ADVERTISEMENT

മോൺസ്റ്റർ എന്നു കേട്ടാൽ ആരായാലും പേടിക്കും. എന്നാൽ ഗായകൻ പ്രകാശ് ബാബുവിന് മോൺസ്റ്റർ ദൈവമോ ദൈവദൂതനോ ഒക്കെയാണ്. വർഷങ്ങളായി ഗാനമേള വേദികളിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണെങ്കിലും അറിയപ്പെടുന്ന ഒരു പിന്നണി ഗായകനാകാൻ പ്രകാശ് ബാബുവിന് കഴിഞ്ഞില്ല. സൺ‌ഡേ ഹോളിഡേ എന്ന ചിത്രത്തിൽ ജ്യോത്സ്നയോടൊപ്പം ഒരു പാട്ട് പാടിയിട്ടുണ്ട് അതും ദീപക് ദേവിന്റെ കനിവിലാണെന്നു പ്രകാശ് ബാബു പറയുന്നു. രവീന്ദ്രൻ മാഷിന്റെ സ്റ്റേജ് ഷോകളിലും സ്ഥിരസാന്നിധ്യമായിരുന്ന പ്രകാശ്, ചക്രം എന്ന ചിത്രത്തിൽ ഒരു ഗാനമാലപിച്ചെങ്കിലും അത് വെളിച്ചം കണ്ടില്ല. ഇവിടെ വരെ വന്ന് ഒരു പാട്ട് പാടൂ എന്ന് ദീപക് ദേവ് പറഞ്ഞു വിളിച്ചത് ഈ സൗഭാഗ്യം ആണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നു പ്രകാശ് ബാബു പറയുന്നു. മോൺസ്റ്ററില്‍ മോഹൻലാലിനു വേണ്ടി ആലപിച്ച ആ കുസൃതിപ്പാട്ടിന്റെ വിശേഷങ്ങളുമായി പ്രകാശ് ബാബു മനോരമ ഓൺലൈനിനൊപ്പം.  

 

അറിയാതെ ജീവിതത്തിൽ വന്ന മോൺസ്റ്റർ 

 

ഒരു ദിവസം വൈകുന്നേരം ഞാൻ നടക്കാൻ ഇറങ്ങിയപ്പോൾ ദീപക്കിന്റെ ഫോൺ കോൾ വന്നു. ഒരു പാട്ട് പാടാനുണ്ടെന്നും പെട്ടെന്നു സ്റ്റുഡിയോയിലേയ്ക്ക് എത്തണമെന്നും പറഞ്ഞു. പാട്ട് ഏതാണെന്ന് എനിക്കറിയില്ലായിരുന്നു. അലി എന്നൊരു പഞ്ചാബി ഗായകൻ പാടി വച്ചതിന്റെ ബാക്കി ഭാഗമാണ് ഞാൻ പാടേണ്ടിയിരുന്നത്. പാടിക്കഴിഞ്ഞപ്പോൾ ഓകെ പറഞ്ഞ ദീപക്, ഇതെന്താണെന്ന് അറിയാമോയെന്ന് എന്നോടു ചോദിച്ചു. അറിയില്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഒരു ദൃശ്യം കാണിച്ചു തന്നു. സിനിമയിലെ ലാലേട്ടന്റെ ദൃശ്യം. ലാലേട്ടനു വേണ്ടിയാണ് പാടിയതെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി. കയ്യും കാലും തളർന്ന് ഇരുന്നു പോയി. അദ്ദേഹത്തിനു വേണ്ടിയാണ് പാടുന്നതെന്ന് അറിഞ്ഞിരുന്നേൽ ഒരുപക്ഷേ ടെൻഷൻ കാരണം ഞാൻ പതറി പോയേനെ. ഇത്ര പെർഫക്ട് ആയി പാടാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് എന്നോടു പാട്ടിന്റെ കൂടുതൽ വിവരങ്ങൾ പറയാതിരുന്നതെന്ന് ദീപക്കും പറഞ്ഞു. എന്റെ ഭാര്യ അഷിത ഗായികയാണ്. അവളോടു മാത്രമാണ് ഞാൻ പാട്ട് പാടിയ കാര്യം പറഞ്ഞത്. കാരണം പുറത്തിറങ്ങും വരെ എനിക്ക് വിശ്വാസമില്ലായിരുന്നു. സത്യത്തിൽ പാട്ട് പാടിയതിന്റെ ഹാങ് ഓവർ ഇപ്പോഴും മാറിയിട്ടില്ല.

 

ദീപക് മാത്രമാണ് എനിക്കു പാട്ട് തന്നിട്ടുള്ളത് 

 

ദീപക് ദേവിനെ എനിക്ക് വർഷങ്ങളായി അറിയാം. ദീപക്കിന്റെ ഒരു പാട്ട് ഞാൻ മുൻപ് പാടിയിട്ടുണ്ട്. സൺ‌ഡേ ഹോളിഡേ എന്ന ചിത്രത്തിലെ ‘ആരോ കൂടെ’ എന്ന പാട്ട് ജ്യോത്സ്നയോടൊപ്പം പാടിയിരുന്നു. ഞാൻ കൂടുതലും സ്റ്റേജ് പെർഫോമൻസ് ആണ് ചെയ്യാറുള്ളത്. പഞ്ചാബി ഉൾപ്പടെ പലതരം പാട്ടുകൾ പാടാറുണ്ട്. മോൺസ്റ്ററിലെ ഈ പാട്ടിന്റെ പഞ്ചാബി ഭാഗം ഒരു സിങ് ആണ് പാടിയിരിക്കുന്നത്. ദീപക് ദേവ് വളരെ നന്നായി പാട്ട് പറഞ്ഞു തരും.  അദ്ദേഹത്തിന് അറിയാം നമ്മളെക്കൊണ്ട് എങ്ങനെ ചെയ്യിക്കണം എന്ന്. ദീപക് പറഞ്ഞതുപോലെ ഞാൻ പാടിക്കൊടുത്തു. മോഹൻലാൽ വളരെ കുസൃതിയോടെ പാടുന്ന സീൻ ആണ്, അതൊക്കെ ചെയ്തതു ദീപക്കിന്റെ കഴിവ് തന്നെ.

 

പാട്ടുകാലം 

 

ഹൈസ്കൂൾ കാലം മുതൽ ഞാൻ പാട്ടുകൾ പാടുന്നുണ്ട്. ആലപ്പുഴ ക്ലാപ്സ് ഓർക്കസ്ട്രയിൽ ആണ് പാടിത്തുടങ്ങിയത്. അതിനു ശേഷം ഹരിശ്രീയിൽ കുറെ വർഷം ഉണ്ടായിരുന്നു. ഒരുപാട് ചിത്രങ്ങൾക്കു വേണ്ടി കോറസ് പാടിയിട്ടുണ്ട്. രവീന്ദ്രൻ മാഷിന്റെ ലൈവ് ഷോകളിൽ സ്ഥിരമായി പോകാറുണ്ടായിരുന്നു.  രവീന്ദ്രൻ മാഷിന്റെ ചക്രം എന്ന സിനിമയിൽ പാടിയിട്ടുണ്ട്. പക്ഷേ ആ പാട്ട് പുറത്തിറങ്ങിയില്ല. 2000ൽ ഞാൻ അമേരിക്കയിൽ പോയി. പിന്നീട് അവിടെ സ്ഥിരതാമസമാക്കി. ഇപ്പോൾ കുറച്ചു നാൾ നാട്ടിൽ നിൽക്കാൻ വേണ്ടി വന്നതാണ്. കോവിഡ് കാലത്ത് പരിപാടികൾ ഒന്നുമില്ലാതെ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു. ഫോർട്ട് കൊച്ചിയിലാണ് താമസം. എന്ത് ജോലിയും ചെയ്യാൻ എനിക്ക് ഒരു മടിയുമില്ല. കോവിഡ് കാലത്ത് ഞങ്ങൾ ഫോർട്ട് കൊച്ചിയിൽ നിന്ന് മീൻ പിടിച്ചു കച്ചവടം ചെയ്തിട്ടുണ്ട്. വിധിച്ചത് ദൈവം കൊണ്ടുത്തരും എന്നാണ് വിശ്വാസം.     

 

 

കാത്തിരിപ്പിനു കിട്ടിയ പ്രതിഫലം 

 

ചെറുപ്പകാലത്ത് ആകെ കേട്ടിട്ടുള്ളത് യേശുദാസ് സാറിന്റെ പാട്ടുകളാണ്. അതു കഴിഞ്ഞാൽ ജയചന്ദ്രൻ സർ. പിന്നെ ഉണ്ണി മേനോൻ, എം.ജി ശ്രീകുമാർ തുടങ്ങി അന്ന് വന്ന പാട്ടുകാരൊക്കെ ആയിരുന്നു കുറെ നാൾ സംഗീതരംഗത്ത് ഉണ്ടായിരുന്നത്. അതിനിടയിൽ പുതിയ ശബ്ദം സ്വീകരിക്കാൻ ശ്രോതാക്കൾ മടിച്ചു. ഞാൻ ഹിന്ദി, പഞ്ചാബി പാട്ടുകൾ ആണ് സ്റ്റേജ് ഷോകളിൽ പാടിയിരുന്നത്. പിന്നീട് ഒരുപാട് പുതിയ പാട്ടുകാർ വന്ന സമയത്ത് ഞാൻ അമേരിക്കയിലേയ്ക്കു പോയി. അതുകൊണ്ടുതന്നെ മുഖ്യധാരയിലേയ്ക്കു വരാൻ കഴിഞ്ഞില്ല. ഇപ്പോൾ കിട്ടിയ ഈ അവസരം ഇതുവരെ കാത്തിരുന്നതിനു കിട്ടിയ പ്രതിഫലമാണ്. എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം.  

 

 

ലാലേട്ടനെ ഒന്ന് കാണണം 

 

ലാലേട്ടനു വേണ്ടി ഒരു പാട്ടു പാടാൻ കഴിഞ്ഞത് ഒരു സ്വപ്നം പോലെ തോന്നുന്നു. അദ്ദേഹത്തെ നേരിട്ട് കാണണം എന്നൊരു ആഗ്രഹമുണ്ട്. അദ്ദേഹത്തിൽ നിന്ന് പാട്ടിനെക്കുറിച്ചുള്ള അഭിപ്രായം കേൾക്കണം. അതിനായി കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com