ADVERTISEMENT

മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സംഗീതം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കയ്യടക്കിയ സംഗീതജ്ഞനാണ് മിഥുൻ മുകുന്ദൻ. വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന ‘പൂവനു’ വേണ്ടി പാട്ടുകളൊരുക്കുന്നതും മിഥുൻ ആണ്. ചിത്രത്തിലെ ഗാനങ്ങൾ‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഇതാദ്യമായാണ് മലയാളത്തിലുള്ള ഗാനങ്ങള്‍ക്കു മിഥുൻ ഈണമൊരുക്കുന്നത്. പൂവന്റെ പാട്ടുവിശേഷങ്ങൾ മിഥുൻ മുകുന്ദൻ മനോരമ ഓൺലൈനിലൂടെ പങ്കുവയ്ക്കുന്നു. 

 

'റോഷാക്കി'നുശേഷം സംഗീതസംവിധാനം ചെയ്യുന്ന ചിത്രമാണല്ലോ 'പൂവൻ'?

 

അതെ, മലയാളഭാഷയിലെ പാട്ടുകൾക്കു ഞാൻ ആദ്യമായി സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പൂവൻ'. റോഷാക്കിൽ ഇംഗ്ലിഷ് പാട്ടുകൾ ആയിരുന്നു ചെയ്തത്. അത് വളരെ സന്തോഷവും സുഖവുമുള്ള അനുഭവം സമ്മാനിച്ചു. എന്റെ കരിയറിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിപ്രായങ്ങൾ കിട്ടിയിട്ടുള്ളത് ഡാർക്ക് ആയിട്ടുള്ള ചിത്രങ്ങളിൽ ആയിരുന്നു. എന്റെ ആദ്യചിത്രമായ 'ഒണ്ടു മൊട്ടെയ കഥേ'യിലെ പോലെയുള്ള പാട്ടുകളുള്ള ചിത്രമാണ് 'പൂവൻ'.

 

'പൂവനി'ലെ 'ചന്തക്കാരിയെ' പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞല്ലോ?

 

സിനിമയിൽ സംഗീതസംവിധായകൻ ആകുന്നതിനു മുൻപേ എനിക്ക് ഒരു സ്റ്റുഡിയോ എക്സ്പീരിയൻസ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം എല്ലാം പുതിയ പരീക്ഷണങ്ങളായിരുന്നു. തുടക്കത്തിൽ അതിന്റെ പോരായ്മകളെല്ലാം ഉണ്ടായിരുന്നു. 'ചന്തക്കാരി'യിൽ ടേബിളിൽ തട്ടി വായിക്കുന്ന പോലെ ഒരു ഫീൽ കിട്ടണമെന്നു പ്രതീക്ഷിച്ചു ചെയ്തത് അതിന് ഉദാഹരണമാണ്. ലജൻഡ്സ് ആയിട്ടുള്ള ഒരുപാട് പേർ അത്തരം ഗാനങ്ങൾ മുൻപ് ചെയ്തിട്ടുണ്ട്. അതിൽനിന്നും വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിച്ചു. വളരെ അനുഭവസമ്പത്തുള്ള ഒരാൾക്ക് ഇത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുമായിരിക്കും. പക്ഷേ ഞാൻ എന്റെ സിസ്റ്റത്തിൽ പരീക്ഷിച്ചു റെഡിയാക്കി എടുത്തതാണ് പലതും. അവ ഞാൻ ഉദ്ദേശിച്ചതു പോലെ തന്നെ ആയിരിക്കില്ല എനിക്കു കിട്ടാറുള്ളത്. പക്ഷേ അവയിൽ ഒരു പുതുമ തോന്നാറുണ്ട്. അതോടൊപ്പം ആ പാട്ടിൽ വിനീതേട്ടന്റെ ശബ്ദത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രാധാന്യം കൊടുത്തതും ഒരു പരീക്ഷണമായിരുന്നു.

 

വിനീത് ശ്രീനിവാസനൊപ്പം?

 

വളരെ കഴിവും ഭാഗ്യവുമൊക്കെയുള്ള ആളാണ് വിനീത് ശ്രീനിവാസൻ സർ എന്നു തോന്നിയിട്ടുണ്ട്. അദ്ദേഹം തൊടുന്നതെല്ലാം പൊന്നാണ്. അദ്ദേഹത്തിന്റെ കഴിവും അർപ്പണ ബോധവുമൊക്കെ തന്നെയാണ് ആ ഗോൾഡൻ ടച്ചിനു കാരണവും. അദ്ദേഹം പാടിയതും സംവിധാനം ചെയ്തതുമൊക്കെ ഹിറ്റാണ്. 'റോഷാക്ക്' റിലീസ് ചെയ്തു രണ്ടു ദിവസത്തിനുശേഷമാണ് ഈ റെക്കോർഡിങ് നടക്കുന്നത്. 'റോഷാക്കി'ന്റെ സംഗീതസംവിധായകൻ മിഥുൻ മുകുന്ദൻ തന്നെയാണോ ഇപ്പോൾ റെക്കോർഡിങ്ങിനു വരുന്നത് എന്ന് അദ്ദേഹം ഇടയ്ക്ക് മെസ്സേജ് അയച്ചു ചോദിച്ചു. പിന്നീട്‌ ഞാൻ അവിടെ എത്തിയപ്പോൾ അദ്ദേഹം 'റോഷാക്ക് 'എന്ന ചിത്രത്തിന്റെ സംഗീതത്തെ അഭിനന്ദിച്ചു സംസാരിച്ചു. അതിനുശേഷമാണ് ഞങ്ങളുടെ റെക്കോർഡിങ് തുടങ്ങിയത്. വളരെ നല്ല ഒരു അനുഭവം ആയിരുന്നു അത്. ഇത്രയും സക്സസ്ഫുൾ ആയ ഒരു മനുഷ്യൻ അത്രയും എളിമയോടു കൂടി പെരുമാറുന്നതും തിരുത്തൽ പറഞ്ഞു കൊടുത്താൽ അത് ശ്രദ്ധിച്ചു കേട്ട് കൃത്യമായി ചെയ്യുന്നതും സൗഹൃദപരമായി ഇടപെടുന്നതുമൊക്കെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം തന്നെയാണ്. കലാകാരൻ എന്ന നിലയിൽ വളരെ എളിമയുള്ള, പോസിറ്റീവ് ആയ ഒരാൾ. അദ്ദേഹം ആ മാജിക് വോയിസിൽ അത് പാടിയാൽ പാട്ട് ഹിറ്റാവും എന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു. അതിപ്പോൾ സത്യവുമായി. ഒരുപാട് സന്തോഷം.

 

'ശ്ലീഹായെ' തുടങ്ങുന്നത് ഒരു സ്ലീപ് മ്യൂസിക്കിൽ നിന്നാണ്, പെട്ടെന്ന് ഉണർത്തുകയും ചെയ്യുന്നു. കഥാ സന്ദർഭത്തിന് തികച്ചും അനുയോജ്യമായതു പോലെ തോന്നിയല്ലോ?

 

ഉറക്കത്തിലേക്ക് പോകുന്നതു പോലെ തുടങ്ങുന്ന ആ പാട്ട് പെട്ടെന്ന് 'അവതരിച്ചേ' പോലെ ഒരു മൂഡിലേക്കു പെട്ടെന്ന് മാറുകയാണ്. അന്തരീക്ഷം ആകെ ലൗഡ് ആയി മാറുന്നു. ഒരു സർപ്രൈസ് ഉണ്ടാവുക, ഞെട്ടി ഉണർത്തുന്ന ഒരു ഫീൽ ഉണ്ടാവുക എന്നതായിരുന്നു ആദ്യം ഉണ്ടായ ഒരു ഐഡിയ. ഒരു പാട്ടായിട്ട് നിങ്ങൾക്ക് അതിനെ ആസ്വദിക്കാനും സാധിക്കും. അതോടൊപ്പം തന്നെ സിനിമ കാണുന്നവർക്ക് കഥാസന്ദർഭമായി അതിനെ യോജിപ്പിച്ചു ചിന്തിക്കാനും പറ്റും എന്ന തരത്തിലുള്ള ഒന്നാണത്. സിനിമയോടു കൂടി കാണുമ്പോൾ ഹരി എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ ആ പാട്ടിൽ പ്രതിഫലിപ്പിക്കണം എന്നൊരു ചിന്തയുമുണ്ടായിരുന്നു. അയാൾ ഒന്നുറങ്ങാൻ തുടങ്ങുമ്പോൾ പൂവൻ വിളിച്ചുണർത്തുന്നതു പാട്ടും സ്ലോപെയ്‌സിൽ തുടങ്ങി പെട്ടെന്ന് ഉണർത്തുന്നു. അതാണ് ഞങ്ങൾ ഉദ്ദേശിച്ചത്. അതിപ്പോൾ പ്രേക്ഷകർക്കിടയിൽ വർക്കായി എന്നു കേൾക്കുമ്പോൾ സന്തോഷമുണ്ട്. 

 

സുഹൈൽ കോയയുടെ വരികൾ?

 

കുറേയധികം ഹിറ്റ് പാട്ടുകൾക്കു വരികൾ എഴുതിയിട്ടുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം ജോലി ചെയ്തതു വളരെ മികച്ച അനുഭവമായിരുന്നു. സുഹൈലിന്റെ മാജിക്കൽ പവർ നേരിട്ട് അറിഞ്ഞ ആളാണ് ഞാൻ. സുഹൈൽ ഈണവും സന്ദർഭവും കേൾക്കും. അതിൽ നിന്നും ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന വരികൾ അദ്ദേഹത്തിന്റെ മാജിക് ടച്ച് കൊണ്ട് ഒരുക്കും. ഓരോ തവണയും ഓരോ ട്യൂൺ അയച്ചു കൊടുക്കുമ്പോഴും അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞാൽ എനിക്കും സന്തോഷമാണ്. മാർഗ്ഗംകളിയുടെ ഒരു ഫീലിലാണ് അദ്ദേഹം ‘ശ്ലീഹായെ’ വരികൾ എഴുതിയത്. ഞാനതിനെപ്പറ്റി ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. ഞാൻ കമ്പോസ് ചെയ്ത ട്യൂണിനോട് നൂറുശതമാനം നീതിപുലർത്തുന്ന വരികളാണ് അദ്ദേഹം എഴുതിത്തന്നത്. അദ്ദേഹത്തോടൊപ്പം ഇനിയും വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഒപ്പം വളരെ നല്ലൊരു സൗഹൃദവും ഞങ്ങൾക്കിടയിൽ ഉണ്ടായി. 

 

വിനീത് വാസുദേവനൊപ്പം?

 

പാട്ടിനോടു വളരെയധികം താല്പര്യമുള്ള ആളാണ് വിനീത്. അദ്ദേഹം നന്നായി പാടുകയും ചെയ്യും. അതുകൊണ്ടുതന്നെ സംഗീതസംവിധായകൻ എന്ന നിലയിൽ പരീക്ഷിക്കാനുള്ള അവസരങ്ങൾ കൂടുതലായി പൂവനിൽ കിട്ടിയിരുന്നു. പാട്ടുകൾ എന്റെ ശൈലിയിൽ തന്നെ എനിക്കു ചെയ്യാനുള്ള സ്വാതന്ത്ര്യവും അദ്ദേഹം തന്നു. അത് വളരെ നല്ല അനുഭവമായിരുന്നു.

 

പൂവനിലെ നാല് പാട്ടുകൾക്കു ട്രാക്ക് പാടുകയും ചെയ്തല്ലോ?

 

അതെ, 'ശ്ലീഹായേയും','കടലു തീണ്ടും' എന്നതും ഞാൻ ആണ് പാടിയത്. ബെന്നി സിനി ലവ് ട്രാക്കും, അതുപോലെ പൂവന്റെ ഒരു ട്രാക്കും പാടി. അതിൽ 'കടൽ തീണ്ടും' എന്നത് ഒരു ഗസൽ ടൈപ്പ് പാട്ട് ആണ്. സംഗീതസംവിധായകന്‍ എന്ന നിലയിൽ ഒരുപാട് സന്തോഷം തന്ന ഒന്നാണത്. അത് പൂവനിൽ അല്ലായിരുന്നുവെങ്കിൽ ഗസൽ മോഡ് കുറച്ചുകൂടി വരുന്ന ഒരു പാട്ടായി അതിനെ ഞാൻ മാറ്റുമായിരുന്നു. തബലയൊക്കെ വച്ച് ലളിതമായി പാടാൻ പറ്റുന്ന ഒരു പാട്ട്. ആ കമ്പോസിഷൻ ആദ്യം ചെയ്തിട്ട് പിന്നീടതിനെ പൂവനു വേണ്ടി മാറ്റിയെടുക്കുകയായിരുന്നു. വളരെയധികം സാധ്യതകൾ ഉള്ള ഒരു പാട്ടാണത്. ഒരുപക്ഷേ ആ പാട്ട് എല്ലാവരുടെയും കപ്പ് ഓഫ് ടീ ആകണമെന്നില്ല. 

 

പ്രേക്ഷക പ്രതികരണം?

 

പാട്ടുകളെക്കുറിച്ചു വളരെ നല്ല അഭിപ്രായമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിരമായി പാട്ടുകൾ വിലയിരുത്തി അഭിപ്രായം പറയുന്ന ഒരു ഒരു കൂട്ടം ആളുകൾ ഉണ്ട്. അതോടൊപ്പം തന്നെ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഒക്കെ പുതിയ ആളുകൾ അഭിപ്രായങ്ങൾ പറയുന്നുണ്ട്. അതിൽ ഒരുപാട് സന്തോഷം. 'ചന്തക്കാരി'ക്ക് ഒരുപാട് അഭിപ്രായങ്ങൾ വന്നു. അത് ആദ്യം റിലീസ് ചെയ്തതു കൊണ്ടാവും. സിനിമ ഇറങ്ങിയതിനു ശേഷം 'ശ്ലീഹായെ' എന്ന പാട്ടും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ മെസ്സേജുകൾ വരുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം എന്റെ അമ്മ ‘ശ്ലീഹായെ’ പാട്ട് കേട്ടു. അമ്മയ്ക്കതു വളരെയധികം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. സത്യത്തിൽ എനിക്കതു വലിയ സർപ്രൈസ് ആയി തോന്നി. കാരണം 'കടല് വീണ്ടും' എന്നതോ 'ചന്തക്കാരിയോ' ആകും അമ്മയ്ക്ക് പ്രിയപ്പെട്ടത് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. കാരണം ചെറുപ്പക്കാരുടെ ഫീലിൽ വരുന്ന, അല്ലെങ്കിൽ അവർക്ക് ഇഷ്ടപ്പെടുമെന്നു കരുതി തയ്യാറാക്കിയ ഒരു പാട്ടായിരുന്നു ശ്ലീഹായെ. പൊതുവെ അമ്മയ്ക്ക് ഇഷ്ടമില്ലാത്ത പാട്ട് ആണെങ്കിൽ ഇഷ്ടമില്ല എന്നു തന്നെ പറയാറുണ്ട്. അങ്ങനെ ഒരാൾ ആയതുകൊണ്ട് തന്നെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി.

 

പൂവന്റെ ഓഡിയോ ആൽബം റിലീസ് ആയിട്ടുണ്ടല്ലോ. പ്രേക്ഷകരോട്?

 

കമ്പോസ് ചെയ്യുന്ന എല്ലാ പാട്ടുകളും ഹിറ്റ് ആകണമെന്ന് ആഗ്രഹമില്ല. പക്ഷേ അത് ആളുകളിലേക്ക് എത്താതെയും അവർ അറിയാതെയും പോകുന്നത് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വളരെയധികം സങ്കടമുള്ള കാര്യമാണ്. അവ ആളുകളിലേക്ക് എത്തി, അവർ സ്വീകരിക്കാതെ പോയാൽ അതിൽ ഒട്ടും വിഷമമില്ല. കാരണം അത് അവരുടെ അഭിപ്രായമായി ഞാൻ മാനിക്കുന്നു. അതിൽ നിന്നും തെറ്റുകൾ ഉൾക്കൊള്ളാനും ശ്രമിക്കും. പാട്ട് ഇഷ്ടമായാൽ ഇഷ്ടമായി എന്ന് പറയുന്നതും ഇഷ്ടമായില്ലെങ്കിൽ ഇല്ല എന്നു പറയുന്നതും എനിക്ക് ഒരേപോലെ സ്വീകാര്യമാണ്. പിന്നെ സമൂഹമാധ്യമങ്ങളിലൂടെ വരുന്ന മെസ്സേജുകൾ കാണാറുണ്ട്. പലതിനും മറുപടി കൊടുക്കാൻ പറ്റാറില്ല. ആ പ്രതികരണങ്ങളും ഒരുപാട് സന്തോഷം തരുന്നുണ്ട്.

 

പുതിയ ചിത്രങ്ങൾ?

 

'രുധിരം' എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ നടക്കുന്നു. അതിൽ രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും ആണ് അഭിനയിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണത്. അതിനൊരു ഫ്രഷ് ആയിട്ടുള്ള ട്രീറ്റ്മെന്റ് ആണ് അവർ കൊടുക്കുന്നത്. അതിനോടൊപ്പം തന്നെ മലയാളത്തിൽ രണ്ടു ചിത്രങ്ങൾ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഒപ്പം തെലുങ്കിലും കന്നടയിലും സജീവമാണ്.

 

English Summary: Interview with Poovan music director Midhun Mukundan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com