ADVERTISEMENT

വർഷങ്ങൾക്കു മുൻപേ മലയാളികളുടെ ചിരികൾക്കും ചിന്തകൾക്കും പ്രണയത്തിനും സന്തോഷത്തിനും ദുഃഖത്തിനുമെല്ലാമൊപ്പം സഞ്ചരിച്ചു തുടങ്ങിയതാണ് വിദ്യാസാഗർ ഈണങ്ങൾ. അന്നുതൊട്ടിന്നോളം അവയിലൊന്നെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിനം കടന്നു പോവുക പ്രയാസം. തൊണ്ണൂറുകളിലാണ് മലയാള സിനിമയിൽ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണകാലം തുടങ്ങിയത്. സ്വന്തം ചിത്രത്തിൽ വിദ്യാസാഗർ ഈണമൊരുക്കണമെന്നു നിർബന്ധം പിടിച്ച സംവിധായകർ നിരവധി. ഒരു അന്യഭാഷാ സംഗീതജ്ഞന് മലയാളത്തിൽ ഇത്രയേറെ ഹിറ്റുകൾ സൃഷ്ടിക്കാനായതെങ്ങനെയെന്നത് മലയാളികളെ ഇന്നും അതിശയിപ്പിക്കുന്ന കാര്യമാണ്. അത്രമേൽ ആർദ്രമായാണ് ആ ഈണപ്പെരുമഴ ഹൃദയങ്ങളിൽ പെയ്തുകൊണ്ടിരിക്കുന്നത്. ജീവിതത്തിൽ 60ലും സംഗീതജീവിതത്തിൽ 48ലും എത്തിനിൽക്കുന്ന വിദ്യാസാഗർ ഇപ്പോഴും ശ്രോതാക്കൾക്കായി പുത്തൻ സംഗീതമൊരുക്കുന്ന തിരക്കിലാണ്. ഇനിയുമേറെ ഈണങ്ങൾ പകർന്നു തരാനും പ്രോക്ഷകഹൃദയങ്ങളെ രസിപ്പിക്കാനുമുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം ‌പറയുന്നു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ നിന്ന്: 

 

 

ഹൃദയം കൊണ്ട് ഞാൻ ‘ചെറുപ്പക്കാരൻ’

 

11ാം വസ്സിൽ സംഗീതലോകത്ത് എത്തിയതാണു ഞാൻ. ഒരു കമ്പോസർ ആകണമെന്നു തന്നെയായിരുന്നു ആദ്യം മുതലുള്ള ആഗ്രഹം. പടിപടിയായാണ് ആഗ്രഹിച്ച മേഖലയിൽ എത്തിച്ചേർന്നത്. എന്റെ ഭാഗത്തു നിന്നും നൂറ് ശതമാനം പരിശ്രമിച്ചിട്ടുണ്ട്. ബാക്കി എല്ലാം ദൈവാനുഗ്രഹമാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സംഗീതജ്ഞനാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. 47 വർഷത്തിലധികം സംഗീതലോകത്തു നിൽക്കാൻ കഴിഞ്ഞു. ദൈവം എന്നോടു വലിയ കരുണ കാണിച്ചുവെന്നാണു ഞാൻ വിശ്വസിക്കുന്നത്. ദൈവാനുഗ്രഹം ഇല്ലെങ്കില്‍ ഇവിടെ വരെയൊന്നും എത്താൻ കഴിയുമായിരുന്നില്ല. ഞാൻ ഏതു വർക്ക് ചെയ്താലും അതെന്റെ ആദ്യത്തെ വർക്ക് പോലെയാണ് ചെയ്യുക. ഉത്സാഹം എപ്പോഴും കൂടി കൂടി വരുന്നു. എന്റെ ഹൃദയം ഇപ്പോഴും ചെറുപ്പമാണ്. ഓരോ പിറന്നാൾ വരുമ്പോഴും ഒരു വർഷം കടന്നുപോകുന്നുവെന്നല്ലാതെ പ്രായം കൂടുന്നതായി തോന്നിയിട്ടില്ല. പ്രായം വെറും നമ്പർ അല്ലേ! അതുകൊണ്ടു തന്നെ എന്റെ ആശയങ്ങൾക്കും സംഗീതത്തിനും എന്നും യുവത്വമാണ്. ശ്രോതാക്കൾക്ക് ഇനിയും ഒരുപാട് കൊടുക്കാൻ ഉണ്ടെന്നാണു ഞാൻ വിശ്വസിക്കുന്നത്. ശ്രോതാക്കളെ വീണ്ടും രസിപ്പിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു.

 

 

മലയാളികളോടു കടപ്പാട്

 

എനിക്ക് മലയാളികളോട് എന്നും പ്രിയമാണ്. എന്റെ സംഗീതവഴികളിൽ ഏറ്റവും കൂടുതൽ ആത്മവിശ്വാസം പകർന്നുതന്നവരാണവർ. ആദ്യത്തെ സിനിമ ചെയ്യുമ്പോൾ അത് മലയാളികൾക്ക് ഇഷ്ടപ്പെടുമോ എന്ന സംശയമുണ്ടായിരുന്നു. പക്ഷേ അവർ പറഞ്ഞു ഇതാണ് പുതുമ, ഇതാണ് ഞങ്ങൾക്കു വേണ്ടതെന്ന്. അങ്ങനെ എന്നെ മലയാളികൾ ഏറ്റെടുത്തു, അങ്ങേയറ്റം സ്നേഹിച്ചു. മലയാളത്തിലെ എന്റെ ആരാധകരോട് ഞാൻ എന്നെന്നും കടപ്പെട്ടിരിക്കുന്നു. എല്ലാ പിറന്നാളിനും കേരളത്തിൽ നിന്ന് ഇരുപത്തിയഞ്ചോളം പേർ വരും. എന്നോട് അവരുടെ പ്രശ്നങ്ങൾ സംസാരിക്കും, എന്നിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കും, അവർക്കിഷ്ടപ്പെട്ട പാട്ടുകളെക്കുറിച്ചു സംസാരിക്കും. സമൂഹമാധ്യമങ്ങൾ പ്രചാരത്തിൽ വന്നതിനുശേഷം ആരാധകരുമായി കൂടുതൽ അടുപ്പം സൂക്ഷിക്കാൻ കഴിയുന്നുണ്ട്.

 

 

പുതുതലമുറ വളരട്ടെ

 

കലാരംഗത്ത് എപ്പോഴും പുതുമുഖങ്ങൾ വന്നുകൊണ്ടേയിരിക്കും. ഞാൻ പുതിയ പ്രതിഭകളെ എല്ലായ്പ്പോഴും സ്വാഗതം ചെയ്യാറുണ്ട്. പക്ഷേ ഓരോരുത്തരും അവരുടേതായ അതുല്യമായ പ്രതിഭ പ്രകടമാകണം. ഇപ്പോൾ പല പാട്ടുകാരും പാടുന്നത് കേട്ടാൽ അത് ആരാണെന്ന് മനസ്സിലാകില്ല. അത് മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷയിലും അങ്ങനെ തന്നെ. പണ്ടുകാലത്ത് പാട്ടുകൾ റേഡിയോയിൽ കേൾക്കുമ്പോൾ തന്നെ അത് ആരാണെന്നു മനസ്സിലാകുമായിരുന്നു.  ഒരാൾ പാടുമ്പോൾ ശ്രോതാക്കൾക്ക് അത് ആരാണെന്നു തിരിച്ചറിയാൻ കഴിയണം. ആ നിലയിൽ ഓരോരുത്തരും തങ്ങളുടെ പ്രതിഭ വേർതിരിച്ചു കാണിക്കണം.  പ്രതിഭയുള്ള ഒരുപാടുപേരുണ്ട്. പക്ഷേ ശ്രോതാക്കൾ അവരെ തിരിച്ചറിയുന്ന വിധത്തിൽ ഓരോരുത്തരും വളരേണ്ടിയിരിക്കുന്നു. 

 

 

നിങ്ങൾ എന്നെ വളർത്തി

 

തുടക്കം മുതൽ തന്നെ മലയാള ഭാഷ എനിക്കു വെല്ലുവിളി ആയി തോന്നിയതേയില്ല. ഒരുപക്ഷേ എന്നെപ്പോലെയുള്ള ഒരാളെ മലയാളികൾ കാത്തിരിക്കുക ആയിരുന്നിരിക്കും. മലയാളികളുടെ അഭിരുചി എനിക്ക് എളുപ്പത്തിൽ മനസ്സിലാകും. എനിക്ക് ഇഷ്ടപ്പെട്ട് ഒരു ഈണം ചെയ്‌താൽ അത് മലയാളികൾക്ക് ഇഷ്ടമാകും എന്നൊരു വിശ്വാസം എനിക്കുണ്ട്, അത് എന്നും ശരിയായി വന്നിട്ടുമുണ്ട്. മലയാളത്തിൽ പാട്ടു ചെയ്യാൻ എനിക്ക് വളരെ എളുപ്പമായി തോന്നിയിട്ടുണ്ട്. മലയാളത്തിൽ പാട്ടുകൾ ചെയ്യാൻ എനിക്ക് വളരെയധികം ഇഷ്ടമാണ്. കാരണം, സംഗീതത്തോട് അത്ര മനോഹരമായ അഭിരുചിയുള്ളവരാണ് മലയാളികൾ. ആദ്യം മുതൽ എനിക്ക് കിട്ടിയ ചിത്രങ്ങളും അങ്ങനെ തന്നെയാണ്. എനിക്ക് എന്നെത്തന്നെ കൂടുതൽ അറിയാനും എന്നിൽ മറഞ്ഞിരിക്കുന്ന സംഗീതം കണ്ടെത്താനും മലയാളം സഹായിച്ചിട്ടുണ്ട്. ഒരുപാട് കഴിവുള്ള സംവിധായകരോടൊപ്പം ജോലി ചെയ്യാൻ സാധിച്ചു, മനോഹരമായ ചിത്രങ്ങൾക്കുവേണ്ടി ഈണമിടാനും സാധിച്ചു. മലയാളത്തെ ഞാൻ എന്നും സ്നേഹിക്കുന്നു.

 

 

മലയാളത്തിൽ അവസരം കുറഞ്ഞോ?

 

ഞാൻ ചെന്നൈയിൽ ആണ്. കുറഞ്ഞ ബഡ്ജറ്റിലാണ് മലയാള സിനിമകൾ ഒരുക്കുന്നതെങ്കിൽ എന്നെ ചെന്നൈയിൽ നിന്നു വരുത്തി സംഗീതം ചെയ്യിക്കാൻ സാധിക്കാതെ വരും. പിന്നെ പുതിയ ആളുകൾക്കും അവസരങ്ങൾ കിട്ടണമല്ലോ, സംഗീതജ്ഞരെ മാറി മാറി പരീക്ഷിക്കുന്നതുകൊണ്ടായിരിക്കാം മലയാളത്തിൽ എനിക്ക് അവസരങ്ങൾ കുറഞ്ഞത്. 

 

 

മലയാളം കടിച്ചാൽ പൊട്ടാത്ത ഭാഷ

 

മലയാളം ബുദ്ധിമുട്ടുള്ള ഭാഷയാണ്. ‘ന ന ന‌’, മൂന്നു ന ഒക്കെ പറയാൻ എന്ത് ബുദ്ധിമുട്ടാണ്. ഇന്നും അത് എനിക്ക് മനസ്സിലാകില്ല. ഗിരീഷ് (ഗിരീഷ് പുത്തഞ്ചേരി) ഉള്ളപ്പോൾ വാക്കുകൾ അദ്ദേഹം പറഞ്ഞുതരുമായിരുന്നു. സംസാരിക്കുമ്പോൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. തിരിച്ചു പറയാൻ ചെറിയ പ്രയാസം. പക്ഷേ പാട്ടുചെയ്യാൻ ആ പ്രശ്നം തോന്നിയിട്ടില്ല.

 

 

എന്റെ ഈണം വേണമെന്നു ശഠിച്ച സംവിധായകർ

 

 

ഞാൻ തന്നെ സംഗീതം ചെയ്യണമെന്നു നിർബന്ധം പറഞ്ഞ സംവിധായകർക്കൊപ്പമാണ് മലയാളത്തിൽ ഞാൻ ഇത്രയും ചിത്രങ്ങൾ ചെയ്തത്. സിബി മലയിൽ, കമൽ, ലാൽ ജോസ്, ജോണി ആന്റണി തുടങ്ങി സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്ന സംവിധായകർ ഒരുപാടുണ്ട്. അവർ മാത്രമല്ല, നിരവധി പേർ. വിദ്യാജി തന്നെ ചെയ്യണം എന്നു നിർബന്ധം പിടിക്കുന്നതുകൊണ്ടാണ് അവർക്കുവേണ്ടി ഞാൻ പാട്ടുകൾ ചെയ്യുന്നത്.

 

 

തുടരുന്ന മലയാളസൗഹൃദങ്ങൾ  

 

മലയാളികളെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. എല്ലാവരുടെയും പേരെടുത്ത് പറയാൻ കഴിയില്ലല്ലോ. എങ്കിലും ലാൽ ജോസ്, ജോണി ആന്റണി, ബിജു മേനോൻ, രാജീവ് നായർ, നിർമാതാവ് സുധീഷ്, സിയാദ് കോക്കർ, സിബി മലയിൽ, രഞ്ജിത്ത്, തുടങ്ങി ഒരുപാടുപേരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്.

 

 

പിറന്നാളുകൾ ആഘോഷിക്കാറുണ്ടോ? 

 

എന്റെ വീട്ടിൽ പ്രത്യേകിച്ച് പിറന്നാൾ ആഘോഷമൊന്നുമില്ല. അമ്പലത്തിൽ പോകും. കഴിഞ്ഞ ആറ് വർഷങ്ങളായി കുറച്ച് ആരാധകർ ഒരുമിച്ചുകൂടി എന്റെ പിറന്നാൾ ആഘോഷിക്കാറുണ്ട്. എല്ലാ ദിവസവും പോലെ ഒരു ദിവസം. പിറന്നാൾ എന്നു പറഞ്ഞാൽ അത്രേയുള്ളു എനിക്ക്. പക്ഷേ ആ ദിവസം മറ്റൊരാൾ ഓർത്തു വച്ച് ആശംസകൾ അറിയിക്കുമ്പോൾ ഒരു സന്തോഷം തോന്നും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com