ADVERTISEMENT

ദുൽഖർ സൽമാൻ നായകനായെത്തുന്ന കിങ് ഓഫ് കൊത്ത മലയാളത്തിൽ ഏവരും കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ടീസറുകളും പാട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലമാണ്. കിങ് ഓഫ് കൊത്തയിലെ കലാപക്കാരാ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നാല് ഭാഷകളിൽ പൂർത്തിയാകുന്ന ചിത്രത്തിലെ കലാപക്കാരാ എന്ന ഗാനം പാടിയത് സംഗീത സംവിധായകനായ ജേക്സ് ബിജോയ്, ബെന്നി ദയാൽ, ശ്രേയ ഘോഷാൽ എന്നിവർ ചേർന്നാണ്. എന്നാൽ തമിഴിൽ ഈ ഗാനം പാടിയത് മലയാളി ഗായിക ഹരിത ബാലകൃഷ്ണൻ ആണ്.

ഹരിതയുടെ ആദ്യ തമിഴ് ഗാനമാണ് 'കലാപക്കാരാ'. തമിഴിൽ തനിക്ക് ഈ ഗാനം പാടാൻ കഴിഞ്ഞതിന്റെ മുഴുവൻ ക്രെഡിറ്റും ജേക്സ് ബിജോയ്‌ക്ക് ആണെന്ന് ഹരിത പറയുന്നു. ഇൻഫോസിസിൽ ജോലി ചെയ്യുന്ന ഹരിത ജോലിയോടൊപ്പം സംഗീതവും തന്റെ പ്രഫഷനായി തന്നെ കാണുന്ന ഗായികയാണ്. കിങ് ഓഫ് കൊത്തയിലെ ഗാനത്തിന്റെ വിശേഷങ്ങളുമായി ഹരിത ബാലകൃഷ്ണൻ മനോരമ ഓൺലൈനിൽ.

തമിഴിലേക്കൊരു വാതിൽ

കിങ് ഓഫ് കൊത്ത ഒരു പാൻ ഇന്ത്യൻ സിനിമയാണ്. മലയാളം തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സിനിമയുടെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് ഈ പാട്ടിന്റെ മലയാളം ട്രാക്ക് പാടാനാണ് എന്നെ വിളിച്ചത്. പാട്ട് കേട്ടപ്പോൾ തന്നെ വളരെ താൽപര്യം തോന്നി. ഒരു പെപ്പി നമ്പർ ആയിരുന്നു. ഞാൻ ഇതുവരെ അത്തരം പാട്ടുകൾ പാടിയിട്ടില്ല. അന്ന് ഞാൻ ആ ട്രാക്ക് പാടിയിട്ട് പോയി. പിന്നെ ഏഴുമാസം കഴിഞ്ഞു വീണ്ടും മറ്റൊരു പാട്ട് പാടാൻ ചെന്നപ്പോൾ ജേക്സ് ഏട്ടൻ ഈ പാട്ടിന്റെ വിഷ്വൽ കാണിച്ചുതന്നു. എന്റെ വോയ്‌സ് ആയിരുന്നു അന്ന് കേൾപ്പിച്ചത് അതിനുശേഷം അതിന്റെ ഒറിജിനൽ മലയാളത്തിൽ ശ്രേയ ഘോഷാൽ പാടി. പിന്നെയാണ് ഞാൻ ഇതിന്റെ തമിഴ് പാടുന്നത്. തമിഴിൽ നേരിട്ട് ഒരു അരങ്ങേറ്റം കിട്ടിയതുപോലെയായിരുന്നു. നല്ല ഒരവസരമാണ് കിട്ടിയതെന്ന് ഒരുപാട് പേർ പറയാറുണ്ട്. – ഹരിത പറയുന്നു.

Haritha-Balakrishnan-Singer1
ഹരിതയും ജെയ്സ്ക് ബിജോയും

പുതിയ സാധ്യതകൾ തുറന്നത് ജേക്സ് ബിജോയ് 

ജേക്സ് ബിജോയ് ഗായകരെ പല രീതിയിൽ പരീക്ഷിക്കുന്ന ആളാണ്. ഞാൻ സാധാരണ കർണാട്ടിക് ഒക്കെയാണ് പാടുന്നത്. എനിക്ക് ഇങ്ങനെയൊരു ജോണറിലുള്ള പാട്ട് പാടാൻ പറ്റും എന്നൊരു ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. ഇങ്ങനെ ഒരു പാട്ട് പറ്റുമെന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. അതും ഒരു മലയാളിയായ എന്നെകൊണ്ട് തമിഴ് പാട്ട് പാടിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. ഈ പാട്ടിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനാണ്.

തമിഴ് കവേഴ്സ് പാടിയിട്ടുണ്ടെങ്കിലും ഒറിജിനൽ പാടുമ്പോൾ ഉച്ചാരണം ഒക്കെ ശരിയായി വരണം അങ്ങനെ ഒരുപാട് ചലഞ്ചുകൾ ഉണ്ട്.  മലയാളം ട്രാക്ക് ആദ്യം പാടിയതുകൊണ്ട് ട്യൂൺ പ്രശ്നമുണ്ടായില്ല. വരികളുടെ അർഥവും ഉപയോഗിക്കുന്ന രീതിയും ഗാനരചയിതാവ് നന്നായി പറഞ്ഞുതന്നു. മലയാളം പാടിയപ്പോഴും തമിഴ് പാടിയപ്പോഴും ഇത് എന്തായാലും ഹിറ്റ് ആകാൻ പോകുന്ന പാട്ടാണെന്ന് അറിയാമായിരുന്നു. ദുൽഖർ സൽമാൻ അഭിനയിച്ച, മലയാളികളെല്ലാം ഉറ്റുനോക്കുന്ന സിനിമയാണ് കിങ് ഓഫ് കൊത്ത അതിൽ ഒരു പാട്ട് പാടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.

Haritha-Balakrishnan-Singer2
ഹരിത ബാലകൃഷ്ണൻ

ജേക്സ് ബിജോയ് മികച്ച ഗായകൻ 

ഈ പാട്ടിന്റെ സംവിധായകനോടൊപ്പം പാടാൻ കഴിഞ്ഞു എന്നുള്ളതാണ് മറ്റൊരു സന്തോഷം. ജേക്സ് ഏട്ടനും ബെന്നി ദയാലും ഒപ്പം പാടിയിരിക്കുന്നത്. ജേക്സ് ഏട്ടൻ അസാധാരണ ഗായകനാണ്. അദ്ദേഹത്തിന്റേത് മനസ്സിൽ തുളച്ചു കയറുന്ന ശബ്ദമാണ്. തമിഴിന് ചേരുന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. ഇതിനു മുൻപും അദ്ദേഹം നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്.

മെലഡിയിൽ നിന്ന് പെപ്പി നമ്പറിലേക്ക് 

ഞാൻ ഇതുവരെ പാടിയിട്ടുള്ളത് സെമി ക്ലാസിക്കൽ പാട്ടുകൾ ആണ്. എന്നെ ഒരു പരസ്യ ചിത്രത്തിൽ പാടാൻ വിളിക്കുന്നവർ പോലും കുറച്ചു സ്വരങ്ങൾ ഉള്ള ഗാനങ്ങൾ ആണ് തരുന്നത്. മെലഡികളിൽ തന്നെ ബേസ് കൂടുതലുള്ള പാട്ടുകൾ ഒക്കെ പാടാനാണ് എന്നെ പരിഗണിച്ചിട്ടുള്ളത്. ഇത്തരം ഒരു അടിച്ചുപൊളി പാട്ട് പാടാൻ കഴിഞ്ഞതോടെ എന്നിലെ ഗായികയ്ക്കു കൂടുതൽ ഓപ്പണിങ് കിട്ടുകയാണ്.

ദുൽഖർ സൽമാൻ വിളിച്ചു നന്ദി പറഞ്ഞു 

ഫോൺ താഴെ വയ്ക്കാൻ കഴിയാത്ത രീതിയിലാണ് പാട്ടിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ. ഇൻസ്റ്റാഗ്രാം റീൽസ്, സ്റ്റോറി, മെസ്സേജുകൾ ഒക്കെ ഒരുപാട് വന്നു. ദുൽഖർ സൽമാന്റെ ആരാധകർ ഒരുപാടുപേർ എനിക്ക് സപ്പോർട്ട് ആയിട്ടു വന്നു. തമിഴ് പാടിയത് ഒരു തമിഴ് കുട്ടി ആണെന്ന് ആയിരുന്നു എല്ലാവരും കരുതിയത്. ഒരുപാട് സംഗീത സംവിധായകർ വിളിച്ച് അഭിനന്ദനം അറിയിച്ചു. ദുൽഖർ സൽമാനുമായി ഫോണിൽ സംസാരിച്ചു. 

സണ്ണി വെയ്ൻ എന്റെ അടുത്ത സുഹൃത്താണ് സണ്ണി ആണ് ഫോൺ ചെയ്ത് ദുൽഖറിന് കൊടുത്തത്. അത് എനിക്കൊരു സർപ്രൈസ് ആയിരുന്നു. ഈ പാട്ട് പാടിയതിന് നന്ദി എന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴ് പാട്ടിനു നല്ല അംഗീകാരം കിട്ടുന്നുണ്ട്. യൂട്യൂബ് കമന്റുകളിൽ എന്റെ പേര് പറഞ്ഞ് അഭിനന്ദനം അറിയിക്കുന്നുണ്ട്. നമുക്ക് ഇനിയും ഒരുപാടു പ്രോജക്ടുകൾ ഒരുമിച്ച് ചെയ്യാൻ കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് തിരിച്ച് ഒന്നും പറയാൻ കഴിഞ്ഞില്ല ഞാൻ ഒരു ഞെട്ടലിൽ ആയിരുന്നു.

 

ജോലിയോടൊപ്പം സംഗീതം 

ഞാൻ ഐ ടി പ്രഫഷനൽ ആണ്. ഇൻഫോസിസിൽ ആണ് ജോലി. എട്ടു വർഷമായി ജോലി ചെയ്യുന്നു അതിനോടൊപ്പം സംഗീതവും കൊണ്ടുപോകുന്നുണ്ട്. ഇപ്പോൾ കൊച്ചിയിലാണ് താമസം. കാഞ്ഞിരപ്പള്ളി ആണ് സ്വദേശം. ഒപ്പം എന്ന സിനിമയിലാണ് ആദ്യമായി പാടിയത്. പിന്നീട് വില്ലൻ, ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ, അനുഗ്രഹീതൻ ആന്റണി, ഡിയർ വാപ്പി എന്നീ ചിത്രങ്ങളിൽ പാടി. ഇനി കിങ് ഓഫ് കൊത്ത റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ്.

 

English Summary: Malayalam singer Haritha Balakrishnan has sung Kalapakkara song in Tamil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com