ADVERTISEMENT

ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് സംഗീത ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുന്ന സംഗീതജ്ഞനാണ് മിഥുൻ മുകുന്ദൻ.

'ഒണ്ടു മൊട്ടേയ കഥ','ഗരുഡ ഗമന ഋഷഭ വാഹന'പോലെയുള്ള കന്നട ഹിറ്റ് ചിത്രങ്ങളുടെ സംഗീതസംവിധായകൻ മമ്മൂട്ടി ചിത്രം റോഷാക്കിലൂടെ മലയാളത്തിലേക്കുമിപ്പോൾ എത്തിയിരിക്കുന്നു. റോഷാക്കിലെ സംഗീതശകലങ്ങളുടെ വിശേഷങ്ങൾ പങ്കിട്ട് മിഥുൻ മുകുന്ദൻ മനോരമ ഓൺലൈനിനൊപ്പം. 

മരണവീട്ടിലെ വ്യത്യസ്തമായ സംഗീതം!

 

സിനിമയിലെ ബാലൻ എന്ന കഥാപാത്രം മരിക്കുന്ന ആ സീൻ കേട്ടപ്പോൾ എനിക്കു തോന്നിയത് കഥ നടക്കുന്ന ഗ്രാമത്തിൽ ഒരാൾ വരുന്നു. അവരെ കണക്ട് ചെയ്യുന്നത് ഭാഷ മാത്രമാണ്. ഒരുതരത്തിലുള്ള ബന്ധവും അയാൾക്ക് ആ ഗ്രാമവുമായി ഇല്ല. വേഷവിധാനത്തിലും ജീവിതശൈലിയിലും എല്ലാം അയാൾ വ്യത്യസ്തനാണ്. വിപരീതമായ ഒരു സീനിന് വിപരീതമായ മ്യൂസിക് കൂടി കൊടുക്കാൻ ആഗ്രഹിച്ചു. മരണ വീട്ടിൽ സാധാരണ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു പശ്ചാത്തലസംഗീതം കൊണ്ടുവരണമെന്ന് അതുകൊണ്ടാണു ചിന്തിച്ചത്. കഥാഗതിയും അങ്ങനെ തന്നെയാണല്ലോ. ഇയാൾ എന്തിനാണ് അവിടെ വന്നിരിക്കുന്നത്? അയാളുടെ മനസ്സിൽ എന്താണ് ഉള്ളത്? എന്നതൊക്കെ അവിടെ പറയാനും പാടില്ല. ആദ്യം ഒരു ഇൻസ്ട്രുമെന്റൽ ട്രാക്ക് ആയിട്ട് ചെയ്തു. പിന്നീട് അത് ഒരു റാപ്പർ ഉപയോഗിച്ച് ചെയ്തു. പറ്റിയ വരികൾ കൂടി കിട്ടിയപ്പോഴാണ് മ്യൂസിക്കിനെ അടുത്ത ലെവലിലേക്ക് കൊണ്ടുപോയത്.

 

റോഷാക്കും സംഗീതവും

 

കഥയിൽ നിന്നു മാറി ആളുകൾ കൂടുതൽ ആയി പശ്ചാത്തലസംഗീതത്തിലേയ്ക്കു ശ്രദ്ധിക്കരുതെന്ന് ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സിനിമയുടെ ഫ്ലോയിൽ നിന്നും ഓഡിയൻസിനെ പുറത്തിറക്കുന്ന ഒരു പരിപാടിയും ഒരു ഡിപ്പാർട്ട്മെന്റും ചെയ്യരുത്. പ്രത്യേകിച്ച് മ്യൂസിക്. അതാണ് എന്റെ കാഴ്ചപ്പാട്. ഈ ചിത്രത്തിൽ സംഭാഷണങ്ങൾ കുറവാണ്. കഥാപാത്രങ്ങളുടെ എക്സ്പ്രഷൻസ് ആണ് കൂടുതലുള്ളത്. പല സീനുകളിലൂടെയും അത് പ്രേക്ഷകരോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ നന്നായി സഹായിക്കുന്നുമുണ്ട്. പിന്നെ സിനിമയ്ക്ക് ഒരുപാട് ലെയേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ പലരുടെയും ആംഗിളിലാണ് കഥ പറഞ്ഞു പോകുന്നതും. കഥയുടെ പെർസ്പെക്റ്റീവ് എവിടെയാണ് ഫോക്കസ് ചെയ്യുന്നത് എന്നതനുസരിച്ചിട്ടാണ് മ്യൂസിക് കൊടുത്തത്. 

 

മമ്മൂക്കയ്ക്കൊപ്പം

 

സ്വപ്നങ്ങൾ സത്യമാകുന്നതിന്റെ ഒരു സന്തോഷത്തിലാണ് ഞാനിപ്പോൾ. മലയാളത്തിൽ സിനിമകൾ ചെയ്യണമെന്ന് തുടക്കം മുതലേ ഉള്ള ആഗ്രഹമാണ്. ചെറിയ സ്ക്രിപ്റ്റുകൾ വന്നെങ്കിലും അതൊന്നും നടന്നില്ല. മലയാളത്തിൽ ആദ്യമായി ചെയ്യുന്നത് മമ്മൂട്ടി പ്രൊഡ്യൂസ് ചെയ്ത സിനിമയിലാണെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഇതൊരു നല്ല പ്രോഡക്റ്റ് ആണ് എന്ന് എനിക്കും എന്നെ പോലെയുള്ള ബാക്കിയുള്ള ക്രൂവിനും തോന്നി. പക്ഷേ ഇത് എങ്ങനെ കണക്ട് ആവും എന്നുള്ള ഒരു പേടി ഉണ്ടായിരുന്നു. എങ്കിലും പ്രേക്ഷകരിത് ഏറ്റെടുത്തത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ത്രില്ലാണ്, സന്തോഷമാണ്. ഇൻസ്റ്റഗ്രാമിൽ മമ്മൂക്കയ്ക്ക് ഒപ്പം എന്റെയും ഫോട്ടോ സ്റ്റോറികളുമൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.

 

സംവിധായകൻ നിസാം

 

റോഷാക്കിനായി സംഗീതമൊരുക്കിയപ്പോൾ സംവിധായകൻ നിസാം ഒരുപാട് സ്വാതന്ത്ര്യം നൽകിയിരുന്നു. ക്രിയേറ്റീവ് ആയിട്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ഒരു സ്വാതന്ത്ര്യം എനിക്ക് ഈ സിനിമയിൽ നിസാം തുടക്കം മുതലേ തന്നു. എന്താണ് അദ്ദേഹത്തിന് വേണ്ടത് എന്ന് ആദ്യമേ നന്നായി പറഞ്ഞുതരികയും ചെയ്തിരുന്നു.

 

സിനിമ പഠിച്ചവർക്കു മുന്നിലേയ്ക്ക്

 

ഓഡിയൻസിന്റെ ഇന്റലിജൻസിനെ നമ്മൾ പലപ്പോഴും അണ്ടർ എസ്റ്റിമേറ്റ് ചെയ്യുകയാണ്. പ്രേക്ഷകപ്രതികരണം എപ്പോഴും വളരെ വ്യത്യസ്തമായിരിക്കും. ഒരുപാട് സിനിമകൾ കണ്ടിട്ടുള്ള പ്രേക്ഷകരാണ് നമുക്കു ചുറ്റിനുമുള്ളത്. എല്ലാ പ്രേക്ഷകരും സിനിമയെ നന്നായി ആസ്വാദിക്കുവാൻ ആണ് തിയറ്ററിലേക്കു വരുന്നത്. പലപ്പോഴും വെറുതെ പോയി മൂന്നു മണിക്കൂർ കണ്ടു വരുന്നതാവില്ല അവരുടെ ആസ്വാദനം. എന്നാൽ അങ്ങനെയുള്ളവരും അങ്ങനെ കാണേണ്ട ചില സിനിമകളും ഉണ്ട്. ഒരു സിനിമ കണ്ടിട്ട് പലകുറി അതേപ്പറ്റി സംസാരിക്കാൻ ഇന്നത്തെ പ്രോക്ഷകർ തയ്യാറാണ്. അവര്‍ അതിനെ അംഗീകരിക്കുന്നുമുണ്ട്. ആ ഒരു റേഞ്ചിലേക്ക് സിനിമ ആസ്വാദനം വളർന്നുകഴിഞ്‍ു. പിന്നെ ഇന്റർനെറ്റ് ഇത്രയും സുലഭമാകുന്നതുകൊണ്ടുതന്നെ മറ്റുള്ള ഭാഷകളിലെ സിനിമകളുമായി എല്ലാവരും എക്‌സ്‌പോസ്ഡ് ആണ്. അവരുടെ ഇടയിലേക്ക് ആണ് നമ്മൾ ചെല്ലുന്നത്. അവർക്ക് എല്ലാം കണ്ടു മനസ്സിലാക്കാനുള്ള ഒരു റേഞ്ച് ഉണ്ട് എന്നാണ് എന്റെ അനുഭവങ്ങൾ എന്ന പഠിപ്പിച്ചത്. 'ഗരുഡഗമന' ചെയ്യുമ്പോൾ കന്നട പ്രേക്ഷകർക്ക് അത് മനസ്സിലാകുമോ എന്ന ഒരു സംശയം ഉണ്ടായിരുന്നു. ഒപ്പം തന്നെ പറഞ്ഞു കേട്ട കാര്യമാണ് മലയാളി പ്രേക്ഷകർക്കാണെങ്കിൽ അത് മനസ്സിലാക്കാൻ കഴിയും എന്നത്. പ്രേക്ഷകരെ മനസ്സിലാക്കി കൃത്യമായി കാര്യങ്ങൾ ചെയ്താൽ, അവർക്കു വേണ്ടതു കൊടുത്താൽ തീർച്ചയായും അവർ നമ്മളെ അംഗീകരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

 

പ്രേക്ഷകപ്രതികരണം

 

ആദ്യദിവസം ഷോ കണ്ടപ്പോൾ ലൂക്ക് എന്തിനാണ് സുജാത ഫോക്കസ് ചെയ്യുന്നത്, എന്തിനാണ് അവരെ നോക്കുന്നത് എന്ന് ഒക്കെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ ആളുകൾ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എനിക്കപ്പോൾ വലിയ സന്തോഷം തോന്നി. നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ആളുകൾക്ക് മനസ്സിലാകുമോ എന്ന് സംശയം തുടക്കത്തിൽ ഉണ്ടായിരുന്നു. പുതിയ തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അത് അവർക്ക് കണക്ട് ആവുമോ എന്ന് സംശയവും ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ ചിന്തകളെ എല്ലാം പിന്നിലാക്കി ദിലീപിനെയും ലൂക്കിനെയും പ്രേക്ഷകർ നന്നായി മനസ്സിലാക്കുന്നുണ്ട്. നമ്മുടെ ഓഡിയൻസ് എല്ലാം വളരെ സ്മാർട്ട് ആണ്. അവർക്ക് ഈ കഥയും ഇത് ഒരുക്കിയ രീതിയും എല്ലാം നന്നായി മനസ്സിലായതുകൊണ്ടാണ് ഈ സിനിമയുടെ ആസ്വാദനവും ഇത്രയും വലിയ റേഞ്ചിലേക്ക് എത്തിയിരിക്കുന്നത്.

 

പുതിയ ചിത്രങ്ങൾ

 

മലയാളത്തിൽ 'പൂവൻ' എന്ന ചിത്രമാണ് ഇനി റിലീസിനെത്താനുള്ളത്. വിനീത് വാസുദേവൻ ആണ് അതിന്റെ സംവിധായകൻ. ഷെബിൻ ബക്കറും ഗിരീഷ് എടിയുമാണ് അതിന്റെ നിർമാതാക്കൾ. റോഷാക്കിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചിത്രം. ഞാൻ മലയാളത്തിൽ ആദ്യമായി ഒരു പാട്ട് കമ്പോസ് ചെയ്യുന്ന ചിത്രമാണിത്. റോഷാക്കിൽ എല്ലാം ഇംഗ്ലിഷ് പാട്ടുകൾ ആയിരുന്നല്ലോ. അതിന്റെ റിലീസും ഉടൻ ഉണ്ടാവും. ഒരു ചെറിയ പ്രമേയമാണ്‌ ചിത്രം പറയുന്നത്. ഒരു ഫീൽ ഗുഡ് മൂവിയാണ് പൂവൻ. ഒപ്പം തന്നെ കന്നടയിലും തെലുങ്കിലും പ്രോജക്ടുകൾ നടക്കുന്നു.

 

മലയാളത്തിലും കന്നടയിലും സജീവമാണല്ലോ?

 

കന്നഡ എന്റെ സ്വപ്നങ്ങൾക്ക് ആദ്യമായി ചിറകു തന്ന അല്ലെങ്കിൽ അവസരങ്ങൾ തന്ന ഇൻഡസ്ട്രിയാണ്. ഞാൻ അവിടെയാണ് പഠിച്ചത്‌. ബെംഗളൂരുവിലേയ്ക്ക് മാറിയപ്പോൾ ആണ് ആ ഇൻഡസ്ട്രിയിലുള്ളവരെ പരിചയപ്പെടുന്നതും അവിടെ അവസരങ്ങൾ ലഭിക്കുന്നതും. സത്യത്തിൽ ഞാൻ ആ സമയത്തു മലയാളത്തിൽ അവസരങ്ങൾക്കായി ശ്രമിച്ചിരുന്നില്ല. വ്യത്യസ്തമായ സബ്ജക്ടുകൾ സിനിമാ മേഖലയിൽ വരുന്ന ഒരു സമയം ആയിരുന്നുവത്. ഹീറോയിസം എന്ന കൻസെപ്റ്റ് കുറയുകയും പകരം കണ്ടന്റ് ആയിട്ട് മുന്നോട്ട് പോകാൻ തുടങ്ങിയ സമയത്ത് കുറച്ച് ഓഫ് ബീറ്റ് മ്യൂസിക് ഞാനും എനിക്കു കിട്ടിയ ചിത്രങ്ങളിൽ പരീക്ഷിച്ചു. അത്തരം കുറെ സിനിമയ്ക്കൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യം എനിക്കു കിട്ടി. കന്നടാ ഇൻഡസ്ട്രിയുടെ മാറ്റത്തിന്റെ ഭാഗമാകാനും അത് കാണാനും എനിക്കും സാധിച്ചു എന്നു പറയാം. മലയാളത്തിൽ ആദ്യമായി ചെയ്യുന്നത് റോഷാക്ക് പോലെ ഒരു ചിത്രത്തിലാണ്. പിന്നെ മലയാളി എന്ന നിലയിൽ സ്വന്തം ഭാഷയിൽ ഉള്ള ഒരു സിനിമ ചെയ്യാൻ കിട്ടുന്നത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്. കന്നടയിൽ ആദ്യം സിനിമകൾ ചെയ്യുമ്പോൾ എനിക്ക് ഭാഷ മനസ്സിലായിരുന്നില്ല. അന്നത് ചെയ്യുമ്പോൾ ആ പടങ്ങളുടെ സംവിധായകരാണ് ഡയലോഗുകൾ പറഞ്ഞു തന്നിരുന്നത്. ഇപ്പോൾ കന്നട മനസ്സിലാവും. പിന്നെ ഇങ്ങനെയുള്ള ഓരോ സബ്ജക്ടുകൾ ആണ് കൂടുതൽ ആയി എന്നെ അട്രാക്ട് ചെയ്യുന്നത്. ഭാഷ ഏതായാലും മ്യൂസിക് ഇഷ്ടപ്പെടുന്ന പ്രേക്ഷകർ തരുന്ന അംഗീകാരങ്ങൾ ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ എനിക്ക് വലിയ ഊർജമാണ് തരുന്നത്. 

 

ഡോക്ടറില്‍ നിന്നും സംഗീതസംവിധായകനിലേക്ക്?

 

കണ്ണൂര്‍ ആണ് എന്റെ സ്വദേശം. പഠിച്ചതൊക്കെ ഖത്തറില്‍. കുടുംബത്തില്‍ ആര്‍ക്കും സംഗീതവും സിനിമയുമായി യാതൊരു ബന്ധവുമില്ല. മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി. കുറച്ചു കാലം ബെംഗളൂരുവില്‍ പ്രാക്ടീസും ചെയ്തു. അപ്പോഴും സംഗീതം തന്നെയായിരുന്നു മനസ്സില്‍. ചില ബാന്‍ഡുകള്‍ക്കൊപ്പം സഹികരിച്ചും മറ്റുമായി സംഗീത ജീവിതം മുന്നോട്ടു കൊണ്ടുപോയി. അതിനിടയിലാണ് ചില സുഹൃത്തുക്കള്‍ വഴി സംവിധായകന്‍ അരവിന്ദ് ശാസ്ത്രിയെ പരിചയപ്പെടുന്നത്. അങ്ങനെയാണ് 2015ല്‍ ആദ്യ സിനിമ കഹി ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com