സാന്ദ്ര തോമസ് പറഞ്ഞു, ഞങ്ങൾ പാടി; പാട്ട് മോശമെന്ന് ആരും പറഞ്ഞില്ല, സന്തോഷം: ബാബുരാജ്
Mail This Article
സൗഹൃദ സദസ്സിൽ ആടിപ്പാടി ചുവടുവയ്ക്കുന്നവരുടെ ചുണ്ടിൽ ഇപ്പോൾ ഒരേയൊരു ഗാനമാണ്. സാന്ദ്രാ തോമസ് നിർമിച്ച് മർഫി ദേവസി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിലെ ‘താനാരോ തന്നാരോ’ എന്ന ഗാനം. ഭരണിപ്പാട്ടിന്റെ ഈണത്തിൽ നടന്മാരായ ബാബുരാജ്, ജിനു ജോസഫ്, ഗണപതി, ബിനു പപ്പു റോണി ഡേവിഡ് തുടങ്ങിയവർ ആടിത്തിമിർക്കുന്ന ഗാനം പാടിയിരിക്കുന്നതും ഈ നടന്മാർ തന്നെയാണ്. ചിത്രത്തിന്റെ നിർമാതാവായ സാന്ദ്ര തോമസാണ് ഈ ഗാനം പാടാൻ തങ്ങളോട് പറഞ്ഞതെന്നു നടൻ ബാബുരാജ് പറയുന്നു. കുട്ടിക്കാലം മുതൽ മൂളുന്ന ഈണമായതുകൊണ്ട് പാടാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ലെന്നും പാട്ടിനെക്കുറിച്ച് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ബാബുരാജ് മനോരമ ഓൺലൈനിനോട് പ്രതികരിച്ചു.
സാന്ദ്ര പറഞ്ഞു, ഞങ്ങൾ പാടി
സാന്ദ്ര തോമസ് വിളിച്ചിട്ട് ചേട്ടാ നമ്മുടെ സിനിമയിൽ "താനാരോ തന്നാരോ" എന്നുതുടങ്ങുന്ന ഒരു പാട്ടുണ്ട് അത് അഭിനയിക്കുന്ന നിങ്ങളൊക്കെ തന്നെ പാടണം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ ഓരോരുത്തരും സമയം പോലെ പോയി പാടുകയായിരുന്നു. ഓരോരുത്തരും താന്താങ്ങളുടെ ഭാഗം പാടി അഭിനയിച്ചു. ഈ ട്യൂൺ എല്ലാവരുടെയും മനസ്സിലുണ്ട്. വരികൾക്കു മാത്രമേ മാറ്റമുള്ളു.
ആദ്യമായി പാടിയത് ജവാൻ ഓഫ് വെള്ളിമലയിൽ
ഞാൻ സിനിമയ്ക്കു വേണ്ടി പാടുന്നത് ഇതാദ്യമായിട്ടല്ല. മമ്മൂക്ക ചിത്രം ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിലാണ് ആദ്യമായി പാടിയത്. ബിജിബാൽ ആയിരുന്നു ആ സിനിമയുടെ സംഗീതസംവിധായകൻ. ചില ആൽബത്തിലും ഞാൻ പാടിയിട്ടുണ്ട്. ‘താനാരോ തന്നാരോ’ ഒരു പാട്ടെന്നൊന്നും പറയാൻ പറ്റില്ല. അറിയാവുന്ന ഈണം പാടി നോക്കുകയായിരുന്നു. നമ്മുടെയൊക്കെ കുട്ടിക്കാലം മുതൽ കേൾക്കുന്ന ഭരണി പാട്ടിന്റെ ഒരു പതിപ്പാണ് ഇത്. അതുകൊണ്ട് പാടാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല.
പേര് കേൾക്കുമ്പോഴുള്ള ഫീൽ അല്ല സിനിമയ്ക്ക്
‘നല്ല നിലാവുള്ള രാത്രി’ എന്നതു കേൾക്കുമ്പോൾ സിനിമയുടെ ജോണറിനെപ്പറ്റി മറ്റെന്തെങ്കിലുമായിരിക്കും മനസ്സിൽ തോന്നുക. പക്ഷേ അത്തരത്തിലുള്ള ഒരു ചിത്രമല്ല ഇത്. ഇതൊരു ആക്‌ഷൻ ത്രില്ലർ ചിത്രമാണ്. പുരുഷൻമാർ മാത്രം പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കുറച്ച് സഹപാഠികൾ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതും അവർ ഒരു യാത്ര പോകുന്നതും അതിനെത്തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. സിനിമ നല്ല രീതിയിൽ എടുത്തിട്ടുണ്ട്. സംവിധായകൻ മർഫി ഒരു പുതുമുഖമാണെങ്കിലും സിനിമ നന്നായി പഠിച്ചിട്ട് എല്ലാറ്റിനെക്കുറിച്ചും വ്യക്തമായ ധാരണയോടെയാണ് അദ്ദേഹം സിനിമ എടുത്തിരിക്കുന്നത്. ഒരു പുതിയ സംവിധായകൻ ആണെന്നു ഞങ്ങൾക്കു തോന്നിയതേയില്ല. ഹണി ബീ കഴിഞ്ഞിട്ട് യുവ താരങ്ങളോടൊപ്പം അടിച്ചുപൊളിച്ച് ഒരു സിനിമ ചെയ്യുന്നത് ഇപ്പോഴാണ്.
പ്രതികരണങ്ങളിൽ സന്തോഷം
പാട്ടിനു നല്ല പ്രതികരണങ്ങൾ ആണു കിട്ടുന്നത്. കുറെ നാളായി വിളിക്കാതിരുന്ന സുഹൃത്തുക്കളൊക്കെ വിളിച്ച് പാട്ടിനെക്കുറിച്ച് അഭിപ്രായം പറയുന്നു. പഴയ സുഹൃത്തുക്കളെ വീണ്ടും ബന്ധപ്പെടാനും ഈ പാട്ടിലൂടെ അവസരമുണ്ടായി. ഒരുപാട് ആളുകൾ ഈ പാട്ട് കണ്ട് പ്രതികരണവുമായി എത്തുന്നുണ്ട്. ഞങ്ങൾ പാടിയിട്ട് ആരും മോശം പറഞ്ഞില്ല അതിൽ സന്തോഷമുണ്ട്.