ADVERTISEMENT

സീതയുടെയും റാമിന്റെയും കഥ പറഞ്ഞെത്തിയ വെയ്‌ഫെറർ പ്രൊഡക്‌ഷൻസിന്റെ സീതാരാമം പ്രേക്ഷക ഹൃദയങ്ങളെ ഒന്നടങ്കം ആകർഷിച്ച സിനിമയാണ്.  കന്നടയിൽ റിലീസ് ചെയ്ത ചിത്രം മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലാണ് മൊഴിമാറ്റം ചെയ്യപ്പെട്ടത്. സീത മലയാളത്തിൽ സംസാരിച്ചത് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ആൻ ആമിയുടെ സ്വരത്തിലാണ്. അന്യഭാഷാ താരങ്ങളുടെ പ്രിയ ശബ്ദമായി മാറുന്ന ആൻ ആമി സീതാരാമത്തിൽ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. ഒറ്റ് എന്ന ചിത്രത്തിൽ ഇഷ റബ്ബയുടെയും സ്വരമായി മാറിയത് ആൻ ആയിരുന്നു. അടുത്തിടെ ഇറങ്ങിയ പടവെട്ടിലെ മഴപ്പാട്ടിനു പിന്നിലും സ്വരമായി. സീതാരാമം എന്ന സിനിമയിൽ മൃണാൾ താക്കൂറിന് ശബ്ദം പകരാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആൻ. പുത്തൻ വിശേഷങ്ങൾ പങ്കിട്ട് ആൻ ആമി മനോരമ ഓൺലൈനിനൊപ്പം.

 

സീതാരാമത്തിലെ തിരികെ വാ എന്ന ഗാനം

 

ദുൽഖർ സൽമാന്റെ പ്രൊഡക്‌ഷൻ ഹൗസ് ആയ വെയ്‌ഫെറർ ആദ്യമായി നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഞാൻ ഡബ്ബ് ചെയ്തു തുടങ്ങിയത്. കല്യാണി പ്രിയദർശൻ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമായിരുന്ന അത് എന്റെയും തുടക്കച്ചിത്രമായി. വെയ്ഫെറെറിൽ നിന്നുള്ള സുജയ് ജെയിംസ് ചേട്ടനെ അന്നുതൊട്ട് എനിക്ക് പരിചയമുണ്ട്. സീതാരാമം എന്ന ചിത്രത്തിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് സംഭാഷങ്ങൾ എഴുതിയ ശരത് പറഞ്ഞിട്ട് സുജയ് ചേട്ടനാണ്. ഡബ്ബ് ചെയ്യുന്നതിന് ഏറെ മുൻപ് തന്നെ സീതാരാമത്തിലെ "തിരികെ വാ" എന്ന പാട്ട് ഞാൻ പാടിയിരുന്നു. കപിലൻ എന്ന ഗായകനാണ് എന്നോടൊപ്പം പാടിയത്. അതിനു സംഗീതം ചെയ്ത വിശാൽ ചന്ദ്രശേഖറും അദ്ദേഹത്തിന്റെ ഭാര്യ സിന്ദൂരിയുമാണ് അത് റെക്കോർഡ് ചെയ്തത്.  സിന്ദൂരി എന്റെ സീനിയർ ആയി പഠിച്ച കുട്ടിയാണ് ഞങ്ങൾ ഒരുമിച്ച് യൂത്ത് ഫെസ്റ്റിവലിനൊക്കെ പങ്കെടുത്തിട്ടുണ്ട്. സിന്ദൂരി ആണ് എന്നെ പാടാൻ വിളിച്ചത്. അവരോടൊപ്പം ഒരു വർക്ക് ചെയ്യാൻ കഴിഞ്ഞത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. ആദ്യം തെലുങ്കും തമിഴും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് മലയാളം കൂടി ചെയ്യാം എന്നു തീരുമാനിച്ചത്. ഞങ്ങൾ രണ്ടിടത്തിരുന്നായിരുന്നു പാട്ട് റെക്കോർഡ് ചെയ്തത്. അന്ന് വിശാലിനോടു സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാണ് വീണ്ടും ഞാൻ സിന്ദൂരിയോടും വിശാലിനോടും സംസാരിച്ചത്. സീതാരാമം ആൽബം വളരെ മനോഹരമാണ്.  ക്ലൈമാക്‌സിൽ വരുന്ന വളരെ ഇമോഷണൽ ആയ ഒരു പാട്ടാണ് ഞാൻ പാടിയത്. ഈ ചിത്രത്തിന്റെ സംഗീതം സിനിമയുടെ മൊത്തത്തിലുള്ള മൂഡ് ഉയർത്തുന്നതിനു ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ വളരെ സന്തോഷം.

 

 

മൃണാൾ താക്കൂറിനു ഡബ്ബ് ചെയ്തത് അവിചാരിതമായി 

 

 

നായിക മൃണാൾ താക്കൂറിനു വേണ്ടി മലയാളം ഡബ്ബ് ചെയ്യണം എന്നു പറഞ്ഞത് സുജയ് ആണ്. പാട്ട് പാടി ഒരു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം വിളിച്ചിട്ടു മലയാളം ടീസർ നമ്മൾ ഉടനെ റിലീസ് ചെയ്യുകയാണ് ഇന്ന് തന്നെ വന്നു ഡബ്ബ് ചെയ്യാൻ പറ്റുമോ എന്നു ചോദിച്ചു. ആ സമയത്ത് എന്റെ ശബ്ദം അത്ര സംഖകരമായ അവസ്ഥയിലല്ലായിരുന്നു. എന്നിട്ടും ടീസറിനു വേണ്ടി ഞാൻ ഡബ്ബ് ചെയ്തു.അടുത്ത ദിവസം ദുബായിൽ ഒരു ഷോ ഉണ്ടായിരുന്നു. ദുബായിൽ പോയി വന്നിട്ടാണ് ബാക്കി ഡബ്ബ് ചെയ്തത്. ഇതിനിടയിൽ ശ്രീധന്യ ക്രീയേഷൻസ് എന്ന സിനിമയ്ക്കു വേണ്ടി ഒരു പാട്ട് പാടിയിരുന്നു. സീതാരാമത്തിൽ ഡബ്ബ് ചെയ്തത് ഒരു പ്രത്യേക അനുഭവമായിരുന്നു. അതുവരെ മറ്റൊരു ഭാഷയിലെ സിനിമ മലയാളത്തിലേക്കു വന്നത് ഡബ്ബ് ചെയ്തിട്ടില്ലായിരുന്നു. മലയാളം ആണ് പറയുന്നതെന്നു തോന്നിപ്പിക്കുന്ന രീതിയിൽ ആണ് ഡബ്ബ് ചെയ്തത്. അതിനു ഫുൾ ടീം ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സിനിമ ഇറങ്ങിയപ്പോൾ അത് ഡബ്ബ് ചെയ്ത ചിത്രമാണെന്നു തോന്നാത്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വളരെ ഇമോഷണൽ ആയിരുന്നു. ആ സീനൊക്കെ ഗംഭീരമായി ചെയ്തുവെന്ന് അന്ന് എല്ലാവരും പറഞ്ഞു. സീതാ മഹാലക്ഷ്മി എന്ന കഥാപാത്രത്തിന് എന്റെ ശബ്ദം ഒരുപാടു ഗുണം ചെയ്തു എന്ന് ഒരുപാട് പ്രതികരണങ്ങൾ കിട്ടി. ഈ ചിത്രത്തിനു ഡബ്ബ് ചെയ്തിട്ട് പോസിറ്റീവ് റിവ്യൂ മാത്രമേ കിട്ടിയിട്ടുള്ളൂ. 

 

 

ദുൽഖർ പറഞ്ഞു കാഷ്വൽ ആയി ചെയ്യൂ 

 

 

ദുൽഖർ ആ സമയത്ത് ഡബ്ബ് ചെയ്തിട്ടുണ്ടായില്ല. അദ്ദേഹത്തിന്റെ തെലുങ്ക് ഡബ്ബ് മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ. ദുൽഖർ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ അഭിനയം കണ്ടത് എന്റെ ജോലി പൂർത്തിയാക്കാൻ ഒരുപാടു സഹായകമായി. ദുൽഖർ ഡബ്ബ് ചെയ്യാൻ വന്നപ്പോൾ അഭിനയിച്ചതിന്റെ അത്രയും എഫർട്ട് തന്നെ ഇട്ടിട്ടുണ്ട്. ഞാൻ ചെയ്‌തത്‌ കേട്ടിട്ട് ദുൽഖർ എന്നെ വിളിച്ചു ചില അഭിപ്രായം പറഞ്ഞു. തെലുങ്ക് അതുപോലെ മലയാളത്തിലേക്കു മാറ്റുമ്പോൾ ചില പ്രശ്നങ്ങൾ വരും, നമ്മൾ സാധാരണ എങ്ങനെ സംസാരിക്കുന്നോ അങ്ങനെ മതി, വാക്കുകൾ ഒരുപാടു സ്ട്രെസ് ചെയ്യണ്ട കാഷ്വൽ ആയി ചെയ്താൽ മതി എന്നു പറഞ്ഞു. രണ്ടാം പകുതി ചെയ്തപ്പോൾ ആ അഭിപ്രായങ്ങളൊക്കെ ഗുണം ചെയ്തു. എനിക്ക് ശരിക്കും ഒരു വികാരപരമായ യാത്ര ആയിരുന്നു ഈ സിനിമ. മൃണാൾ ഒരു അസാമാന്യ പ്രകടനം കാഴ്ചവയ്ക്കുന്ന അഭിനയേത്രി ആണ്. രണ്ടുപേരുടെയും അഭിനയവും കെമിസ്ട്രിയും ആകർഷകമാണ്. സിനിമ ഹിറ്റ് ആയപ്പോൾ ഹിന്ദിയിലടക്കം പിന്നീട് സിനിമ ഇറക്കി. അത്രയും സ്വീകാര്യത കിട്ടിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണ്. ക്ലൈമാക്‌സ് രംഗം ഡബ്ബ് ചെയ്ത സമയത്ത് ശരിക്കും കരഞ്ഞുപോയി. തിയറ്ററിൽ പോയിരുന്നു സിനിമ കാണുമ്പോൾ കൂടിയിരിക്കുന്ന ആളുകളുടെ പ്രതികരണം നേരിട്ട് അറിയുന്നതു വളരെ സന്തോഷം തരുന്ന കാര്യമാണ്. 

 

 

വെയ്ഫെററിന്റെ പ്രതികരണം ഒരു പ്രചോദനം 

 

 

ഡബ്ബ് ചെയ്യാനൊക്കെ ഏറ്റവും മികച്ച ആളുകളെയാണ് വിളിച്ചിട്ടുള്ളത്. അദ്രി, രമേശ്, വിജയ് മേനോൻ, മാലാ പാർവതി തുടങ്ങിയവരൊക്കെ ഡബ്ബ് ചെയ്തിട്ടുണ്ട്. ആ ടീമിനോടൊപ്പം എന്നെയും തിരഞ്ഞെടുത്തതിൽ സന്തോഷം. മൃണാൾ ആദ്യമായി മലയാളത്തിൽ വരുന്ന ചിത്രവും കൂടിയാണ് സീതാരാമം.  അത് ഒരുതരത്തിൽ എനിക്കൊരു ഉത്തരവാദിത്തം കൂടിയായി. ഞാൻ ഡബ്ബ് ചെയ്തു മോശമാക്കിയാൽ അതിന്റെ മോശം മൃണാലിന് കൂടിയാണ്. സിനിമ കണ്ടുകഴിഞ്ഞു ഞാൻ ദുൽഖറിനെ ഉൾപ്പടെ എല്ലാവരെയും വിളിച്ചു. ഞാൻ വളരെ നന്നായി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇനി വെയ്ഫെററിന്റെ ഏതു പ്രോജക്ട് വന്നാലും ഞങ്ങളുടെ ആദ്യ ചോയ്‌സ് ആൻ ആയിരിക്കും എന്നു പറഞ്ഞു. അതു വലിയ പ്രചോദനമാണ്. 

 

അതിഥി രവി പറഞ്ഞു, മൃണാലിന്റെ ശബ്ദം ആൻ ആമിയുടേത് 

 

സീതാരാമത്തിലെ നായികയ്ക്കു ഡബ്ബ് ചെയ്തത് അതിഥി രവി ആണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഒരു സിനിമാ റിലേറ്റഡ് പ്രൊഫൈലിൽ ആണ് ആദ്യമായി ആ വാർത്ത കണ്ടത്. അപ്പോൾ തന്നെ അതിഥി രവി അത് നിഷേധിച്ചു കൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. വളരെ നന്നായി ചെയ്തിട്ടുണ്ട് ശരിക്കും യഥാർഥ ഉടമ ആൻ ആമി ആണ് എന്നാണ് അതിഥി സ്റ്റോറി പങ്കിട്ടത്. അത് കണ്ടപ്പോഴാണ് ഒരുപാടു പേര്‍ ഞാൻ ആണ് ശബ്ദം കൊടുത്തത് എന്നറിഞ്ഞത്. പിന്നെയും ഒരുപാടുപേർ അതിഥി ആണ് ഡബ്ബ് ചെയ്തത് എന്നതരത്തിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. അതിഥി രവിയുടെ ഫോട്ടോ വച്ചിട്ടുള്ള പോസ്റ്റ് വൈറൽ ആവുകയും അത്രത്തോളം അത് വൈറൽ ആകാൻ കാരണം വോയിസ് കൊടുത്തത് നന്നായി, അതുപോലെ സിനിമ ഹിറ്റ് ആയി എന്നുള്ളതുകൊണ്ടാണ്. അതുകൊണ്ടുതന്നെ എനിക്ക് വിഷമത്തേക്കാൾ ഏറെ സന്തോഷമാണ് തോന്നിയത്. 

 

 

പുതിയ പ്രോജക്ടുകൾ 

 

 

പടവെട്ട് എന്ന ചിത്രത്തിൽ ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ മഴപ്പാട്ട് എന്നൊരു പാട്ടുപാടി അത് റിലീസ് ആയിട്ടുണ്ട്. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം. ഞാൻ ആദ്യമായിട്ടാണ് ഗോവിന്ദിനോപ്പം വർക്ക് ചെയ്യുന്നത്. സൈമൺ ഡാനിയൽ എന്ന ചിത്രത്തിൽ "ഇതളെ ഇതളെ" എന്നൊരു പാട്ടു പാടിയിട്ടുണ്ട്. ശ്രീധന്യ കാറ്ററിങ് സർവീസിലും പാടിയിട്ടുണ്ട്. ഒറ്റ് എന്ന ചിത്രത്തിലെ നായിക ഇഷ റബ്ബക്കും ഞാൻ ആണ് ഡബ്ബ് ചെയ്തത്.  1744 വൈറ്റ് ആൾട്ടോ എന്ന ചിത്രം വരുന്നുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകൻ ചെയ്യുന്ന ചിത്രമാണ് അത്. മുജീബ് മജീദ് തന്നെയാണ് ഇതിലും സംഗീതം ചെയ്തത്. 'എന്താടാ സജീ' എന്ന ചിത്രത്തിൽ വില്യം ഫ്രാൻസിസിന്റെ സംഗീതത്തിൽ പാടാൻ കഴിഞ്ഞു. മോമൊ ഇൻ ദുബായ് എന്ന സിനിമയിലും ഒരു പാട്ട് പാടിയിട്ടുണ്ട്. പാട്ടുപാടാൻ വിളിക്കുന്നതിനോടൊപ്പം ശബ്ദം കൊടുക്കാനും വിളിക്കുന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. അഭിനയിക്കാനും താല്പര്യമുണ്ടോ എന്നു ചോദിക്കാറുണ്ട്. എന്നിലെ കലാകാരിക്ക് തൃപ്തി തരുന്ന എന്തും ചെയ്യണം എന്നതാണ് ആഗ്രഹം. പ്രേക്ഷകരുടെ പ്രതികരണങ്ങൾക്കും അംഗീകാരത്തിനും മനം നിറഞ്ഞ നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com