ADVERTISEMENT

കുഞ്ഞരിപ്പല്ലുകാട്ടി ചിരിച്ചുകൊണ്ട് അമ്മേ എന്ന് വിളിച്ചു തുടങ്ങിയപ്പോൾ മുതൽ നവനീതിന്റെ നാവിൽ തത്തിക്കളിച്ചതത്രയും മലയാളത്തിലെ അനശ്വര ഗാനങ്ങളാണ്. അച്ഛനും അമ്മയും ഒഴിവുവേളകളിൽ കേട്ട് ആസ്വദിച്ചിരുന്ന പാട്ടുകൾ മുഴുവൻ രണ്ടു വയസ്സുകാരനായ നവനീത് ഹൃദിസ്ഥമാക്കി പാടികേൾപ്പിച്ചു തുടങ്ങിയപ്പോൾ അമേരിക്കയിൽ സ്ഥിരതാമസക്കാരായ കണ്ണൂർ സ്വദേശി ഉണ്ണികൃഷ്ണനും ഡോ. പ്രിയയും മകന്റെ സംഗീതാഭിരുചി മനസ്സിലാക്കി. അന്നുതൊട്ടിന്നോളം അമേരിക്കക്കാർക്ക് മലയാളികളുടെ പഴയ പ്രിയഗാനങ്ങളുടെ മധുരം പകർന്ന് സംഗീതത്തോടൊപ്പം സഞ്ചരിക്കുകയാണ് നവനീത് ഉണ്ണികൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ നവനീതിന്റെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. കേവലം ഗാനങ്ങൾ ആലപിക്കുക മാത്രമല്ല, മറിച്ച് ഗാനങ്ങളുടെ രാഗ, താള, ശ്രുതി ലയങ്ങളുടെ സൂക്ഷ്മ ഭേദങ്ങള്‍ വിശകലനം ചെയ്യുകയും സംഗീത രചനകളുടെ സമാനതകളുടെ താരതമ്യവും മറ്റ് പ്രധാന വിശദാംശങ്ങളും കൂടി ശ്രോതാക്കൾക്കു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുകയാണ് നവനീതിന്റെ രീതി. അടുത്തിടെ കേരളത്തിലെ ആരാധകരുടെ അഭ്യർഥന മാനിച്ച്  തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ ക്യാംപസിലുള്ള ജെടി പാക്കിൽ വച്ച് നവനീത് ഒരു സംഗീതപരിപാടി നടത്തിയിരുന്നു. സംഗീതത്തിൽ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നും തനിക്ക് എത്താൻ കഴിയുന്ന ഉയരങ്ങളിൽ എത്തണമെന്നുമാണ് ആഗ്രഹമെന്ന് നവനീത് പറയുന്നു. പണ്ഡിറ്റ് രമേശ് നാരായണന്റെയും ട്രിവാൻഡ്രം കൃഷ്ണകുമാറിന്റെയും പ്രിയ ശിഷ്യനായ നവനീത് ഉണ്ണികൃഷ്ണൻ മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു .      

 

സർവം സംഗീതം

 

ഞാനിപ്പോൾ ന്യൂയോർക് യൂണിവേഴ്സിറ്റിയിൽ ബിരുദ പഠന വിദ്യാർഥിയാണ്. കഴിഞ്ഞ പതിനാലു വർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോ.കെ.സി.ശർമ്മയാണ് ആദ്യ ഗുരു. അദ്ദേഹത്തിൽ നിന്ന് ഹിന്ദുസ്ഥാനി ആണ് അഭ്യസിച്ചു തുടങ്ങിയത്. ഇപ്പോൾ പണ്ഡിറ്റ് രമേശ് നാരായണന്റെ കീഴിലാണ് സംഗീതപഠനം. കർണാടക സംഗീതത്തിൽ എന്റെ ഗുരു ട്രിവാൻഡ്രം കൃഷ്ണകുമാർ ആണ്. ഇപ്പോഴും ഞാൻ സംഗീതം പഠിച്ചുകൊണ്ടിരിക്കുകയാണ്. സംഗീതത്തിൽ കുറച്ച് പ്രോജക്ടുകൾ ചെയ്തുകൊണ്ടിരിക്കുന്നു.  ശാസ്ത്രീയസംഗീത കച്ചേരികൾ ചെയ്യാറുണ്ട്. കച്ചേരി മാത്രമല്ല മറ്റ് സംഗീത ശാഖകളിലും പരിപാടികൾ നടത്താൻ താല്പര്യമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് എന്റെ പാട്ടുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. എന്റെ പാട്ടുകൾ സ്ഥിരം ഫെയ്സ്ബുക് പേജിൽ അപ്‌ലോഡ് ചെയ്യാറുണ്ട്, സംഗീത ആസ്വാദകരുമായി സംവദിക്കാറുമുണ്ട്. കൂടുതൽ ഫോളോവേഴ്സിനെ കിട്ടുന്നത് സമൂഹമാധ്യമങ്ങളിൽ നിന്നാണ്. സംഗീതത്തിൽ കൂടുതൽ പഠിക്കണം. സ്വന്തം നിലയിൽ എന്ത് ചെയ്യാൻ കഴിയുമെന്നു നോക്കണം. സിനിമയിൽ സംഗീതം ചെയ്യണമെന്നും പാടണമെന്നും പദ്ധതിയിട്ടിട്ടുണ്ട്. മലയാളം സിനിമയിലും പാടാൻ ആഗ്രഹമുണ്ട്. മലയാളം മാത്രമല്ല ഭാഷയുടെ അതിരുകളില്ലാതെ ലോക സംഗീതത്തിൽ എന്റേതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്നാണ് ആഗ്രഹം.   

 

മകന്റെ പാട്ടു വിശേഷങ്ങൾ അച്ഛൻ ഉണ്ണികൃഷ്ണൻ പങ്കുവയ്ക്കുന്നു. 

 

സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ നവനീത് പാട്ടുപാടി തുടങ്ങി. രണ്ട് വയസ്സായപ്പോഴേക്കും മകൻ ഒരു ഗായകനായി മാറിയിരുന്നു. ഞങ്ങൾ അതിന്റെ വിഡിയോ എടുത്തു വച്ചിട്ടുണ്ട്. മോനെ കണ്ടു സംസാരിച്ച പാട്ടുകാരൊക്കെ പറഞ്ഞത് അവന് സംഗീതത്തിൽ അഗാധമായ അറിവുണ്ടെന്നാണ്. ആ ജ്ഞാനം അവനു ജന്മനാ കിട്ടിയതാണ്. മൂന്നു വയസ്സ് മുതൽ അവന് അനവധി മലയാളം പാട്ടുകൾ അറിയാമായിരുന്നു. ഞങ്ങൾ കേൾക്കുന്ന പാട്ടുകളെല്ലാം അവൻ കേട്ടുപഠിക്കും. നാല് വയസ്സ് കഴിഞ്ഞപ്പോൾ അവനെ പാട്ടു പഠിപ്പിക്കാൻ തുടങ്ങി.

 

കൊച്ചിയിലെ ഷോ 

 

കൊച്ചിയിലുള്ള ഞങ്ങളുടെ സുഹൃത്തുക്കളാണ് നവനീതിന് കൊച്ചിയിൽ ഒരു സ്റ്റേജ്ഷോ അറേഞ്ച് ചെയ്തത്. തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ ക്യാംപസിലുള്ള ജെടി പാക്കിൽ വച്ച് ജനുവരി 3ന് വൈകിട്ട് 6 മണിക്കായിരുന്നു സംഗീതപരിപാടി നടന്നത്. കേരളത്തിൽ വന്ന് ഒരു പരിപാടി നടത്തണമെന്ന് സമൂഹമാധ്യമങ്ങളിലെ അവന്റെ ആരാധകർ പറയാറുണ്ടായിരുന്നു. ഞങ്ങൾ അറിയാത്ത, കണ്ടിട്ടില്ലാത്ത അറുനൂറിലധികം ആളുകളാണ് അന്ന് അവന്റെ പാട്ടുകൾ കേൾക്കാൻ മാത്രം അവിടെ എത്തിയത്.    

 

പാട്ടും വിവരണവും

 

പഴയ മലയാള ഗാനങ്ങളാണ് നവനീതിന് ഏറെ പ്രിയം. ദേവരാജൻ മാസ്റ്ററുടെയും ബാബുരാജിന്റെയും പാട്ടുകൾ എല്ലാം അവനു ഹൃദിസ്ഥമാണ്. മൂന്നു വർഷം മുൻപ് നവനീത് ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ പാടി അതിലെ രാഗതാളലയങ്ങളുടെ സൂക്ഷ്മ വിശകലനം ചെയ്ത അവന്റെ വിഡിയോകൾ വൈറൽ ആയിരുന്നു. അത്തരമൊരു സംഗീത വിവരണം ആരെങ്കിലും നടത്തിക്കാണുന്നത് ആദ്യമായിട്ടാണെന്ന് ഒരുപാടുപേർ പറഞ്ഞുഒരു പാട്ട് പാടിത്തുടങ്ങിയിട്ട് അതിന്റെ മ്യൂസിക്കൽ നോട്ട് മുഴുവൻ പറഞ്ഞു കേൾപ്പിക്കും. അതിന്റെ ബിജിഎം, ആ പാട്ടിന്റെ പ്രത്യേകതകൾ, അതേ തരത്തിലുള്ള മറ്റ് പാട്ടുകൾ ഇങ്ങനെ വളരെ വിശദമായ വിവരണമാണ് നടത്തുന്നത്. അത്തരത്തിലുള്ള സംഗീത കച്ചേരികൾ അമേരിക്കയിൽ എല്ലാവർക്കും വളരെ ഇഷ്ടമാണ്. ഇതെല്ലം അവനു തോന്നുന്ന കാര്യങ്ങളാണ് ആരും പറഞ്ഞു കൊടുക്കുന്നതല്ല.      

 

കുടുംബം 

 

ഞാൻ ഒരു എൻജിനീയർ ആണ്. നവനീതിന്റെ അമ്മ ഡോ. പ്രിയ ശിശുരോഗ വിദഗ്ധയാണ്. കണ്ണൂർ ആണ് സ്വദേശം. ഞങ്ങൾ പാട്ട് കേൾക്കുമെങ്കിലും പാടില്ല.  നവനീതിന് എങ്ങനെയാണ് ജന്മനാ സംഗീതത്തിൽ അഭിരുചി വന്നതെന്ന് അറിയില്ല. നവനീതിന് ഒരു അനുജൻ ഉണ്ട്. പത്ത് വയസ്സുകാരൻ അനിരുദ്ധ്. എഅവനും പാട്ടിൽ താല്പര്യമുണ്ട്. കൂടുതലും വെസ്റ്റേൺ മ്യൂസിക് ആണ് ഇഷ്ടം. കുട്ടികൾ രണ്ടും അമേരിക്കയിലാണ് ജനിച്ചു വളർന്നത്. പക്ഷേ നവനീത് നന്നായി മലയാളം സംസാരിക്കും. അമേരിക്കയിലാണ് ജനിച്ചു വളർന്നതെങ്കിലും അവന് ഇന്ത്യൻ സംഗീതത്തിൽ വലിയ താല്പര്യമാണ്. കുട്ടിക്കാലം മുതൽ മിക്ക ഇന്ത്യൻ ഭാഷകളിലെയും പാട്ടുകൾ പാടാറുണ്ട്. മലയാളത്തിലെ പഴയ പാട്ടുകളാണ് ഏറെ പ്രിയം. സംഗീതത്തിൽ അവന് എത്താൻ കഴിയുന്ന ഉയരങ്ങളിൽ എത്തണം എന്നാണു ഞങ്ങളുടെ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com