ADVERTISEMENT

പുറത്തിറങ്ങി ഏതാനും ദിവസങ്ങൾ കൊണ്ട് ആസ്വാദകഹൃദയങ്ങളിൽ കയറിക്കൂടിയ ഒരു പാട്ടുണ്ട്, ‘കരളിൻ ഓരത്ത്’. ലളിതമനോഹര വരികളും ആലാപനമികവും പ്രണയം നിറയും ഈണവുമെല്ലാം പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി. പ്രണവ് ദാസ് എന്ന യുവസംഗീതസംവിധായകനാണ് പാട്ടിനു പിന്നിൽ. വരികൾ കുറിച്ച് ഈണമൊരുക്കിയതിനു പുറമേ പാട്ടിൽ നായകനായും പ്രണവ് എത്തുന്നു. വർഷങ്ങളായി സംഗീതരംഗത്തു സജീവമാണ് പ്രണവ് ദാസ്. അഭിനയത്തിലും ഹരിശ്രീകുറിച്ചുകഴിഞ്ഞു. പുത്തൻ പാട്ടുവിശേഷങ്ങൾ പങ്കിട്ട് പ്രണവ് ദാസ് മനോരമ ഓൺലൈനിനൊപ്പം. 

 

ആദ്യം നൃത്തം, പിന്നെ സംഗീതം

 

ഒറ്റപ്പാലമാണ് എന്റെ സ്വദേശം. കുട്ടിക്കാലം മുതൽ നൃത്തം പഠിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് കലോത്സവവേദികളിൽ സജീവമായിരുന്നു. പഠനത്തിനു ശേഷമാണ് സംഗീതരംഗത്തേക്കു ശ്രദ്ധ തിരിഞ്ഞത്. എന്റെ ഏട്ടൻ വരുൺ കൃഷ്ണ സംഗീതസംവിധായകനാണ്. അദ്ദേഹം കാരണമാണ് ഞാൻ പാട്ടുലോകത്തെത്തിയത്. ബേർക്‌ലീ കോളജ് ഓഫ് മ്യൂസിക്കിൽ ആണ് ഏട്ടൻ പഠിച്ചത്. ഒറ്റപ്പാലത്ത് മൊൻഡോസോണിക് എന്ന പേരിൽ ഞങ്ങൾക്കു സ്വന്തമായി സ്റ്റുഡിയോ ഉണ്ട്. അത് ആപ്പിൾ സെർട്ടിഫൈഡ് ആണ്. കൂടുതലായും ഞങ്ങളുടെ സ്വന്തം വര്‍ക്കുകളാണ് സ്റ്റുഡിയോയിൽ ചെയ്യാറുള്ളത്. 

 

ഒറ്റയ്ക്കല്ല, ഏട്ടനുണ്ട് കൂടെ

 

എനിക്ക് എല്ലാം സംഗീതമാണ്. ‘മറൈഗിറായ്’ എന്ന തമിഴ് സംഗീത ആൽബത്തിലൂടെയാണ് ഞാൻ പാട്ടുലോകത്തു സജീവമായത്. ‘അതിൽ പകൽ ഇരവായ്’ എന്ന ഗാനം രണ്ട് കോടിയിലേറെ പ്രേക്ഷകരെ നേടിയിരുന്നു. കോവിഡ് കാലത്താണ് പാട്ട് അത്രയേറെ ഹിറ്റ് ആയത്. ഈ ആൽബത്തിനു ശേഷം ഒരു മലയാളം പാട്ടിനും ഈണമൊരുക്കി. ഇവ രണ്ടുമാണ് എന്റെ സ്വതന്ത്രസംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയവ. തുടർന്ന് സിനിമാസംഗീതരംഗത്തും അരങ്ങേറ്റം കുറിച്ചു. തമിഴിലും മലയാളത്തിലും സജീവമാണ്. ഏട്ടനും ഞാനും ഒരുമിച്ചാണ് സിനിമയ്ക്കായി ഈണങ്ങളൊരുക്കുന്നത്. 

 

വരുന്നു, ‘ഓ ബേബി’ 

 

രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത് ദിലീഷ് പോത്തൻ അഭിനയിക്കുന്ന ‘ഓ ബേബി’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവുമൊടുവിൽ വർക്ക് ചെയ്തത്. ചിത്രത്തിൽ മൂന്ന് ഗാനങ്ങളുണ്ട്. ജാസി ഗിഫ്റ്റ്, പ്രാർഥന ഇന്ദ്രജിത് തുടങ്ങിയവർ പിന്നണിയിൽ സ്വരമാകുന്നു. എന്റെ പാട്ടുകൾ കണ്ട് ഇഷ്ടമായപ്പോൾ രഞ്ജൻ പ്രമോദ് സർ അദ്ദേഹത്തിന്റെ ഈ ചിത്രത്തിലേക്ക് എന്നെ ക്ഷണിക്കുകയായിരുന്നു. 

 

അഭിനയത്തിലും ഹരിശ്രീ

 

പാട്ട് മാത്രമല്ല, അഭിനയവും എനിക്കൊരുപാട് ഇഷ്ടമാണ്. എന്റെ സ്വതന്ത്ര സംഗീത വിഡിയോകളിൽ ഞാൻ തന്നെയാണ് നായകനായിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫി ഗായകനായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞാൻ എൻജിനീയർ ആണ്. എന്നാൽ സംഗീതമാണ് എന്റെ പാഷൻ. സ്വതന്ത്ര സംഗീതത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തണമെന്നാണ് ആഗ്രഹം. അതിനായുള്ള ശ്രമങ്ങൾ തുടരുന്നു. ഭാര്യ തീർഥ നർത്തകിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com