ADVERTISEMENT

ആദ്യമായി പാടിയ പിന്നണി ഗാനം പുറത്തിറങ്ങാൻ കാത്തിരുന്നത് മൂന്നു വർഷം. കാത്തിരിപ്പിനിടയിൽ ആ ഗായികയുടെ ജീവിതത്തിൽ സംഭവിച്ചത് ഒട്ടേറെ സർപ്രൈസുകൾ! ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കൊപ്പം തമിഴിൽ അരങ്ങേറ്റം.. ഗോപി സുന്ദറിന്റെ സംഗീതത്തിൽ തെലുങ്ക് സിനിമയിൽ സൂപ്പർഹിറ്റ് ട്രാക്ക്... മലയാള സിനിമയിൽ അതിഗംഭീര റോളിൽ മാസ് എൻട്രി! അങ്ങനെ ആദ്യ പിന്നണി ഗാനം പുറത്തിറങ്ങുന്നതിനു മുമ്പെ തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് തിരക്കേറുകയാണ് ഗായികയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹാനിയ നഫീസയ്ക്ക്. 'ഹാനിയ ഡോട്ട് ഓൺകവർ' (haniya.oncover) എന്ന ഹാൻഡിലിൽ ഹാനിയ പാടിയിട്ട കവറുകളാണ് ഈ പാട്ടുകാരിയെ പ്രശസ്തയാക്കിയത്. അടി എന്ന ചിത്രത്തിനു വേണ്ടി ഗോവിന്ദ് വസന്തയ്ക്കൊപ്പം ഹാനിയ പാടിയ ഗാനം ട്രെൻഡിങ്ങിൽ റിലീസ് ചെയ്ത് 24 മണിക്കൂറിൽ 10 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ഒന്നാമതുണ്ട്. പാട്ടിന്റെയും കരിയറിലെയും വിശേഷങ്ങളുമായി ഹാനിയ നഫീസ മനോരമ ഓൺലൈനിൽ. 

 

എല്ലാം ഇൻസ്റ്റ വഴി

 

ഞാൻ ആദ്യം പ്ലേബാക്ക് പാടുന്നത് അടി എന്ന ചിത്രത്തിനു വേണ്ടിയാണ്. 2020 ഏപ്രിലിൽ ആയിരുന്നു റെക്കോർഡിങ്. ആ സമയത്ത് ഗോവിന്ദേട്ടന്റെ (ഗോവിന്ദ് വസന്ത) കുറച്ചു പാട്ടുകൾ ഞാൻ കവർ ചെയ്തിരുന്നു. അതിൽ ചിലത് അദ്ദേഹം കേൾക്കാൻ ഇടയായി. എന്റെ സുഹൃത്തുക്കളാണ് അദ്ദേഹത്തിന് അത് അയച്ചു കൊടുത്തത്. 'നല്ലതാ' എന്ന കമന്റ് ആണ് ആദ്യം അദ്ദേഹത്തിൽ നിന്നു കിട്ടിയ മറുപടി. ഒരു സുഹൃത്തിന്റെ റെക്കോർഡിങ്ങിനു വേണ്ടി ചെന്നൈയിൽ പോയപ്പോൾ അവിടെ വച്ച് ഗോവിന്ദേട്ടനെ കണ്ടിട്ടുണ്ട്. അന്നാണ് നേരിട്ട് ആദ്യം കാണുന്നത്. പിന്നീടൊരിക്കൽ 'ഒരു പാട്ടുണ്ട്. താൽപര്യമുണ്ടോ? റഫ് ട്രാക്ക് അയച്ചു തരട്ടെ' എന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു. കൊച്ചിയിൽ ആയിരുന്നു റെക്കോർഡിങ്. അങ്ങനെയാണ് ഈ ട്രാക്ക് സംഭവിച്ചത്. 

 

ആദ്യം ഇറങ്ങിയത് 'തോന്നല്'

haniya-4

അടിയിലെ പാട്ട് റിലീസ് ആകുന്നതിനു മുമ്പെ അതേ ടീം ഒന്നിച്ച 'തോന്നല്' എന്ന വിഡിയോ സോങ് പുറത്തിറങ്ങിയിരുന്നു. അടി സിനിമയ്ക്കു വേണ്ടി മ്യൂസിക് ചെയ്ത് ഗോവിന്ദേട്ടനും വരികളെഴുതിയ ഷറഫുവും അഭിനയിച്ച അഹാനയുമാണ് തോന്നലിലും ഒന്നിച്ചത്. തികച്ചും യാദൃച്ഛികമായി സംഭവിച്ചതായിരുന്നു അത്. സത്യത്തിൽ അടി എന്ന സിനിമയിലെ ഈ പാട്ട് കാരണമാണ് 'തോന്നല്' ഉണ്ടായത്. തോന്നലിലേക്ക് പാടാൻ ക്ഷണിച്ചതും ഗോവിന്ദേട്ടനാണ്. എന്നാൽ 'അടി'യിൽ പാടിയത് ഞാനാണെന്ന് അഹാന അറിഞ്ഞിരുന്നില്ല. എന്റെ ഒരു കവർ അഹാന ഷെയർ ചെയ്തിരുന്നു. ആ പാട്ട് കേട്ട് എന്നെ തോന്നലിനു വേണ്ടി നിർദേശിച്ചത് അഹാനയായിരുന്നു. റെക്കോർഡിങ്ങിനു ചെന്നപ്പോഴാണ് 'അടി'യുടെ ടീം തന്നെയാണല്ലോ ഇത് എന്ന് കണക്ട് ആയത്. തോന്നല് എന്ന പാട്ടും ഹിറ്റായി. തെലുങ്കുവിൽ പാടാൻ ക്ഷണിച്ചത് ഗോപി സുന്ദർ സർ ആയിരുന്നു. മോസ് എലിജിബിൾ ബാച്ചിലർ എന്ന സിനിമയിലെ യെ സിന്ദഗി എന്ന പാട്ടാണ് പാടിയത്. ആ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

 

നയൻതാരയ്ക്കൊപ്പം തമിഴിൽ

 

'കണക്ട്' എന്ന സിനിമയിലേക്ക് അവസരം ലഭിച്ചതും യാദൃച്ഛികമായിട്ടാണ്. അതിൽ ഒരു കവർ സോങ്ങും പാടിയിട്ടുണ്ട്. ആ സിനിമയുടെ ഹിന്ദി പതിപ്പിൽ ഒരു പാട്ടും പാടി. നയൻതാരയുടെ മകളുടെ റോളാണ് അതിൽ ചെയ്തിരിക്കുന്നത്. ഒരു ഹൊറർ സിനിമ ആയതിനാൽ ആ കഥാപാത്രം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സത്യത്തിൽ ഞാൻ ആദ്യം അഭിനയിച്ചത് ഒരു മലയാളം സിനിമയിലാണ്. അത് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അതിൽ അഭിനയിക്കുന്നതിന് ഇടയിലാണ് കണക്ട് എന്ന സിനിമയിൽ അവസരം ലഭിച്ചത്. പ്ലസ്ടുവിന്റെ റിസൾട്ട് വന്ന ദിവസമാണ് മലയാളം സിനിമയിലെ എന്റെ കഥാപാത്രം ഉറപ്പായത്. അങ്ങനെ റിസൾ‍ട്ട് അറിഞ്ഞ് നേരെ ആ സിനിമയിൽ ജോയിൻ ചെയ്തു. അതിന്റെ ഷൂട്ട് കഴിഞ്ഞ ഉടനെ ചെന്നൈയിലേക്ക് പോയി. അവിടെയാണ് സൗണ്ട് എൻജിനീയറങ്ങിൽ‌ ഡിപ്ലോമ ചെയ്തത്. ചെന്നൈയിലേക്ക് മാറി ഒരാഴ്ചക്കുള്ളിൽ കണക്ടിന്റെ ഷൂട്ടും തുടങ്ങി. 

 

കാത്തിരുന്നത് മൂന്നു വർഷം

 

'നാട്ടിലെവിടെയാ' എന്ന പേരിൽ ഞങ്ങൾക്കൊരു ഓൺലൈൻ ആർടിസ്റ്റ് കമ്യൂണിറ്റിയുണ്ട്. പ്രധാനമായും മലയാളികളാണ് ഇതിലുള്ളത്. ഈ ഗ്രൂപ്പിലെ സുഹൃത്തുക്കളാണ് ശരിക്കും എന്റെ പാട്ട് ഗോവിന്ദേട്ടനിലേക്ക് എത്തിച്ചത്. കൃത്യമായി പറഞ്ഞാൽ റീസ പാട്രിക്കായിരുന്നു അതിനു സഹായിച്ചത്. റീസ 'തോനെ മോഹങ്ങൾ' എന്ന പാട്ടിൽ വിസിൽ ആർടിസ്റ്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. കൂടാതെ, ഞങ്ങളുടെ കമ്യൂണിറ്റിയിലെ സിദ്ദാർത്ഥും ഈ സിനിമയിൽ ഒരു ട്രാക്ക് പാടിയിട്ടുണ്ട്. അതിനാൽ‌ ഈ പാട്ട് റിലീസ് ആകാൻ ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സിനിമയുടെ റിലീസ് വൈകിയപ്പോൾ ഞങ്ങളുടെ കാത്തിരിപ്പും നീണ്ടു. മൂന്നു വർഷം കാത്തിരിക്കേണ്ടി വരുമെന്ന് അന്ന് ഓർത്തില്ല. എന്റെ ഫിലിം കരിയറിലെ ആദ്യ ഗാനം തീർച്ചയായും 'അടി'യിലെ 'തോനെ മോഹങ്ങ'ളാണ്. പക്ഷേ, അതിനു ശേഷം ചെയ്തത വർക്കുകളാണ് ആദ്യം റിലീസ് ആയത്. എങ്കിലും ആദ്യ ഗാനം എന്ന നിലയിൽ 'അടി'യിലെ ഗാനം സ്പെഷൽ ആണ്. ഈ പാട്ട് റിലീസ് ആയി പ്രേക്ഷകർക്കു മുമ്പിലെത്തിയതിന്റെ സന്തോഷം വിവരിക്കാൻ വാക്കുകളില്ല. നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സംതൃപ്തിയാണ് ഇപ്പോൾ തോന്നുന്ന ഫീൽ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com