ADVERTISEMENT

ചാൾസ് ആന്റണി. വിദേശ സംഗീത വേദികളിലെ നിറസാന്നിധ്യം. ഈ പേര് പക്ഷേ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത് 11 വർഷങ്ങൾക്കു മുമ്പ് മാത്രമാണ്. കൃത്യമായി പറഞ്ഞാൽ 2012 ൽ ഫുട്ബോൾ ഇതിഹാസം മറഡോണ ആദ്യമായി കേരളത്തിലെത്തിയ ആ ദിവസം. അന്ന് ആയിരങ്ങൾ തിങ്ങിനിറഞ്ഞ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ മറഡോണയ്ക്കുവേണ്ടി വേണ്ടി സ്പാനിഷിൽ സംഗീതമാലപിച്ചാണ് ചാൾസ് ആന്റണി ശ്രദ്ധ നേടിയത്. എന്നാൽ അതിനു മുമ്പും അദ്ദേഹം ഇവിടെത്തന്നെയുണ്ടായിരുന്നു, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ നിശാപാർട്ടികളിൽ പാടുന്ന ഒരു സാധാരണക്കാരനായിട്ട്. ഇന്ന് വിദേശ സം​ഗീത വേദികൾ കയ്യടക്കിയ ഈ കൊച്ചിക്കാരൻ കുടുംബത്തോടൊപ്പം ബ്രിട്ടനിലാണ് താമസം. ജീവിതത്തിൽ വഴിത്തിരിവായ ആ ദിവസത്തെക്കുറിച്ചും പിന്നീടുണ്ടായ മാറ്റങ്ങളെക്കുറിച്ചും മനോരമ ഓണി‍ലൈനിനോടു സംസാരിക്കുകയാണു ചാൾസ് ആന്റണി.

charles-1
ചാൾസ് ആന്റണി

 

മറഡോണ തന്ന ഐഡന്റിറ്റി

charles-antony2
ചാൾസ് ആന്റണി

 

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വൈകുന്നേരങ്ങളിൽ പാടിക്കൊണ്ടിരുന്ന ആളായിരുന്നു ഞാൻ. സ്പാനിഷിൽ പാടാൻ അറിയുമെന്ന ഒറ്റക്കാരണം കൊണ്ടാണ് മറഡോണ പങ്കെടുത്ത ആ വലിയ ഷോയിലേക്ക് എന്നെ പാടാൻ വിളിച്ചത്. അന്നാണ് എനിക്കു മറ്റു ഭാഷകളിൽ പാടാൻ കഴിയുമെന്ന കാര്യം ആളുകൾ തിരച്ചറിഞ്ഞതു പോലും. ആ ഷോയ്ക്കു ശേഷം ജീവിതം ആകെ മാറി. വിദേശ വേദികളിൽ പാടാൻ അവസരം ലഭിച്ചു തുടങ്ങിയത് അങ്ങനെയാണ്. സച്ചിൻ ടെൻഡുൽക്കർ, യുഎഇ ഷെയ്ഖ് നഹ്യൻ തുടങ്ങി നിരവധി പ്രമുഖർക്കു വേണ്ടി പാടിയിട്ടുണ്ട്. വിദേശികളായ വിഐപികൾ കേരളത്തിലെത്തുമ്പോൾ അവർക്കുവേണ്ടി അവരുടെ ഭാഷയിൽ പാടാനും വിളിക്കാറുണ്ട്. കേരളത്തിലായിരുന്നപ്പോൾ ലാലേട്ടന്റെ പ്രൈവറ്റ് ഗെറ്റ്ടുഗതറുകളിൽ സ്ഥിരം പാടുമായിരുന്നു. മറഡോണ കേരളത്തിൽ വന്ന ദിവസം പത്രത്തിൽ വന്ന വാർത്ത കണ്ട് ലാലേട്ടൻ എന്നെ നേരിട്ടു വിളിക്കുകയാണുണ്ടായത്.

 

മറഡോണയെ വീണ്ടും കണ്ടപ്പോൾ

charles-antony3
ചാൾസ് ആന്റണി

 

അന്നത്തെ പരിപാടിക്കു ശേഷം വീണ്ടും മറഡോണയെ കാണാൻ ഭാ​ഗ്യം ലഭിച്ചു. 2016 ൽ  മറഡോണയെ സൗരവ് ഗാംഗുലി കൊൽക്കത്തയിൽ കൊണ്ടു വന്നിരുന്നു. അന്നവിടെ പാടാൻ ചെന്ന എന്നെ മറഡോണ തിരിച്ചറിയുകയും ഓടി വന്നു കെട്ടിപ്പിടിക്കുകയും ചെയ്തു. അത് ജീവിതത്തിലെ ഏറ്റവും വലിയ ഭാ​ഗ്യമായാണു കരുതുന്നത്

 

18 ഭാഷകളിൽ പാടാൻ ആരംഭിച്ചത്

 

ഇംഗ്ലിഷ് ക്ലാസ്സിക്കൽ ഗാനങ്ങൾ പാടിയായിരുന്നു തുടക്കം. പിന്നീട് കുടുതൽ ഭാഷകൾ പഠിക്കണമെന്നു തോന്നി. അങ്ങനെയാണ് സ്പാനിഷ് പഠിച്ചത്. ഇപ്പോൾ  ജർമൻ,സ്പാനിഷ്,അറാമിക്, ഇറ്റാലിൻ, ഫ്രഞ്ച്, ഹീബ്രു തുടങ്ങി 18 ഭാഷകളിൽ പാടാൻ സാധിക്കും. ഈ ഭാഷകളിലെല്ലാം സംസാരിക്കാനറിയില്ല. എന്നാൽ പാടുന്ന പാട്ടുകൾ അർഥം ഉൾക്കൊണ്ടാണ് പാടുന്നത്. വിദേശ രാജ്യങ്ങളിൽ അവരുടെ ഭാഷയിൽ പാടുമ്പോൾ എല്ലാവരും അദ്ഭുതത്തോടെയാണു കേൾക്കുന്നത്. മലയാളിയായ ഒരാൾക്ക് എങ്ങനെ തങ്ങളുടെ ഭാഷയിൽ പാടാൻ സാധിക്കുന്നുവെന്ന് അവർ ചോദിക്കാറുണ്ട്.

 

ജീവിതത്തിലെ ഏറ്റവും വലിയ ആദരം

 

അമേരിക്കയിലെ മെക്അലെൻ സിറ്റിയിൽ മെയ്18 ചാൾസ് ആന്റണി ദിനമായി ആചരിക്കും എന്നുള്ള മെക്അലെൻ സിറ്റി മേയറുടെ പ്രഖ്യാപനമാണ് എന്നെ ഞെട്ടിച്ചത്. ഇന്ത്യൻ, അമേരിക്കൻ, മെക്സിക്കൻ ഗാനങ്ങൾ മെക്അലെൻ സിറ്റിയിൽ പാടിയതിനാണ് അവർ ഇത്തരത്തിലൊരു ആദരവ് നൽകിയത്. എന്നാൽ ഇപ്പോഴും അത് വിശ്വസിക്കാനായിട്ടില്ല. നിരവധി പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ശരിക്കും അദ്ഭുതപ്പെടുത്തിയത് ആ അംഗീകാരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com