ADVERTISEMENT

ജാതിമത ഭേദമില്ലാതെ ഒരു കാളി ഭക്തിഗാനം സകലരും ഏറ്റെടുക്കുന്ന കാഴ്ച. റീൽസുകളിലും സ്റ്റാറ്റസുകളിലും ‘കരിങ്കാളിയല്ലേ...’ ആടിത്തകർക്കുകയാണ്. കാളി എന്ന പ്രതീകത്തെ മുന്നിൽ നിർത്തി പെൺജീവിതങ്ങള്‍ എങ്ങനെയാകണമെന്ന വ്യക്തമായ കാഴ്ചപ്പാടാണ് ഈ പാട്ടിലൂടെ ഒരു കൂട്ടം കലാകാരന്മാർ വരച്ചിട്ടിരിക്കുന്നത്. ‘എള്ളോളം തരി പൊന്നെന്തിനാ...’ എന്ന ഹിറ്റ് പാട്ട് ഇന്നും ആരും മറന്നിട്ടില്ല. അതേ പാട്ടിനു പിന്നിലുള്ളവർ തന്നെയാണ് ‘കരിങ്കാളി’ക്കും പിന്നിലെന്ന് അറിയുമ്പോൾ അത് കൗതുകം കൂടിയാകുന്നു. കരിങ്കാളി എന്ന പാട്ടിന് വരികളെഴുതിയ കണ്ണൻ മംഗലത്തും സംഗീതം നിർവഹിച്ച ഷൈജു അവറാനും പാട്ടുവിശേഷങ്ങൾ മനോരമയോടു പങ്കുവയ്ക്കുന്നു.

 

അന്ന് എള്ളോളം തരി, ഇന്ന് കരിങ്കാളി തൊടുന്നതെല്ലാം ഹിറ്റാണല്ലോ? എന്താണ് ഇതിന്റെ രഹസ്യം?

 

ഷൈജു: ചെറുപ്പം മുതലേ പാട്ട് വളരെ ഇഷ്ടമാണ്. ജീവിത സാഹചര്യങ്ങൾ കാരണം സംഗീതം പഠിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. പക്ഷേ ചെയ്യുന്നതിലെല്ലാം നൂറ് ശതമാനം ആത്മാർഥത പുലർത്താൻ ശ്രമിക്കാറുണ്ട്. പിന്നെ എല്ലാം ദൈവാനുഗ്രഹം.

 

കണ്ണൻ മംഗലത്ത്: ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള മനസ്സിന്റെ അടുപ്പമായിരിക്കാം എല്ലാം നന്നായി വരാനുള്ള കാരണം. എല്ലാം ദൈവാനുഗ്രഹം എന്നാണ് പറയാനുള്ളത്.

 

കരിങ്കാളി ഒരു ഭക്തിഗാനമാണ്. അത് ഇത്രത്തോളം ശ്രദ്ധനേടുമെന്നു കരുതിയിരുന്നോ?

 

ഇത്രയും വലിയ തോതിൽ ശ്രദ്ധ നേടുമെന്നു കരുതിയില്ല. വരികൾ എഴുതുമ്പോൾ തന്നെ വ്യക്തമായ ധാരണയുണ്ടായിരുന്നു. ഭക്തിഗാനമാണെങ്കിലും ഇന്നത്തെ സാഹചര്യങ്ങളിൽ പെൺകുട്ടികൾക്കുണ്ടായിരിക്കേണ്ട മാനമെന്താണ്, അവൾ എങ്ങനെയായിരിക്കണം എന്നു പറഞ്ഞുവയ്ക്കുക കൂടിയായിരുന്നു ലക്ഷ്യം. കരുതലും സ്നേഹവും പോരാട്ടവും അങ്ങനെ പെൺജീവിതത്തെ തൊട്ടുപോകുന്ന എല്ലാം ഇതിലുണ്ട്.

 

റീലുകളും സ്റ്റാറ്റസുകളും മുഴുവൻ കരിങ്കാളി ആടിത്തകർക്കുകയാണ് അതിനെക്കുറിച്ച്?

 

എല്ലാവരോടും നന്ദിയാണ് പറയാനുള്ളത്. വളരെ പരിമിതികളുള്ള ജീവിതസാഹചര്യങ്ങളിൽ നിന്നു വരുന്ന ഞങ്ങളെ സംബന്ധിച്ച്, പാട്ടുകൾ ജനങ്ങൾ ഏറ്റെടുക്കുന്നതിലൂടെ കിട്ടുന്ന പ്രോത്സാഹനമാണ് അടുത്ത പാട്ട് ചെയ്യാനുള്ള പ്രചോദനം. ഇപ്പോൾ യൂട്യൂബിൽ പാട്ട് എട്ട് മില്യണോളം കാഴ്ചക്കാരിലേക്ക് എത്തുന്നു.

 

‘എള്ളോളം തരി’ നെഗറ്റീവ് റീൽസിന് ഇരയായി എന്ന വിഷ‌മമുണ്ടോ?

 

പാട്ട് വൈറലായി നിൽക്കുന്ന സമയത്താണ് അത് ടിക്ടോക്കിൽ വന്നത്. പിന്നീട് ഇങ്ങനെയൊക്കെ ആയതിൽ വിഷമം തോന്നിയില്ല. കാരണം അത് നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യമല്ലല്ലോ. ജോ ആന്റ് ജോ എന്ന സിനിമയിൽ വരെ പാട്ടിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ. ട്രോളാനായാലും കുറ്റം പറയാനായാലും നമ്മുടെ പാട്ടെടുത്തല്ലോ, അതിൽ ‌സന്തോഷം. ഇതൊക്കെ തമാശയായിട്ടേ കണ്ടിട്ടുള്ളു.

 

‘കരിങ്കാളിയല്ലേ’ 2 പേർ ചേർന്നാണു പാടിയിരിക്കുന്നത്, അത് പക്ഷേ പാട്ടിൽ മനസ്സിലാവുന്നില്ലല്ലോ?

 

ഞങ്ങൾ കുറച്ചു കലാകാരന്മാർ ചേർന്ന് ഇരിങ്ങാലക്കുടയിൽ ‘ടച്ചിങ്സ് കൂട്ടായ്മ’ എന്ന പേരിലൊരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഞങ്ങളെപ്പോലെ സാധാരണക്കാരായവർ തന്നെയാണ് എല്ലാവരും. അതിലുള്ള അനൂപും വിനീഷും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. നമ്മുടെ കൂട്ടായ്മയിൽ നിന്ന് ഒരു പാട്ട് വരുമ്പോൾ കൂടെയുള്ളവർക്ക് തന്നെയല്ലേ അവസരങ്ങൾ നൽകേണ്ടത്. അവർ രണ്ടുപേരും അത് ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്.

 

ജാതിമത ഭേദമില്ലാതെ ഒരു ഭക്തിഗാനം ജനങ്ങളിലേക്ക് എത്തുക എന്നത് ചെറിയകാര്യമല്ല. അതിലെന്താണ് പറയാനുള്ളത്?

 

പാട്ടെഴുതിയപ്പോൾ അദ്യം അതിനൊരു പൂർണത വന്നതായി തോന്നിയില്ല. പിന്നീടാണ് ‘കരിങ്കാളി’ ഈ രൂപത്തിലേക്കു മാറിയത്. കാളി എന്ന പ്രതീകത്തെ മുന്നിൽ നിർത്തികൊണ്ട് ഞങ്ങൾ ശ്രമിച്ചത് തിന്മയ്ക്കെതിരെ പടപൊരുതുന്നവരാകണം നമ്മുടെ പെൺമക്കൾ എന്ന സന്ദേശം എല്ലാവരിലും എത്തിക്കാനാണ്. അതിലെ ഉദ്ദേശ്യശുദ്ധി മനസ്സിലായതുകൊണ്ടാവണം എല്ലാവരും ജാതിമത ഭേദമില്ലാതെ പാട്ട് ഏറ്റെടുത്തതും. 28 ദിവസംകൊണ്ടാണ് വിഡിയോ 3 മില്യനോളം ആളുകൾ കണ്ടത്. അത് ചെറിയ കാര്യമല്ലല്ലോ.

 

‘ഇത് പോലൊരു പെൺമണി വേണം മകളായവൾ വന്നിറങ്ങേണം

 

നെറികേടുകൾ വെട്ടിയരിഞ്ഞവൾ ആടിതെളിയേണം

 

നെടു നായകിയായവൾ നാടിന് കൺമണിയാകേണം’- പാട്ടിന്റെ ഈ അവസാന വരികൾ സമൂഹത്തിന് ഒരു സന്ദേശം നൽകുന്നുണ്ട്. അതിലേക്ക് എത്തിയത് എങ്ങനെയാണ്?

 

ബോധപൂർവമാണ് ഇങ്ങനെയൊരു അവസാനഭാഗത്തിലേക്ക് എത്തിയത്. ഞങ്ങൾ രണ്ടുപേർക്കും ഒരോ പെൺകുട്ടികളാണ്, രണ്ടുപേരുടെയും പേര് ഭദ്ര എന്നും. യാദൃച്ഛികമായാണ് പേരിലെ ഈ സാമ്യം സംഭവിച്ചത്. ഇവർ രണ്ടുപേരും ഭാവിയിൽ എന്തായിത്തീരും എന്നൊന്നും അറിയില്ല, പക്ഷേ അവർ എങ്ങനെയായിരിക്കണമെന്നാണ് പാട്ടിൽ പറഞ്ഞുവച്ചിരിക്കുന്നത്.

 

നിർമാതാക്കളെ കിട്ടുന്നതിനുള്ള ബുദ്ധിമുട്ട് വെല്ലിവിളിയല്ലേ?

 

‘ടച്ചിങ്സ് കൂട്ടായ്മ’യിലെ തന്നെ ജയ്നീഷ് മണപ്പുള്ളിയാണ് ‘കരിങ്കാളി’ നിർമിച്ചിരിക്കുന്നത്. ഏകദേശം ഒരു ആൽബം ചെയ്തു വരുമ്പോൾ ഒരു ലക്ഷത്തിലേറെ രൂപ ചെലവ് വരും. അത് കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്. പത്ത് വർഷത്തോളമായി ഇതിനു പിന്നാലെ നടന്നിട്ടുണ്ട്. പെയിന്റിങ് പണിക്കും കെട്ടിടം പണിക്കുമൊക്കെ പോയി ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് കൂട്ടായ്മയിലെ മിക്കവരും. ഒരോരുത്തരും സ്വയം അവസരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്, മികച്ച കലാകാരന്മാരാണ് ഇവരെല്ലാവരും തന്നെ. ‘വിത്ത്’ എന്ന പേരിൽ ഞങ്ങൾ ഒരു മ്യൂസിക് ബാൻഡ് തുടങ്ങിയിരുന്നു. അവിടെയും വില്ലനായത് സാമ്പത്തികമാണ്. അത് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല.

 

കലാഭവൻ മണി എന്ന കലാകാരൻ തുറന്നിട്ട നാടൻപാട്ട് വഴിയിലൂടെയാണോ ഇവിടെവരെ എത്തിയത്?

 

ഞങ്ങൾ തൃശ്ശൂർകാരായതുകൊണ്ടു കൂടി സംശയമില്ലാതെ പറയാം, ഈ വഴിയിൽ മണിച്ചേട്ടൻ ഒരു വലിയ ഘടകം തന്നെയാണ്. അത് പറയാതിരിക്കാനാവില്ല. വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാനമായും സമൂഹമാധ്യമങ്ങളിൽ. ‘എള്ളോളം തരി’യ്ക്ക് താഴെ ഒരിടക്കാലത്ത് ഇത് കോളനിപ്പാട്ടാണ് എന്നൊക്കെ പറഞ്ഞുള്ള വളരെ മോശം കമന്റുകൾ വന്നിരുന്നു. ജനം ആസ്വദിക്കുന്നതെന്തോ അതാണ് പാട്ട് എന്ന അഭിപ്രായമാണുള്ളത്. അല്ലാതെ ഒന്നും പറയാനില്ല.

 

നിങ്ങളുടെ സൗഹൃദം പാട്ടിലും പ്രതിഫലിക്കാറുണ്ടോ?

 

ഞങ്ങളുടെ സൗഹൃദത്തിന് പത്ത് വയസ്സായി. ഇക്കാലമത്രയും ഞങ്ങൾ പരസ്പരം മനസ്സിലാക്കിയതെന്തോ അതാണ് ഞങ്ങളുടെ പാട്ടിലും കാണുന്നത്. പിന്നെ ഞങ്ങളുടെ കൂട്ടായ്മ തരുന്ന പിന്തുണ വളരെ വലുതാണ്. ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരോടും പാട്ട് വിജയിപ്പിച്ചവരോടും അങ്ങനെ  എല്ലാവരോടും മനസ്സു നിറഞ്ഞ നന്ദി മാത്രമാണുള്ളത്. ആകെയുള്ള സങ്കടം ഞങ്ങളുടെ പാട്ടുകൾ വേദികളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പാടുന്നവർ ഞങ്ങളുടെ പേര് പോലും പറയാറില്ല എന്നതാണ്. പ്രൊഡ്യൂസർമാരെന്ന നിലയിൽ വരുന്നവരിൽ ചിലർ ഞങ്ങളുടെ പാട്ട് കൊണ്ടുപോയി കഴിഞ്ഞാൽ പിന്നെ പേര് പോലും വയ്ക്കാറില്ല. ഇതൊക്കം മനസ്സിനു വിഷമമുണ്ടാക്കാറുണ്ട്.

 

പുതിയ പ്രോജക്ടുകൾ?

 

‘വലന്താളം’ എന്നതാണ് അടുത്ത പ്രോജക്ട്. അത് പ്രണയഗാനമാണ്. ‘എള്ളോളം തരി’യിലെ നായിക തന്നെയാണ് ഇതിലും നായികയായി എത്തുന്നത്. പിന്നെ ഇടുക്കിയെ കുറിച്ചുള്ള മറ്റൊരു പാട്ട് കൂടി വരുന്നുണ്ട്. സിതാരയാണു ഗായിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com