ADVERTISEMENT

ഭക്തിയുടെ നിറവായി വന്ന സിനിമയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ 'മാളികപ്പുറം'.  ചിത്രം തിയറ്ററിൽ ഹിറ്റായി ചരിത്രം കുറിക്കുമ്പോൾ മാളികപ്പുറത്തിലെ പാട്ടുകളും അയ്യപ്പഭക്തരുടെ പ്രിയപ്പെട്ടവയായി മാറുകയാണ്. മലയാളികൾ നെഞ്ചേറ്റിയ ജോസഫിലെ 'പൂമുത്തോളെ' എന്ന ഗാനത്തിന്റെ സൃഷ്ടാവായ രഞ്ജിൻ രാജ് ആണ് മാളികപ്പുറത്തിലെ ഹൃദയം തൊടു‌ം സംഗീതത്തിനു പിന്നിൽ. ഈ ചിത്രത്തിനു വേണ്ടി സംഗീതം ചെയ്യാൻ ഒരു പ്രത്യേക ഊർജ്ജമായിരുന്നുവെന്ന് രഞ്ജിൻ പറയുന്നു. അയ്യപ്പഭക്തരുടെ ആത്മാവായ 'ഹരിവരാസനം' പുനഃസൃഷ്ടിച്ചത് ഏറെ ശ്രദ്ധയോടെയായിരുന്നെന്നും 'ഗണപതി തുണയരുളുക' എന്ന പേട്ട തുള്ളൽ പാട്ട് ഒറ്റ രാത്രി കൊണ്ട് സൃഷ്ടിച്ചതാണെന്നും രഞ്ജിൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. മാളികപ്പുറത്തിന്റെ വിജയാഘോഷം രഞ്ജിൻ രാജ് മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

 

കർണ്ണാടക സംഗീതവും മാളികപ്പുറത്തിലെ പാട്ടുകളും

 

മാളികപ്പുറം എന്ന ചിത്രത്തിനു വേണ്ടി സംഗീതം ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. എന്റെ സ്ട്രോങ് ബേസ് എന്ന് പറയുന്നത് കർണാടക സംഗീതമാണ്. കർണാടക സംഗീതത്തിന്റെ സാഹിത്യം ദൈവീകതയുമായി ചേർന്നു കിടക്കുന്നു. ചെറുപ്പം മുതൽ കണ്ടതും കേട്ടതും പഠിച്ചതുമെല്ലാം ത്യാഗരാജ കൃതികളും മറ്റുമാണ്. ആ ഒരു വൈബ് എന്റെ ഉള്ളിൽ ഉണ്ട്. അതുകൊണ്ട് ഇത്തരം സംഗീതം ചെയ്യുമ്പോൾ എനിക്ക് എളുപ്പമായി തോന്നാറുണ്ട്.  അതുകൊണ്ടായിരിക്കാം ഞാൻ ചെയ്ത പാട്ട് എല്ലാവർക്കും ഇഷ്ടമായത്. സിനിമ ഏത് വിഭാഗത്തിൽപ്പെട്ടതായാലും അതിന്റെ ഡൈനാമിക്സിന് അനുസൃതമായ സംഗീതം ചെയ്യാൻ ശ്രമിക്കാറുണ്ട്. അപ്പോൾ അത് വർക്ക് ആകാറുണ്ട്. പക്ഷേ സിനിമ വിജയിച്ചില്ലെങ്കിൽ അതിലെ സംഗീതവും ശ്രദ്ധിക്കപ്പെടില്ല. ഇവിടെ എല്ലാ സാഹചര്യവും ഒത്തുവന്നു. സിനിമ ത‌ിയറ്ററിൽ ഹിറ്റായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. അതുകൊണ്ട് പാട്ടുകളും എല്ലാവരും ശ്രദ്ധിച്ചു.

 

ഹരിവരാസനം പുനഃസൃഷ്ടിച്ചപ്പോൾ 

 

ഹരിവരാസനം ഒക്കെ തൊടുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം. ദൈവദൂതൻ എന്ന സിനിമയിൽ എന്തരോ മഹാനുഭാവലു പുനഃസൃഷ്ടിച്ചിട്ടുണ്ട്. അത് ആ സിനിമയുടെ ഡൈനാമിക്സിന് അനുയോജ്യമായിരുന്നു. പക്ഷേ അതുപോലെ ഹരിവരാസനം ചെയ്‌താൽ കൈ പൊളളും. അത് വിശ്വാസികളുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നതുപോലെ ആകും. വളരെയേറെ ശ്രദ്ധിച്ചു വേണം ചെയ്യാൻ. സംഗീത ഉപകരണങ്ങളുടെ അതിപ്രസരം ഉണ്ടാകാൻ പാടില്ല എന്ന് ആദ്യം തന്നെ പദ്ധതിയിട്ടിരുന്നു. അതുകൊണ്ട് തംബുരുവിന്റെ ബാക്കിങ് മാത്രമേ അതിൽ പാടുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഹരിവരാസനത്തിന്റെ രീതിയിലുള്ള റിഥം ഓർഗാനിക്കായി കൊടുത്തുകൊണ്ട് ഒരു ഫ്ലൂട്ട് മാത്രം കൂടുതലായി ചേർത്തു. മലയാളികളുടെ ഇമോഷൻ ആണ് ഹരിവരാസനം. അതിൽ കൂടുതൽ മാറ്റം വരുത്തിയെങ്കിൽ പഴി കേൾക്കേണ്ടി വന്നേനെ. അയ്യപ്പനെ ഉറക്കുന്ന പാട്ടാണ് അത്. താരാട്ടാണ് അതിന്റെ ആത്മാവ്.  ഇപ്പോൾ എന്റെ കുഞ്ഞ് ഉറങ്ങുന്നതും ഹരിവരാസനം കേട്ടാണ്. 1200 ൽ അധികം പാട്ടുകാരെ ഓഡിഷൻ ചെയ്താണ് ഗായകനെ തിരഞ്ഞെടുത്തത്. പ്രകാശ് പുത്തൂർ എന്ന ചേട്ടനെ തെരഞ്ഞെടുത്തത് ദാസേട്ടന്റെ ശബ്ദത്തോടു സാമ്യം ഉള്ളതുകൊണ്ടല്ല. അദ്ദേഹം ആരെയും അനുകരിക്കുന്നതയി തോന്നിയില്ല. അദ്ദേഹം പാടുന്നതിൽ ആത്മാവും ഫീലും ഭാവവുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഹരിവരാസനം പാടാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പാട്ട് കേട്ടിട്ട് ഒരു പാട് പേര്‍ വിളിച്ചു. മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

 

പ്രതികരണങ്ങൾ അദ്ഭുതപ്പെടുത്തുന്നു 

 

ഈ സിനിമ എന്റെ പതിനാലാമത്തെ റിലീസാണ്. പക്ഷേ ജോസഫിനു ശേഷം ആദ്യമായിട്ടാണ് ഇത്രയും റിവ്യൂ കിട്ടുന്നത്. ഇതിനു മുൻപ് ഇതുപോലെ നിലയ്ക്കാത്ത കോളുകളും മെസേജുകളും കിട്ടിയത് ജോസഫ് സിനിമയിലെ പാട്ടുകൾക്കാണ്. അതിനും മേലെയാണ് മാളികപ്പുറത്തിന്റെ സംഗീതത്തിനു കിട്ടുന്ന പ്രതികരണങ്ങൾ. സാധാരണ സിനിമ ചെയ്യുന്നതിനേക്കാൾ സമയം കുറവാണ് ഈ സിനിമയ്ക്ക് വേണ്ടി സംഗീതം ചെയ്യാൻ കിട്ടിയത്. തിയറ്ററിൽ ചിത്രം കണ്ടപ്പോൾ സമയം കിട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാം എന്നു തോന്നിയിരുന്നു. തിടുക്കത്തിൽ ചെയ്ത സിനിമയായിട്ടുകൂടി ലഭിക്കുന്ന പ്രതികരണങ്ങൾ എന്നെ അമ്പരപ്പിച്ചു. ഈ പ്രതികരണങ്ങൾ വല്ലാത്തൊരു ഊർജമാണ് നൽകുന്നത്. സിനിമ ഹിറ്റ് ആയതുപോലെ തന്നെ സംഗീതത്തെക്കുറിച്ചും എല്ലാവരും സംസാരിക്കുന്നുണ്ട്. ഇതെല്ലം അഭിമാനം തരുന്ന കാര്യമാണ്.  

 

സിനിമയ്ക്കു വേണ്ടി സംസ്കൃത ശ്ലോകങ്ങൾ എഴുതിയ സന്തോഷ് വർമ്മ  

 

ഈ സിനിമയിൽ പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ആക്‌ഷൻ സീക്വൻസിൽ ഒക്കെ സംസ്‌കൃത ശ്ലോകങ്ങൾ ഉണ്ട്. അതിൽ "ലോകവീര്യം മഹാപൂജ്യം" മാത്രമാണ് അയ്യപ്പനെക്കുറിച്ചുള്ള ശ്ലോകങ്ങളിൽ നിന്ന് എടുത്തിട്ടുള്ളത്. ബാക്കിയുള്ളവയെല്ലാം സന്തോഷ് വർമ്മ എഴുതിയതാണ്.  അതെല്ലാം ഈ സിനിമയ്ക്കു വേണ്ടി ചെയ്ത ഒറിജിനൽസ് ആണ്. അയ്യപ്പനുമായി ബന്ധപ്പെട്ട ദൈവീകത്വമുള്ള എന്നാൽ മാസ് ആയിട്ടുള്ള ഒരു സിനിമയാണ് അതുകൊണ്ട് അത്തരത്തിലുള്ള പശ്ചാത്തല സംഗീതം വേണമായിരുന്നു. നല്ല സൗണ്ട് ഡിസൈനിങ് ആണ് രാജാകൃഷ്ണൻ ചേട്ടന്‍ ചെയ്തത്. അദ്ദേഹമാണ് കാന്താര ഒക്കെ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇൻപുട്ട് സ്കോറിനു വളരെ സഹായിച്ചു. സാധാരണ നമ്മൾ ചെയ്യുന്ന സംഗീതത്തിന്റെ ഡൈനാമിക്സ് തിയറ്ററിൽ വരുമ്പോൾ നഷ്ടപ്പെടാറുണ്ട്. രാജാകൃഷ്ണൻ ചേട്ടൻ വളരെ ചുരുങ്ങിയ സമയംകൊണ്ട് ഗംഭീരമായി സൗണ്ട് ഡിസൈൻ ചെയ്തു. അതുകൊണ്ടാണ് സംഗീതം ഇത്രയും ഭംഗിയായി തിയറ്ററിൽ എത്തിയത്. നാല് പാട്ടുകൾ റിലീസ് ആയിട്ടുണ്ട്, ഹരിവരാസനം, ഞാൻ പാടിയ നങ്ങേലിപ്പൂവേ, ഗണപതി തുണയാരുളാൻ, അമ്പാടി തുമ്പിക്കുഞ്ഞ് ഈ പാട്ടുകളെല്ലാം ആൽബമായി ഇറങ്ങിയിട്ടുണ്ട്. ഇനി പുറത്തിറങ്ങാനുള്ളത് വിനീത് ശ്രീനിവാസൻ പാടിയ വളരെ പ്രധാനപ്പെട്ട ഒരു പാട്ടാണ്. ക്ലൈമാക്‌സിനോട് അടുപ്പിച്ചു വന്ന പാട്ടാണ് അത്.  

 

'ഗണപതി തുണയരുളുക' ഒറ്റ രാത്രികൊണ്ട് ചെയ്ത പാട്ട് 

 

ആദ്യം ചെയ്തു വച്ച അയ്യപ്പപാട്ട് എല്ലാവരും ഒകെ പറഞ്ഞതാണ്. പക്ഷേ ഷൂട്ടിങ്ങിന്റെ സമയത്ത് ഒരു കൺഫ്യൂഷൻ ഉണ്ടായി. അതൊരു ട്രാവൽ സോങ് ആയിരുന്നു. പക്ഷേ ഷൂട്ടിങ് നടക്കുമ്പോൾ തലേന്ന് വൈകുന്നേരമാണ് പാട്ട് ഒന്ന് മാറ്റി ഒരു പേട്ട തുള്ളൽ പാട്ട് ആക്കിയാലോ എന്ന ചർച്ച വന്നത്. പെട്ടെന്ന് തന്നെ ഒരു പാട്ട് കൊടുത്തേ പറ്റൂ എന്നു വന്നപ്പോൾ എന്റെ ഈഗോ വർക്ഔട്ട് ആയി. അല്ലെങ്കിൽ ആ പാട്ടിന്റെ സിറ്റുവേഷൻ അവർ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. അങ്ങനെ ചെയ്യിക്കാൻ എനിക്ക് താല്പര്യമില്ല. ഒരു രാത്രി കൊണ്ട് ഒരു പാട്ട് ഉണ്ടാക്കണം എന്നത് ഒരു വാശിയായി. രാത്രി പതിനൊന്ന് മണിക്ക് കമ്പോസിങ് തുടങ്ങി നാല് മാണി ആയപ്പോൾ ഞാൻ ഓർക്കസ്‌ട്രേഷൻ ഉൾപ്പടെ പാട്ട് കൊടുത്തു. അതാണ് 'ഗണപതി തുണയരുളുക' എന്ന പേട്ട തുള്ളൽ പാട്ട്. ഷൂട്ടിങ് പ്ലാൻ ചെയ്തതിൽ നിന്ന് സിനിമ ചെയ്തു വന്നപ്പോൾ ക്യാൻവാസ് വലുതായി അങ്ങനെയാണ് പാട്ട് മാറ്റേണ്ടി വന്നത്. അന്ന് പേട്ട തുള്ളൽ ആണെന്നു പറഞ്ഞിരുന്നില്ല. പക്ഷേ പാട്ട് മാറ്റി ചെയ്തതു നന്നായി എന്ന് തോന്നുന്നു. പേട്ട തുള്ളൽ കൂടി വന്നപ്പോൾ അത് ആ സിനിമയ്ക്ക് ഗുണം ചെയ്തു.

 

കന്നി അയ്യപ്പനായ ഓർമ്മകൾ 

 

ഞാൻ അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ശബരിമലയ്ക്ക് പോകുന്നത്. ഇന്നും ഓർക്കുമ്പോൾ സന്തോഷം തോന്നുന്നതാണ്‌ ആ കാലം.  ക്രിസ്മസ് വെക്കേഷൻ വരാൻ കാത്തിരുന്ന് പരീക്ഷ കഴിഞ്ഞു ഡിസംബർ 23 ാം തീയതി ആണ് മലയ്ക്കു പോയത്. വൃശ്ചിക മാസത്തിലെ നല്ല തണുപ്പുള്ള സമയത്ത് നാലഞ്ച് മണിയാകുമ്പോൾ എന്നും കുളത്തിൽ പോയി കുളിക്കും. 41 ദിവസം വ്രതം എടുക്കണം. ഞാനും അച്ഛനും അച്ഛന്റെ സുഹൃത്തുക്കളും കൂടി ശരണം വിളിച്ച് ഒരു കിലോമീറ്റർ നടന്നു ചെന്ന് വണ്ടിയിൽ കയറി പോയത് ഇപ്പോഴും ഓർക്കുന്നു. അതൊക്കെ വല്ലാത്ത അനുഭവം തന്നെയായിരുന്നു. മാളികപ്പുറത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴും ഞാൻ മലയ്ക്കു പോയി. മല കയറിയിറങ്ങി വന്നപ്പോൾ കിട്ടിയ ഊർജ്ജത്തിലാണ് ആ പേട്ട സോങ് ചെയ്യുന്നത്. അത് അയ്യപ്പൻ ചെയ്യിച്ചതുപോലെ ആണ് എനിക്ക് തോന്നുന്നത്. 

 

പുതിയ ചിത്രങ്ങൾ 

 

ഒരു തെലുങ്ക് സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ജോസഫിന്റെ ഹിന്ദി പതിപ്പ് വരുന്നുണ്ട്. അതിലും ഞാൻ ആണ് സംഗീതം ചെയ്യുന്നത്. കള്ളനും ഭഗവതിയും, കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ തുടങ്ങിയവയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന മറ്റു ചിത്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com