ADVERTISEMENT

അമിത് ചക്കാലയ്ക്കൽ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്ത ‘സന്തോഷ’ത്തിലെ ഗാനങ്ങളെല്ലാം തന്നെ ആസ്വാദകമനം കവരുകയാണ്. ‘പൂം പൈതലേ’ എന്നു തുടങ്ങുന്ന കെ.എസ്.ചിത്ര പാടിയ ഗാനം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അതിരൻ എന്ന സിനിമയിലെ "പവിഴമഴയേ" എന്ന ഒറ്റപ്പാട്ടിലൂടെ ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച പി.എസ്.ജയഹരി ആണ് സന്തോഷത്തിലെ പാട്ടുകൾക്ക് ഈണമൊരുക്കിയത്. ചെറുപ്പം മുതൽ ആരാധിച്ചിരുന്ന കെ.എസ്.ചിത്ര എന്ന ഗായികയെക്കൊണ്ട് പാടിക്കാൻ കഴിഞ്ഞത് കരിയറിലെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു എന്ന് ജയഹരി പറയുന്നു. സന്തോഷത്തിലെ ഗാനങ്ങളുടെ വിശേഷങ്ങളുമായി ജയഹരി മനോരമ ഓൺലൈനിനൊപ്പം.    

 

സന്തോഷത്തിലേക്ക് 

 

എന്റെ സുഹൃത്ത് ജോബ് ആണ് സന്തോഷത്തിനു വേണ്ടി പാട്ടോരുക്കാൻ എന്നെ ക്ഷണിച്ചത്. ജോബ് പറഞ്ഞിട്ട് ഞാൻ ചിത്രത്തിന്റെ സംവിധായകൻ അജിത്തിനെ പോയി കണ്ടു. അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് ഈ സിനിമ നിർമിച്ചത്. സന്തോഷത്തിന്റെ തിരക്കഥാകൃത്ത് അർജുൻ എന്റെ സുഹൃത്താണ്.  അർജുൻ എന്നോട് കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി.  ആദ്യത്തെ പാട്ടിന് ഈണമിട്ട് കൊടുത്തപ്പോൾ അവർക്ക് ഇഷ്ടമായി. അങ്ങനെയാണ് സന്തോഷത്തിലേക്ക് എത്തുന്നത്. ചിത്രത്തിൽ നാല് പാട്ടുകളും രണ്ടു ചെറിയ പാട്ടുകളുമാണ് ഉള്ളത്. അതിൽ ഒന്ന് കർണാട്ടിക് ഫ്യൂഷൻ ആണ്. ചിത്ര ചേച്ചി, ഹരിശങ്കർ, നിത്യ മാമ്മൻ, മീനാക്ഷി എന്നിവര്‍ ഗാനങ്ങൾ ആലപിച്ചു. ഞാനും ഒരു പാട്ട് പാടിയിട്ടുണ്ട്.   

 

പശ്ചാത്തല സംഗീതവും പാട്ടുകളും

 

ഈ സിനിമയിൽ പ്രണയമുണ്ട്, സ്നേഹവും ആത്മബന്ധവും വേർപാടുമൊക്കെയുണ്ട്. ഒരുപാട് സന്തോഷവും ഇത്തിരി നോവുമൊക്കെയുള്ള ഒരു പാട്ടാണ് സിനിമയുടെ ജീവൻ. ചിത്രത്തിലെ പാട്ടുകളിൽ ഏറെ വെല്ലുവിളി നിറച്ചതാണ് ആ ഗാനം. ഒരു ചെറിയ നോവുണ്ട്. പക്ഷേ അതൊരു ശോകഗാനം ആകാൻ പാടില്ല. രണ്ട് പ്രണയഗാനങ്ങളുണ്ട്. അജിത് പറഞ്ഞത് പാട്ടും പശ്ചാത്തല സംഗീതവും ജയഹരി തന്നെ ചെയ്യണം എന്നാണ്. കാരണം പശ്ചാത്തല സംഗീതം പാട്ടുകളിൽ നിന്ന് വേറിട്ടു നിൽ‌ക്കാൻ പാടില്ല. ബാക്ക്ഗ്രൗണ്ട് സ്കോറിനും കൂടി ഉപയോഗിക്കാൻ പറ്റുന്ന പാട്ടുകൾ ആയിരുന്നു വേണ്ടത്. പാട്ടുകൾ തന്നെ സ്കോറിന്റെ ഭാഗമാണെന്നു തോന്നുന്ന രീതിയിലാണ് ഈ സിനിമയ്ക്ക് വേണ്ടി ഈണങ്ങൾ ചിട്ടപ്പെടുത്തിയത്.

 

 

ഫാൻ ബോയ് മൊമന്റ്

 

 

ചിത്രചേച്ചിയെക്കൊണ്ട് എന്റെ പാട്ടുകൾ പാടിച്ച അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചെന്നൈയിൽ ചിത്രചേച്ചിയുടെ സ്റ്റുഡിയോയിൽ ആണ് റെക്കോർഡ് ചെയ്തത്. ചേച്ചിയെ കാണുകയും സംസാരിക്കുകയും പാടുന്നത് നേരിട്ട് കാണുകയും ചെയ്യാമല്ലോ എന്നോർത്ത് വലിയ എക്സൈറ്റഡ് ആയിരുന്നു. സിനിമ കാണുമ്പോൾ മനസ്സിലാകും ചേച്ചി പാടിയ പാട്ടാണ് ഈ സിനിമയുടെ ജീവനെന്ന്. ആ പാട്ടിനെ ഒഴിവാക്കിക്കൊണ്ട് സിനിമയിലേക്ക് കടക്കാൻ പറ്റില്ല. ടൈറ്റിൽ സോങ് കൂടിയാണത്. ചേച്ചിയുടെ സ്റ്റുഡിയോയിൽ ഞങ്ങൾ ചെന്നപ്പോൾ ചേച്ചി ഡയറി തുറന്നു വച്ചിട്ട് ചിത്രത്തിന്റെയും എന്റെയും വിനായകിന്റെയും പേരുകൾ ഡയറിയിൽ എഴുതി വച്ചു. രാജാ സാർ (ഇളയ രാജ) മുതൽ എത്രയോ മഹാരഥന്മാരുടെ പേരുകൾ എഴുതിയ ഡയറിയാണത്. അതിൽ എന്റെ പേരും എഴുതപ്പെട്ടു എന്നത് ഒരു ബഹുമതിയായിട്ടാണ് ഞാൻ കാണുന്നത്. സിറ്റുവേഷൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു കൊടുത്തു. ഒരൽപം നോവുള്ള ഒരു പാട്ടാണ്, ഞാൻ ഒന്നും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. പാടിയിട്ട് എന്നോട് ഓക്കേ ആണോ എന്ന് ചോദിച്ചപ്പോൾ കണ്ണ് നിറഞ്ഞ് മിണ്ടാൻ പോലും പറ്റാതെ ഞാൻ നിൽക്കുകയായിരുന്നു. ശരിക്കും ഒരു ഫാൻ ബോയ് മൊമന്റ്! ഇടയ്ക്ക് ഇടവേളയിൽ പഴയ അനുഭവങ്ങളും റെക്കോർഡിങ് രീതികളുമൊക്കെ ചേച്ചിയോടു ചോദിച്ചു. ഒരു മടിയും കൂടാതെ ചേച്ചി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. പിന്നെ സ്കോറിന് വേണ്ടി ചില ഹമ്മിങ്ങുകൾ ഒക്കെ ചേച്ചിയെക്കൊണ്ട് പാടിച്ചു. അതൊക്കെ ചേച്ചിയെക്കൊണ്ട് പാടിക്കുമ്പോൾ അത് വേറൊരു ഫീൽ ആണ്. ഞങ്ങൾ എല്ലാവരും ചേച്ചിയുടെ അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്. വല്ലാത്ത ഒരു അനുഭവമായിരുന്നു അത്. 

 

 

പ്രതികരണങ്ങളിൽ സന്തോഷം

 

 

പാട്ടിനെക്കുറിച്ചും സിനിമയെക്കുറിച്ചും നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. എല്ലാ ക്രെഡിറ്റും സംവിധായകൻ അജിത് ചേട്ടനുള്ളതാണ്. എന്നെ വിശ്വസിച്ച് ഏൽപിച്ചു തന്ന വർക്ക് പരമാവധി നന്നായി ചെയ്യാനുള്ള സമയവും സാഹചര്യവും അദ്ദേഹം തന്നിരുന്നു. എന്തായി എന്ന് ചോദിച്ചു ടെൻഷൻ അടിപ്പിച്ചില്ല. നീ പാട്ട് ചെയ്തു താ, ഞാൻ കേട്ടിട്ട് പറയാം എന്നാണ് പറഞ്ഞത്. ‍അദ്ദേഹവുമായി ഒരു ഗിവ് ആൻഡ് ടേക്ക് റിലേഷൻ ആയിരുന്നു. ജോലിക്കിടെ ഒരിക്കൽപോലും അദ്ദേഹം ഇടപെടുകയോ സമ്മർദം ചെലുത്തുകയോ ചെയ്തിട്ടില്ല. ചെയ്ത വർക്കിനു മികച്ച പ്രതികരണങ്ങൾ കിട്ടുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. 

 

 

പുതിയ പ്രോജക്ടുകൾ 

 

 

സോമന്റെ കൃതാവ് ആണ് അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ഹാപ്പിലി മാരീഡ് എന്ന ഒരു കന്നഡ ചിത്രവും റിലീസിന് തയ്യാറെടുക്കുന്നു. ഇമ്പം, സ്ഥാനാർഥി ശ്രീക്കുട്ടൻ തുടങ്ങിയ ചിത്രങ്ങളുടെ പാട്ടുകളുടെ പണിപ്പുരയിലാണിപ്പോൾ.

 

English Summary: Interview with music director P S Jayhari on Santhosham movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com