ADVERTISEMENT

കാലിക പ്രസക്തിയുള്ള പ്രശ്നങ്ങൾ പാരഡി രൂപത്തിൽ അവതരിപ്പിച്ച് ചിരിക്കും ചിന്തയ്ക്കും വഴിയൊരുക്കുന്ന കലാകാരനാണ് ഫെലിക്സ് ദേവസ്യ.  ഡിജിറ്റൽ അനിമേറ്റർ ആയ ഫെലിക്സ് മികച്ച ഗായകനും ഗിറ്റാറിസ്റ്റും കൂടിയാണ്. എം.ജയചന്ദ്രന്റെ ‘ഓ സൈനബ...’ എന്ന പാട്ടിന്റെ പാരഡിയായി "ഓ സൈനസാ" എന്ന ഗാനം ഒരുക്കിയത് ഇഎൻടി ഡോക്ടർമാരുടെ ഇടയിൽ വൈറലായിരുന്നു. ഇപ്പോൾ ഫെലിക്സിന്റെ ‘അരിക്കൊമ്പൻ’ ഗാനമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പുതിയ പാരഡി വിശേഷങ്ങളുമായി ഫെലിക്സ് ദേവസ്യ മനോരമ ഓൺലൈനിനൊപ്പം.

 

പാരഡിയുടെ പ്രസക്തി

 

അനുഷ്ഠാനകലകളിൽ ഹാസ്യം കലരുന്ന അപൂർവം ദേശങ്ങളിൽ ഒന്നാണ് കേരളം. കൂടിയാട്ടത്തിലെ വിദൂഷകൻ, കഥകളിയിലെ ഭീരു, മുടിയേറ്റിലെ കൂളി, തുള്ളലിൽ മരമീടൻ എന്നിവയ്ക്കു ക്ലാസിക് കലാരൂപങ്ങളിൽ പ്രത്യേക സ്ഥാനമുണ്ട്. ഗൗരവതരമായി അവതരിപ്പിക്കപ്പെടുന്ന ഒരു കലാരൂപത്തിനിടയിൽ ഹാസ്യ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ആ കലാരൂപത്തിന്റെ നിയമങ്ങളെ ലംഘിക്കാനുള്ള സ്വാതന്ത്ര്യം ഇത്തരം കഥാപാത്രങ്ങൾക്കുണ്ട്. അതുപോലെയാണ് ആധുനികകാലത്ത് പാരഡിയും.

 

പണം വീശിയെറിഞ്ഞ് ആരാധകർ, കച്ചേരിക്കിടെ ഗായിക വാരിക്കൂട്ടിയത് 4 കോടി രൂപ; വിഡിയോ വൈറൽ

 

വി.ഡി.രാജപ്പന്റെ ആരാധകൻ 

 

പാരഡിയുടെ ആവിർഭാവം ഗ്രീസിൽ നിന്നാണെന്നു കരുതപ്പെടുന്നു. ഹോമറിന്റെ ശൈലി കടമെടുത്ത് എഴുതിയ "തവളകളുടെയും എലികളുടെയും യുദ്ധം" എന്നു വിളിക്കപ്പെടുന്ന ഒരു കവിത, പാരഡിയുടെ ഏറ്റവും പഴയ ഉദാഹരണങ്ങളിലൊന്നാണ്. മലയാള കവിതയിൽ ഒരു നീണ്ട കൃതി ഉള്ളതായി അറിയില്ല. അതിനൊരു കാരണം നമ്മൾ ശൈലി കടമെടുക്കുന്നതിനു പകരം പോപ്പുലർ സിനിമ ഗാനങ്ങളുടെ പാരഡിയിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതി കൊണ്ടുവന്നു എന്നതാണ്. തിക്കുറിശ്ശിയെ പോലുള്ളവരുടെ പാരഡികൾ സ്വകാര്യ സംഭാഷണങ്ങളിൽ ഒളിഞ്ഞിരുന്നപ്പോൾ വി.ഡി.രാജപ്പൻ അതിനു മറ്റൊരു മാനം നൽകി. രാജപ്പന്റെ ആരാധകനും നാട്ടുകാരനുമാണു ഞാൻ. സിനിമ ഗാനങ്ങളുടെ പാരഡികൾ സൃഷ്ടിച്ച് അതിലേക്കു സമകാലിക പ്രസക്തിയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം. അടിസ്ഥാനപരമായി ഒരു അനിമേറ്റർ ആണ് ഞാൻ, ഗിറ്റാറിസ്റ്റും ഗായകനും കൂടിയാണ്.

 

കൊമ്പനെ അരിക്കൊമ്പനാക്കിയത് ആര്?

 

അരിക്കൊമ്പന്റെ ഗാനത്തിൽ ആദ്യ ഭാഗം മനുഷ്യന്റെ വീക്ഷണ കോണിലും രണ്ടാമത്തേത് ആനയുടെ വീക്ഷണ കോണിലുമാണ് എഴുതിയിരിക്കുന്നത്.  ആനത്താരയിൽ കൊണ്ട് വീട് വച്ചപ്പോൾ മുതലാണ് പ്രശ്നം തുടങ്ങിയതെന്നു പറയുന്നുണ്ടല്ലോ. അവിടെനിന്നു മനുഷ്യൻ മാറുമ്പോൾ പ്രശ്നം തീർന്നു. അരികൊമ്പൻ അരികൊമ്പൻ ആയത് എങ്ങനെയാണ്? അതിന്റെ ആവാസ വ്യവസ്ഥയിൽ അതിനു ജീവിച്ചല്ലേ പറ്റൂ. ആന ഉപ്പ് തിന്നുന്നതായി പറയുന്നുണ്ട്. ആളുകൾ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്കും മറ്റും കഴിച്ച് ആനയ്ക്ക് പ്രശ്നങ്ങളുണ്ടാകുന്നു. ഇതൊക്കെ മനുഷ്യര്‍ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളാണ്. അതുപോലെതന്നെ ആളുകൾക്കും ജീവിക്കണം അതിനുള്ള  വഴിയും ഉണ്ടാക്കി കൊടുക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളാണ് ഞാൻ ആ പാട്ടിൽ ചർച്ച ചെയ്യുന്നത്.

 

ഡോക്ടർമാർക്ക് പ്രിയപ്പെട്ട ഓ സൈനസാ

 

തിരക്കുള്ള ജോലികൾക്കിടയിൽ ഒരു സ്‌ട്രെസ് ബ്രേക്കർ എന്ന നിലയിലാണ് പാരഡികൾ സൃഷ്ടിച്ചു തുടങ്ങിയത്. അതും ചില അടുത്ത കൂട്ടുകാർ മാത്രമുള്ള വാട്സാപ്, ഫെയ്സ്ബുക് ഗ്രൂപ്പുകളിൽ മാത്രം. പക്ഷേ ചാറ്റ്‌റൂമുകളുടെ അതിരുകൾ ഭേദിച്ച് അവ പുറത്തോട്ടു കടന്നു. കിട്ടുന്നവർ അതൊക്കെ ഫോർവേഡ് ചെയ്യാനും തുടങ്ങി. അതു കേട്ട് ചിരിച്ചവരിൽ പാട്ടിന്റെ സൃഷ്ടാക്കൾ ആയ എം.ജയചന്ദ്രനുൾപ്പെടെ ഉള്ളവരുമുണ്ട്. എം.ജയചന്ദ്രന്റെ ‘ഓ സൈനബ’ എന്ന ഗാനത്തിന്റെ പാരഡി തുടങ്ങുന്നത് ‘ഓ സൈനസാ’ എന്നാണ്. അതു പടർന്നു കയറിയത് ഇഎൻടി വിദഗ്ധരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിലും എത്തി ചേർന്നത് എം.ജയചന്ദ്രന്റെ അടുത്തും. തനിക്കത് ഇഷ്ടപ്പെട്ടു എന്ന് ജയചന്ദ്രൻ അറിയിക്കുകയും ചെയ്തു. 

 

ശങ്കരാടിയുടെ ത്വാതിക അവലോകനം 

 

ഏതൊരു തിരഞ്ഞെടുപ്പ് നടന്നാലും ശങ്കരാടി അഭിനയിച്ച "ത്വാതികമായ ഒരു അവലോകനത്തിന്" കിടക്കപ്പൊറുതി ഇല്ലെന്നു പറഞ്ഞതു പോലെയാണ് യൂട്യൂബിൽ ഒരു കുരങ്ങൻ ശാസ്ത്രീയ സംഗീതം ആലപിക്കുന്ന വിഡിയോ ഇടയ്ക്കിടെ പൊങ്ങി വരുന്നത്. പല ചാനലുകളും അനുവാദം ഇല്ലാതെ അത് ഉപയോഗിച്ചപ്പോൾ ഒന്നും മിണ്ടാതെ ഊറി ചിരിച്ചിരുന്നു ഞാൻ. ആ വിഡിയോ സൃഷ്ടിച്ചതും അതിൽ ഹംസധ്വനി രാഗത്തിൽ സംഗീതം ആലപിച്ചതും ഞാൻ ആയിരുന്നു. 

 

ചിരിയും ചിന്തയും കലർന്ന പാരഡി ഗാനങ്ങൾ

 

സാമൂഹിക വിമർശനം പാരഡി ഗാനങ്ങളിലൂടെ അവതരിപ്പിക്കുന്നവർ കേരളത്തിൽ അധികമില്ലെന്നു തോന്നുന്നു. അരിക്കൊമ്പൻ, ബ്രഹ്മപുരത്തെ തീപിടുത്തം, നരഭോജി കടുവ, പശുവിന്റെ രാഷ്ട്രീയം, ടാർ ചെയ്ത റോഡ് കുത്തിപ്പൊളിക്കുന്ന ജലവകുപ്പ്, മലയാളിയുടെ ഭക്ഷണ ശീലം തുടങ്ങി എല്ലാത്തരം വിഷയങ്ങളെയും എന്റെ രീതിയിൽ അഭിസംബോധന ചെയ്‌തിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളിലേക്കു നമ്മെ കൊണ്ടു പോകുന്ന ഒന്നാണ് ‘ഫീസടച്ചു’ എന്ന പാരഡി ഗാനം. അത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com