‘നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ...’; കടുംകൈ ആകുമോയെന്നു പേടിച്ചു: സുഷിൻ ശ്യാം

Mail This Article
സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം തിയറ്ററിലേക്ക് എത്തുംമുന്നേ പാട്ട് ഹിറ്റ് ചാര്‍ട്ടില്‍. 2007ല്‍ ബെംഗളൂരുവില്‍ താമസിക്കുന്ന കുറച്ചു യുവാക്കളുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രം ഹൊറര്‍-കോമഡി ജോണറാണ്. ഭീഷ്മപര്‍വത്തിനു ശേഷം സുഷിന്‍ ശ്യാമിന്‍റെ സംഗീതസംവിധാനത്തിലിറങ്ങിയ ചിത്രത്തിലെ രണ്ട് പാട്ടും ട്രെന്‍ഡിങ്ങിൽ ഇടം പിടിച്ചു കഴിഞ്ഞു. റംസാന്‍ മുഹമ്മദ് കൊറിയോഗ്രഫി നിര്‍വഹിച്ച 'ആദരാഞ്ജലി നേരട്ടെ' എന്ന പ്രമോ ഗാനം സുഷിന്‍ ശ്യാമും മധുവന്തി നാരായണുമാണ് പാടിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായാകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ കരസ്ഥമാക്കിയിരുന്നു. പുതിയ പാട്ടുവിശേഷങ്ങള്‍ സുഷിൻ ശ്യാം മനോരമയോടു പങ്കുവച്ചപ്പോൾ.
രോമാഞ്ചം!
ഞാന്‍ ചെയ്തതില്‍ നിന്നും കുറച്ച് വേറിട്ട ഒരു ജോണറാണ് ഈ പാട്ടുകളുടേത്. മുന്‍പ് ചെയ്ത ഇമോഷണല്‍ പാട്ടുകളും ഫെസ്റ്റീവ് ഫീല്‍ പാട്ടുകളുമൊക്കെ വച്ച് നോക്കിയാല്‍ വ്യത്യസ്തമാണ്. മാത്രമല്ല, ഇതൊരു സാധാരണ ഹൊറര്‍ പടമല്ല, കോമഡിയാണ്. കുറച്ചൊരു കമേഴ്ഷ്യല്‍ എലമെന്‍റുമുണ്ട്. പ്രമോഷന്‍സിന് കോളജുകളിലൊക്കെ പോകുമ്പോള്‍ ആത്മാവേ പോ എന്ന പാട്ട് അവര്‍ പാടുന്നത് കേള്‍ക്കുന്നതും രസമാണ്. 'ആദരാഞ്ജലി' പാട്ടില്‍ ഞാന്‍ ചെയ്ത ഡാന്‍സിനെ പറ്റിയാണ് പാട്ടിനെക്കാള്‍ കൂടുതല്‍ പേരും പറയുന്നത്.
'ആദരാഞ്ജലി നേരട്ടേ!!' വരികള്‍
വിനായക് ശശികുമാറാണ് ഗാനരചന. ചെറിയൊരു ഡാര്‍ക് ഹ്യൂമറാണ്. പാട്ട് കേള്‍ക്കുമ്പോള്‍ കോമഡിയാണോ സീരിയസാണോ എന്ന സംശയം തോന്നാം. സിറ്റുവേഷനലാണ് പാട്ട്. ഈ പാട്ട് ഏത് കാഴ്ചപ്പാടിലുമാകാം. ഒരു പ്രേതമുണ്ടെങ്കില്‍ അതിന്‍റെ പഴ്സ്പെക്ടിവാക്കാനായിരുന്നു ഐഡിയ. പടത്തിലുള്ളവരോട് പറയുന്നതുമാകാം. എങ്ങനെയൊക്കെ ഇവരെ ഉപദ്രവിക്കാമെന്നുള്ളതാണ്. അവസാനം നിങ്ങള്‍ക്ക് ആദരാഞ്ജലി നേരട്ടെ എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നതും.
മരിച്ചുപോകുന്നത് ഒരു തമാശയായിട്ടുള്ള കാര്യമല്ലെങ്കിലും ചിത്രത്തിന്‍റെ രീതിയില്‍ നോക്കുമ്പോള്‍ തമാശയാണ്. പക്ഷേ, ഈ പാട്ട് കുറച്ച് കടുംകൈ ആയി പോകുമോ, പ്രേക്ഷകര്‍ തമാശയായി തന്നെ എടുക്കുമോ എന്നതില്‍ പേടിയുണ്ടായിരുന്നു. വരികള്‍ ശ്രദ്ധിച്ചാലറിയാം പ്രേക്ഷകരോട് പറയുകയോ മരണവീട്ടില്‍ പാടുകയോ അല്ല മറിച്ച് കഥാപാത്രങ്ങളോടു പറയുന്നതാണ്. സിനിമയ്ക്കുള്ളില്‍ ഈ പാട്ട് വരുമ്പോള്‍ സിറ്റുവേഷന്‍ മനസ്സിലാകും.
മധുവന്തിയുടെ ശബ്ദത്തിലേക്ക്
ഞാന്‍ പല ഓപ്ഷന്‍സ് ആലോചിച്ചിരുന്നു. എന്‍റെയും ജോണിന്‍റെയും സുഹൃത്താണ് മധുവന്തി. ആദ്യമൊന്ന് പാടിപ്പിച്ച് നോക്കിയപ്പോള്‍ തന്നെ ഓക്കെയായി. മധുവന്തിയുടെ സ്ഥിരം ടോണ്‍ അല്ല ഇതില്‍ വരുന്നത്. കുറച്ച് ഫണ്ണിയാക്കി പാടിപ്പിച്ചതാണ്.
സുഷിന്‍റെ ഡാന്‍സ് നമ്പര്‍
അത് ജോണ്‍ എന്നെ കുടുക്കിയതാണ്. എനിക്ക് ഒട്ടും കംഫര്‍ട്ടബിളല്ലാത്ത ഒന്നാണ് ഡാന്‍സ്. ഒന്ന് മുഖം കാണിക്കാമെന്നു പറഞ്ഞാണ് എന്നെ കൊണ്ടുപോയത്. റംസാന്‍റെതായിരുന്നു കൊറിയോഗ്രഫി. ചെന്നപ്പോള്‍ റംസാന്‍ പറഞ്ഞു ചെറിയൊരു സ്റ്റെപ്പുണ്ടെന്ന്.. പക്ഷേ, ആ സ്റ്റെപ്പ് പഠിക്കാന്‍ തന്നെ എനിക്ക് ഒരു ദിവസം വേണ്ടി വന്നു. കുറച്ച് ബുദ്ധിമുട്ടി. ഇപ്പോള്‍ റംസാന്‍ ഗസ്റ്റും ഞാന്‍ അതില്‍ നിറഞ്ഞു നില്‍ക്കുന്നതും പോലെയുമാണ്. പാട്ടില്‍ ഡ്രസിങ് റെട്രോ ആണെങ്കിലും പടത്തില്‍ 2000ത്തിലെ കോസ്റ്റ്യൂമും കാര്യങ്ങളുമാണ്.
ഹിറ്റാവണമെന്ന് കരുതിയല്ല ഞാന്‍ പാട്ടുകള്‍ ചെയ്യുന്നത്. അങ്ങനെ ചെയ്താല്‍ പാട്ടുകളൊക്കെ മോശമായി തുടങ്ങും. എക്പെക്ടേഷന്‍സ് ബ്രേക്ക് ചെയ്യുക എന്നതാണ്. കേട്ടിട്ട് ഇഷ്ടപെടുമോ ഇല്ലയോ എന്നത് പിന്നീടുള്ള കാര്യമാണ്. പറുദീസയും രതിപുഷ്പവുമൊക്കെ ചെയ്തുവന്നപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായതാണ്. ഞാന്‍ ഒട്ടും ഹിറ്റാവില്ലെന്ന് കരുതിയ പാട്ടും ഹിറ്റായിട്ടുണ്ട്. തീരമേ എന്ന പാട്ട് എല്ലാവര്‍ക്കും കണക്ടാകുമെന്നു ഞാന്‍ കരുതിയതല്ല. പ്രത്യേകിച്ച് യങ് ക്രൗഡിന്, പക്ഷേ കണക്ടായി. രണ്ടു തരം ഹിറ്റുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കുമ്പളങ്ങിയില്‍ ഉയിരില്‍ തൊടും ഹിറ്റാണ്, പക്ഷേ, ചെരാതുകളോട് ഒരു പ്രത്യേക ഇഷ്ടമാണ്. എനിക്ക് സൂപ്പര്‍ഹിറ്റുകളോടു വലിയ താല്പര്യമില്ല, അതിനു താഴെ ഒരു മീഡിയം ഹിറ്റ് ആണ് എന്‍റെ ടൈപ്പ്.
എ സുഷിന്‍ ശ്യാം കോംപസിഷന്‍
പ്രോജക്ട് ചൂസ് ചെയ്യുന്നത് സ്റ്റോറി നോക്കിയാണ്. കഥ എത്രത്തോളം കണക്ട് ആവുന്നുണ്ടെന്നും ഞാന്‍ അതില്‍ ചെയ്താല്‍ നന്നാകുമോ എന്നും നോക്കും. പ്രോജക്ടില്‍ വര്‍ക്ക് ചെയ്യുന്ന ആളുകളെയും നോക്കാറുണ്ട്. എനിക്ക് കംഫര്‍ട്ടബിളായവരാണോ എന്നും. പിന്നെ, ഞാന്‍ തന്നെ പാടണം എന്നത് ചിലപ്പോള്‍ ഡയറക്ടര്‍ പറയുന്നതാകാം. ചില പാട്ടുകള്‍ എന്‍റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമാണ്. ചില പാട്ടുകള്‍ക്ക് കുറച്ച് കൂടി സിങ്ങിങ് ക്വാളിറ്റി വേണമെന്ന് തോന്നുമ്പോള്‍ പ്രഫഷനലുകളെ നോക്കും.
റഫറന്‍സുകള്‍
രോമാഞ്ചത്തില്‍ റഫറന്‍സുകള്‍ കുറവായിരുന്നു. സിനിമയില്‍ 2 –3 പാട്ടെന്ന് പറഞ്ഞാണ് തുടങ്ങിയത്. പക്ഷേ, ചില സീനുകളില്‍ പാട്ട് വേണമെന്നു തോന്നിയപ്പോള്‍ ഞാന്‍ ചെയ്തിട്ട് കേള്‍പ്പിക്കുമ്പോള്‍ ജിത്തു ചെയ്യാമെന്ന് പറയും. ആത്മാവേ പോ എന്ന ഗാനവും ഇനി വരാനിരിക്കുന്ന ഒരു പാട്ടുമാണ് ആദ്യം തീരുമാനിച്ചിരുന്നത്. ബാക്കിയൊക്കെ ആലോചിച്ച് വന്നപ്പോള്‍ കിട്ടിയതാണ്. പിന്നീടാണ് ലിറിക്സ് ചെയ്യിപ്പിച്ചത്. ഒരു പ്രോജക്ട് ചെയ്യുന്ന സമയം അതിനെ പറ്റി മാത്രമാകും ചിന്തിക്കുന്നത്. ഒരേ സമയം ഞാന്‍ ഒന്നില്‍ കൂടുതല്‍ പ്രോജക്ട് എടുക്കുന്നത് കുറവാണ്. ചെയ്യുന്ന പ്രോജക്ടിന്‍റെ ഇമോഷനില്‍ ഞാന്‍ ലോക്ക് ആയി ഇരിക്കും. മാലിക് ചെയ്തിരുന്ന സമയത്ത് ഞാന്‍ കുറച്ച് കാലം ആ ഇമോഷനിലും ട്യൂണുകളൊക്കെയായി ലോക്കായിരുന്നു. പിന്നെ ഒരു യാത്ര പോയിവരുമ്പോള്‍ ശരിയാകും. രോമാഞ്ചത്തിലെ 5 പാട്ടുകള്‍ ഇനിയും വരാനുണ്ട്. സിനിമയൊക്കെ ഷൂട്ട് ചെയ്ത് ഫൈനലാണ് ഇവരെന്നെ കാണിച്ചത്. പടം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഞാന്‍ കോ പ്രൊഡ്യൂസറാകുന്നത്.
കോപ്പിയെന്ന വിമര്‍ശനങ്ങള്‍
ചില പാട്ടുകള്‍ വേറെ പാട്ടുകളെ പോലെയുണ്ട്, കോപ്പിയാണ് എന്നൊക്കെ ചില കമന്‍റുകള്‍ കാണാറുണ്ട്. ഞാന്‍ പോയി നോക്കും ഏത് പാട്ടുമായാണ് എന്നത്. പക്ഷേ, എനിക്ക് അത് കണ്‍വിന്‍സിങ് അല്ലെങ്കില്‍ ഞാന്‍ സീരിയസ് ആക്കാറില്ല. ചിലപ്പോള്‍ ഒരു മ്യൂസിഷ്യന് കണക്ടാകുന്നത് പോലെയാകില്ല മറ്റൊരാള്‍ക്ക് കണക്ടാകുന്നത്. ചിലപ്പോള്‍ ഒരേ രാഗത്തിലാകുമ്പോള്‍ ചിലര്‍ക്ക് സാമ്യം തോന്നാം. എന്‍റെ പാട്ടുകള്‍ തമ്മിലും ചിലര്‍ സാമ്യം പറയാറുണ്ട്. എന്‍റെയുള്ളിലുള്ളത് പുറത്തുവിടുകയാണല്ലോ. എനിക്ക് ഒരു ശൈലിയുണ്ട്. അത് എന്‍റെ പാട്ടുകളില്‍ കാണാം. ഏതൊരു ആര്‍ട്ടിസ്റ്റിനും അവരുടേതായ ശൈലിയുണ്ടാകുന്നത് നല്ല കാര്യമാണ്. എന്നാല്‍ വ്യത്യസ്തമായി പാട്ടുകള്‍ ചെയ്യാന്‍ പറ്റുന്നതും നല്ലതാണ്. 'ആത്മാവേ പോ' 'പകലിരവുകളു'മായി സാമ്യമുണ്ടെന്ന് കമന്‍റ് കണ്ടു. പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ല.
ചില സംവിധായകര്‍ റഫറന്‍സ് തരുമ്പോള്‍ ഒരു ഫ്രഷ് ഐഡിയ വരുന്നതിന് മുന്‍പ് തന്നെ അത് നമ്മുടെ തലയില്‍ കയറും. ചിലപ്പോള്‍ റഫറന്‍സിന്‍റെ ഒരു എസന്‍സ് വന്നേക്കാം. കാരണം സംവിധായകര്‍ക്ക് ആ ഒരു എനര്‍ജിയാണ് വേണ്ടത്. ചില മെലഡികള്‍ അതേ പോലെയെടുക്കുന്നത് അടിച്ചുമാറ്റല്‍ തന്നെയാണ്. അതില്‍ എനിക്ക് ഒട്ടും താല്പര്യമില്ല. എനിക്ക് റഫറന്‍സില്ലാതെ വര്‍ക്ക് ചെയ്യാനാണിഷ്ടം. പക്ഷേ, അത് സംവിധായകര്‍ക്ക് ബുദ്ധിമുട്ടാണ്. ഒരു സംവിധായകന് ഞാന്‍ ഒരു സീന്‍ മനസ്സിലാക്കി കൊടുക്കാന്‍ റഫറന്‍സ് കാണിക്കണം അല്ലാതെ അതു പോയി ഷൂട്ട് ചെയ്ത് കാണിക്കാനാവില്ല. അതുപോലെ ചില സംവിധായകര്‍ക്ക് മ്യൂസിക് മനസ്സിലാക്കി തരാന്‍ റഫറന്‍സ് കാണിക്കാനേ പറ്റൂ. അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. പക്ഷെേ, ഒരു മ്യൂസീഷ്യന്‍ അതില്‍ നിന്നും എന്തെടുക്കുന്നു എന്നതിലാണ് കാര്യം. എന്തെങ്കിലും കേട്ടിട്ട് കോപ്പിയാണെന്ന് പറയാന്‍ എളുപ്പമാണ്, ചെയ്യുന്നത് അത്ര എളുപ്പമല്ല.
അഭിനയത്തിലേക്ക്?
ഹണിബീയും തട്ടത്തിന്‍ മറയത്തുമൊക്കെ അന്ന് സംഭവിച്ചതാണ്. അഭിനയം ഇനി സാധ്യത കുറവാണ്. താല്‍പര്യമില്ല.
വരാനിരിക്കുന്ന പ്രോജക്ടുകള്‍
ഒരു മമ്മൂട്ടി ചിത്രം, സൗബിന്‍ ഷാഹിര്‍, അമല്‍ നീരദ് ചിത്രമൊക്കെയുണ്ട്. ചര്‍ച്ചകള്‍ നടക്കുകയാണ്.