ADVERTISEMENT

ഗാനമേള രംഗത്ത് നിറസാന്നിധ്യമാണ് ഗായകൻ അഭിലാഷ്. നിരവധി ഭക്തിഗാന കസെറ്റുകളിലും ആൽബങ്ങളിലും പാടിയിട്ടുള്ള അഭിലാഷ്, ശ്രദ്ധേയനായത് സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ്. ചാനൽ പരിപാടിക്കു ശേഷം സിനിമാ രംഗത്ത് വേണ്ടത്ര അവസരം ലഭിച്ചില്ലെങ്കിലും ആരാധകരുടെ പ്രിയഗായകനായി ഗാനമേള വേദികൾ കീഴടക്കികൊണ്ടിരിക്കവെയാണ് വില്ലനായി കോവിഡ് എത്തിയത്. കുടുംബത്തിന്റെ ഏക പ്രതീക്ഷയായ അഭിലാഷ്, കോവിഡ് ബാധിച്ച് മരണത്തോടു മല്ലടിച്ച് ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നു. കോവിഡ് ഏൽപ്പിച്ച സാമ്പത്തിക പ്രയാസങ്ങളിൽ നിന്നും ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും ജീവിതത്തെ മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. തിരുവനന്തപുരം ട്രാക്സ് ഗാനമേള ട്രൂപ്പിനായി ഗാനങ്ങൾ ആലപിച്ചു വരുന്നു. സംഗീതജീവിതത്തെക്കുറിച്ച് അഭിലാഷ് മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു.

 

കുട്ടിക്കാലം മുതൽ സംഗീതോപാസകൻ

 

ചങ്ങനാശേരിയിൽ മാടപ്പള്ളി എന്ന സ്ഥലത്താണ് എന്റെ വീട്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കലോത്സവ വേദികളിൽ മത്സരിക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പ്രഫഷനൽ ഗായകനായി ഗാനമേളവേദികളിൽ പോയിത്തുടങ്ങിയത്. ഏകദേശം 25 വർഷത്തോളമായി ഞാൻ ഗാനമേള വേദികളിൽ സജീവമാണ്. എന്നാൽ ഗായകൻ എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയത് സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെയാണ്.

 

അത് വലിയ പ്രചോദം, അംഗീകാരം 

 

ഗാനമേള വേദികളിൽ സജീവമായിരുന്ന കാലത്താണ് റിയാലിറ്റി ഷോയിൽ എത്തിയത്. ചുറ്റുമുള്ളവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഓഡീഷനു പോയത്. അയ്യായിരത്തോളം മത്സരാർഥികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 100 പേരിൽ ഞാനും ഉണ്ടായിരുന്നു. അത് വലിയ പ്രചോദനമായി. മത്സരത്തിന്റെ അവസാനഘട്ടത്തിലുണ്ടായിരുന്ന 8 പേരിലും ഞാൻ ഉൾപ്പെട്ടു. അതൊക്കെ വലിയ അംഗീകാരങ്ങൾ ആയിരുന്നു.

 

ഗോഡ് ഫാദർ ഇല്ലാതെ സിനിമയിൽ അവസരം ലഭിക്കില്ല

 

ഞാൻ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല. ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ ഒരുപാട് കലാകാരന്മാരിൽ നിന്നു കോച്ചിങ് ക്ലാസ്സുകള്‍ കിട്ടിയിരുന്നു. അതെല്ലാം എന്റെ കഴിവിനെ പരിപോഷിപ്പിക്കാൻ സഹായകമായി. അവിടുത്തെ ഗ്രൂമിങ് കഴിഞ്ഞപ്പോഴേക്കും ഒരു പുനർജ്ജന്മം കിട്ടിയതു പോലെയായിരുന്നു. അതിനു ശേഷം ഒരുപാട് സ്റ്റേജ് പരിപാടികളിൽ പാടാൻ അവസരം കിട്ടി. തമിഴ്–മലയാളം ഡബ്ബിങ് സിനിമകളിലും പാടി. മലയാളത്തിൽ ഒരു സിനിമയിൽ പാടിയെങ്കിലും അത് അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സിനിമയിൽ അവസരം ലഭിച്ചില്ല. ഞാൻ ഒരുപാട് സംഗീത സംവിധായകരോട് അവസരങ്ങൾ ചോദിച്ചിട്ടുണ്ട്. പക്ഷേ വിളിക്കാം എന്നു പറയുന്നതല്ലാതെ ആരും വിളിക്കാറില്ല. സംഗീതം ചെയ്യുന്നവർക്ക് ഒരു സുഹൃത് വലയം ഉണ്ടായിരിക്കും. ഓരോരുത്തരും പുതിയ സിനിമ ചെയ്യുമ്പോൾ അവരുടെ സുഹൃത്തുക്കളെ ആയിരിക്കും പരിഗണിക്കുക. എന്നെയും ആരെങ്കിലും എന്നെങ്കിലും പരിഗണിക്കുമെന്നു വിശ്വസിച്ച് മുന്നോട്ട് പോവുകയാണ്.

 

മരണമുഖത്ത് നിന്ന് തിരികെ സംഗീതത്തിലേക്ക് 

 

കോവിഡ് വന്നതിനു ശേഷം മറ്റു കലാകാരന്മാരെപോലെ എനിക്കും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി. കോവിഡ് എന്നെയും സാരമായി ബാധിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്നു. കുറച്ചു ദിവസം വെന്റിലേറ്ററിൽ ആയിരുന്നു. ജീവൻ തിരികെ കിട്ടുമോയെന്ന കാര്യത്തിൽ ഡോക്ടർമാരും സംശയിച്ചു. പക്ഷേ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് പതിയെ ജീവിതത്തിലേക്കു തിരിച്ചു വന്നു. മുപ്പത് ദിവസം ആശുപത്രിയിൽ കിടന്നു. അസുഖം ശ്വാസകോശത്തെ സാരമായി  ബാധിച്ചിരുന്നു. പിന്നീട് എട്ട് മാസത്തോളം എനിക്കു പാട്ടുപാടാൻ കഴിഞ്ഞില്ല. ശരിയായ രീതിയിൽ ശബ്ദം ഇല്ലായിരുന്നു. പക്ഷേ അതിനു ശേഷം പതിയെ സംഗീത ജീവിതത്തിലേക്കും തിരിച്ചു വന്നു. ബ്രീത്തിങ് എക്സ്സെർസൈസ് ഒക്കെ ചെയ്തു. ഇപ്പോൾ ആ പ്രശ്നങ്ങൾ ഒന്നുമില്ല. നന്നായി പാടാൻ കഴിയുന്നുണ്ട്.

 

ധനികർക്കുള്ളതാണ് കല

 

ഞാൻ തിരുവനന്തപുരത്തുള്ള ട്രാക്സ് എന്ന ഗാനമേള ട്രൂപ്പിനൊപ്പം ആണ് പാടാൻ പോകാറുള്ളത്. ഭക്തിഗാന ആല്‍ബങ്ങൾ ഉൾപ്പെട നിരവധി പാട്ടുകൾ പാടാൻ അവസരം ലഭിക്കാറുണ്ട്. പക്ഷേ പാട്ട് പാടി കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല. അച്ഛനും അമ്മയും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് എന്റെ കുടുംബം. സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്നവർക്കു മാത്രമേ പാട്ടുമായി മുന്നോട്ടു നീങ്ങാൻ കഴിയൂ. എന്നെപ്പോലെ നിർധനനായ ഒരാൾക്ക് അതു സാധ്യമല്ല. ഞാൻ ബിഎഡ് പഠനം പൂർത്തിയാക്കിയതാണ്. ഇടയ്ക്ക് ട്യൂഷൻ എടുക്കുമായിരുന്നു. അധ്യാപകനായി എവിടെയെങ്കിലും ജോലിയിൽ പ്രവേശിക്കണമെന്നാണ് ആഗ്രഹം. പാട്ടിനോടുള്ള ഇഷ്ടം കാരണം ഇതുവരെ ജോലിക്ക് ഒന്നും ശ്രമിച്ചിരുന്നില്ല. ഒരു ജോലി ഉണ്ടെങ്കിൽ അതിനോടൊപ്പം കലയും കൊണ്ടുപോകുന്നതാണ് നല്ലത് എന്ന് ഇപ്പോൾ തോന്നുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com