ADVERTISEMENT

മലയാളി ഗായകര്‍ എക്കാലത്തും തമിഴിന് പ്രിയപ്പെട്ടവരായിരുന്നു. ചിത്രയും സുജാതയും അടങ്ങുന്ന പാട്ടുകാരുടെ നിര ഇന്നും അവര്‍ക്കിടയില്‍ അതേ ഇഷ്ടത്തോടെ തന്നെയുണ്ട്. അവിടം കൊണ്ടു തീരുന്നില്ല തമിഴ് പാട്ടുകളിലെ മലയാളി സാന്നിധ്യം. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ച് നടന്ന ചെന്നൈയിലെ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തിയ മലയാളികള്‍ക്ക് അതുകൊണ്ടു തന്നെ അഭിമാനത്തിന്റെ രാവ് കൂടിയായിരുന്നു. ചിത്രയ്‌ക്കൊപ്പം പുതു തലമുറയിലെ മലയാളി ഗായകരും പാടിത്തിമിര്‍ത്ത വേദിയായിരുന്നു അത്. അക്കൂട്ടത്തിലൊരാളാണ് ശ്രീകാന്ത് ഹരിഹരന്‍. തമിഴിന് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ശ്രീകാന്തിന് കരിയറിന്റെ തുടക്കത്തില്‍ തന്നെ കുറേയേറെ എ.ആര്‍.റഹ്‌മാന്‍ ഗാനങ്ങള്‍ പാടാനായി. പൊന്നിയന്‍ സെല്‍വനിലെ ശിവോഹം എന്ന പാട്ടിന്റെ റെക്കോഡിങ് അനുഭവങ്ങളെ കുറിച്ച് ശ്രീകാന്ത് മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു. 

 

ഒന്നിച്ചു പാടിയ പാട്ട്

 

ഈ പാട്ട് റെക്കോഡ് ചെയ്യുമ്പോഴൊന്നും സിനിമയില്‍ ഇതൊരു ഗാനമായി വരുമെന്നു ചിന്തിച്ചിരുന്നില്ല. ഹെവി കോറസ് ഐറ്റമായി സിനിമയിലുണ്ടാകും എന്നേ കരുതിയുള്ളൂ. സിനിമയുടെ റീ റെക്കോഡിങ്ങിനു വേണ്ടിയുള്ളതാകും എന്നാണു ചിന്തിച്ചത്. റെക്കോഡിങ്ങിനെത്തുമ്പോള്‍ തന്നെ ഈ ശ്ലോകം റഫറന്‍സ് ആയി തന്നിരുന്നു. പാടേണ്ട രീതിയും പരിചിതമായിരുന്നു. സത്യ പ്രകാശ്, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെമ്പകരാജ്, ടി.എസ്.അയ്യപ്പന്‍, ഡോ.നാരായണന്‍ എന്നിവരും കൂടിയാണ് പാട്ട് പാടിയത്. മനോഹരമായ അനുഭവമായിരുന്നു. കാരണം ഓരോരുത്തരും പാടുന്നതും വാക്കുകള്‍ക്കു നല്‍കുന്ന സ്‌ട്രെസും വോയിസിനു നല്‍കുന്ന ഏറ്റക്കുറച്ചിലുകളും എല്ലാം വ്യത്യസ്തമാണ്. അത് അറിഞ്ഞുകൊണ്ടു പാടുമ്പോള്‍ നല്ല രസമാണ് റെക്കോഡിങ്. കോറസ് റെക്കോഡിങ് കൗതുകമുള്ളൊരു കാര്യമാണ്. 

 

അതെപ്പോഴും ചലഞ്ചിങ് ആണ്

 

റഹ്മാൻ സാറിനൊപ്പമുള്ള റെക്കോഡിങ് മറക്കാനാകില്ല. വെല്ലുവിളി നിറഞ്ഞതാണ് അതെന്ന് ഉറപ്പാണ്. പക്ഷേ നമ്മള്‍ ഒട്ടുമേ ടെന്‍ഷന്‍ ആകാതെ ആ വെല്ലുവിളിയിലൂടെ വളരെ വിജയകരമായി കടന്നുപോകും. റെക്കോഡിങ്ങിനെ എങ്ങനെ പ്രഫഷനലായി സമീപിക്കണം, വോയിസിലും മറ്റും ശ്രദ്ധിക്കേണ്ടതെന്തൊക്കെയാണ് അങ്ങനെ എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും ഓരോ റെക്കോഡിങ്ങിലും. പക്ഷേ ഇത്തവണ സാറിനൊപ്പം റെക്കോഡിങ്ങിന് ഇരിക്കാനായി. അതാണ് ഇത്തവണത്തെ മറക്കാനാകാത്ത അനുഭവം. പാട്ടുകളുടെ മലയാളം വേര്‍ഷന്‍ റെക്കോഡിങ് സെഷനിലും കുറേ ഇന്‍സ്ട്രുമെന്റലിസ്റ്റിനേയും റെക്കോഡ് ചെയ്യാനായി. പാട്ടുകാരനില്‍ നിന്ന് റെക്കോഡിങ് ചെയ്യുന്ന ആളിലേക്കെത്തുമ്പോള്‍ നമ്മളും കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യത്തിന്റെ മറ്റൊരു തലം അറിയുകയാണ്. ഓരോ ഗായകരും റെക്കോഡിങിനെ സമീപിക്കുന്നതിലെ വ്യത്യസ്തത, അതുപോലെ പാട്ട് റെക്കോഡ് ചെയ്യല്‍ എന്നതിലെ ക്രിയാത്മകത ഇതൊക്കെ കുറച്ചുകൂടി വ്യക്തതയോടെ അറിയാനായി. പാട്ടുകളുടെ മലയാളം വേര്‍ഷന്‍ എഴുതിയത് റഫീഖ് അഹമ്മദ് സര്‍ ആയിരുന്നു. അദ്ദേഹവുമായി സംസാരിച്ച് വരികളുടെ എഴുത്തിലും തിരുത്തിലും ഏകോപനമുണ്ടാക്കാനായി. റഹ്‌മാന്‍ സാറിനും റഫീഖ് സാറിനും ഇടയില്‍ നിന്ന് ലിറിക്കല്‍ സൂപ്പര്‍വൈസര്‍ ആകാനായത് വലിയൊരു അനുഗ്രഹമാണ്. പാട്ടെഴുത്തും അത് സംഗീതവുമായി ചേരുന്നതും അത് റെക്കോഡ് ചെയ്യുന്നതും ഒക്കെയുള്ള പ്രക്രിയ അടുത്ത് നിന്ന് അറിയാനായി ഇത്തവണ.

 

സാറിന്റെ സ്റ്റുഡിയോ

 

സാറിന്റെ പാട്ടുകള്‍ പോലെ തന്നെ മനോഹരമാണ് അദ്ദേഹത്തിന്റെ സ്റ്റുഡിയോയും അത് പറയാതിരിക്കാനാകില്ല. ഒരുപാട് റെക്കോഡിങ്ങുകള്‍ വരുന്ന സ്റ്റുഡിയോയാണ് അത്. തിരക്കേറിയ ഒരിടം. അത്രയും സമ്മര്‍ദ്ദമുണ്ടായിട്ടും ക്രിയേറ്റിവ് ആയി നില്‍ക്കാന്‍ അവര്‍ക്കാകും. റെക്കോഡിങ്ങിനെത്തുന്ന ഓരോരുത്തരോടും അത്രമാത്രം സംയമനത്തോടെ കരുതലോടെ ഇടപെടും. നമ്മളിലെ ഏറ്റവും മികച്ചത് പുറത്തെത്തിക്കാന്‍ അവര്‍ക്ക് വല്ലാത്ത കഴിവാണ്. പെരുമാറ്റവും കഴിവും ഒരുപോലെ മികച്ചതായിട്ടുള്ള മനുഷ്യരെ നമ്മള്‍ മറക്കില്ലല്ലോ. അതുപോലെയാണ് സാറിന്റെ സ്റ്റുഡിയോയിലെ ടെക്‌നീഷ്യന്‍സ്. എനിക്കെന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് അവര്‍ ഓരോരുത്തരും. ആദ്യം ഞാന്‍ അവിടെ പാടാനാണ് പോയത്. പിന്നെ ലിറിക്കല്‍ സൂപ്പര്‍വൈസറായി. അദ്യം പാടാനായി പിന്നെ സൂപ്പര്‍വൈസറായി ദാ ഇപ്പോ റെക്കോഡിങിന്റെയും ഭാഗമായി. ഇതെല്ലാം സാധ്യമാകുന്നത് സ്റ്റുഡിയോയിലുള്ളവരും സാറും നമ്മളെ അത്രമാത്രം ഗാരവത്തോടെ കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിനാലാണ്. പാടാന്‍ വേണ്ടി വന്നൊരാള്‍ എന്നതിനപ്പുറം അവിടെ വരുന്ന ഓരോരുത്തരെയും അവര്‍ അത്രമാത്രം സ്‌നേഹത്തിലും കരുതലിലുമാണ് സ്വീകരിക്കുന്നത്. 

 

 

ലൈവില്‍ വെള്ളംകുടിക്കും

 

സാറിന്റെ ലൈവും റെക്കോഡിങ്ങും വ്യത്യസ്തമാണ്. ലൈവില്‍ ശരിക്കും വെള്ളംകുടിക്കും. കുറെ ഓവര്‍ലാപ്പുകള്‍ കാണും ഓരോ പാട്ടിലും. അതൊക്കെ ലൈവില്‍ ചെയ്യുക എന്നത് എൻജിനീയർമാർക്കും പാട്ടുകാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാണ്. ശിവോഹം സിനിമയിലും ലൈവിലും പാടി. വീരാ രാജാ എന്ന പാട്ട് തമിഴില്‍ പാടിയിട്ടില്ല. മലയാളത്തിലേയുള്ളൂ. പക്ഷേ ലൈവില്‍ ആ പാട്ടും പാടി. രണ്ടും നല്ല പ്രയാസമായിരുന്നു ലൈവില്‍ ചെയ്യാന്‍. ഒറിജിനല്‍ ഗാനത്തിന്റെ അതേ ടോണല്‍ ക്വാളിറ്റിയും പവറും ലൈവില്‍ കൊണ്ടുവരിക കഠിനമായിരുന്നു. അദ്ദേഹത്തിന്റെ ഏത് പാട്ടും ലൈവില്‍ ചെയ്യാന്‍ അദ്ദേഹത്തിന്റെ ടീമിനു തന്നെ ബുദ്ധിമുട്ടാണ്. ബാക്കിയുള്ളവര്‍ക്ക് അതിനേക്കാള്‍ പ്രയാസമാണ്. കുറേ ലെയറുകള്‍ ഓരോ ഗാനത്തിനും. ലൈവ് സൗണ്ട് എൻജിനീയര്‍മാരുടെ മികവും വളരെ പ്രധാനപ്പെട്ടതാണ്. സ്റ്റുഡിയോയില്‍ എന്ന പോലെ ലൈവിലും സാറിനൊപ്പം മികച്ച എൻജിനീയര്‍മാരുണ്ട്. 

 

 

ഒരിക്കലും പ്രതീക്ഷിക്കാത്തത്

 

പാട്ട് തന്നെയാണോ എന്റെ വഴി എന്ന കണ്‍ഫ്യൂഷനിലൂടെയാണ് ആദ്യത്തെ ഗാനം റെക്കോഡ് ചെയ്യുമ്പോള്‍ പോലും എന്റെ മനസ്സില്‍. ആ കണ്‍ഫ്യൂഷനൊക്കെ മാറിയതും ഈ മേഖലയോടുള്ള എന്റെ ചിന്താഗതി മാറിയതുമൊക്കെ എ.ആര്‍.റഹ്‌മാന്‍ സാറിനെ കണ്ടതിലൂടെയാണ്. ഒരിക്കലും ചിന്തിക്കാത്ത അവസരങ്ങളാണ് സര്‍ നല്‍കിയത്. ഓരോ കൂടിക്കാഴ്ചയിലും എനിക്ക് അദ്ദേഹത്തെ കുറിച്ചുള്ള ചിന്താഗതിയും ബഹുമാനവും ഏറിയിട്ടെയുള്ളൂ. അത്രയും പോസിറ്റിവ് ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ ആദ്യം പോയപ്പോൾ ഒരിക്കലെങ്കിലും ഇവിടെ വരാന്‍ പറ്റുമോ എന്ന് ചിന്തിച്ചില്ലേ എന്നായിരുന്നു മനസ്സില്‍. ആദ്യ ഗാനം പാടിയപ്പോള്‍ ഇതൊക്കെ നടന്നെങ്കില്‍ ഒരു പാട്ടെങ്കിലും പാടാന്‍ പറ്റിയെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നില്ലേ എന്നായിരുന്നു മനസ്സില്‍. അതൊക്കെ യാഥാര്‍ഥ്യമായപ്പോള്‍ എന്താണു മനസ്സിലെന്ന് എനിക്ക് വാക്കുകള്‍ കൊണ്ടുപറയാനാകുന്നില്ല. പക്ഷേ ഒന്നുറപ്പാണ് അദ്ദേഹത്തെ കണ്ടില്ലായിരുന്നുവെങ്കില്‍ പാട്ടിനോടുള്ള ചിന്താഗതി ഇത്രയേറെ തെളിമയോടെ മനസ്സിലുണ്ടാകുമായിരുന്നില്ല.

 

 

English Summary: Interview with singer Sreekanth Hariharan on Ponniyin Selvan audio launch

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com