ADVERTISEMENT

മലയാള സിനിമാലോകത്ത് നെഗറ്റീവ് ഷേയ്ഡുള്ള നായകന്മാരും വില്ലന്മാരും പൂണ്ടു വിളയാടുന്ന ഒരു സിനിമയാണ് ‘നല്ല നിലാവുള്ള രാത്രി’. പേര് സൂചിപ്പിക്കുന്നതു പോലെ നിലാവുള്ള രാത്രിയിൽ എന്താണ് നടക്കുന്നതെന്നറിയാൻ വേണ്ടി അന്വേഷിച്ചു ചെന്നാൽ നിങ്ങൾ ഞെട്ടും! സാന്ദ്ര തോമസ് ആറു വർഷങ്ങൾക്കു ശേഷം സിനിമാ നിർമാണത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിലെ ഹൈലറ്റ് ‘താനാരോ തന്നാരോ’ എന്ന ഭരണിപ്പാട്ടും ഇതുവരെ ത്രില്ലർ സിനിമകളിൽ കേട്ടിട്ടില്ലാത്ത പശ്ചാത്തല സംഗീതവുമായിരുന്നു. പ്രണയത്തിന്റെ സംഗീതമഴപൊഴിക്കുന്ന കൈലാസ് മേനോനിൽ നിന്ന് ഇത്തരമൊരു സംഗീതം മലയാളികൾ പ്രതീക്ഷിച്ചുകാണില്ല. ആ മുൻ ധാരണ തെറ്റിക്കുക എന്നതു തന്നെയായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് കൈലാസും പറയുന്നു. നല്ല നിലാവുള്ള ആ രാത്രിയിലെ സംഗീത വിശേഷവുമായി കൈലാസ് മേനോൻ മനോരമ ഓൺലൈനിനൊപ്പം.

 

ഭരണിപ്പാട്ട് പാടാൻ പ്രഫഷനൽ ഗായകൻ വേണ്ട!

 

സിനിമയിൽ ഒരു പാട്ട് ആണ് ഉള്ളത്. താനാരോ തന്നാരോ എന്ന ഭരണിപ്പാട്ടിന്റെ ഈണത്തിൽ ചെയ്ത പാട്ട്. സംവിധായകൻ മർഫി ദേവസിയാണ് ഈ പാട്ട് നമുക്ക് സിനിമയിൽ ഉൾപ്പെടുത്താം എന്നു പറഞ്ഞത്. അത് പാടിയത് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന ബാബുരാജ്, റോണി, ജിനു ജോസഫ്, സജിൻ, നിതിൻ ജോർജ്, ഗണപതി തുടങ്ങിയ താരങ്ങൾ തന്നെയാണ്. പാട്ടിന് പ്രഫഷനൽ പാട്ടുകാർ പാടുന്ന പൂർണത വേണ്ടെന്നു തോന്നി. ഭരണിപ്പാട്ട് പല സുഹൃത് സംഗമങ്ങളിലും കോളജ് കാലത്ത് സുഹൃത്തുക്കളുമൊക്കെ പാടാറുള്ളതാണ്. അതിന്റെ വരികൾ ഓരോരുത്തർ ഇഷ്ടമുള്ളതു പോലെയാണ് ഉപയോഗിക്കുന്നത്. എല്ലാവരും ആഘോഷിക്കാൻ പാടുന്ന ആ പാട്ട് പൂർണതയിലൊന്നും എത്താറില്ല. ഒരു പാട്ടുകാരനെക്കൊണ്ട് ആ പാട്ട് പാടിപ്പിച്ചാൽ അതിന്റെ ഭംഗി നഷ്ടപ്പെടും. അതിന്റെ പരുക്കൻ ഭാവം ഇല്ലാതാകും. അതുകൊണ്ടാണ് അത് താരങ്ങൾ തന്നെ പാടട്ടെ എന്നു കരുതിയത്. രാജേഷ് തംബുരു എന്നൊരു നാടൻ പാട്ടുകാരൻ മാത്രമാണ് അതിൽ പ്രഫഷനൽ ആയി പാടിയത്. ചില വരികൾക്ക് ഒരു ഭംഗി കിട്ടാൻ വേണ്ടി അദ്ദേഹത്തെ പാട്ടിൽ ഉൾപ്പെടുത്തുകയായിരുന്നു. പാട്ടിൽ അഭിനയിച്ച നിതിൻ നല്ലൊരു ഗായകൻ കൂടിയാണ്.

 

ഭരണിപ്പാട്ടിന്റെ വരികൾ അതുപോലെ ഉപയോഗിക്കാൻ പറ്റില്ല 

 

നിങ്ങൾ തന്നെ പാടൂ എന്നു പറഞ്ഞപ്പോൾ അഭിനേതാക്കൾക്ക് വലിയ സന്തോഷമായിരുന്നു. പാട്ടിന്റെ വരികളെല്ലാം മാറ്റിയിട്ടുണ്ട്. ഒറിജിനൽ ഭരണിപ്പാട്ട് നമുക്ക് ഒരു വേദിയിലോ സിനിമയിലോ പാടാൻ പറ്റുന്നതല്ല. അതിന്റെ താളം എല്ലാവർക്കും ഇഷ്ടമാണെങ്കിലും വരികൾ സഭ്യമല്ലല്ലോ. അതുകൊണ്ട് ആർക്കും മോശം തോന്നാത്ത വിധത്തിലുള്ള വരികൾ ആണ് എഴുതിയത്. എന്നാൽ പാട്ട് കേട്ടാൽ ഭരണിപ്പാട്ട് ആണെന്ന് തോന്നുകയും വേണം. സഭ്യമായ വരികൾ തന്നെ എഴുതിയതുകൊണ്ടാണ് പാട്ട് സിനിമയിൽ ധൈര്യപൂർവം ഉപയോഗിച്ചത്. ഈ പാട്ട് കാലാകാലങ്ങളായി പാടിയും വരികളെഴുതിയും പരിണമിച്ചു വന്നതാണ്.  അത് ആരുടേയും സ്വന്തമല്ല. ഈ പാട്ടിലൂടെ സിനിമ ആളുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യം തന്നെ പാട്ട് പൂർത്തീകരിച്ച് പുറത്തിറക്കിയത്. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

 

ശീലങ്ങൾ മാറ്റിയെഴുതി

 

സിനിമയ്ക്കു മികച്ച പ്രതികരണം ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം. ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത രീതിയിലാണ് സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്തത്. എന്റെ ഇതുവരെയുള്ള സംഗീതം കേട്ടിട്ടുള്ളവർ പ്രതീക്ഷിക്കാത്ത തരത്തിലാണ് അത്. സ്ഥിരം ഹൊറർ അല്ലെങ്കിൽ ആക്‌ഷൻ സിനിമകളിൽ ഉപയോഗിക്കുന്ന സംഗീതം ഇതിൽ വേണ്ട എന്നു ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. സാധാരണ ഉപയോഗിക്കുന്ന ടോണുകൾ ഒന്നുമല്ല ഉപയോഗിച്ചത്.  നമ്മൾ തന്നെ ഉണ്ടാക്കി എടുത്ത ടോണുകളാണ് എല്ലാം. ചില ആളുകൾക്ക് അത് ഇഷ്ടപ്പെട്ടെന്നു വരില്ല. നാം കേട്ട് ശീലിച്ചതിൽ നിന്നു വ്യത്യസ്തമായി കേൾക്കുമ്പോൾ അത് അംഗീകരിക്കാൻ ചിലപ്പോൾ കുറച്ചു സമയമെടുക്കും. പക്ഷേ കേട്ടതു തന്നെ വീണ്ടും കൊടുത്തിട്ടു കാര്യമില്ലല്ലോ. ആദ്യമൊക്കെ സംഗീതം ചെയ്യുമ്പോൾ കേട്ടിട്ടുള്ളത് തന്നെ ഉപയോഗിക്കുന്നതാണ് സേഫ്. അല്ലെങ്കിൽ ചിലപ്പോൾ നിലനിൽക്കാൻ പറ്റില്ല. പക്ഷേ ഇപ്പോൾ അങ്ങനെ ചെയ്യേണ്ട സാഹചര്യമില്ല. പുതിയ സംഗീതം പരീക്ഷിക്കുന്നതിൽ പ്രശ്നമില്ല.

 

ഇതും വഴങ്ങും 

 

പാട്ട് കേട്ടതിനു ശേഷം അഭിനന്ദനം അറിയിക്കാൻ ഒരുപാട് വിളിക്കുന്നുണ്ട്. സിനിമാനിരൂപണങ്ങളിൽ സംഗീതത്തെപ്പറ്റി എടുത്തു പറയുന്നുണ്ട്. ഇതുവരെ ചെയ്ത വർക്ക് വച്ചിട്ടാണ് ആളുകൾ സംഗീതസംവിധായകരെ വിലയിരുത്തുന്നത്. എപ്പോഴും ഒരേ തരത്തിലുള്ള സംഗീതം തന്നെ ചെയ്തിട്ടു കാര്യമില്ല. അങ്ങനെ ചെയ്താൽ ഒരു സംഗീതവിഭാഗത്തിൽ മാത്രം തളച്ചിടപ്പെടും. ഏതു തരം വർക്കും ചെയ്യാൻ കഴിയുന്ന ആളാണെന്നു തോന്നണം. അങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പറ്റുന്ന ഒരു വർക്ക് ആയിരുന്നു ‘നല്ല നിലാവുള്ള രാത്രി’. സിനിമയെക്കുറിച്ചു മികച്ച അഭിപ്രായങ്ങൾ കേൾക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ത്രില്ലർ ആണെങ്കിലും ഏറെ പുതുമയുള്ള ചിത്രമാണിത്. സിനിമയും സംഗീതവും ഒരുപോലെ സ്വീകരിക്കപ്പെടുന്നതിൽ സന്തോഷം. 

 

 

English Summary: Interview with Kailas Menon on Nalla Nilavulla Rathri music

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com