ADVERTISEMENT

ഗോൾഡൻ ഗ്ലോബ് പുരസ്കാര തിളക്കത്തിൽ രാജ്യത്തിന്റെ അഭിമാനതാരമായി ഉദിച്ചുയർന്നു നിൽക്കുന്ന എം.എം.കീരവാണിക്ക് മലയാളവുമായും മലയാള ഗായകരുമായും അഭേദ്യമായ ബന്ധമുണ്ട്. തന്റെ പാട്ടുകളിൽ പെൺസ്വരമായി വാനമ്പാടി കെ.എസ്.ചിത്രയെ ആണ് കീരവാണി ഏറ്റവുമധികം ഉപയോഗിച്ചിരിക്കുന്നത്. തെലുങ്ക് ഭാഷ വശമില്ലാതിരുന്ന ചിത്രയ്ക്ക് തെലുങ്ക് പാട്ടിലെ വരികളുടെ അർഥം അഭിനയിച്ചു കാണിച്ചായിരുന്നു കീരവാണി പാട്ടുകൾ പഠിപ്പിച്ചിരുന്നത്. ചിത്രയുടെ പാട്ടും ആലാപനശൈലിയും തനിക്കേറെ ഇഷ്ടമാണെന്ന് അദ്ദേഹം പല ആവർത്തി പറഞ്ഞിട്ടുമുണ്ട്. റെക്കോർഡിങ് സ്റ്റുഡിയോയിലിരുന്ന് വാക്കുകളുടെ അർഥവും സംഗീതവും കോർത്തിണക്കിയ നാളുകളെ എന്നും ഇഷ്ടത്തോടെ ഓർക്കുകയാണ് ചിത്ര. മുൻപ് കീരവാണിക്കൊപ്പമുള്ള പാട്ടനുഭവങ്ങളെക്കുറിച്ച് ചിത്ര മനോരമ ഓണ്‍ലൈനിനു നൽകിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു. 

 

അന്ന് അദ്ദേഹം അസിസ്റ്റന്റ്

 

തെലുങ്കിൽ ചക്രവർത്തി എന്ന വളരെ പ്രശസ്തനായിട്ടുള്ള ഒരു സംഗീതസംവിധായകനുണ്ടായിരുന്നു. വളരെ തിരക്കേറിയ സംഗീതജ്ഞനായിരുന്ന  അദ്ദേഹം, ഒരു ദിവസം തന്നെ പല സ്ഥലങ്ങളിലായി അഞ്ചു റെക്കോർഡിങ്ങുകൾ വരെ നടത്തിയിരുന്നു. ഓരോ സ്ഥലത്തും റെക്കോർഡിങ് കാര്യങ്ങൾ നോക്കിയിരുന്നത് ഓരോരുത്തരാണ്. അന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സ് ആയി പ്രവര്‍ത്തിച്ചിരുന്നതിൽ ഒരാളായിരുന്നു കീരവാണി സർ. ഞാൻ ചക്രവർത്തി സറിനു വേണ്ടി പാടാൻ പോയ കാലത്താണ് ആദ്യമായി കീരവാണി സാറിനെ കാണുന്നത്. 

 

പഠിപ്പിക്കുന്നത് പറഞ്ഞും അഭിനയിച്ചും പാടിയും

 

കീരവാണി സർ പാട്ടുകൾ ചിട്ടപ്പെടുത്തുന്ന രീതി വളരെ വ്യത്യസ്തമാണ്. അത് വളരെ ഡ്രമാറ്റിക് ആയിരിക്കും. ആക്‌ഷനുകളോടെ പാടേണ്ട ഒരുപാട് പാട്ടുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ചില പാട്ടുകൾക്കിടയിൽ ഡയലോഗുകൾ വരും. ചിലതിന് പല ഭാവങ്ങളും കൊടുക്കേണ്ടി വരും. അത്തരം സാഹചര്യങ്ങളിലൊക്കെ അത് എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന് അദ്ദേഹം അഭിനയിച്ചു കാണിക്കും. എനിക്ക് തെലുങ്ക് ഭാഷ അറിയാതിരുന്ന സമയത്ത് എന്നെക്കൊണ്ടു പാട്ടുകൾ പാടിപ്പിക്കുമ്പോൾ അദ്ദേഹം പാട്ടിന്റെ അർഥങ്ങളുൾപ്പെടെ എല്ലാം വിശദീകരിച്ചു തന്നിരുന്നു. 

 

ഒരിക്കൽ കീരവാണി സാറിന്റെ സംഗീതത്തിൽ എസ്പിബി സാറിന്റെ ഒരു സോളോ റെക്കോർഡിങ് നടക്കുകയായിരുന്നു. പാട്ടിൽ ഞാൻ ഭാഗമാകുന്നുണ്ടെങ്കിലും എനിക്ക് അതിൽ വരികളൊന്നും ഉണ്ടായിരുന്നില്ല. കുറച്ച് ചിരി, ചില ശബ്ദശകലങ്ങൾ എന്നിവ മാത്രമായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്. ആ പാട്ടിന്റെ വരികൾക്കനുസരിച്ചുള്ള ഒരു ഫീല്‍ കൊടുക്കണമായിരുന്നു. അന്ന് അത് എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം വിശദീകരിച്ചു. എനിക്കു മനസ്സിലാകും വിധത്തിൽ എല്ലാം പറഞ്ഞു പഠിപ്പിച്ചു തന്നതിന് അദ്ദേഹത്തോടു ഞാൻ കടപ്പെട്ടിരിക്കുകയാണ്. തെലുങ്ക് ഭാഷ സ്വായത്തമാക്കാൻ കീരവാണി സാർ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ രാഗങ്ങളെക്കുറിച്ചൊക്കെ അദ്ദേഹത്തിനു വളരെ അറിവുണ്ട്. ഓരോ പാട്ടും ഏതു രാഗത്തിൽ എങ്ങനെ ചെയ്താൽ നന്നാകുമെന്ന് സാറിനു വ്യക്തമായി അറിയാം. 

 

ഒരു ദിനം ഗായകർക്കായ്

 

പല സിനിമകളുടേയും പാട്ടുകളുടെ റെക്കോർഡിങ്ങുമായി തിരക്കിലായിരുന്നപ്പോൾ അദ്ദേഹം ഗായകർക്കു വേണ്ടി മാത്രമായി ഒരു ദിവസം മാറ്റി വയ്ക്കുമായിരുന്നു. രണ്ടോ മൂന്നോ സിനിമകളുടെ സംഗീതം ചെയ്തിട്ട് വോയ്സ് മിക്സിങ്ങിനു വേണ്ടി മാത്രമുള്ള ദിവസങ്ങളാണ് അത്. ആ ദിവസം മറ്റെവിടെയും പോകാൻ പാടില്ല എന്ന് അദ്ദേഹം മുൻകൂട്ടി പറയും. അന്നു രാവിലെ മുതൽ രാത്രി വരെ സ്റ്റുഡിയോയിൽ തന്നെയായിരിക്കും. ഗായകര്‍ ഓരോരുത്തരായി വന്ന് പാട്ട് പാടി റെക്കോർ‍ഡ് ചെയ്തു തിരിച്ചു പോകും. അതായിരുന്നു ആ ദിവസത്തെ രീതി.

 

എന്റെ പാട്ടും ശൈലിയും അദ്ദേഹത്തിനു പ്രിയം 

 

കീരവാണി സാറിന്റെ ഒരുപാട് പാട്ടുകൾ പാടാൻ എനിക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്റെ പാട്ടുകളും പാടുന്ന വിധവും വളരെ ഇഷ്ടമാണെന്ന് അദ്ദേഹം പല ആവർത്തി പറഞ്ഞിട്ടുമുണ്ട്. ഞാൻ സംഗീതജീവിതത്തിൽ തിരക്കുകളിലേയ്ക്ക് എത്തിയ സമയത്താണ് കീരവാണി സർ മുൻനിരയിലേക്കു കടന്നുവരുന്നത്. ഞാൻ ചക്രവർത്തി സാറിനു വേണ്ടി പാടിയിരുന്ന കാലത്തു തന്നെ കീരവാണി സാറിന് എന്നെ അറിയാം. ഞാൻ പാടുന്നതു പലപ്പോഴും കേട്ടിട്ടുള്ളതു കൊണ്ടു തന്നെ എനിക്കു പാട്ടുകൾ പറഞ്ഞു തരാൻ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകാം. ആ ധാരണയിൽ നിന്നായിരിക്കാം അദ്ദേഹം എനിക്ക് ഇത്രയധികം ഗാനങ്ങൾ നൽകിയത്. 

 

സന്യാസ ജീവിതം

 

കീരവാണി സാർ ചില സമയത്ത് ചില പ്രത്യേക തീരുമാനങ്ങളെടുക്കും. കുറേ വിശ്വാസങ്ങളുള്ള ആളാണ് അദ്ദേഹം. ഒരിക്കൽ അദ്ദേഹം പറഞ്ഞു, കുറച്ചു കാലത്തേയ്ക്ക് സന്യാസിയായി ജീവിക്കാൻ തീരുമാനിച്ചു എന്ന്. അങ്ങനെ ഏകദേശം മൂന്നു വർഷത്തോളം അദ്ദേഹം സന്യാസിയായി കഴിഞ്ഞു. കാഷായ വസ്ത്രം ധരിച്ച് കുടിൽ കെട്ടി ആശ്രമം പോലെയുണ്ടാക്കി അവിടെ ഏതാനും സന്യാസിമാർക്കൊപ്പം താമസിക്കുകയൊക്കെ ചെയ്തു. അതൊക്കെ അദ്ദേഹത്തിന്റെ ചില പ്രത്യേക രീതികളും ചിന്തകളുമാണ്. ആ സമയത്തും റെക്കോർഡിങ്ങിനു വേണ്ടി സ്റ്റുഡിയോയിലേയ്ക്കു വരുമായിരുന്നു. കാഷായവസ്ത്രത്തിൽ തന്നെയാകും സ്റ്റുഡിയോയിൽ എത്തുക. എന്നിട്ട് പാട്ടു പഠിപ്പിച്ച്, പാടിപ്പിച്ച് മടങ്ങി പോവുകയും ചെയ്തിരുന്നു. 

 

എന്നെന്നും നന്മകൾ

 

സാറിനെ കണ്ടിട്ടും സംസാരിച്ചിട്ടും ഇപ്പോൾ ഒരുപാട് വർഷങ്ങളായി. അദ്ദേഹത്തിന്റെ ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടും എനിക്ക് അടുപ്പമുണ്ട്. സാറിനും കുടുംബാംഗങ്ങൾക്കും ദീർഘായുസ്സും ആരോഗ്യവും സമ്പൽസമൃദ്ധിയും നേരുകയാണ്. കുടംബത്തോടൊപ്പം സന്തോഷമായി കഴിയാൻ അദ്ദേഹത്തിന് ഇടവരട്ടെ. ഇനിയും നല്ല ചെയ്യാനുള്ള അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിക്കാനായി ദൈവത്തോടു പ്രാർഥിക്കുന്നു. എല്ലാവിധ ആശംസകളും നേരുകയാണ്.

 

English Summary: K.S.Chithra talks on music director M.M.Keeravani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT