രാത്രിയാണോ പകലാണോ എന്നതെല്ലാം കണക്കിലെടുത്തുള്ള തയ്യാറെടുപ്പ് ആഴ്ച വരെയൊക്കെ നീളാം. ലൈവ് സൗണ്ട് ക്രമീകരണത്തിന് സഹായിക്കുന്ന കുറേ സോഫ്‌റ്റ്‌വെയറുകളൊക്കെയുണ്ട് ഇന്ന്. അതിന്റെ കൂടി സഹായത്തോടെയാണ് ഇന്ന് ലൈവ് സൗണ്ട് എൻജിനീയറിങ് മുന്നോട്ടു കൊണ്ടുപോകുന്നത്. നമുക്കുണ്ടാകുന്ന ചെറിയ പാകപ്പിഴകള്‍ ആര്‍ടിസ്റ്റിനെ കൂടി ബാധിക്കുമെന്നതിനാല്‍ ഓരോ ലൈവും കുറച്ച് ടെന്‍ഷന്‍ നിറഞ്ഞതാണ്. പരിപാടിക്ക് മുന്‍പ് അവതരിപ്പിക്കാന്‍ പോകുന്ന പാട്ടുകള്‍ പലവട്ടം കേള്‍ക്കും ഓരോ എൻജിനീയറും. അതുപോലെ സൗണ്ട് ചെക്കിങും നടത്തും. ഇത് രണ്ടും ചെയ്യാതെ ലൈവിന്റെ സൗണ്ട് എൻജിനീയറാകാനെ സാധിക്കില്ല. റഹ്‌മാന്‍ സര്‍ ആണെങ്കില്‍ അദ്ദേഹത്തിന്റെ ഒറിജിനല്‍ കോമ്പോസിഷനില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് ഓരോ പാട്ടും വേദിയില്‍ അവതരിപ്പിക്കുക. സംഗീത പരിപാടിയുടെ ടൂര്‍ ആണെങ്കില്‍ ഓരോ വേദി തോറും ചിലപ്പോള്‍ പാട്ട് മാറും. അത്രയും ഗാനങ്ങളുടെ ഈണങ്ങള്‍ പൊളിച്ചെഴുതിയത് ഓര്‍ത്തിരിക്കുകയെന്നത് തന്നെ ശ്രമകരമാണ്. 

 

 

സൗഹൃദങ്ങളാണ് എല്ലാം

 

സംഗീതത്തിന്റേയും സിനിമയുടെയും ലോകത്ത് സൗഹൃദങ്ങളാണ് മിക്കപ്പോഴും ആശയങ്ങളും അവസരങ്ങളും സമ്മാനിക്കുക. ഇവിടെയും അങ്ങനെ തന്നെ. ഞാന്‍ ഇന്റേണ്‍ഷിപ് ചെയ്ത സമയത്ത് ചെന്നൈയില്‍ വച്ച് പരിചയപ്പെട്ട കൂട്ടുകാരാണ് അടുത്തിടെ യുവന്‍ ശങ്കര്‍ രാജയുടെ ലൈവിലേക്ക് വിളിച്ചത്. ഞാനും അവരേയും പല പരിപാടികളിലേക്ക് ക്ഷണിക്കാറുണ്ട്. സംഗീത പരിപാടികളൊക്കെ സന്തോഷത്തിന്റേതാണെങ്കിലും ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നുള്ള ജോലിയില്‍ സുരക്ഷ ഒരു പ്രധാന കാര്യമാണ്. മുന്‍പൊരിക്കല്‍ മെറ്റാലിക് സംഗീത ബാന്‍ഡിന്റെ കച്ചേരിയിലെ ആള്‍ക്കൂട്ടം അല്‍പം ഭയപ്പെടുത്തി. ഭ്രമാത്മകമായ സംഗീതമാണല്ലോ അത്. നമ്മള്‍ സൗണ്ട് എൻജിനീയര്‍മാര്‍ നാലഞ്ച് പേര്‍ ചേര്‍ന്ന ടീം ബാരിക്കേഡ് ആയിട്ടൊക്കെയാണ് നില്‍ക്കുന്നതെങ്കിലും ചില ആള്‍ക്കൂട്ടങ്ങള്‍ ചെറിയ ആശങ്കയുണ്ടാക്കും. അപ്പോഴും നല്ല സൗഹൃദമുളളവര്‍ക്കൊപ്പമുള്ള ജോലിയാണെങ്കില്‍ അതും നമ്മള്‍ കടന്നുപോകും. അര്‍ധരാത്രിയോ വെളുപ്പിനോ ഒക്കെയാകും മിക്ക സംഗീത പരിപാടികളും അവസാനിക്കുക. ആദ്യ കാലങ്ങളില്‍ നമ്മുടെ ജീവിതചര്യയെ അത് വളരെ പ്രതികൂലമായി ബാധിക്കും, ആരോഗ്യത്തെയും. പിന്നെയത് ശീലമാകുന്നതു വരെ ജോലി നല്‍കുന്ന ആവേശത്തില്‍ മാത്രം ശാരീരിക പ്രശ്‌നങ്ങളെല്ലാം മാറ്റിവച്ച് മുന്നോട്ട് പോകുകയേ നിവൃത്തിയുള്ളൂ. നല്ല സൗഹൃദമുള്ളവര്‍ക്കൊപ്പം ജോലി ചെയ്യുമ്പോഴാണ് ഈ അവസരങ്ങളിലൊക്കെ നമ്മുടെ ക്രിയേറ്റിവിറ്റിയും എൻജിനീയറിങ് സ്‌കിലും ഒരുപോലെ തടസ്സങ്ങളേതുമില്ലാതെ പ്രവര്‍ത്തിക്കുക.

 

കാലം മാറി സൗണ്ടും

 

സൗണ്ട് എൻജിനീയറിങ് എന്നാലെന്താണെന്ന് ആളുകള്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ട കാലമൊക്കെ കഴിഞ്ഞു. കേരളത്തിലാണെങ്കില്‍ പോലും ഇന്ന് ഒരുപാട് ലൈവ് സംഗീത പരിപാടികള്‍ നടക്കുന്നുണ്ട്. ഏറ്റവുമടുത്ത് ഇന്‍ഡീ ഗാഗയുടെ സംഗീതപരിപാടിക്കാണ് കേരളത്തിലെത്തിയത്. സിനിമ പോലെ സംഗീത പരിപാടികളും ടിക്കറ്റെടുത്ത് കാണുന്ന സംസ്‌കാരം ഇന്ന് ഇന്ത്യയില്‍ എല്ലായിടത്തും സജീവമാണ്. അതുകൊണ്ട് ലൈവ് സൗണ്ട് എൻജിനീയറിങ് പഠിച്ചവരില്‍ കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ക്ക് കുറവുണ്ടാകില്ല. ഞാന്‍ താമസിക്കുന്ന മുംബൈ ഇത്തരം പരിപാടികളുടെ ഹബ് ആണ്. വിശ്വസ്തരായ സംഘാടകരും അവിടെയുണ്ട്. പ്രതിഫലത്തിനും സുരക്ഷയ്ക്കും ഒരു വിട്ടുവീഴ്ചയുമില്ല ഇവിടെ. മെനക്കെടാനും ടെക്‌നോളജിയുടെ മാറ്റം മനസ്സിലാക്കി കാലാനുസൃതമായ മനസ്സും നമുക്ക് വേണമെന്നു മാത്രം.

 

അവരെല്ലാം മികച്ച സൗണ്ട് എൻജിനീയര്‍മാര്‍

 

റഹ്‌മാന്‍ സര്‍ ആണ് സൗണ്ട് എൻജിനീയര്‍മാരുടെ പേര് കൂടി ക്രെഡിറ്റില്‍ കൃത്യമായി ഉള്‍പ്പെടുത്തുന്നതിന് തുടക്കമിട്ടതെന്നു പറയാം. എന്ത് തരം സൗണ്ട് ആണ് വേണ്ടത്. അതിന്റെ മോഡുലേഷന്‍ എങ്ങനെ വേണമെന്ന് വാദ്യോപകരണങ്ങളുടെ കാര്യത്തില്‍ പോലും സാറിന് നിഷ്‌കര്‍ഷതയുണ്ട്. പരിപാടി അവതരിപ്പിക്കുന്ന ആര്‍ടിസ്റ്റുമായുള്ള ആശയവിനിമയത്തിന് വളരെ പ്രാധാന്യമുള്ളതാണ്. പത്ത് വര്‍ഷത്തിലധികമായി ഞാന്‍ ഈ രംഗത്തെത്തിയിട്ട്. ഒരു ലൈവ് സൗണ്ട് എൻജിനീയറെ സംബന്ധിച്ചിടത്തോളം തീരെ ചെറിയ കാലയളവാണിത്. എങ്കിലും ഈ ആശയവിനിമയം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് സാറില്‍ നിന്നാണ് മനസ്സിലാക്കിയത്. ആദ്യ കാലത്തൊന്നും അധികം സംസാരിക്കുന്ന പ്രകൃതമല്ലായിരുന്നു സാറിന്. നമ്മള്‍ നന്നായി ചെയ്‌തെങ്കില്‍ ഒന്നും പറയില്ല. ഒന്നും പറഞ്ഞില്ലെങ്കില്‍ ശരിക്കും നമുക്ക് സന്തോഷമാകും. മറിച്ചാണെങ്കില്‍ സാറുമായുള്ള സംസാരം ഒരു സ്റ്റഡി ക്ലാസ് ആണ്. ആര്‍ടിസ്റ്റുകള്‍ക്ക് സൗണ്ട് എൻജിനീയറിങ്ങില്‍ പ്രാഗത്ഭ്യമുണ്ടെങ്കില്‍ നമുക്ക് വലിയ സഹായമാണ്. റഹ്‌മാന്‍ സര്‍ വിദഗ്ധനാണ് അക്കാര്യത്തില്‍. 

ശിവമണി, അമിത് ത്രിവേദി, യുവന്‍ ശങ്കര്‍ രാജ, രഞ്ജിത് ബാരറ്റ് തുടങ്ങി കുറേ പ്രമുഖര്‍ക്കൊപ്പം എനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം ലൈവ് സൗണ്ട് ഡിസൈനിങിനെപ്പറ്റി വ്യക്തമായ ധാരണയുള്ളവരായിരുന്നു. 

 

കാലമല്ല, ഇഷ്ടമാണ് പ്രധാനം

 

ഒരുപാട് പേര്‍ വന്ന് ചോദിക്കാറുണ്ട് സൗണ്ട് എൻജിനീയറിങ് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ പഠിച്ചിരുന്ന കാലത്ത് സാധിച്ചില്ല, ഇപ്പോൾ ജോലിയുണ്ട് ഇനി പഠിക്കാനാകുമോയെന്ന്. തീര്‍ച്ചയായും സാധിക്കും സൗണ്ട് എൻജിനീയറിങ് കാലാതീതമായ കോഴ്‌സ് ആണ്. നമുക്ക് വേണ്ടത് ക്ഷമയും പ്രാഗത്ഭ്യവുമാണെന്നു മാത്രം. നിരന്തരം പഠിക്കാനും റിസ്‌ക് ഏറ്റെടുക്കാനുള്ള മനസ്സും ഒപ്പം വേണം. സമയക്രമത്തിന്റെ പ്രശ്‌നം മൂലമാകും ലൈവ് സൗണ്ട് എൻജിനീയറിങ്ങില്‍ സ്ത്രീ സാന്നിധ്യം വളരെ കുറവാണ്. പക്ഷേ ഇപ്പോ ആ മേഖല നേടിയെടുക്കുന്ന ആകര്‍ഷണം ആ സാഹചര്യം താമസിയാതെ മാറ്റിയെടുക്കുമെന്നാണ് പ്രതീക്ഷ.

 

അവരാണ് ഊര്‍ജവും ആവേശവും

 

എറണാകുളത്തെ പനങ്ങാട് ആണ് എന്റെ വീട്. അച്ഛന്‍ രാമൻകുട്ടി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അമ്മ മാലിക കോളജ് അധ്യാപികയും. സംഗീതത്തോടൊപ്പം കല ഗൗരവതരമായി മുന്നോട്ട് കൊണ്ടുപോകാനും പിന്നീട് എനിക്കിഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനും അവരാണ് ഏറ്റവും പിന്തുണയായത്. ഒരു ഡിഗ്രി കൈക്കലാക്കിയിട്ട് പൊയ്‌ക്കൊള്ളൂവെന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. ചേട്ടന്‍ മധു ഐടി ഫീല്‍ഡിലാണെങ്കിലും വയലിനിസ്റ്റ് കൂടിയാണ്. ഭാര്യ അനിത എം.എഡ് കഴിഞ്ഞ് നില്‍ക്കുന്നു. 

 

ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ചവരില്‍ സീനിയര്‍ ആയിട്ടുള്ളവരും സമപ്രായക്കാരും പിന്നാലെ വന്നവരുമൊക്കെ അറിവ് പങ്കിടാനും സഹായിക്കാനും കരിയര്‍ വളര്‍ത്തിയെടുക്കാനും സഹായം മാത്രമേ ചെയ്തിട്ടുള്ളൂ. ഒപ്പം നിന്നിട്ടേയുള്ളൂ. അതാണ് ഈ യാതയില്‍ എനിക്കേറ്റവും മറക്കാനാകാത്തത്. പ്രഫഷനോടുള്ള ഇഷ്ടം കൂട്ടുന്നതും ഇവരൊക്കെ തന്നെ. കേരളത്തില്‍ നിന്നുള്ള ഒരുപാട് സൗണ്ട് എൻജിനീയര്‍മാരുണ്ട് ഇവിടെ. അവരില്‍ ജയകൃഷ്ണന്‍, നളിനകുമാര്‍ എ്ന്നിവരെ സ്‌കൂളില്‍ പഠിക്കുമ്പോഴേ എനിക്കറിയാം. അവരുടെ അറിവും പരിചയവും എന്നും പ്രചോദനമാണ്. ഞാന്‍ ജോലി നോക്കുന്ന കമ്പനിയുടെ സ്ഥാപകന്‍ വാറന്‍ ഡിസൂസ തന്നെ വളരെ ആവേശേജ്വലനായ ഒരാളാണ്. സൗണ്ട് എൻജിനീയറിങിനും എൻജിനീയേഴ്‌സിനും അംഗീകാരം നേടിയെടുക്കുന്നതില്‍ എപ്പോഴും ഇപ്പോഴും അശ്രാന്തമായി പരിശ്രമിക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യരുടെ ഇടമാണിവിടം.

 

English Summary: Interview with sound engineer Raghu Ramankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com