ADVERTISEMENT

കെ.ജെ.യേശുദാസിന്റെ സ്വരഭംഗിയിൽ തരംഗിണി പുറത്തിറക്കിയ പ്രശസ്തമായ ഭക്തിഗാനമാണ് 'കാനായിലെ കല്യാണ നാളിൽ'. അടുത്തിടെ ബി ബി ഓഡിയോസ് എന്ന യൂട്യൂബ് ചാനലിൽ ഈ പാട്ട് കേട്ട ആസ്വാദകരെല്ലാം തിരഞ്ഞത് അത് പാടിയ ആളെയായിരുന്നു. യേശുദാസ് പാടിയതാണോ എന്ന് ഒരുമാത്ര സംശയം തോന്നുന്ന വിധത്തിൽ സ്വര ശുദ്ധിയോടെ ശ്രോതാക്കളുടെ ആത്മാവിനെ തൊട്ടുണർത്തുന്ന ആലാപനം കേട്ടവരുടെയെല്ലാം കണ്ണ് നനയിച്ചു. ഗായകനെ തിരഞ്ഞവർ ചെന്നെത്തിയത് പത്തനംതിട്ടയിലെ സാരംഗ് എന്ന ഗാനമേള ട്രൂപ്പിലാണ്. ഗാനമേളയും അൽപസ്വൽപം പള്ളി ക്വയർ സംഗീതവുമായി സംതൃപ്തിയോടെ ജീവിക്കുകയാണ് ഗായകൻ പ്രകാശ് സാരംഗ്. തന്റെ ശബ്ദത്തെ താൻ ദൈവതുല്യം കാണുന്ന യേശുദാസിന്റെ ശബ്ദത്തോടുപമിക്കുന്നത് ഇഷ്ടമല്ലെന്നു പറയുന്നു പ്രകാശ്. ഇതുവരെ സിനിമയിൽ പാടിയിട്ടില്ലെന്നും അവസരം ലഭിച്ചാൽ തീർച്ചയായും പാടുമെന്നും പ്രകാശ് സാരംഗ് മനോരമ ഓൺലൈനിനോടു പറഞ്ഞു.

 

യേശുദാസിന്റെ സ്വരവുമായുള്ള താരതമ്യം കേൾക്കുമ്പോൾ എന്തു തോന്നുന്നു? 

 

എന്റെ ശബ്ദത്തിന് യേശുദാസ് സാറിന്റെ സ്വരവുമായി സാമ്യമുണ്ടെന്ന് പലരും പറയാറുണ്ട്. പക്ഷേ എനിക്കങ്ങനെ തോന്നിയിട്ടില്ല. സാമ്യമുണ്ടെന്നു പറയുന്നവർ ഞാൻ അദ്ദേഹത്തെ അനുകരിക്കുന്നതായി തോന്നിയിട്ടില്ല അത് നന്നായി എന്നു പറയുന്നു. ഇത്തരത്തിൽ പല രീതിയിലുള്ള അഭിപ്രായം വരുന്നത് പതിവാണ്. പക്ഷേ എനിക്ക് അദ്ദേഹവുമായി എന്നെ ഉപമിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ ചെയ്യാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം എനിക്ക് ദൈവതുല്യനാണ്. സംഗീതത്തെക്കുറിച്ച് എല്ലാം പഠിച്ച് അതിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന അദ്ദേഹത്തെ എന്നെപ്പോലെ ഒരു ഗാനമേള പാട്ടുകാരനുമായി ഉപമിക്കുന്നത് ശരിയല്ല. അത് എനിക്കിഷ്ടമല്ല. ഒരിക്കലും താരതമ്യം ചെയ്യാൻ പാടില്ലാത്ത കാര്യമാണത്. ഞാൻ സമൂഹമാധ്യമങ്ങളിൽ സജീവമല്ല, അതുകൊണ്ട് കമന്റുകൾ ശ്രദ്ധിക്കുകയോ മറുപടി കൊടുക്കുകയോ ചെയ്യാറില്ല. 

 

വൈറൽ ആയ ആ പാട്ട്

 

കാനായിലെ കല്യാണനാളിൽ എന്ന പാട്ട് പാടി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത് ബി ബി ഓഡിയോസിന്റെ നിർബന്ധത്തിലാണ്. അവർക്ക് എന്റെ പാട്ട് വലിയ ഇഷ്ടമാണ്. അവരുടെ ചാനലിൽ കുറെ പാട്ടുകൾ പാടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതൊക്കെ അവരുടെ താല്പര്യത്തിനു ചെയ്യുന്നതാണ്. പാട്ട് യൂട്യൂബിൽ കണ്ടിട്ട് ഒരുപാട് പേര്‍ വിളിച്ചിരുന്നു. ഇപ്പോഴും ഇടയ്ക്കു ഫോൺ കോളുകൾ വരാറുണ്ട്. നന്നായി പാടിയിട്ടുണ്ടെന്നും ഇനിയും പാട്ട് പാടി വിഡിയോ പങ്കുവയ്ക്കണമെന്നുമൊക്കെ ആസ്വാദകർ പറയാറ‌ുണ്ട്. 

 

സംഗീതം കൂടെപ്പിറപ്പ് 

 

കുട്ടിക്കാലം മുതൽ ഞാൻ പാട്ട് പാടാറുണ്ട്. ശാസ്ത്രീയമായി പഠിച്ചിട്ടില്ല. ഗാനഗാനമേളയ്ക്കു പാടാൻ വേണ്ടി കുറച്ചൊക്കെ പഠിച്ചിട്ടുണ്ടെന്നുമാത്രം. എംകോം വരെ പഠിച്ചിട്ട് അത് മുഴുമിപ്പിക്കാതെ ഞാൻ പാരലൽ കോളജിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ചെറുപ്പം മുതൽ സംഗീതമായിരുന്നു എനിക്ക് എല്ലാം. അതുകൊണ്ടാണ് അധ്യാപന ജോലി ഉപേക്ഷിച്ച് ഗാനമേളകളിൽ പാടാനായി ഇറങ്ങിയത്.

 

പത്തനംതിട്ട സാരംഗ് 

 

പത്തനംതിട്ട സാരംഗ് എന്ന ഗാനമേള ട്രൂപ്പിൽ ആണ് ഞാൻ പാടുന്നത്. വേദികളിൽ സജീവമാണ്. ഗാനമേളയിൽ പാടുന്നതാണ് ഉപജീവനമാർഗം. കോവിഡ് കാലത്ത് പൊതുപരിപാടികൾ നിർത്തിവച്ചപ്പോൾ ഒരുപാട് പ്രയാസങ്ങൾ നേരിട്ടു. ഇപ്പോൾ വീണ്ടും വേദികൾ സജീവമായി. പരിപാടികൾ കിട്ടിത്തുടങ്ങി.  പള്ളിയിലെ ക്വയർ സംഘത്തിലും പാടാറുണ്ട്. ബി ബി ഓഡിയോസ് എന്ന ഓർക്കസ്ട്രയോടൊപ്പമാണ് പാടുന്നത്.  

 

സിനിമയിൽ അവസരം ലഭിച്ചിട്ടില്ല  

 

സിനിമയിൽ ഇതുവരെ പാടിയിട്ടില്ല. അവസരം കിട്ടിയിട്ടില്ല എന്നതാണു സത്യം. ഞാൻ അവസരം തേടിപ്പോയിട്ടുമില്ല. പാട്ട് പാടണം എന്നതു മാത്രമാണ് എന്റെ ആഗ്രഹം. അത് ഗാനമേളയിലാണെങ്കിലും ക്വയർ ഗ്രൂപ്പിലാണെങ്കിലും സിനിമയിലാണെങ്കിലും പാടും. ആൽബം ഗാനങ്ങൾ പാടാൻ വല്ലപ്പോഴും അവസരം കിട്ടാറുണ്ട്. അതുപോലെ ഭക്തിഗാനങ്ങളും.

 

കുടുംബം 

 

കൊട്ടാരക്കരയിലെ പുത്തൂർ ആണ് സ്വദേശം. ഭാര്യ ഗീത വീട്ടമ്മയാണ്. മകൾ ഗൗരി ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com